Image

പൊലീസ്- സംഘ്പരിവാര്‍ ഒത്തുകളിയെന്നു മുസ്ലിം ലീഗ്

Published on 18 August, 2017
പൊലീസ്- സംഘ്പരിവാര്‍ ഒത്തുകളിയെന്നു  മുസ്ലിം ലീഗ്
മലപ്പുറം: ദേശീയപതാകയെ അവഹേളിച്ചെന്ന് പറഞ്ഞ് മുന്‍ എം.എല്‍.എ സി. മോയിന്‍കുട്ടിക്കെതിരെ കേസെടുത്ത സംഭവം പൊലീസ്- സംഘ്പരിവാര്‍ ബന്ധത്തിന്റ ഒടുവിലെ ഉദാഹരണമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. പൊലീസ് സംരക്ഷണത്തില്‍ കഴിയുന്ന ഡോ. ഹാദിയയുടെ വീട്ടിലേക്ക് രാഹുല്‍ ഈശ്വറിനും ആര്‍.എസ്.എസുകാര്‍ക്കും പ്രവേശനാനുമതി നല്‍കിയതും ബി.ജെ.പി നേതാക്കള്‍ ഉള്‍പ്പെട്ട കള്ളനോട്ട് കേസിന്റ അന്വേഷണം എങ്ങുമെത്താത്തതുമെല്ലാം ഒത്തുകളിയുടെ ഭാഗമാണെന്ന് അദ്ദേഹം മലപ്പുറത്ത് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

താമരശ്ശേരി കോരങ്ങാട്ട് ലീഗിന്റ കൊടിമരത്തില്‍ ദേശീയപതാക ഉയര്‍ത്തിയതിനാണ് മോയിന്‍കുട്ടിക്കെതിരായ കേസ്. സ്ഥാപനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുമൊക്കെ സ്വന്തം കൊടിമരത്തില്‍ത്തന്നെയാണ് പതാക കെട്ടാറ്. ലീഗ് കൊടിമരത്തില്‍ ഐ.യു.എം.എല്‍ എന്നുണ്ടായിരുന്നുവെന്നതാണ് ദേശദ്രോഹമായി കാണുന്നത്. ആര്‍.എസ്.എസ് മേധാവി പാലക്കാട്ടെ സ്‌കൂളില്‍ ദേശീയപതാക ഉയര്‍ത്തി നിയമലംഘനം നടത്തിയത് പൊലീസും സര്‍ക്കാറും കണ്ടില്ലെന്ന് നടിച്ചു. ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ ഉയര്‍ത്തിയ പതാകയില്‍ താമരയുണ്ടായിരുന്നു. ഇതെല്ലാം നിലനില്‍ക്കെ ലീഗ് നേതാവിനെതിരെ തിടുക്കപ്പെട്ട് കേസെടുത്തത് ദുഷ്ടലാക്കോടെയാണ്. പാര്‍ട്ടി ഇത് പുച്ഛിച്ചുതള്ളുന്നു. വിഷയം രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും മജീദ് വ്യക്തമാക്കി.

ഹാദിയയുടെ വീട്ടിലേക്ക് പുറത്തുനിന്ന് ആരെയും കടത്തിവിടരുതെന്നാണ് കോടതി നിര്‍ദേശം. ശക്തമായ പൊലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, രാഹുല്‍ ഈശ്വറിന് അഭിമുഖം നടത്താന്‍ അവസരം കൊടുത്തു. ആര്‍.എസ്.എസ് കൗണ്‍സലിങ് സംഘവും അവിടെ എത്തുന്നുണ്ട്. വിദ്വേഷ പ്രസംഗം നടത്തുന്ന കെ.പി. ശശികലക്കെതിരെ നടപടിയെടുക്കാത്തതിലും കള്ളനോട്ട് കേസിലടക്കം പൊലീസ് ഇരട്ടത്താപ്പ് കേരളം കണ്ടതാണ്. സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ ഗൗരവത്തിലെടുക്കണം. ശക്തമായ സമരപരിപാടികള്‍ മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ ലീഗ് ആസൂത്രണം ചെയ്യുന്നുണ്ടെന്ന് മജീദ് കൂട്ടിച്ചേര്‍ത്തു. (Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക