Image

നിറങ്ങളുടെ പ്രതിഭ പുനര്‍ജനിക്കുമ്പോള്‍

ആഷ എസ്‌ പണിക്കര്‍ Published on 15 August, 2017
നിറങ്ങളുടെ പ്രതിഭ പുനര്‍ജനിക്കുമ്പോള്‍


ഭൂമിയില്‍ ജീവിച്ചത്‌ ആകെ 2500 ദിവസങ്ങള്‍. ആ ഇത്തിരി സമയത്തിനുള്ളില്‍ 25000 ചിത്രങ്ങള്‍ വരച്ച കുരുന്നു പ്രതിഭ. എഡ്‌മണ്ട്‌ തോമസ്‌ ക്‌ളിന്റ്‌. നിറങ്ങള്‍ കൊണ്ട്‌ വിസ്‌മയ ചിത്രങ്ങള്‍ തീര്‍ത്ത അത്ഭുത പ്രതിഭ.

ഭൂമി സന്ദര്‍ശിക്കാനെത്തിയ ഇത്തിരിക്കാലത്ത്‌ ആയിരക്കണക്കിനു ചിത്രങ്ങള്‍ വരച്ചു കൂട്ടിയ നിറങ്ങളുടെ രാജകുമാരനായ ക്‌ളിന്റിനെ കുറിച്ചുള്ള ചിത്രം അതീവ ഹൃദയസ്‌പര്‍ശിയാണ്‌. ക്ഷണികമായ ജീവിതമായിരുന്നിട്ടും ഓര്‍മ്മകളുടെ അനശ്വരത തന്നെ സ്‌നേഹിച്ചവര്‍ക്കു സമ്മാനിച്ചു കൊണ്ടു കടന്നു പോയ കുരുന്ന്‌. അതായിരുന്നു ക്‌ളിന്റ്‌. ആ ജീവിതം അഭ്രപാളികളിലേക്ക്‌ പകരത്തുകയാണ്‌ സംവിധായകന്‍ ഹരികുമാര്‍. 

ക്‌ളിന്റായി എത്തുന്നത്‌ മാസ്റ്റര്‍ അലോകാണ്‌. തൃശൂര്‍ സ്വദേശിയായ ഈ കൊച്ചു ബാലന്‍ അസാമാന്യമായ അഭിനമികവാണ്‌ കാഴ്‌ചവച്ചിട്ടുളളത്‌. ക്‌ളിന്റിന്റെ മാതാപിതാക്കളായി എത്തുന്നത്‌ ഉണ്ണി മുകുന്ദനും റീമ കല്ലിങ്കല#ുമാണ്‌. വാണിജ്യ സിനിമകളില്‍ മാത്രം കളച്ചിടാനുള്ളതല്ല തങ്ങളുടെ അഭിനയ സിദിധിയെന്ന്‌ ഈ ചിത്രത്തിലൂടെ രണ്ടു പേരും തെളിയിച്ചു. 

തന്റെ അഭിനയ ശേഷി വെളിപ്പെടുത്താന്‍ ഉണ്ണി മുകുന്ദനു കിട്ടിയ ഏറ്റവും നല്ല അവസരമാണ്‌ ഈ ചിത്രത്തിലേതെന്ന്‌ സംശയം കൂടാതെ പറയാന്‍ കഴിയും. റീമയും പക്വതയുള്ള അഭിനയം തന്നെ പുറത്തെടുത്തിട്ടുണ്ട്‌.

1970-80 കാലഘട്ടമാണ്‌ ചിത്രത്തില്‍ പറയുന്നത്‌. ഈ കാലഘട്ടം വളരെ സൂക്ഷ്‌മതയോടെ തന്നെ ചിത്രത്തില്‍ പുനരാവിഷ്‌കരിച്ചട്ടുണ്ട്‌. പ്രത്യേകിച്ച്‌ റീമയുടെയും ഉണ്ണിമുകുന്ദന്റെയും കഥാപാത്രങ്ങളില്‍ ഇതു വളരെ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്‌. 

ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ അവതരിപ്പിക്കുന്നതില്‍ ഉണ്ണിയും റീമയും വിജയിച്ചിട്ടുണ്ട്‌. ആദ്യപകുതിയില്‍ സന്തോഷവും രണ്ടാം പകുതിയില്‍ കടുത്ത വിഷാദവുമാണ്‌ ചിത്രത്തില്‍. ഇത്‌ പൂര്‍ണമായും പ്രേക്ഷകരിലേക്കും പകരുന്നു. അതില്‍ സംവിധായകനും ഒപ്പം പശ്ചാത്തല സംഗീതവും വിജയിച്ചിട്ടുണ്ട്‌. 

ചിത്രത്തില്‍ നമ്മെ ഏറെ ആകര്‍ഷിക്കുന്നതു പക്ഷേ ഇതൊന്നുമല്ല. ക്ലിന്റ്‌ തന്നെ. സിനിമ കഴിഞ്ഞിറങ്ങുമ്പോഴും ഒരു നനുത്ത പുഞ്ചിരിയോടെ പ്രേക്ഷക ഹൃദയങ്ങളില്‍ അലോക്‌ ഇടം പിടിക്കുമെന്നതില്‍ സംശയമില്ല. 

രണ്‍ജി പണിക്കര്‍ വിനയ്‌ ഫോര്‍ട്ട്‌ സലിം കുമാര്‍ കെ.പി.എ.സി ലളിത ജോയ്‌ മാത്യു എന്നിവര്‍ക്കൊപ്പം അക്ഷര രുദ്ര നക്ഷത്ര ദ്രുപത്‌ അമിത്‌ അമര്‍ എന്നീ ബാലതാരങ്ങളും അഭിനയിക്കുന്നു. ചിത്രത്തിന്റെ ഒരു ഭാഗത്ത്‌ ക്‌ളിന്റിന്റെ യഥാര്‍ത്ഥ മാതാപിതാക്കളായ മുല്ലപ്പറമ്പില്‍ തോമസ്‌ സോസഫും ചിന്നമ്മയും അവരായി തന്നെ അഭിനയിക്കുന്നുണ്ട്‌.

മൂന്നു വര്‍ഷം നീണ്ട തയ്യാറെടുപ്പിനൊടുവിലാണ്‌ ഈ സിനിമയുടെ ചിത്രീകരണം തുടങ്ങിയത്‌. ഹരികുമാര്‍ കെവി മോഹന കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ തിരക്കഥയൊരുക്കിയിട്ടുളളത്‌. ഇളയരാജയുടെ സംഗീതവും മധു അമ്പാട്ടിന്റെ ഛായാഗ്രഹണവും മികച്ചതായി. നേമം പുഷ്‌പരാജിന്റെ കലാസംവിധാവും എടുത്തു പറയേണ്ടതാണ്‌. കൊട്ടും കുരവയുമില്ലെങ്കിലും ക്‌ളിന്റ്‌ പോലുള്ള നല്ല ചിത്രങ്ങള്‍ പ്രേക്ഷകര്‍ കാണാതെ പോകരുത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക