Image

ഇതൊരു പുരാണം അല്ല യാഥാര്‍ഥ്യം മാത്രം ആണ്...(എല്ലാ ഹൈ പ്രൊഫൈല്‍, ലോ പ്രൊഫൈല്‍കാര്‍ക്കും വേണ്ടി ..!!) ജയ് പിള്ള

Published on 15 August, 2017
ഇതൊരു പുരാണം അല്ല യാഥാര്‍ഥ്യം മാത്രം ആണ്...(എല്ലാ ഹൈ  പ്രൊഫൈല്‍, ലോ പ്രൊഫൈല്‍കാര്‍ക്കും വേണ്ടി ..!!) ജയ് പിള്ള
ഒരാള്‍ എന്ത് ജോലി ചെയ്യുന്നു എന്നതില്‍ അല്ല. അത് എങ്ങിനെ /എന്തിനു വേണ്ടി ചെയ്യുന്നു എന്നതില്‍ ആണ് കാര്യം. ഏതു തൊഴില്‍ ചെയ്യുവാന്‍ സന്നദ്ധവും, ചെയ്യുന്ന തൊഴിലിനോട് ആത്മാര്‍ത്ഥയും, കൂറും വച്ച് പുലര്‍ത്തുകയും സ്വന്തമായും, കുടുംബത്തിന്റെ ഉന്നമനത്തിനായും ആത്മ സമര്‍പ്പണം ചെയ്യുകയും ആണെങ്കില്‍ ആ തൊഴിലാളി ആയിരിയ്ക്കും യഥാര്‍ത്ഥ തൊഴില്‍ സ്‌നേഹിയും, തൊഴിലാളി എന്ന അന്തസ്സുള്ള വാക്കിന്റെ യഥാര്‍ത്ഥ അവകാശിയും. മലയാളികള്‍ ലോകത്തിലെ എല്ലാകോണുകളിലും തൊഴില്‍ ചെയ്യുന്നുണ്ട്. വിവിധ മേഖലകളില്‍ ആയിട്ട്. അതില്‍ ടൈ യും കോട്ടും സൂട്ടും ഇട്ടവര്‍ മുതല്‍ വള്ളി ചെരുപ്പും, കീറിയ വസ്ത്രങ്ങള്‍ അണിഞ്ഞു ശുചിമുറികള്‍ വൃത്തിയാക്കുന്നവര്‍ വരെ ഉണ്ട്. അവരില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും, വെറും സ്കൂള്‍ വിദ്യാഭ്യാസം പോലും പേരിനു മാത്രം അവകാശം ആയുള്ളവരും ഉണ്ട്.

ഇവരുടെ എല്ലാം വരുമാനത്തിന്റെ ഒരു ഭാഗം ആണ് നാട്ടിലെ കുടുംബാങ്ങങ്ങളുടെ വിദ്യാഭ്യാസം, ചികിത്സ, ഭവന നിര്‍മ്മാണം, വസ്ത്രം, ഭക്ഷണം, വിവാഹം,.. അങ്ങിനെ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആകുന്നതു. സര്‍ക്കാരിന്റെ പല പദ്ധതികളിലും ഒരു ഭാഗമായി തീരുന്നതും ഇവരുടെ വരുമാനത്തിന്റെ ഭാഗം ആണ്. അഭ്യസ്ത വിദ്യന്‍ ആയ ഒരു ചെറുപ്പക്കാരന്‍, ഗള്ഫിലോ, യൂറോപ്പിലോ, അമേരിക്കയിലോ ജോലി അന്യോഷിച്ചു വരികയും, വിദ്യാര്‍ത്ഥി ആയി വരികയും ചെയ്യുമ്പോള്‍ അവനില്‍ പ്രതീക്ഷ അര്‍പ്പിച്ച ഒരു കൂട്ടം മനുഷ്യ ജീവികള്‍ നാട്ടില്‍ ഉണ്ട്. സ്വന്തം മകന്‍, മകള്‍, ഭാര്യ,ഭര്‍ത്താവ്, അനിയന്‍, അനിയത്തി.. ഇവര്‍ അന്യനാട്ടില്‍, ചൂടിലും, തണുപ്പിലും ഭക്ഷണം കഴിച്ചോ?കൃത്യമായി ഉറങ്ങിയോ, ഭാഷയുടെയും, നിറ വ്യത്യാസങ്ങളുടെയും ചേരിപ്പോരുകളില്‍ നട്ടം  തിരിയുകയാണോ എന്നൊക്കെ ഓര്‍ത്തു വേവലാതി പെടുന്ന ഒരു കൂട്ടം രക്ത ബന്ധങ്ങള്‍. അവരുടെ വേവലാതി ആധുനികതയില്‍ എല്ലാം തികഞ്ഞു എന്ന് വിശ്വസിക്കുന്നവര്‍ക്ക് ചിലപ്പോള്‍ മനസ്സിലാകില്ല.

പറഞ്ഞത് ഇത്രയുമേ ഉള്ളൂ.. കണ്ണീരും കൈയും ആയി, കടവും വിലയും വാങ്ങി സ്വന്തം കൂടപ്പിറപ്പുകളെ ജോലിക്കായാലും, പഠിക്കുവാന്‍ ആയാലും വിദേശത്തയക്കുമ്പോള്‍ നാട്ടിലുള്ളവരും, ഈ യാത്രക്കാരനും   ഒരേ നൗകയില്‍ തന്നെ ആണ്. ആവലാതികളുടെ നൗകയില്‍. സ്വന്തം മാതാപിതാക്കളോട് സഹോദരങ്ങളോട് ഞങ്ങള്‍ക്ക് വിദേശത്തു സുഖം ആണ്, നല്ല ജോലി ആയി, വിദ്യാഭ്യാസവും ജോലിയും ഒന്നിച്ചു കൊണ്ടു പോകാന്‍ പറ്റുന്നു എന്ന് പറയുന്നവരുടെ മനസ്സിന്റെ ആഴം ആണ് നാം മനസ്സിലാക്കേണ്ടുന്നത്. എത്ര കഷ്ടപ്പാട് ആണെങ്കിലും ഒരു പ്രവാസി സുഖമാണ് എന്ന് നാട്ടിലുള്ളവരോട് പറയുമ്പോള്‍ മനസ്സ് തെങ്ങുക ആണ് എങ്കിലും അവനെ സ്‌നേഹിക്കുന്നവര്‍ സന്തോഷിക്കുന്നത് കാണുമ്പോള്‍ ഉള്ള ആശ്വാസം അതിനെ കാണുകയും മനസ്സിലാക്കുകയും ചെയ്യാതെ കുറെ പുരാണങ്ങള്‍ എഴുതി ചമച്ചിട്ടു കാര്യം ഇല്ല. ഗള്‍ഫിലെയും കാനഡയിലെയും, അമേരിക്കയിലെയും, യൂറോപ്പിലെയും ഭൂരിഭാഗം വീമ്പു പറയുന്ന ഹായ് പ്രൊഫൈല്‍ ആളുകളും തുടങ്ങിയത് ലോ പ്രൊഫൈലില്‍ നിന്നാണ് എന്നും മറക്കാതിരിക്കുന്നതു ഇപ്പോഴും നന്നായിരിയ്ക്കും.

ഇത് ഒരു പുരാണം അല്ല. ഒരു യാഥാര്‍ഥ്യം മാത്രം ആണ്. ഓരോ പ്രവാസിയ്ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുകയും, അവരെ സ്‌നേഹിക്കുകയും ചെയ്യുന്ന രക്തബബന്ധങ്ങളെ, നല്ല സുഹൃത്തുക്കളെ വേദനിപ്പിക്കാതെ സ്വയം എരിയുന്ന എല്ലാ സാധാരണ തൊഴില്‍ ചെയ്യുന്നവര്‍ക്ക് വേണ്ടിയും (വിദ്യാര്‍ത്ഥി ആയാലും, പി ആര്‍, സിറ്റിസണ്‍ വിഭാഗത്തില്‍ പെട്ടവര്‍ ആയാലും)  പ്രാര്‍ത്ഥിക്കുന്നു. ഒരു ചെറു കളവിലൂടെ സ്വയം മനസ്സിനോട് പൊറുത്തു കൊടു ക്കുകയും, തന്നെ സ്‌നേഹിക്കുന്നവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഇങ്ങനെ ഉള്ളവരുടെ പ്രവര്‍ത്തികളില്‍ കളിയാക്കി രസം കണ്ടെത്തുന്നതിന് തുല്യമാണ് ചില യാഥാര്‍ഥ്യങ്ങള്‍ പരസ്യമായി വിളിച്ചു പറയുന്നത് എന്നും നാം സ്വയം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ജയ് പിള്ള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക