Image

യുവജനവര്‍ഷ സമ്മാനമായി ഫിലാഡല്‍ഫിയാ യുവാക്കള്‍ക്ക് ഇംഗ്ലീഷ് കുര്‍ബാന

ജോസ് മാളേയ്ക്കല്‍ Published on 18 August, 2017
യുവജനവര്‍ഷ സമ്മാനമായി ഫിലാഡല്‍ഫിയാ യുവാക്കള്‍ക്ക് ഇംഗ്ലീഷ് കുര്‍ബാന
ഫിലാഡല്‍ഫിയ: വിശാലഫിലാഡല്‍ഫിയാ റീജിയണില്‍പെട്ട മലയാളി കത്തോലിക്കാ യുവജനങ്ങള്‍ക്ക് ആത്മീയപേമാരിയായി ഇനിമുതല്‍ എല്ലാ ഞായറാഴ്ച്ചകളിലും രാവിലെ നിശ്ചിത സമയത്തു ഇംഗ്ലീഷ് കുര്‍ബാന. 2017 യുവജനങ്ങള്‍ക്കായി സമര്‍പ്പിച്ച് അവരെ സഭയുടെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനു ലക്ഷ്യംവച്ചുകൊണ്ട് ചിക്കാഗോ സീറോമലബാര്‍ രൂപത യുവജനവര്‍ഷം ആചരിക്കുമ്പോള്‍ രൂപതയിലെ പ്രമുഖ ഫൊറോനാ ദേവാലയമായ ഫിലാഡല്‍ഫിയാ സെ. തോമസ് സീറോമലബാര്‍ പള്ളി യുവജനവര്‍ഷത്തില്‍ യുവജനങ്ങള്‍ക്കുള്ള വിശേഷാല്‍ സമ്മാനമായി എല്ലാ ഞായറാഴ്ച്ചകളിലും ഇംഗ്ലീഷ് കുര്‍ബാന ആരംഭിച്ചുകൊണ്ട് മാതൃകയാവുന്നു.
ഫിലാഡല്‍ഫിയായിലെ യുവജനങ്ങളുടെ ദീര്‍ഘകാല അഭിലാഷവും, അതിനപ്പുറം അവരുടെ മൗലികാവകാശവുമായിരുന്ന ഈ ആവശ്യം ഇതോടെ ഫലമണിയുന്നു. ആഗസ്റ്റ് 20 മുതല്‍ എല്ലാ ഞായറാഴ്ച്ചകളിലും രാവിലെ ഒമ്പതര മണിക്ക് യുവജനങ്ങള്‍ക്കും, കുട്ടികള്‍ക്കും മനസിലാകുന്ന ഇംഗ്ലീഷ് ഭാഷയില്‍ ബലിയര്‍പ്പിക്കപ്പെടുമ്പോള്‍ സന്തോഷിക്കുന്നത് അറുനൂറിലധികം വരുന്ന ഇടവകയിലെ യുവജനങ്ങളാണ്.

ദീര്‍ഘകാലം ചിക്കാഗോ രൂപതയില്‍ യൂത്ത് അപ്പസ്‌തോലേറ്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ചുകൊണ്ട് യുവജനങ്ങളുമായി അടുത്തിടപഴുകി അവരുടെ പള്‍സ് ശരിക്കും മനസിലാക്കിയിട്ടുള്ള റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ ഇടവകവികാരിയായി ചാര്‍ജെടുത്തത് യുവജനങ്ങള്‍ക്ക് അനുഗ്രഹമായി. 
അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന് ഇംഗ്ലീഷ് ഭാഷ സംസാരിക്കുകയും, സ്കൂളില്‍ ഇംഗ്ലീഷ് ഭാഷയിലൂടെ അദ്ധ്യയനം നടത്തുകയും ചെയ്യുന്ന കുട്ടികളുടെയും, യുവജനങ്ങളുടെയും അവകാശമാണ് തങ്ങള്‍ക്ക് അറിയാവുന്ന ഭാഷയില്‍ ദിവ്യബലി അര്‍പ്പിക്കാന്‍ സാധിക്കുക എന്നത്. ഇന്ത്യന്‍ അമേരിക്കന്‍ മാതാപിതാക്കള്‍ക്ക് ജനിച്ച് അമേരിക്കയില്‍ സ്ഥിരമായി ജീവിക്കുകയും, വീട്ടിലും, സ്കൂളിലും, മറ്റെല്ലായിടത്തും അവരുടെ മാതൃഭാഷയായ ഇംഗ്ലിഷിലൂടെ ആശയവിനിമയം നടത്തുകയും, സ്കൂളില്‍ ഇംഗ്ലീഷില്‍ പഠിക്കുകയും, അനായാസം ഇംഗ്ലീഷില്‍ എഴുതുകയും വായിക്കുകയും, ഇംഗ്ലീഷ് ടി. വി പ്രോഗ്രാമുകള്‍ മാത്രം കാണുകയും, ഫെയിസ്ബുക്, റ്റ്വിറ്റര്‍ പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളിലൂടെ പുറംലോകവുമായി ഇംഗ്ലീഷില്‍ മാത്രം ചാറ്റ് ചെയ്യുകയും, ഐഫോണ്‍, ഐപാഡ്, റ്റാബ്‌ലറ്റ് പോലുള്ള അത്യാധുനിക ഇലക്ട്രോണിക് ഗാഡ്ജറ്റ്‌സ് ഇല്ലാതെ ജീവിക്കാന്‍ സാധിക്കാത്ത ഒê തലമുറയ്ക്ക് അവര്‍ക്ക് വഴങ്ങാത്ത മാതാപിതാക്കളുടെ മാതൃഭാഷയിലുള്ള മലയാളം കുര്‍ബാന അടിച്ചേല്‍പ്പിക്കുമ്പോള്‍ പിഞ്ചുമനസുകളില്‍ മുതിര്‍ന്നവര്‍ ഏല്‍പ്പിക്കുന്ന അഘാതം നാമാരും അറിയുന്നില്ല.

ആരാധനയ്ക്കുപയോഗിക്കുന്ന പ്രാര്‍ത്ഥനകളുടെയും, പാട്ടുകളുടെയും അര്‍ത്ഥം മനസിലാക്കി ദിവ്യാരാധനയില്‍ സജീവമായി പങ്കെടുക്കാന്‍ കുട്ടികള്‍ക്ക് സാധിക്കണമെങ്കില്‍ അവരുടെ ഭാഷയില്‍ ദിവ്യബലി അര്‍പ്പിക്കപ്പെടണം. അതോടൊപ്പം മതബോധനം, വെക്കേഷന്‍ ബൈബിള്‍സ്കൂള്‍ തുടങ്ങിയ വിസ്വാസപരിശീലനപരിപാടികള്‍ ഇംഗ്ലീഷില്‍ നടത്തുമ്പോള്‍ æട്ടികളും മലയാളം അറിയാത്ത യുവജനങ്ങളും, നവദമ്പതിമാരും സജീവമായി അതില്‍ ഇഴുകിച്ചേരും.

യുവജനങ്ങള്‍ക്കുവേണ്ടി യുവജനങ്ങള്‍തന്നെ മുന്‍കൈ എടുത്തു ക്രമീകരിക്കുന്ന യൂത്ത് ഇംഗ്ലീഷ് മാസ് അമേരിക്കയിലെ രണ്ടാം തലമുറക്ക് ഒരു മാതൃകയായിരിക്കും. പ്രവാസി സമൂഹങ്ങളിലെ രണ്ടാം തലമുറക്കാര്‍ അഭിമുഖീകരിക്കുന്ന ഭാഷാപ്രശ്‌നം അവരെ ദേവാലയങ്ങളില്‍നിന്നും അകറ്റിനിര്‍ത്താന്‍ ഇടയാക്കരുത്. വലിയമുതല്‍ മുടക്കി നിര്‍മ്മിച്ചിരിക്കുന്ന ആരാധനാലയങ്ങള്‍ മുന്‍പോട്ടു നടത്തിക്കൊണ്ടുപോകേണ്ടത് വരും തലമുറക്കാര്‍ ആണെന്നുളള യാഥര്‍ഥ്യം അംഗീകരിച്ചേ മതിയാവൂ.
Join WhatsApp News
Ponmelil Abraham 2017-08-19 04:52:11
A step in the right direction. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക