Image

കെ.എച്ച്.എയുടെ ഓണാഘോഷം ഓഗസ്റ്റ് 19 ന് : "ഫാഷന്‍ ഷോ'യും തിരുവാതിരയും ആവേശം പകരും

മനു നായര്‍ Published on 17 August, 2017
കെ.എച്ച്.എയുടെ ഓണാഘോഷം ഓഗസ്റ്റ് 19 ന് : "ഫാഷന്‍ ഷോ'യും തിരുവാതിരയും ആവേശം പകരും
ഫീനിക്‌സ്: അരിസോണയിലെ പ്രമുഖ മലയാളി പ്രവാസി സംഘടനയായ കേരള ഹിന്ദുസ് ഓഫ് അരിസോണയുടെ ഈ വര്‍ഷത്തെ ഓണാഘോഷം വന്‍ ജനപങ്കാളിത്തത്തോടെ ഓഗസ്റ്റ് 19ന് ആഘോഷിക്കും. ഒരുദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ ഫിനിക്‌സിലെ എ.എസ്.യു. പ്രീപെറ്ററി അക്കാദമി ആഡിറ്റോറിയത്തില്‍ വെച്ചാണ് കൊണ്ടാടുന്നത്.

രാവിലെ 10 :30ന് ആര്‍പ്പൂവിളികളോടെ അത്തപ്പൂക്കളമൊരുക്കി ഈ വര്‍ഷത്തെ ഓണാഘോഷത്തിന് തുടക്കമാകും. തുടര്‍ന്ന് 101 വനിതകള്‍ പങ്കെടുക്കുന്ന മഹാതിരുവാതിര അവതരിപ്പിക്കും. അനിത പ്രസീദ്, മഞ്ജു രാജേഷ്, അഞ്ചു നായര്‍, ദിവ്യ അനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് തിരുവാതിരയുടെ പരിശീലനങ്ങള്‍ അരിസോണയുടെ പലഭാഗങ്ങളിലായി നടക്കുന്നത്. ആരിസോണയിലെ കലാസാംസ്കാരിക സന്നദ്ധ സംഘടനകളിലെ നേതാക്കള്‍ നിലവിളക്കു തെളിയിച്ചു തിരുവാതിരയും ഈവര്‍ഷത്തെ ഓണാഘോഷ പരിപാടികളും ഔപചാരികമായി ഉത്ഘാടനം ചെയ്യും. തുടര്‍ന്ന് അരിസോണയിലുള്ള നൂറ്റമ്പതിലധികം കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന കേരളത്തിന്റെ കലാപാരമ്പര്യവും, സാംസ്കാരികപൈതൃകവും, വിളിച്ചോതുന്ന വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിക്കും .
നാല്പതിലധികം കലാകാരന്മാര്‍ പങ്കെടുക്കുന്ന മഹാബലി വരവേല്പും ഘോഷയാത്രയും അതിനോടനുബന്ധിച്ചു നടക്കുന്ന നൃത്തശില്പവും ഈ വര്‍ഷത്തെ ഓണാഘോഷത്തിലെ പ്രധാന ഇനമാണ്. ഈ നൃത്തസംഗീതശില്‍പ്പം ചിട്ടപ്പെടുത്തുന്നത് രമ്യ അരുണ്‍കൃഷ്ണന്‍ , മഞ്ജു രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ്. രാജകീയ പ്രൗഢിയില്‍ നടക്കുന്ന ഘോഷയാത്രയിലും വരവേല്‍പ്പിലും കേരളത്തിന്റെ തനതായ കലാരൂപങ്ങളായ തെയ്യം, പുലികളി, വള്ളംകളി, കാവടി, മയിലാട്ടം, ചെണ്ടമേളം, താലപ്പൊലി, കുതിര കളി എന്നിവയും പ്രദര്‍ശിപ്പിക്കും.

ഈവര്‍ഷത്തെ ഓണാഘോഷത്തിന് മാറ്റുകൂട്ടാനായി രണ്ടു 'ഫാഷന്‍ ഷോ' കളാണ് അണിയറയില്‍ ഒരുങ്ങുന്നത്. പൗരാണികകാലം മുതല്‍ ഉപയോഗിക്കുന്നതും ഇന്ത്യന്‍ സംസ്കാര'ത്തിന്റെ ഉത്പന്നവും ഭാരതീയ ദേശീയവേഷവുമായി ഏവരും കാണുന്ന 'സാരി' യുടെ "ഷോ'യുമായി ശാന്ത ഹരിഹരന്റെ "എത്‌നിക് വെയ്വ്‌സ് " എത്തുമ്പോള്‍, കേരളത്തിന്റെ വൈവിധ്യമാര്ന്ന സാംസ്കാരികപാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും, അന്തസത്ത ഉള്‍കൊണ്ടുകൊണ്ട്, പുരാതന രീതിയിലുള്ള വസ്ത്രധാരണവും സമകാലീന ഫാഷന്‍ സങ്കല്പങ്ങളും സമന്യോയിപ്പിച്ചു ജിന്‍സി ഡിന്‍സിന്റെ നേതൃത്വത്തില്‍ ""സംസ്കൃതി 2017'' ഒരുങ്ങുന്നു. അന്‍പതിലധികം പേര് പങ്കെടുക്കുന്ന ഈ രണ്ടു വ്യത്യസ്ത ഷോകളും അതിന്റെ ശൈലികൊണ്ടും അവതരണത്തിലെ വ്യത്യസ്തത കൊണ്ടും കാണികള്‍ക്ക് ദൃശ്യ വിസ്മയമായിരിക്കുമെന്ന് നിസംശയം പറയാം.

അരിസോണയിലെ പ്രമുഖ ഗായകനും സംഘടനയുടെ സജീവ പ്രവര്‍ത്തകനുമായ ദിലീപ് , ജയകൃഷ്ണന്‍ സുരേഷ്, ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന കഥാപ്രസംഗം, ഷെറി, ആനന്ദ് , മനു, സുരേഷ്, സുധിര്‍ എന്നിവര്‍ അവതരിപ്പിക്കുന്ന കോമഡി ബാലെ തുടങ്ങിയവ കാണികളെ ചിരിയുടെ മാസ്മരിക ലോകത്തേക്ക് എത്തിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിന്റെ പ്രോമോക്ക് കിട്ടിയ മികച്ച സ്വീകാര്യത തന്നെ ഇതിന്റെ തെളിവാണ്.

ഉച്ചക്ക് 11 :30 ത്തോടെ ആരംഭിക്കുന്ന ഓണസദ്യക്ക് കേരളത്തിന്റെ പാരമ്പര്യവും, പൈതൃകവും, വിളിച്ചോതുന്ന ഇരുപത്തഞ്ചിലധികം വിഭവങ്ങളാണ് വിളമ്പുന്നത്. വിഭവ സമൃദ്ധമായ ഓണസദ്യയൊരുക്കാനായി അ അരിസോണയിലെ മലയാളി രുചിയായ 'കറി ഗാര്‍ഡന്‍സ്' ഗിരീഷ് ചന്ദ്രന്‍, ജോജോ, ശ്രീകുമാര് കൈതവന, സുരേഷ് കുമാര്, കൃഷ്ണ കുമാര്‍ എന്നിവരോടൊപ്പം പ്രഗത്ഭരുടെ ഒരു നിര തന്നെയാണ് അണിനിരക്കുന്നത്.

ഈ പരിപാടിയുടെ വന്‍ വിജയത്തിനായി പ്രസിഡന്റ് സുധിര്‍ കൈതവന, ഓണാഘോഷ കമ്മിറ്റി ചെയര്‍ സുരേഷ് നായര്‍, വൈസ് പ്രസിഡന്റ് ജോലാല്‍ കരുണാകരന്‍, സെക്രട്ടറി രാജേഷ് ഗംഗാധരന്‍, സഞ്ജീവന്‍ (കല്‍ച്ചറല്‍ ചെയര്‍), അരുണ്‍കൃഷ്ണന്‍ (കല്‍ച്ചറല്‍ ചെയര്‍ ), ഹരികുമാര്‍ കളീക്കല്‍, അനൂപ്, ശ്രീജിത്ത് ശ്രീനിവാസന്‍, ഷാനവാസ് കാട്ടൂര്‍, ദിലീപ് പിള്ള (ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ രൂപീകരിച്ചാണ് ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഏകോപിപ്പിക്കുന്നത്.
കെ.എച്ച്.എയുടെ ഓണാഘോഷം ഓഗസ്റ്റ് 19 ന് : "ഫാഷന്‍ ഷോ'യും തിരുവാതിരയും ആവേശം പകരും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക