Image

നിസാമിനു ജയിലില്‍ സുഖവാസം; നാട്ടുകാര്‍ക്ക് കാരുണ്യവാനും ധനസഹായിയും (എ.എസ് ശ്രീകുമാര്‍)

Published on 17 August, 2017
നിസാമിനു ജയിലില്‍ സുഖവാസം; നാട്ടുകാര്‍ക്ക് കാരുണ്യവാനും ധനസഹായിയും (എ.എസ് ശ്രീകുമാര്‍)
ശോഭ സിറ്റിയിലെ സുരക്ഷാ ജീവനക്കാരനായ ചന്ദ്രബോസിനെ ഹമ്മര്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന വ്യവസായിയും കൊടും കുറ്റവാളിയുമായ മുഹമ്മദ് നിസാം ഇപ്പോഴും വാര്‍ത്തകളിലെ വിവാദ നായകനാണ്. പണവും സ്വാധീനവും ഉള്ളവര്‍ക്ക് ജയിലിനകത്ത് എന്തുമാവാമെന്നതിന് ഉദാഹരമാണ് നിസാം. ഇയാള്‍ക്ക് ജയിലില്‍ സുഖജീവിതമാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ ജയിലിനകത്തും നിസാം അപകടകാരിയാണെന്നുറപ്പിക്കാവുന്ന വാര്‍ത്തകളാണ് പുറത്ത് വന്നിരിക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് സ്വന്തം സ്ഥാപനങ്ങളിലെ ജീവനക്കാരെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്യുന്നതായാണ് പുതിയ പരാതി. നിസാമിന്റെ ഉടമസ്ഥതയിലുള്ള കിംഗ്‌സ് സ്‌പേസ് ആന്റ് ഡെവലപ്പേഴ്‌സ് എന്ന സ്ഥാപനത്തിലെ മാനേജര്‍ ചന്ദ്രശേഖരന്‍, തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ശബ്ദരേഖയുള്‍പ്പടെ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഈ സ്ഥാപനത്തില്‍ വര്‍ഷങ്ങളായി മാനേജരായി പ്രവര്‍ത്തിക്കുന്ന ചന്ദ്രശേഖരനെ ഇന്നലെ നിസാം രണ്ടു തവണ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

ഓഫീസിലെ ഒരു ഫയല്‍ ഉടന്‍ എത്തിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ജയിലിലെ ലാന്റ് ഫോണില്‍ നിന്ന് നിസാം വിളിച്ചത്. തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ചും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് നിസാം. ശോഭാ സിറ്റിയില്‍ വച്ച് ഇയാള്‍ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. 2015 ജനുവരി 29 നായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നിരവധി ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാര്‍ ഇടിച്ച് കൊല്ലാന്‍ ശ്രമിക്കുക മാത്രമല്ല, ചന്ദ്രബോസിനെ കാര്‍പോര്‍ച്ചില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഗുരുതരമായ ആന്തരിക ക്ഷതങ്ങളാണ് ചന്ദ്രബോസിന് ഏറ്റിരുന്നത്. ആന്തരികാവയവങ്ങള്‍ക്കേറ്റ മാരകമായ ക്ഷതമാണ് മരണകാരണമായത്. വാരിയെല്ലുകള്‍ പൊട്ടുകയും അവ ആന്തരികാവയവങ്ങളിലേയ്ക്ക് തറഞ്ഞ് കയറുകയും ചെയ്തിരുന്നു. ആന്തരിക രക്തസ്രാവവും മരണകാരണമായി.

തുടര്‍ന്ന് നിസാമിനെ 28 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിക്കുകയുണ്ടായി. നിസാമിന് ജയിലില്‍ സുഖവാസമാണെന്ന വാര്‍ത്ത നേരത്തെയും പുറത്തുവന്നിരുന്നു. മുമ്പ് വിചാരണയ്ക്കായി ബാംഗ്ലൂരിലേയ്ക്ക് കൊണ്ടുപോകും വഴിയും നിസാം ഫോണ്‍ ഉപയോഗിച്ചിരുന്നു. തന്റെ സഹോദരങ്ങള്‍ക്ക് നേരെയാണ് അന്ന് നിസാം ഭീഷണിമുഴക്കിയത്. ഒരിക്കല്‍ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ നിസാം തൃശൂരിലെ ഒരു ഹോട്ടലില്‍ വെച്ച് ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമായിരുന്നു. പോലീസാണ് ഇതിന് സൗകര്യമൊരുക്കികൊടുത്തതെന്നും ഹോട്ടലിലെ സി.സി.ടി.വി ഓഫ് ചെയ്തതിന് ശേഷമായിരുന്നു കൂടിക്കാഴ്ച എന്നും ആരോപണമുയര്‍ന്നിരുന്നു. സംഭവം വിവാദമാതോടെ അന്നത്തെ ഡി.ജി.പി ടി.പി സെന്‍കുമാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. നേരത്ത ബംഗളൂരുവില്‍ ഇയാളെ അന്വേഷണത്തിനായി കൊണ്ടുപോയപ്പോള്‍ ആഡംബര കാര്‍ ഉപയോഗിച്ചതും വിവാദമായിരുന്നു. മാത്രമല്ല മുമ്പ് കോടതിയില്‍ ഹാജരാക്കുന്നതിനായി കൊണ്ടുവന്നപ്പോള്‍ കൈവിലങ്ങ് മറയ്ക്കുന്നതിനായി പ്ലാസ്റ്റിക് കവര്‍ ഉപയോഗിച്ചതും ചര്‍ച്ചയായി.

ഇതിനിടെ ജയിലില്‍ കഴിയുന്ന മുഹമ്മദ് നിസാമിന്റെ മോചനത്തിനായി ജന്മനാട്ടില്‍ പൊതുയോഗം സംഘടിപ്പിച്ചത് സെന്‍സേഷണല്‍ വാര്‍ത്തയായി. നിഷാമിന്റെ നാട്ടുകാരാണ് തൃശൂര്‍ അന്തിക്കാടിനു സമീപം മുറ്റിച്ചൂരില്‍ യോഗം വിളിച്ചത്. നിസാം കാരുണ്യവാനും ധനസഹായിയുമാണെന്നും ചന്ദ്രബോസിന്റെ മരണം യാദൃശ്ചികമെന്നും വിശദീകരിച്ചു നോട്ടിസ് പ്രചാരണവും നടത്തി. നിസാമിനെ വാനോളം പുകഴ്ത്തുന്ന നോട്ടീയായിരുന്നു ഇത്. നിസാമിനെ ജയിലില്‍നിന്നു മോചിപ്പിക്കണമെന്ന ആവശ്യവുമായാണ് പൊതുയോഗം സംഘടിപ്പിച്ചത്. യാദൃചികമായി നടന്ന കൊലപാതകത്തെ മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിച്ചതാണെന്നും കാരുണ്യവാനും കലാകായിക സ്‌നേഹിയുമായ നിസാം ജയിലില്‍ നിന്ന് പുറത്തു വരേണ്ടതുണ്ടെന്നും ജയിലിനകത്ത് കിടന്നാല്‍ ആയിരക്കണക്കിന് കുടുംബം അനാഥമാവുമെന്നും നോട്ടീസിലുണ്ടായിരുന്നു. പൊതുകാര്യ പ്രസക്തന്‍, ധനസഹായി, കാരുണ്യവാന്‍, ധര്‍മിഷ്ഠന്‍, കായികസംരംഭകന്‍ എന്നിവയാണു കൊലക്കേസ് പ്രതിക്കുള്ള വിശേഷണങ്ങള്‍.

കോടികളുടെ ആസ്തിയുള്ള നിസാം ശിക്ഷിക്കപ്പെടുന്നതിനു മുന്‍പും പിന്‍പും പൊലീസിന്റെയടക്കം വഴിവിട്ട സഹായങ്ങള്‍ നേടിയിരുന്നു. ശിക്ഷയുടെ തുടക്കത്തില്‍ത്തന്നെ ശിക്ഷാ ഇളവ് നല്‍കാനുള്ള പട്ടികയില്‍ ഇടംപിടിച്ചു. മാത്രമല്ല ജയിലില്‍ കിടന്നും നിസാം ബിസിനസ് പാര്‍ട്ണറായ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് പി.ബി ബഷീര്‍ അലി പരാതി നല്‍കിയിരുന്നു. ഈ പരാതി പൊലീസ് പരിഗണനയിലാണ്. തന്നെയും കുടുംബത്തെയും കൊന്നു കളയുമെന്ന് നിസാം ജയിലിനുള്ളില്‍ നിന്ന് ഭീഷണിപ്പെടുത്തുന്നു എന്നായിരുന്നു ബഷീറിന്റെ പരാതി.

അറസ്റ്റിന് മുമ്പുള്ള നിസാമിന്റെ ആഡംബര ജീവിതം അത്ഭുതപ്പെടുത്തുന്നതാണ്. ബംഗളൂരുവില്‍ പോലീസ് നടത്തിയ തെളിവെടുപ്പില്‍ നിസാമിന്റെ ആഡംബര കാറുകള്‍ കണ്ട് പോലീസുകാര്‍ തന്നെ ഞെട്ടിയത്രേ. ഒരു കോടിയില്‍ അധികം വില വരുന്ന പോഷെ കാറാണ് നിസാമിന്റെ സുഹൃത്തിന്റെ ഫഌറ്റിലെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് ലഭിച്ചവയില്‍ ഒന്ന്. ലോകത്തിലെ കോടീശ്വരന്‍മാരുടെ പ്രിയ വാഹനങ്ങളില്‍ ഒന്നാണ് ഫെരാരി പോലീസ് നടത്തിയെ തെളിവെടുപ്പില്‍ കണ്ടെടുത്തിരുന്നു. ഒരുകാലത്ത് രാജകീയ വാഹനമായി അറിയപ്പെട്ടുന്നവയാണ് റോള്‍സ് റോയ്‌സ് കാറുകള്‍. റോള്‍സ് റോയ്‌സ് ഫാന്റം 2 ആണ് നിസാമിന്റെ കാറുകളില്‍ ഏറ്റവും വിലയേറിയത്. ഇതിന് മാത്രം ആറ് കോടിയോളം രൂപ വിലവരും. കോടികള്‍ വിലവരുന്ന ലംബോര്‍ഗിനിയും നിസാമിന് സ്വന്തം. നിസാമിന്റെ കാറുകളുടെ മാത്രം വില എഴുപത് കോടി രൂപ വരും എന്നാണ് എന്‍ഫോഴ്സ്മെന്റ് കണക്കാക്കിയിട്ടുള്ളത്. അഞ്ചുലക്ഷം രൂപവരുന്ന പാമ്പിന്‍ തോലുകൊണ്ടുള്ള ഷൂവാണ് നിസാം ഉപയോഗിച്ചിരുന്നത്.

നിസാമിന് അവിഹിത ബന്ധങ്ങള്‍ ഏറെ ഉണ്ടായിരുന്നു. ഈ വിഷയത്തില്‍ ഭാര്യ അമലിന് നിസാമിനോട് നീരസം ഉണ്ടായിരുന്നുവെന്നും വേര്‍പിരിയലിന്റെ വക്കില്‍ എത്തിയിരുന്നു എന്നുമൊക്കൊയാണ് പോലീസ് പുറത്ത് വിട്ട വിവരങ്ങള്‍. ഒരു കന്നഡ നടിയുമായി നിസാം പ്രണയത്തിലാസിരുന്നു. നിസാമിന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി അടുത്ത ബന്ധമുള്ളതായി സംശയമുയര്‍ന്നിരുന്നു. ഇന്ത്യയുടെ സമ്പദ് മേഖലയെ തകര്‍ക്കുന്ന തരത്തിലാണ് ഡി കമ്പനിയുടെ പല പ്രവര്‍ത്തനങ്ങളും. കുഴല്‍പ്പണം, മയക്കുമരുന്ന്, ആയുധ കടത്ത്, മാഫിയ പ്രവര്‍ത്തനം എന്നിവയാണ് ഡി കമ്പനിയുടെ പ്രധാന പ്രവര്‍ത്തന മേഖലകള്‍. ഡി കമ്പനിയിലെ കണ്ണികളുടെ സാമ്പത്തിക സ്രോതസ് മറച്ച് വയ്ക്കാന്‍ സിനിമ ഉള്‍പ്പടെയുള്ള മേഖലകളില്‍ പണം നിക്ഷേപിച്ച് കറുത്ത പണം വെളുപ്പിക്കുന്നതും പതിവാണ്. ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ കേരളത്തിന് പുറത്തും സൂക്ഷിച്ചിരുന്ന കുറ്റവാളിയാണ് നിസാം.

നിസാമിനു ജയിലില്‍ സുഖവാസം; നാട്ടുകാര്‍ക്ക് കാരുണ്യവാനും ധനസഹായിയും (എ.എസ് ശ്രീകുമാര്‍)
നിസാമിനു ജയിലില്‍ സുഖവാസം; നാട്ടുകാര്‍ക്ക് കാരുണ്യവാനും ധനസഹായിയും (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക