Image

കൂടൊഴിഞ്ഞൊരു ഓണക്കിളി (കവിത: രാജന്‍ കിണറ്റിങ്കര)

Published on 18 August, 2017
കൂടൊഴിഞ്ഞൊരു ഓണക്കിളി (കവിത: രാജന്‍ കിണറ്റിങ്കര)
പിറന്നൂ ഒരു ചിങ്ങം കൂടി
കിഴക്കന്‍ മലയില്‍
ശൂന്യമാം ഓര്‍മ്മയില്‍
കരിന്തിരി കത്തുവാന്‍..

ഞെട്ടറ്റ പൂവിന്റെ
തേങ്ങലുപോലെയെന്‍
മനസ്സിലൊരോണത്തിന്‍
പൂവിളി ഉയരുന്നു ..

തുമ്പപ്പൂ തേടിയലഞ്ഞ
കുന്നിന്‍ ചരിവുകളില്‍
കോണ്‍ക്രീറ്റു സൗധങ്ങള്‍
ബന്ധനം തീര്‍ക്കുന്നു ..

ഒരിറ്റു ശ്വാസത്താല്‍
പ്രാണനെ കാക്കുവാന്‍
കെഞ്ചുന്നു തൊടിയിലെ
മുക്കുറ്റി പൂവുകള്‍..

പൂവിളി ഉയര്‍ന്നൊരു
നാട്ടു വഴികളില്‍
വിഷ വിത്ത് പാകുന്നു
ജാതി രാഷ്ട്രീയങ്ങള്‍.

പുഴയില്ല മലയില്ല
പൂങ്കാവനമില്ല
ശൂന്യമാം പകലിന്റെ
നൊമ്പര കാഴ്ചകള്‍..

കളിയില്ല ചിരിയില്ല
ഓണ നിലാവില്ല
ഏകനായലയുന്നെന്‍
ഓണ വിഷാദങ്ങള്‍

നിദ്രയിലിന്നും ഉയരുന്നു
പാടത്തെ
തേക്കുപാട്ടിന്റെ
മായാത്ത ഈണങ്ങള്‍..

ഓണക്കിളികളും
ഓണ വില്ലൊച്ചയും
കൂടൊഴിഞ്ഞിന്നെന്‍
മനസ്സിന്റെ ചില്ലയില്‍

ദിക്കറിയാതെയലയുന്നു
പുതു ജന്മം
അസ്വസ്ഥരാകുന്നു
സ്വാര്‍ത്ഥമാം ചിന്തയില്‍...

എന്നില്‍ നിന്നൊരു കാതം
ദൂരമേയുള്ളല്ലോ
നമ്മിലേക്കൊന്നു
മനസ്സിനെ കൂട്ടുവാന്‍

കാത്തിരിക്കുന്നു ഞാന്‍
ഓര്‍മ്മതന്‍ മുറ്റത്ത്
പഴയൊരാ ഓണത്തിന്‍
പുനര്‍ജനി കാതോര്‍ത്ത് ...

*************
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക