Image

സുന്ദരിയുടെ ചോദ്യങ്ങള്‍ (കവിത: പി. ഹരികുമാര്‍ പി.എച്ച്.ഡി)

Published on 18 August, 2017
സുന്ദരിയുടെ ചോദ്യങ്ങള്‍ (കവിത: പി. ഹരികുമാര്‍ പി.എച്ച്.ഡി)
പ്രകാശേട്ടന്റെ വീട്ടുകാര്‍ക്ക്
എന്നെ ഇഷ്ടമായി.
അമ്മക്ക്
മുട്ടുവരെയുള്ള എന്‍റെ മുടി.
പെങ്ങക്ക്
എന്റെ പറങ്കിപ്പഴ നിറം.
അച്ഛന്
എന്‍റെ ജോലി, പൊരുത്തം,പവന്‍.
പ്രകാശേട്ടന്
ഒറ്റനോട്ടത്തില്‍ എല്ലാമെല്ലാം.
പ്രകാശേട്ടന്‍റെ മമ്മൂട്ടി സ്റ്റയില്‍
ഇഷ്ടമായെനിക്കും;
ഒട്ടനോട്ടംതന്നെ.

പ്രകാശേട്ടന്‍റെ ഇഷ്ടമായിരുന്നു
എന്‍റെ ഇഷ്ടം;
മുടി ബോബ് ചെയ്തത്,
ജോലി വിട്ടത്,
മൊബൈല്‍ ഉപേക്ഷിച്ചത്,
ഫേസ്ബുക്ക് തുറക്കാഞ്ഞത്........

എന്നിട്ടും, രണ്ടാം വര്‍ഷത്തില്‍
എനിക്ക് ഒത്തിരി ചോദ്യങ്ങള്‍;
നേരത്തെ അറിഞ്ഞിരുന്നതാണല്ലോ?
പാചകം ഐച്ഛികമല്ലെന്ന്
െ്രെഡവിങ്ങറിയില്ലെന്ന്
നര്‍മ്മം പോരെന്ന്............

രേണുകയാകട്ടെ
ഓരോ വാര്‍ഷികത്തിനും
ടൂര്‍ പോകുന്നു.
അവള്‍ക്കു
നിറമില്ലല്ലോ
തലമുടിയില്ലല്ലോ
പവനില്ലല്ലോ.

അവള്‍ക്കുമുണ്ടോ
ചോദ്യങ്ങള്‍?
Join WhatsApp News
വിദ്യാധരൻ 2017-08-18 20:47:27
ഇന്ന് നിങ്ങളുടെ മനസ്സിൽ 
സൂര്യൻ  ഉദിച്ചു 
എന്നത് അസ്തമിക്കുമെന്നാ-
ർക്കറിയാം 
ഇന്ന് നിന്റെ മനസ്സ് 
സ്വസ്ഥമാണ് 
പട്ടികൾ ഇണചേർന്നു 
നിൽക്കുന്നപോലത്തെ 
പരസ്പര വിരുദ്ദമായ 
വാക്കുകൾ കാണാൻ ഇല്ല 
താളം തെറ്റാതെ 
താളത്തോടെ കവിത 
കുറി ക്കിൽ 
താളം തെറ്റില്ല 
വായനക്കാർക്കും
എന്തിനാണ് നീ ഇങ്ങെന 
ഐസ് തലയിൽ 
വച്ച് നിൽക്കുന്നത് 
തണുക്കാനായിരിക്കും 
തണുക്കട്ടെ നന്നായി 
നല്ല കവിത ജനിക്കട്ടെ 

Dr. Kunjappu 2017-08-19 05:47:29
വിദ്യാധരാ!

എന്തിനാണ് കവിതക്കളത്തെ നശിപ്പിക്കുന്നത്?

Professor Kunjappu
വിദ്യാധരൻ 2017-08-19 06:22:59
'കവിതക്കളത്തെ'
'അക്ഷരത്താഴി'നാൽ പൂട്ടി
ചാവി എവിടെയോ വലിച്ചെറിഞ്ഞ് 
ഞങ്ങളെ കഷ്ടപ്പെടുത്തും 
ഗുരുവര്യരെ 
തുറക്കുമോ അക്കളം 
പോയിക്കളിക്കട്ടവിടെ ഞങ്ങൾ 
ഞങ്ങളുടെ പൂർവ്വികർ 
'കവിത വിടർ'ത്തിയ 
കളങ്ങളിൽ 

(കവിതക്കളം , കവിത വിടരുന്നത് തുടങ്ങിയവ 
ഡോ . കുഞ്ഞാപ്പുവിന്റെ അക്ഷരത്താഴിന്റെ 
നഷ്ടപ്പെട്ട ചാവികൾ എന്ന തിരെഞ്ഞെടുത്ത കവിതകളിൽ നിന്ന് ]
നാരദന്‍ 2017-08-19 11:13:22
 വായനകാര്‍ കണ്ണീര്‍  വാര്‍ത്തു  എങ്കിലും കുഞ്ഞാപ്പു സാര്‍  തിരികെ എത്തി
ഡോ.ശശിധരൻ 2017-08-19 12:47:02
"പട്ടികൾ ഇണചേർന്നു 
നിൽക്കുന്നപോലത്തെ 
പരസ്പര വിരുദ്ദമായ 
വാക്കുകൾ കാണാൻ ഇല്ല"
നല്ല ഭാവന . പരസ്പര വിരുദ്ദമായ വാക്കുകൾ   ചൂണ്ടിക്കാണിക്കാൻ കവിയുടെ കവനബോധമനസ്സിൽ വന്ന ഭാവന അതിമനോഹരമായിരിക്കുന്നു .ഇത്തരത്തിലുള്ള  ഭാവനയിലൂടെ കവിത രചിക്കുന്ന  ആളുകളോട് ഡോ.കുഞ്ഞാപ്പു  ചോദിച്ച ചാതുര്യമായ ചോദ്യം അങ്ങേയറ്റത്തെ ചാരുതയാർന്നതാണ് . ഇത്തരത്തിലുള്ള പ്രസരിക്കുന്ന പ്രതികരണം പ്രസാധനം ചെയ്തു കവിതയുടെ  പ്രസക്തി  ദയവുചെയ്ത് പ്രഹാസമാക്കാൻ  പ്രവർത്തിക്കരുതേ .കവിതയുടെ വിമർശനം മറ്റൊരു കവിതയല്ല. .കവിതയുടെ വിമർശനം ഗദ്യരൂപത്തിലാണ് മനസ്സിൽ തെളിയുന്നത് .
(ഡോ.ശശിധരൻ)

ഡോ.ശശിധരൻ 2017-08-19 16:43:26
ഒരു സ്ത്രീക്ക് അതിസുന്ദരിയാകാൻ ഏകദേശം അറുപത്തിരണ്ട്‌  മേക്കപ്പുകൾ അലംകരണമായി  അടയാളപ്പെടിത്തിയിട്ടുണ്ട് .ഇതിൽ ഇരുപത്തിരണ്ടുതരത്തിലുള്ള  മേക്കപ്പുകൾ മുഖത്ത് തന്നെയുണ്ടെന്ന് പറയപ്പെടുന്നു .പുരുഷനും അതിസുന്ദരനാകാൻ പല പ്രകാരത്തിലുള്ള മനോരമമായ മേത്തരം മേക്കപ്പുകൾ  മേൽവിചാരം ചെയ്തിട്ടുണ്ട് .ഇതൊക്കെയാണെങ്കിലും  സ്ത്രീ എത്ര സുന്ദരിയാണെങ്കിലും , പുരുഷൻ എത്ര സുന്ദരനെങ്കിലും , ഒരു വേദിയിൽ കയറി ഒരു ഒറ്റ വിഡ്‌ഡിത്വം വെളിപ്പെടുത്തിയാൽ  മതി ആ സൗന്ദര്യം അപ്പാടെ ആ നിമിഷത്തിൽ അവിടെ  മുഴുവനായും ചോർന്നുപോകുന്നത് കാണാം .അതുകൊണ്ടാണ് മനുഷ്യന്റെ പുരുഷനായാലും.  ,സ്ത്രീയായാലും അവരുടെ ഏറ്റുവും  അഴകാർന്ന ആഭരണം അലങ്കാരം,സൗന്ദര്യം എന്നത്  വായിൽ നിന്നും വരുന്ന വാങ്മയമാണെന്നു പറയപ്പെടുന്നത് . അതിനാൽ ഏറ്റുവം അഴകാർന്ന സൗന്ദര്യം എന്താണെന്ന് ഡോ.ഹരികുമാർ    അർത്ഥത്തിന്റെ അര്ഥത്തിലുടെ അതിരുച്യം അതിസക്തിയോടെ ഇവിടെ പറയുന്നത് നോക്കു. അസൂയയില്ലാത്ത , കാലുഷ്യമില്ലാത്ത , പാരുഷ്യമില്ലാത്ത  മനസ്സുള്ള  സ്ത്രീയാണ് അങ്ങേയറ്റത്തെ സൗന്ദര്യവതി .പലതലത്തിലൂടെ ക്രമികമായി വിചാരം ചെയ്യാൻ  കഴിയാവുന്ന നല്ല സൗന്ദര്യമുള്ള ഒരു കവിതയാണിതെങ്കിലും , ഒരു തലത്തിൽ നിന്നും മാത്രമാണ് ഈ കവിത ഇവിടെ അധികം വിസ്തരിക്കാതെ വിചാരം ചെയ്തിരിക്കുന്നത് .
(ഡോ.ശശിധരൻ)
വിദ്യാധരൻ 2017-08-19 21:19:55
മണ്ണും പെണ്ണും പുരുഷന്റെ കയ്യിൽ ചിലപ്പോൾ ഉപയോഗ ശൂന്യമാകുന്നു. വേണ്ട ആടയാഭരങ്ങൾ കൊടുത്താലും ചിലർക്ക് ഒരു സ്ത്രീയെ സുന്ദരിയാക്കാൻ കഴിയില്ല. വേണ്ട;  സുന്ദരി ആക്കണം എന്നില്ല .എന്നാലും വികൃതമാക്കാതിരുന്നു കൂടെ.  എന്നാൽ ഏതു വിരൂപയേയും സുന്ദരി ആക്കി മാറ്റുന്ന ചങ്ങമ്പുഴയുടെ കയ്യിൽ 'കാവ്യനർത്തകി' രൂപാന്തരപ്പെടുന്നത് നോക്കുക  

" കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി,
കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി
കടമിഴിക്കോണുകളിൽ സ്വപ്നം മയങ്ങി,
കതിരുതിർപ്പൂപ്പുഞ്ചിരി ചെഞ്ചുണ്ടിൽത്തങ്ങി;
ഒഴുകുമുടയാടയിലൊളിയലകൾ ചിന്നി
അഴകൊരുടലാർന്നപോലങ്ങനെ മിന്നി;
മതിമോഹനശുഭനർത്തനമാടുന്നയി, മഹിതേ
മമ മുന്നിൽ നിന്നു നീ മലയാളകവിതേ!
ഒരുപകുതി പ്രജ്ഞയിൽ നിഴലും നിലാവും
ഒരു പകുതി പ്രജ്ഞയിൽ കരിപൂശിയവാവും
ഇടചേർന്നെൻ ഹൃദയം പുതുപുളകങ്ങൾ ചൂടി
ചുടുനെടുവീർപ്പുകൾക്കിടയിലും കൂടി
അതിധന്യകളുഡുകന്യകൾ മണിവീണകൾ മീട്ടി
അപ്സരരമണികൾ കൈമണികൾ കൊട്ടി
വൃന്ദാവനമുരളീരവപശ്ചാത്തലമൊന്നിൽ
സ്പന്ദിക്കുമാമധുരസ്വരവീചികൾ തന്നിൽ
താളം നിരനിരയായ് നുരയിട്ടിട്ടു തങ്ങി
താമരത്താരുകൾപോൽ തത്തീ ലയഭംഗി
സതതസുഖസുലഭതതൻ നിറപറവച്ചു
ഋതുശോഭകൾ നിൻമുന്നിൽ താലം പിടിച്ചു
തങ്കത്തരിവളയിളകി നിൻപിന്നിൽ തരളിതകൾ
സങ്കൽപസുഷമകൾ ചാമരം വീശി
സുരഭിലമൃഗമദതിലകിത ഫാലം
സുമസമ സുലളിത മൃദുലകപോലം
നളിനദല മോഹന നയനവിലാസം
നവകുന്ദസുമസുന്ദര വരമന്ദഹാസം
ഘനനീല വിപിനസമാന സുകേശം
കുനുകുന്തളവലയാങ്കിത കർണ്ണാന്തികദേശം
മണികനക ഭൂഷിത ലളിതഗളനാളം
മമമുന്നിലെന്തൊരു സൌന്ദര്യമേളം
മുനിമാരും നുകരാത്ത സുഖചക്രവാളം
ഉണരുന്നു പുളകിതം മമജീവനാളം
ഇടവിടാതടവികളും ഗുഹകളും ശ്രുതികൊട്ടിയ
ജടതൻ ജ്വരജൽപനമയമായ മായ
മറയുന്നു വിരിയുന്നൂ മമജീവൻ തന്നിൽ
മലരുകൾ മലയാളകവിതേ, നിൻമുന്നിൽ
നിർനിമേഷാക്ഷനായ് നിൽപതഹോ ഞാനിദം
നിൻ നർത്തനമെന്തത്ഭുത മന്ത്രവാദം
കണ്ടുനിൻ കൺകോണുകളുലയവേ കരിവരി-
വണ്ടലയും ചെണ്ടുലയും വനികകൾ ഞാൻ
ലളിതേനിൻ കൈവിരലുകളിളകവേ കണ്ടു ഞാൻ
കിളിപാറും മരതകമരനിരകൾ
കനകോജ്ജ്വല ദീപശിഖാ രേഖാവലിയാലെ
കമനീയ കലാദേവത കണിവച്ചതുപോലെ
കവരുന്നു കവിതേ തവനൃത്തരംഗം
കാപാലികനെങ്കിലും എന്നന്തരംഗം
തവചരണ ചലനകൃത രണിതരസരംഗണം
തന്നോരനുഭൂതിതൻ ലയനവിമാനം
എന്നെ പലദിക്കിലുമെത്തിപ്പൂ ഞാനൊരു
പൊന്നോണപ്പുലരിയായ് പരിലസിപ്പൂ
കരകമലദലയുഗള മൃദുമൃദുലചലനങ്ങൾ
കാണിച്ചസൂക്ഷ്മലോകാന്തരങ്ങൾ
പലതും കടന്നുകടന്നു ഞാൻ പോയി
പരിധൃത പരിണതപരിവേഷനായി
ജന്മം ഞാൻ കണ്ടു ഞാൻ നിർവൃതി കൊണ്ടു
ജന്മാന്തരങ്ങളിലെ സുകൃതാമൃതമുണ്ടു
ആയിരം സ്വർഗ്ഗങ്ങൾ സ്വപ്നവുമായെത്തി
മായികേ നീ നിൻ നടനം നടത്തി
പുഞ്ചിരി പെയ്തുപെയ്താടു നീ ലളിതേ
തുഞ്ചന്റെ തത്തയെ കൊഞ്ചിച്ച കവിതേ
അഞ്ചിക്കുഴഞ്ഞഴിഞ്ഞാടു ഗുണമിളിതേ
കുഞ്ചന്റെ തുള്ളലിൽ മണികൊട്ടിയ കവിതേ
പലമാതിരി പലഭാഷകൾ പലഭൂഷകൾ കെട്ടി
പാടിയുമാടിയും പലചേഷ്ടകൾ കാട്ടി
വിഭ്രമവിഷവിത്തുവിതക്കിലും ഹൃദിമേ
വിസ്മരിക്കില്ല ഞാൻ നിന്നെ സുരസുഷമേ
തവതലമുടിയിൽനിന്നൊരുനാരുപോരും
തരികെന്നെത്തഴുകട്ടെ പെരുമയും പേരും
പോവുന്നൊ നിൻ നൃത്തം നിർത്തി നീ ദേവീ
പോവല്ലെ പോവല്ലെ പോവല്ലെ ദേവീ" (ചങ്ങമ്പുഴ )

Anthappan 2017-08-20 05:44:58
Thank you Vidyaadharan for rejuvenating the discussion on Malayalam poems.  It is sad people use the platform for writing real poems as a playground to practice their skewed ideas, 
കവിതാതത്പരൻ 2017-08-20 11:49:22
കവിതയുടെ പൊതുവായ ധർമ്മകളെ പാലിക്കാതെ കവിത എഴുതുമ്പോഴും ഡോ. ശശിധരൻ കവി ചിലപ്പോൾ കാണാത്ത അർഥങ്ങൾ നിരത്തി കവിതയെ ന്യായികരിക്കാൻ ശ്രമിക്കുന്നത് കാണാം. ആധുനികമോ പ്രാകൃതമോ എന്നറിയില്ല ഡോ. ഹരിഹരന്റെയും ഡോ. കുഞ്ഞാപ്പുവിന്റെയും കവിതകൾ സാധാരണ മനസുകൾക്ക് മനസിലാക്കാൻ പ്രയാസമാണ് .  സാധാരണക്കാരുടെ ബുദ്ധി വികസിപ്പിക്കാനാണ് ഈ കടങ്കഥപ്പോലത്തെ കവിതകൾ എഴുതുന്നെങ്കിൽ അതിന് തീർച്ചയായും ഇവരുടെ കളരിയിൽ തന്നെ പോയി പഠിക്കണം . അപ്പോൾ അവർ പറഞ്ഞുതരും അതിന്റെ സാങ്കേതിക വശങ്ങൾ  അല്ല വളരെ ലളിതമായ രീതിയിൽ വിഷങ്ങൾ അവതരിപ്പിച്ച് സാധാരണ മനസ്സുകളുടെ പിരിമുറുക്കത്തിന് അയവ് വരുത്തുകയും അതോടൊപ്പം വിഷയത്തെ അവതരിപ്പിക്കുകയും  എന്നതാണ് ലക്ഷ്യമെങ്കിൽ ചങ്ങമ്പുഴ കവിതകൾക്ക് സമാനമായ ജനകീയ കവിതകളാണ് നല്ലത്.   കേരളത്തിലെപ്പോലെ ഒരു വിശാലമായ വായനക്കാർ ഇല്ലാത്തതിനാലും പ്രതികരണം കുറവായതിനാലും കവിതയുടെ സ്വാധീനം മനുഷ്യരിൽ എത്രയെന്ന് അളക്കാൻ പ്രയാസം.  

ചിലപ്പോൾ ചില പ്രശ്നങ്ങൾ കൂടുതൽ ചർച്ചക്ക് കാരണമായി ഭവിക്കുമെന്നു പറഞ്ഞതുപോലെ 

"പട്ടികൾ ഇണചേർന്നു 
നിൽക്കുന്നപോലത്തെ 
പരസ്പര വിരുദ്ദമായ 
വാക്കുകൾ കാണാൻ ഇല്ല"  വിദ്യാധരന്റെ പ്രയോഗം കുറിക്കു കൊണ്ട് എന്നതിന് സംശയം ഇല്ല.  സത്യത്തിൽ ഞാൻ അൽപ്പനേരം ഇരുന്ന് ചിരിക്കാതിരുന്നില്ല -വിദ്യാധരൻ ഒരു രസികനും നല്ല ഒരു നിരീക്ഷകനുമാണ് എന്നതിൽ സംശയമില്ല .  ചങ്ങമ്പുഴയുടെ കാവ്യനർത്തികിയിൽ മലയാള കവിതയുടെ മുഴുവൻ സൗന്ദര്യവും തിളങ്ങി നിൽക്കുന്നു.

വായനക്കാരൻ 
മറ്റൊരു അപരൻ 2017-08-20 16:16:52
കവിതയിൽ താത്പര്യമുള്ളത് നല്ലതാണ്. ചിലപ്പോൾ കവിതയുടെ ഹൃദയം കാണാൻ അതിന്റെ ആഴങ്ങളിൽ മുങ്ങാംകുഴിയിട്ട്` മനനൻ ചെയ്യേണ്ടിവരും. എല്ലാ കവിതകളും ചങ്ങമ്പുഴക്കവിതകൾ പോലെ ആകണമെന്നില്ല. ചാടിക്കയറി അഭിപ്രായം പറയുകയും സ്വന്തം അഭിപ്രായത്തെ മറ്റൊരു അപരനാമത്തിൽ പുകഴ്തുന്നതും ഭൂഷണമല്ല. വായനക്കാർ മണ്ടന്മാരാണെന്നു ധരിക്കല്ലേ.
Thomas Vadakkel 2017-08-20 17:16:16
വിദ്യാധരന്റെ കമന്റുകൾ കാണുമ്പോഴാണ് സാധാരണ ഞാൻ ഇമലയാളിയിൽ കാണുന്ന പേജുകൾ തുറക്കുന്നത്. ഡോ ഹരിഹരൻ, താങ്കൾ കവിതകൾ എഴുതണം. കവിത നല്ലതോ ചീത്തയൊയെന്നു വിധിയെഴുതേണ്ടത് വായനക്കാരാണ്. കവിതകൾ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് കൂടുതൽ പ്രതികരണങ്ങളും വരുന്നത്. അറിവു തരുന്ന പ്രതികരണങ്ങൾ. അതിന്റെ ക്രെഡിറ്റ് ഈ കവിത രചിച്ച ശ്രീ ഹരികുമാറിന് തന്നെയാണ്. 
പൊങ്ങമ്പുഴ 2017-08-20 19:32:18
മുങ്ങാംകുഴിയിട്ടു 
ഞാൻ മുങ്ങി
മനനവും ചെയ്യുത് 
ശ്വാസംമുട്ടിയപ്പോൾ 
പൊങ്ങി 
പോകുന്നു വീണ്ടും 
മുങ്ങാൻ 
ചങ്ങമ്പുഴയിൽ 
മുങ്ങാംകുഴിയിട്ടു 
തപ്പാൻ  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക