Image

മകളെ തട്ടിക്കൊണ്ട്‌പോകാന്‍ ചിലര്‍ ശ്രമിച്ചു; കമല്‍ ഹസ്സന്‍

Published on 15 August, 2017
മകളെ തട്ടിക്കൊണ്ട്‌പോകാന്‍ ചിലര്‍ ശ്രമിച്ചു; കമല്‍ ഹസ്സന്‍

മകളെ തട്ടിക്കൊണ്ടുപോകാന്‍ ചിലര്‍ പദ്ധതിയിട്ടിരുന്നതായി നടന്‍ കമല്‍ ഹസ്സന്‍. തന്റെ പ്രശസ്തമായ മഹാനദി (1994) എന്ന സിനിമയുടെ കഥ ജീവിതത്തിലെ യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് എന്നുപറഞ്ഞായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

മഹാനദിയുടെ കഥയും തിരക്കഥയും ഒരുക്കിയത് കമല്‍ ആയിരുന്നു. ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയ സിനിമയാണ് മഹാനദി. നായകന്റെ മകളെ തട്ടിക്കൊണ്ടുപോയി വേശ്യാവൃത്തിക്കാര്‍ക്ക് വില്‍ക്കുന്നതാണു സന്താന ഭാരതി സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രമേയം.

‘മഹാനദിയുടെ പ്രമേയം വലിയ ചര്‍ച്ചയായിരുന്നു. ഇതുവരെ മഹാനദി എഴുതാനുണ്ടായ പ്രചോദനത്തെപ്പറ്റി ഞാന്‍ തുറന്നുപറഞ്ഞിട്ടില്ല. ഇപ്പോള്‍ മക്കള്‍ മുതിര്‍ന്നിരിക്കുന്നു. അവര്‍ക്കു ഈ ലോകത്തിന്റെ കാര്യങ്ങളെല്ലാം മനസ്സിലാക്കാനുള്ള പക്വതയുണ്ട്.

മക്കളുടെ കുട്ടിക്കാലത്താണ് സംഭവം. വീട്ടിലെ ജോലിക്കാര്‍ ചേര്‍ന്നാണ് തട്ടിപ്പിന് പദ്ധതിയിട്ടത്. മകളെ തട്ടിക്കൊണ്ടുപോയി പണമുണ്ടാക്കാനാണ് അവര്‍ ആലോചിച്ചത്. പക്ഷെ അവസാനനിമിഷം അവരുടെ പദ്ധതി ഞാന്‍ മനസ്സിലാക്കി. കാര്യങ്ങളെല്ലാം അറിഞ്ഞപ്പോള്‍, മകളുടെ സുരക്ഷയെ കുറിച്ചോര്‍ത്ത് അവരെ കൊല്ലാന്‍വരെ തോന്നി. പക്ഷേ മനസ്സിനെ നിയന്ത്രിച്ചു. ഒരു മാസം പിന്നിട്ടിട്ടും സംഭവത്തിന്റെ ആഘാതം വിട്ടുപോയില്ല. അങ്ങനെയാണ് എഴുതാനിരുന്നപ്പോള്‍ ഈ സംഭവം സിനിമയാക്കാമെന്നു കരുതിയത്. എന്റെ ഭയമായിരിക്കും ഇങ്ങനെയൊരു തിരക്കഥയിലേക്ക് നയിച്ചത്. കമല്‍ഹാസന്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ശ്രുതി ഹാസന്‍, അക്ഷര ഹാസന്‍ എന്നീ രണ്ട് മക്കളാണ് കമല്‍ഹാസനുള്ളത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക