Image

ട്രമ്പും മക്കോണലും തമ്മില്‍ ശീതസമരം തുടരുന്നു (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 15 August, 2017
ട്രമ്പും മക്കോണലും തമ്മില്‍ ശീതസമരം തുടരുന്നു (ഏബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: പ്രസിഡന്റും സെനറ്റിലെ ഭൂരിപക്ഷ നേതാവും സ്വന്തം പാര്‍ട്ടിക്കാരനുമായ മിച്ച് മക്കോണലും തമ്മില്‍ ശീതസമരം മൂര്‍ച്ഛിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബാക്കിയായ അനവധി ബില്ലുകള്‍ അടുത്ത മാസം പാസ്സാക്കേണ്ടതുണ്ട്. ഈ അവസരത്തില്‍ ഡെമോക്രാറ്റുക്കളുടെ കൂടി സഹായം തേടേണ്ടിവരും. അപ്പോള്‍ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷ നേതാവും പ്രസിഡന്റും, തമ്മിലുള്ള ഭിന്നത സന്ധിയില്ലാതെ തുടരുന്നതില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് തികഞ്ഞ ആശങ്കയാണുള്ളത്. സമയ ബന്ധിതമായി നിയമം പാസാക്കുന്ന ചരിത്രം കോണ്‍ഗ്രസിനില്ല എന്ന വിമര്‍ശകരുടെ ആക്ഷേപം കൂടി മുഖവിലയ്‌ക്കെടുത്താല്‍ ഇരുഭാഗത്തുനിന്നും വിട്ടുവീഴ്ച ഉണ്ടായേ മതിയാകൂ.

പ്രസിഡന്റിന് അത്യധികം പ്രിയങ്കരമായ ഹെല്‍ത്ത് കെയര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, നികുതി അഴിച്ചുപണി നിയമനിര്‍ദേശങ്ങള്‍ കോണ്‍ഗ്രസിന്റെ പരിഗണയിലുണ്ട്. ഇപ്പോള്‍ വേനലവധിയിലായ കോണ്‍ഗ്രസ് അടുത്തമാസം വീണ്ടും സമ്മേളിക്കുമ്പോള്‍ ഒരു ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ ഒഴിവാക്കുവാന്‍ സാമ്പത്തിക നിയമം പാസ്സേക്കണ്ടതുണ്ട്. കടം വാങ്ങുവാനുള്ള പരിധി വര്‍ധിപ്പിച്ചാല്‍ മാത്രമേ തിരിച്ചടവില്‍ പിഴവ് വരുത്താതിരിക്കുവാന്‍ കഴിയുകയുള്ളൂ ഇവയ്ക്കു രണ്ടിനും റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികളുടെ സഹകരണം അനുവാര്യമാണ്.
ഇവയ്ക്കു പുറമെ ട്രമ്പ് ആവശ്യപ്പെടുന്ന നികുതി നിയമ അഴിച്ചു പണിയുണ്ട്. ഒരു റിപ്പബ്ലിക്ക് വര്‍ക്ക്‌സ് ബില്ലും ഒബാമ കെയര്‍ റദ്ദാക്കലുമുണ്ട്. കെന്റക്കിയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്ററായ മക്കോണല്‍ കഴിഞ്ഞമാസം അഫോഡബിള്‍(ഒബാമ) കെയര്‍ ആക്ട് റദ്ദാക്കുവാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. പരാജയം അപമാനകരമായിരുന്നു എന്ന് ട്രമ്പ് വിശേഷിപ്പിച്ചിരുന്നു.

കഴിഞ്ഞയാഴ്ച പ്രസിഡന്റ് നടത്തിയ വാക്‌ധോരിണികള്‍ മക്കോണലിനെ കൂടുതല്‍ അകറ്റിയിരിക്കുകയാണ്. പാര്‍ട്ടി ഒന്നിച്ചു, സഹകരിച്ച് പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭത്തിലാണ് ഇത് സംഭവിച്ചത്. പ്രസിഡന്റിന്റെ അജണ്ട നടപ്പാക്കണമെങ്കില്‍ മക്കോണല്‍ സെനറ്റില്‍ ഇതിന് മുന്‍കൈ എടുക്കേണ്ടതുണ്ട്. പ്രസിഡന്റ് തനിക്കെതിരാണ് എന്നൊരു സംശയം അദ്ദേഹത്തിനുണ്ടായാല്‍ താല്‍പര്യപൂര്‍വ്വം മക്കോണല്‍ ഇതിന് തുനിയില്ല. മക്കോണല്‍ അനുയായികള്‍ ഹെല്‍ത്ത് കെയറില്‍ നേരിട്ട പരാജയം പ്രസിഡന്റിനോടൊപ്പം ഭൂരിപക്ഷ നേതാവും പങ്ക് വയ്ക്കുന്നതായി പറയുന്നു. അജണ്ടയിലെ അടുത്ത ഇനം, നികുതി നിയമഅഴിച്ചു പണിയ്ക്ക് ഈ ദുരോഗ്യം ഉണ്ടാകരുതെന്നും കൂട്ടിച്ചേര്‍ക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ അടുത്ത വര്‍ഷത്തെ ഇടക്കാല തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സമീപിക്കു വിഷമകരമായിരിക്കും എന്ന് മുന്നറിയിപ്പു നല്‍കുന്നു. തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായാല്‍ സെനറ്റും ജനപ്രതിനിധി സഭയും കൈയില്‍ നിന്ന് വഴുതിപ്പോകും.
മക്കോണലിനോട് കൂറുള്ള സൂപ്പര്‍ പിഎസി സെനറ്റ് ലീഡര്‍ഷിപ്പ് പണ്ട് മേധാവി സ്റ്റീവന്‍ ലോ പറഞ്ഞു: 'നമ്മള്‍ ഇതില്‍ പരാജയപ്പെട്ടാല്‍ ജനങ്ങള്‍ പറയും എല്ലാം നമ്മുടെ കയ്യിലായിരുന്നിട്ടും നമുക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്ന്.'

2001 ല്‍ നികുതിയിളവ് നിര്‍ദേശം നിയമമാക്കുവാന്‍ പ്രസിഡന്റ് ജോര്‍ജ് ഡബഌയൂ. ബുഷ് തന്റെ പാര്‍ട്ടി(റിപ്പബ്ലിക്കന്‍)ഭൂരിപക്ഷ നേതാവുമൊപ്പം പ്രവര്‍ത്തിച്ച ചരിത്രമുണ്ട്. പക്ഷെ ഇപ്പോള്‍ ഇങ്ങനെ ഒരു നീക്കം വൈറ്റ് ഹൗസില്‍ നിന്ന് ഉണ്ടാവുന്നില്ല എന്നാണ് ആരോപണം.
പ്രസിഡന്റിന്റെ ടീം എത്രയും വേഗം നികുതി അഴിച്ചുപണി നടത്തണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വൈറ്റ് ഹൗസ് ലെജിസ്ലേറ്റീവ് ഡയറക്ടര്‍ മാര്‍ക്ക് ഷോര്‍ട്ട് ഈ വര്‍ഷാവസാനത്തിന് മുന്‍പ് നിയമം പാസാക്കണം എന്ന് അഭിപ്രായപ്പെട്ടു. ഇതുവരെ ഒരു ഡെഡ്‌ലൈനും പാലിച്ചിട്ടില്ലാത്ത റിപ്പബ്ലിക്കനുകള്‍ക്ക് ഇത് സാധിക്കുമോ എന്ന് സംശയമാണ്.


ട്രമ്പും മക്കോണലും തമ്മില്‍ ശീതസമരം തുടരുന്നു (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക