Image

ട്രംപും മോദിയും സുഹൃത്തുക്കള്‍ തന്നെ; ഇന്ത്യയിലെ കാര്യങ്ങള്‍ സുഖകരവുമല്ല (എ.എസ് ശ്രീകുമാര്‍)

Published on 17 August, 2017
ട്രംപും മോദിയും സുഹൃത്തുക്കള്‍ തന്നെ; ഇന്ത്യയിലെ കാര്യങ്ങള്‍ സുഖകരവുമല്ല (എ.എസ് ശ്രീകുമാര്‍)
ഇന്ത്യ-അമേരിക്ക ബന്ധം ഏറ്റവും മെച്ചപ്പെട്ട അവസ്ഥയിയാണിന്ന്. ഇത്രത്തോളം എത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നതില്‍ അദ്ദേഹത്തിന്റെ എതിരാളികള്‍ പോലും സംശയിക്കില്ല. പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷം മോദി അഞ്ചു തവണ അമേരിക്ക സന്ദര്‍ശിച്ചിട്ടുണ്ട്. തന്റെ പ്രിയ സുഹൃത്താണ് മോദിയെന്ന് ട്രംപും പറഞ്ഞിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രവുമായി ഊഷ്മളമായ സൗഹൃദം ഉണ്ടാവുക എന്നത് ചില്ലറ കാര്യമല്ല. അതില്‍ മോദി നൂറുശതമനം വിജയിക്കുകയും ചെയ്തുവെന്നാണ് അവകാശവാഹങ്ങള്‍. പാകിസ്താന്‍ ആയിരുന്നു അടുത്ത കാലം വരെ മേഖലയിലെ അമേരിക്കയുടെ പ്രധാന കേന്ദ്രം. പാകിസ്താനെ എല്ലാ വിധത്തിലും അമേരിക്ക സഹായിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം അമേരിക്ക-പാകിസ്താന്‍ ബന്ധം അത്ര സുഖകരമല്ല. അതിന് കാരണം പാകിസ്താന്റെ തീവ്രവാദ ബന്ധങ്ങളാണ്. അതേസമയം ഇന്ത്യ-അമേരിക്ക ബന്ധം മെച്ചപ്പെടുകയും ചെയ്യുന്നതില്‍ പാകിസ്താന് ഇന്ത്യയോടുള്ള ശത്രുത വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ഇസ്ലാം തീവ്രവാദത്തെ ഒന്നിച്ച് തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി മോദിയും അമേരിക്കന്‍ ട്രംപും കഴിഞ്ഞ ജൂണില്‍ വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയില്‍ പറയുകയുണ്ടായി. ഭീകരവാദത്തെ തുടച്ചു നീക്കുന്നതിനൊപ്പം ഭീകരരുടെ അഭയ സ്ഥാനങ്ങള്‍ കണ്ടെത്തി ഉന്മൂലനം ചെയ്യുന്നതും ഇരുരാജ്യങ്ങളും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ലക്ഷ്യമാണെന്നും ഇരുവരും വ്യക്തമാക്കിരുന്നു. തീവ്രവാദത്തിനെതിരായ പോരാട്ടം ശക്തമാക്കുന്നതിനും സുരക്ഷ ശക്തമാക്കുന്നതിനും പ്രാധാന്യം നല്‍കുന്നതായി ഇരു നേതാക്കളും ആവര്‍ത്തിച്ച് പറഞ്ഞു. സുരക്ഷയില്‍ ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം രണ്ട് രാജ്യങ്ങള്‍ക്കും ഒരു പോലെ പ്രധാനപ്പെട്ടതാണെന്ന് അന്ന് ട്രംപ് പറഞ്ഞു. തീവ്രവാദത്തിന്റെ അഭയ സ്ഥാനങ്ങളെ തുടച്ചു നീക്കുമെന്നും തീവ്രവാദം ഉന്മൂലനം ചെയ്യുന്നതിനാണ് ഇരു രാജ്യങ്ങളും പ്രഥമ പരിഗണന നല്‍കുന്നതെന്നും മോദി പറഞ്ഞു.

ഇനി മോദിരാജിലെ ചിലകാര്യങ്ങള്‍ പറയാം...ദാരിദ്ര്യവും അഴിമതിയുമില്ലാത്ത ഇന്ത്യ, വര്‍ഗ്ഗീയ കലാപവും ജാതി വിവേചനവും ഇല്ലാത്ത ഇന്ത്യ, തീവ്രവാദമില്ലാത്ത ഇന്ത്യ, സ്ത്രീകളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇന്ത്യ...അതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വപ്നം കാണുന്ന ഇന്ത്യ. 2022 ഓടു കൂടി താന്‍ സ്വപ്‌നം കാണുന്നത് പുതിയൊരു ഇന്ത്യയാണെന്ന് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിന്റെ 75-ാം വാര്‍ഷികത്തില്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. ഇനി മറ്റൊരു സര്‍വേ റിപ്പോര്‍ട്ടിലേയ്ക്ക്...ജനവിശ്വാസത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ലോകത്ത് മൂന്നാം സ്ഥാനം. ഇന്ത്യയില്‍ 73 ശതമാനം ജനങ്ങള്‍ മോദി സര്‍ക്കാറില്‍ വിശ്വാസമര്‍പ്പിക്കുന്നുവന്ന് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോ-ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റിന്റെ (ഒ.ഇ.സി.ഡി.) സര്‍വെയില്‍ പറയുന്നു.

ഏറെ ജനപിന്തുണയുണ്ടായിരുന്ന നേതാവാവും ജനങ്ങളുടെ ഹിതത്തിനായി പ്രവര്‍ത്തിച്ച പ്രസിഡന്റും കൂടിയായിരുന്നു ബറാക്ക് ഒബാമ. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കൈ ഒഴിഞ്ഞിരിക്കുകയാണ് യു.എസ് ജനത. വെറും 30 ശതമാനം ആളുകള്‍ മാത്രമാണ് ട്രംപ് സര്‍ക്കാരിനെ പിന്തുണക്കുന്നത് എന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ന് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യമാണ് ചൈന. കമ്യൂണിസത്തില്‍ നിന്നു മുതലാളിത്തത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ഈ രാജ്യത്തിന് പക്ഷേ, ഏറെ കാലം ഈ പദവിയില്‍ തുടരാനാകില്ല. കാരണം ഇന്ത്യയുടെ വളര്‍ച്ചയാണ്. ഇന്ത്യ ചൈനയെയും കടന്ന് ബഹുദൂരം വേഗതയില്‍ സഞ്ചരിക്കുമെന്നാണ് ഹര്‍വാഡ് സര്‍വകലാശാല നടത്തിയ പുതിയ പഠന റിപ്പോര്‍ട്ട്. ഇന്ത്യയുടെ വളര്‍ച്ച അതിവേഗമായിരിക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഗോള തലത്തില്‍ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായി ഇന്ത്യ ഉടന്‍ മാറുമെന്നും ചൈനയെ പിന്നിലാക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായിരിക്കെയാണ് ഇന്ത്യയുടെ മുന്നേറ്റം സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യയുടെ നേട്ടങ്ങള്‍ ഇങ്ങനെയൊക്കെ. ഇന്ത്യ-അമേരിക്ക ബന്ധവും പുഷ്‌കലവുമാണ്. എന്നാല്‍ എന്തൊക്കെ പറഞ്ഞാലും അമേരിക്ക ഇന്ത്യയിലെ കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യ പ്രകടിപ്പിക്കുന്ന സ്നേഹമൊന്നും കാണിക്കുന്നില്ല. കഴിഞ്ഞ ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്ത് വിട്ട റിപ്പോര്‍ട്ട് തന്നെയാണിതിന് ഉദാഹരണം. മോദി അധികാരത്തിലെത്തിയതിന് ശേഷം, കൃത്യമായി പറഞ്ഞാല്‍ 2016ല്‍ ഇന്ത്യയില്‍ നടന്ന സംഭവങ്ങളാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ റിപ്പോര്‍ട്ടിന് ആധാരം. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റിന്റെ കീഴിലുള്ള യു.എസ് കമ്മിഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്) ആണ് ലോകത്തെ 37 രാജ്യങ്ങളില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇന്ത്യയില്‍ വര്‍ഗീയ സംഘര്‍ഷങ്ങളും അസഹിഷ്ണുതയും വര്‍ധിക്കുന്നുവെന്നും മതസൗഹാര്‍ദം അവതാളത്തിലായെന്നും ഇരുരാജ്യങ്ങളും തമ്മില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സൗഹാര്‍ദത്തിന് ഇത് വിഘാതമാകുമെന്നുമാണ് അമേരിക്കയുടെ ഔദ്യോഗിക മുന്നറിയിപ്പ്. മോദി മതസൗഹാര്‍ദത്തെക്കുറിച്ച് ആവര്‍ത്തിച്ച് പ്രസംഗിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ അനുയായികള്‍ അതൊന്നും ചെവിക്കൊള്ളുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഈ വിഷയം സംബന്ധിച്ച പഠനത്തിനായി 2016 മാര്‍ച്ചില്‍ ഇന്ത്യയിലെത്താന്‍ തീരുമാനിച്ച സംഘത്തിന് ഇന്ത്യന്‍ ഭരണാധികാരികള്‍ വിസ നിഷേധിച്ചുവെന്ന വെളിപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്. ഹിന്ദുത്വവാദ സംഘടനകളായ ആര്‍.എസ്.എസ്, സംഘപരിവാര്‍, വിശ്വഹിന്ദു പരിഷത്ത് എന്നിവയെ റിപ്പോര്‍ട്ടില്‍ പേരെടുത്ത് വിമര്‍ശിക്കുന്നു.

മതപരമായ സ്വാതന്ത്ര്യവും സഹിഷ്ണുതയും ഇന്ത്യയില്‍ കൂടുതല്‍ വഷളായ വര്‍ഷമാണ് 2016. ആര്‍.എസ്.എസും വി.എച്ച്.പിയും സംഘപരിവാര്‍ സംഘടനകളും രാജ്യത്ത് അസഹിഷ്ണുതയുടെ പേരില്‍ ന്യൂനപക്ഷങ്ങളെയും ദളിതരെയും വ്യാപകമായി ഭീഷണിപ്പെടുത്തുകയും അക്രമങ്ങള്‍ നടത്തുകയും ചെയ്ത നിരവധി സംഭവങ്ങളുണ്ടായി. 29 സംസ്ഥാനങ്ങളില്‍ പത്തിടങ്ങളിലും ഈ സംഘടനകള്‍ അക്രമങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. 2016ല്‍ ഗോരക്ഷയുടെ പേരില്‍ ഹിന്ദുത്വവാദ സംഘടനകള്‍ മുസ്ലിം സമുദായത്തില്‍പ്പെട്ടവര്‍ക്കും ഹിന്ദുവിഭാഗത്തിലെ ദളിതര്‍ക്കുമെതിരെ ഭീഷണിയും പീഡനവും അക്രമങ്ങളും നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോഡി പൊതുവേദികളില്‍ മതസ്വാതന്ത്ര്യത്തെ കുറിച്ചും സഹിഷ്ണുതയെകുറിച്ചും ആവര്‍ത്തിക്കുന്നതിനിടയിലും ഭരിക്കുന്ന പാര്‍ട്ടിയിലെ അംഗങ്ങളും നേതാക്കളും അതിക്രമങ്ങള്‍ നടത്തുന്ന ഹിന്ദുത്വവാദ സംഘടനകളുമായി ചേരുകയും മതവിദ്വേഷം വളര്‍ത്തുന്ന വാക്കുകളിലൂടെ സംഘര്‍ഷത്തിന് ആക്കം കൂട്ടാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

ബീഫ് കൈവശം വച്ചുവെന്ന് ആരോപിച്ച് ജനക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന മുഹമ്മദ് അഖ്‌ലാക്കിന്റെ വിഷയവും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ സംഭവം ഇന്ത്യയില്‍ തുടര്‍ന്നും വിവാദങ്ങളുണ്ടാക്കിയിട്ടുണ്ട് എന്നാണ് പറയുന്നത്. 2015 നെ അപേക്ഷിച്ച് ഇന്ത്യയില്‍ സാമുദായിക കലാപങ്ങള്‍ വര്‍ദ്ധിച്ചു. 2015ല്‍ 644 സംഘര്‍ഷങ്ങളില്‍ 95 പേര്‍ കൊല്ലപ്പെടുകയും 1921 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2016ല്‍ ഇത് 751 ആയി. കൊല്ലപ്പെട്ടവരുടെ എണ്ണ 97ഉം പരിക്കേറ്റവരുടെ എണ്ണം 2264ഉം ആയി ഉയര്‍ന്നു.

2016 ജൂണില്‍ നരേന്ദ്ര മോദി അമേരിക്കയിലെത്തുകയും അന്നത്തെ പ്രസിഡന്റ് ഒബാമയുമായി കൂടിക്കാഴ്ച നടത്തി അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. ഒരു തരത്തിലുള്ള പശ്ചാത്തലവും പരിഗണിക്കാതെ വിശ്വസിക്കാനും അഭിപ്രായം പറയുന്നതിനും വ്യവഹാരത്തിനും എല്ലാവര്‍ക്കും സമഭാവനയോടെ കഴിയാനുമുള്ള അവകാശം മൗലികാവകാശങ്ങളായി സംരക്ഷിക്കപ്പെടേണ്ടതാണെന്ന അന്നത്തെ മോദിയുടെ പ്രസംഗം റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചിട്ടുണ്ട്. 2016 ഡിസംബറില്‍ ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെകുറിച്ച് പഠിക്കുന്നതിന് അന്നത്തെ അംബാസഡര്‍ ഡേവിഡ് സപേര്‍സ്റ്റിന്‍ ഡല്‍ഹി, ബംഗളുരു, മുംബൈ തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സര്‍ക്കാര്‍ ഉന്നത ഉദ്യോഗസ്ഥര്‍, പൊതു സമൂഹത്തിന്റെ പ്രതിനിധികള്‍, വിവിധ മത സംഘടനകളുടെ പ്രതിനിധികള്‍ എന്നിവരുമായൊക്കെ വിശദമായി സംസാരിക്കുകയും കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്തിരുന്നു. അതു സംബന്ധിച്ച് വിവിധ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ പൂര്‍ണ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന യു.എസ്.സി.ഐ.ആര്‍.എഫ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് വിശദീകരിക്കുന്നുണ്ട്. 
ട്രംപും മോദിയും സുഹൃത്തുക്കള്‍ തന്നെ; ഇന്ത്യയിലെ കാര്യങ്ങള്‍ സുഖകരവുമല്ല (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
benoy 2017-08-17 18:28:08

The United States Commission on International Religious Freedom (USCIRF) is a federal government commission that was created based on International Religious Freedom Act of 1998. It had it its beginning based on US Evangelical movement. Its original intention was to protect Christians around the world and encourage evangelization of Christianity. On the advisory committee were Barnet Rubin and Diana Eck who had a history of scrutinizing India’s religious freedom. The membership of the committee during its inception does include Muslims, Jews and Christians; but no Hindus. That, itself clearly shows how biased is this commission towards India. USCIRF has placed India on CPC (Countries of Particular Concern) in 2001, 2002, 2003, 2004, 2009 and 2010. USCIRF even portrayed Godhra train burning and massacre of 58 Hindu pilgrims by Muslims as an accident. It even justified the murder of Swami Lakshmananda Saraswati. Christian leaders in Odisha, like Archbishop Raphael Cheenath defended India and praised its secular foundation. The micro aggression that is shown towards the minority religions in the US clearly shows how hypocritical this society is. When compared to other countries where Christianity is not a majority, in India, it is thriving. So is Islam too. The unfortunate incidents that happened in the recent past in India were isolated and committed by anti-nation elements. So, the report of USCIRF is irrelevant.


anti-RSS 2017-08-17 18:57:49
ഹീനക്രുത്യങ്ങള്‍ക്കും മത ഭീകരതക്കും സാധൂകരണം കിട്ടാന്‍ ആര്‍.എസ്.എസുകാര്‍ പറയുന്ന ന്യായങ്ങളാണൂ ബിനോയ് നിരത്തിയത്.
കമ്മിഷന്‍ പറഞ്ഞതില്‍ സത്യമില്ലേ? മോദി അധികാരമേറ്റ ശേഷം ഗോമാതാവിന്റെ പെരില്‍ എന്തെല്ലാം നടക്കുന്നു? അതു പറയാന്‍ പാടില്ലേ? 1400-ല്‍ പരം ആക്രമണങ്ങളാണു ക്രൈസ്തവര്‍ക്ക് നേരെ ഉണ്ടായത്. അതു ശരിയാണോ?
ഈ ആധുനിക കാലത്ത് ഹിന്ദു മത രാഷ്ട്രം സ്ഥാപിക്കണമെന്നു പറയുന്നത് തന്നെ എത്ര യുക്തിയില്ലാത്ത കാര്യമാണൂ? ലോകം മുഴുവന്‍ മതത്തില്‍ നിന്ന് അകലുന്നു. ഇന്ത്യയില്‍ അതു സംഭവിക്കുന്നില്ലെങ്കില്‍ അതിനു കാരനം ഇന്ത്യാക്കാര്‍ ദരിദ്രരാണെന്നതു കൊണ്ടാണ്. 

സ്വപ്നാടകൻ 2017-08-17 20:19:44
വൈറ്റ് സൂപ്പർമെസിസിറ്റും, കെകെകെ യും നാസികളും ട്രംപിനെ തിന്നും. പശുക്കൾ മോദിയെ തിന്നും. ട്രംപിന്  വോട്ട് ചെയ്യത  ഇവാഞ്ചലിസ്റ്റുകൾ കല്ലിന്മേൽ കല്ലില്ലാതെ ചിതറും. മാത്തുള്ളയുടെ ദൈവം വഴിയാധാരമാകും. കള്ളന്മാരുടെ മുഖമൂടികൾ വലിച്ചു കീറപ്പെടും.  അപ്പനും അമ്മയും മക്കളും തമ്മിലടിച്ചു ശങ്കരമംഗലവും പകലോമാറ്റവും ഛിദ്രമാകും ഇവിടെ പുതിയൊരു ഭൂമിയും ആകാശവും സൃഷ്ടിക്കപ്പെടും. ഇത് ഇന്നലെ കണ്ട സ്വപ്നമാണ്. നടക്കുമോ എന്തോ ആർക്കറിയാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക