Image

പീഡനത്തിനിരയായ 10 വയസുകാരി പെണ്‍കുഞ്ഞിന്‌ ജന്മം നല്‍കി: പ്രസവിച്ചത്‌ അറിയാതെ പെണ്‍കുട്ടി

Published on 17 August, 2017
പീഡനത്തിനിരയായ 10 വയസുകാരി പെണ്‍കുഞ്ഞിന്‌ ജന്മം നല്‍കി: പ്രസവിച്ചത്‌ അറിയാതെ  പെണ്‍കുട്ടി


ചണ്ഡീഗഢ്‌: അമ്മാവനില്‍ നിന്നും നിരന്തരമായി ബലാത്സംഗത്തിന്‌ ഇരയായതുവഴി ഗര്‍ഭം ധരിക്കുകയും ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സുപ്രീം കോടതി ഗര്‍ഭഛിദ്രം വിലക്കുകയും ചെയ്‌ത പത്തുവയസുകാരി പ്രസവിച്ചു. സിസേറിയനിലൂടെയായിരുന്നു പ്രസവം.

ഗര്‍ഭിണിയാണെന്ന കാര്യമോ പ്രസവിച്ചെന്ന കാര്യമോ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ഇതുവരെ അറിയിച്ചിട്ടില്ല. വയറ്റില്‍ ഒരു കല്ലുണ്ടെന്നും അതിന്റെ ചികിത്സയുടെ ഭാഗമായാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നുമാണ്‌ മാതാപിതാക്കള്‍ പെണ്‍കുട്ടിയോടു പറഞ്ഞതെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു.

പെണ്‍കുട്ടിയുടെയും ആരോഗ്യനില തൃപ്‌തികരമാണെന്ന്‌ ചികിത്സയ്‌ക്ക്‌ നേതൃത്വം നല്‍കിയ കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണ്‍ ഡോ. ദസാരി ഹാരിഷ്‌ പറഞ്ഞു.
 പെണ്‍കുട്ടി സി. സെക്ഷനിലൂടെയാണ്‌ പെണ്‍കുഞ്ഞിന്‌ ജന്മം നല്‍കിയത്‌. കുട്ടിക്ക്‌ 2.2 കിലോഗ്രാം തൂക്കമുണ്ട്‌. കുട്ടിയെ നവജാത ശിശുക്കളുടെ ഐ.സി.യുവിലേക്കു മാറ്റി. പെണ്‍കുട്ടിയുടെ നില തൃപ്‌തികരമാണ്‌. അവരെ മറ്റൊരുമുറിയിലേക്കുമാറ്റി.' ഡോക്ടര്‍ അറിയിച്ചു.

ഇത്രയും ചെറുപ്രായത്തില്‍ നോര്‍മല്‍ പ്രസവം സാധ്യമല്ലാത്തതിനാലാണ്‌ സി. സെക്ഷനിലൂടെ കുട്ടിയെ പുറത്തെടുത്തതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 

അമ്മാവനാല്‍ മാസങ്ങളോളം പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി വയറുവേദനയെ തുടര്‍ന്ന്‌ കഴിഞ്ഞമാസം ആശുപത്രിയില്‍ ചികിത്സതേടിയതോടെയാണ്‌ ഗര്‍ഭിണിയാണെന്ന വിവരം ബന്ധുക്കള്‍ അറിഞ്ഞത്‌. വിവരം അറിയുമ്പോള്‍ കുട്ടിയുടെ വയറ്റിലെ കുഞ്ഞിന്‌ 30 ആഴ്‌ച പ്രായമായിരുന്നു.

ഇതോടെ അബോഷന്‍ സാധ്യമല്ലെന്ന നിലവന്നു. അബോഷന്‌ അനുമതി തേടി പെണ്‍കുട്ടിയുടെ കുടുംബം ചണ്ഡീഗഢിലെ പ്രാദേശിക കോടതിയെ സമീപിച്ചു. എന്നാല്‍ ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി കോടതി അനുമതി നിഷേധിച്ചു.

തുടര്‍ന്നാണ്‌ സുപ്രീം കോടതിയെ സമീപിച്ചത്‌. കുട്ടിയുടെ ആരോഗ്യസ്ഥിതി അനുസരിച്ച്‌ അബോഷന്‍ സാധ്യമല്ലെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടു ചൂണ്ടിക്കാട്ടി ജൂലൈ 28നാണ്‌ സുപ്രീം കോടതിയും അബോഷന്‌ അനുമതി നിഷേധിച്ചു. അപ്പോഴേക്കും കുട്ടി 32ആഴ്‌ച ഗര്‍ഭിണിയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക