Image

ഷാങ്ങ്ഹായ് - പൂര്‍വ്വദിക്കിലെ മുത്ത് (എന്റെ ചൈനീസ് പര്യടനം (സഞ്ചാരക്കുറിപ്പുകള്‍-5: സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്)

Published on 13 August, 2017
ഷാങ്ങ്ഹായ് - പൂര്‍വ്വദിക്കിലെ മുത്ത് (എന്റെ ചൈനീസ് പര്യടനം (സഞ്ചാരക്കുറിപ്പുകള്‍-5: സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്)
ഞങ്ങളുടെ സഞ്ചാരപരിപാടിയിലെ അവസാനത്തെ സന്ദര്‍ശനം ഷാങ്ഹായ്‌യാണ്. മാര്‍ച്ച് 23-നു ബെയ്ജിങ്ങില്‍ നിന്നും പുറപ്പെട്ട കപ്പല്‍ ഷാങ്ഹായ്‌യില്‍ മാര്‍ച്ച് 25 രാവിലെ എത്തിചേര്‍ന്നു. കപ്പലിലെ രണ്ടു ദിവസങ്ങള്‍ അടിപൊളിയായിരുന്നു. കണ്ട സ്ഥലങ്ങള്‍ മനോഹരങ്ങള്‍ കാണാനുള്ളത് അതിനെക്കാള്‍ മനോഹരമെന്ന് മനസ്സില്‍ ആലോചിച്ചു. മാര്‍ച്ച് ഇരുപത്തിയഞ്ചാം തീയതി കപ്പല്‍ ഷാങ്ങ്ഹായ് തുറമുഖത്ത് നങ്കൂരമിട്ടപ്പോള്‍ അവിടെ നിന്നും ഹോട്ടലില്‍ പോയി ഫ്രെഷ് ആയതിനുശേഷം കാഴ്ച്ചകളുടെ ലോകത്തേക്കുള്ള യാത്ര ആരംഭിക്കുകയുള്ളൂ എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. എന്നാല്‍ ഞങ്ങള്‍ക്കായി ഏര്‍പ്പാടാക്കിയ ടൂര്‍ ബസ്സ് തയ്യാറായിരുന്നതിനാല്‍ ഗ്രൂപ്പ് ലീഡര്‍ ഞങ്ങളെയെല്ലാം അവിടെനിന്നും കാഴ്ച്ചകളുടെ ലോകത്തേക്ക് കൂട്ടികൊണ്ടു പോയി. ഗൈഡായി വന്ന ജെറി എന്ന ചെറുപ്പക്കാരനു ഇംഗ്ലീഷില്‍ കാര്യമായ പരിജ്ഞാനമില്ലായിരുന്നു. അദ്ദേഹം പറഞ്ഞതൊന്നും മനസ്സിലായില്ല. എനിക്കെന്നല്ല ഞങ്ങളുടെ ഗ്രൂപ്പില്‍ ഉള്ളവര്‍ ആര്‍ക്കും തന്നെ. കപ്പല്‍ യാത്ര കഴിഞ്ഞ ക്ഷീണവും ജെറിയുടെ ഇംഗ്ലീഷും കൂടിയായപ്പോള്‍ വിനോദയാത്ര ഒരു വിഷാദയാത്ര പോലെയായി. ഞങ്ങള്‍ക്ക് വേണ്ടി കാലേ കൂട്ടി ഒരുക്കിയിരുന്ന ഉച്ചഭക്ഷണവും നിരാശപ്പെടുത്തി.

എങ്കിലും പ്രകൃതിയും മനുഷ്യരും കൂടി ഭംഗിയാക്കിയ ഷാങ്ങ്ഹായ് നഗരം ഞങ്ങളുടെ കണ്ണുകളെ ആനന്ദിപ്പിച്ചു. ഷാങ്ങ്ഹായ് എന്ന ചൈനീസ് പദത്തിനര്‍ത്ഥം കടലിനു മീതെ എന്നാണത്രെ. ഇംഗ്ലീഷിലും ഈ നഗരത്തിനു പേരുകള്‍ ഉണ്ട്. അവ കിഴക്കിന്റെ മുത്ത്, കിഴക്കന്‍ പാരീസ് എന്നൊക്കെയാണ്. മനോഹരമായ ഈ നഗരം സ്ഥിതി ചെയ്യുന്നത് യാങ്ങ്ടീസ് നദി ഒഴുകുന്ന ചൈനയുടെ കിഴക്കന്‍ തീരപ്രദേശത്താണ്. തുടക്കത്തില്‍ മീന്‍പിടുത്തക്കാരുടേയും, നെയ്ത്തുകാരുടേയും നഗരമായിരുന്നു ഇത്. പിന്നീട് വിദേശികള്‍ക്ക് കച്ചവടത്തിനായി ഇതു തുറന്നു കൊടുത്തപ്പോള്‍ പാശ്ചാത്യ മാതൃകയില്‍ ഉള്ള ബാങ്കുകള്‍, വാണിജ്യക്കാരുടെ കെട്ടിടങ്ങള്‍ എന്നിവകൊണ്ട് വാസ്തുശില്‍പ്പത്തിന്റെ മാതൃക പോലെ അവിടെ മനോജ്ഞമായ സൗധങ്ങള്‍ നിറഞ്ഞു.

സഞ്ചാരികളുടെ ഏറ്റവും വലിയ ആകര്‍ഷണം ഇവിടത്തെ ബണ്ടാണ്. നമ്മുടെ മലയാളത്തില്‍ തിണ്ട് അണയെന്നൊക്കെ ഇതിനെ പറയാം. നദീതടത്തിനോട് ചേര്‍ന്നു കിടക്കുന്ന ഈ ബണ്ടിന്റെ പടിഞ്ഞാറു ഭാഗം വിവിഝ മാതൃകകളില്‍ പണിത കെട്ടിടങ്ങളാണ്. ഇവിടെ തന്നെ വെള്ളപ്പൊക്കം തടയാന്‍ കെട്ടിയ മതിലുമുണ്ട്. ഇതിനെ പ്രണയിക്കുന്നവരുടെ ചുവര്‍ എന്നും വിളിക്കുന്നു. കാമുകീ-കാമുകന്മാര്‍ ചാരി നിന്ന ആ ഭിത്തികള്‍ക്ക് പകരം ഇപ്പോള്‍ കമ്പി അഴികള്‍ സ്ഥാപിച്ചിരിക്കുന്നു. ഈ കമ്പി അഴികളില്‍ പിടിച്ച് നിന്നു സഞ്ചാരികള്‍ക്ക് ഫോട്ടോ എടുക്കാന്‍ സൗകര്യമുണ്ട്. മുമ്പ് ഈ ബണ്ട് ചെളി നിറഞ്ഞ ~ഒരു ഇടുങ്ങിയ വഴിയായിരുന്നത്രെ. ഷാങ്ങായ് ഒരു വാണിജ്യ തുറമുഖമായി സ്ഥാപിക്കപ്പെട്ടപ്പോള്‍ അവിടെ ഒരു നിരത്ത് വെട്ടിതെളിയിച്ചു. അതിനുശേഷം വാണിജ്യ കെട്ടിടങ്ങള്‍ നിരനിരയായി പണിതുയര്‍ത്തി. 1500 മൈല്‍ നീളത്തില്‍ കിടക്കുന്ന ഈ ബണ്ടിന്റെ ഭംഗി നദീമാര്‍ഗ്ഗം ബോട്ടിലൂടെ സഞ്ചരിച്ചും ആസ്വദിക്കാവുന്നതാണ്.

ഇവിടേയും ഞങ്ങള്‍ ഒരു സില്‍ക്ക് ഫാക്ടറി സന്ദര്‍ശിച്ചു. പട്ടു തുണികള്‍ക്ക് പ്രസിദ്ധമായ ചൈനയില്‍ എവിടേയും സില്‍ക്ക് ഫാക്ടറികള്‍. പട്ടുനൂല്‍ പുഴുക്കള്‍ മനുഷ്യനു സമ്മാനിച്ച അമൂല്യ സമ്മാനം. പട്ടു വസ്ത്രങ്ങളണിയാന്‍ മോഹമില്ലാത്തവര്‍ ആരുണ്ട്? ഞങ്ങളുടെ ഗ്രൂപ്പിലുള്ളവര്‍ പലരും അവിടെ നിന്നും പട്ടിന്റെ പുതപ്പുകളും സ്കാര്‍ഫുകളും, മറ്റും വാങ്ങിച്ചു. വില പേശാന്‍ കഴിവുള്ളവര്‍ക്ക് മിതമായ വിലക്ക് സാധനങ്ങള്‍ കിട്ടി. സഞ്ചാരികളോട് കച്ചവടക്കാര്‍ക്ക് വലിയ സ്‌നേഹമാണെങ്കിലും അവരില്‍ നിന്നും എത്രയും കൂടുതല്‍ വില കരസ്ഥമാക്കാന്‍ മടിയുമില്ല. യൗവനയുക്തകളായ സുന്ദരിമാരാണ് കടകളില്‍ നില്‍ക്കുന്നത്. ഭാഷ അവര്‍ക്ക് പ്രശ്‌നമാണെങ്കിലും മന്ദഹാസം കൊണ്ട് അവര്‍ സന്ദര്‍ശകരെ മയക്കി കച്ചവടം പുരോഗമിപ്പിക്കുന്നു.

മറ്റൊരു ആകര്‍ഷണമായിരുന്നു ബോട്ട് ഷോ. പലതരത്തിലുള്ള ബോട്ടുകള്‍, പുതിയ മോഡലുകളും, പഴയതും അവര്‍ പ്രദര്‍ശിപ്പിക്കുന്നു. വൈദ്യുതിദീപങ്ങള്‍ അലങ്കരിച്ച ബോട്ടുകള്‍ നദിയും പരിസരവും സുന്ദരമാക്കുന്നു. രാത്രിയില്‍ നടത്തുന്ന ഈ ബോട്ട് ഷോ കാണികള്‍ക്ക് ആഹ്ലാദം പകരുമ്പോള്‍ തന്നെ ഇതു ബോട്ട് വ്യവസായികള്‍ക്ക് അവരുടെ കച്ചവടത്തിനു സഹായകരുന്നു. ബോട്ടിന്റെ മോഡലുകള്‍ കണ്ടു താല്‍പ്പര്യമുള്ളവര്‍ അതെപോലെയുള്ളവ വാങ്ങുന്നു. ഇതു കാണാന്‍ വലിയ ഒരു ജനക്കൂട്ടം ഉണ്ടായിരുന്നു. തിരക്ക് മൂലം ഷോയുടെ ഭംഗി മുഴുവന്‍ ആസ്വദിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും അതൊരു പുതിയ അനുഭവമായിരുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും എന്തെല്ലാം നടക്കുന്നു. വിനോദസഞ്ചാരങ്ങളിലൂടെ നമുക്ക് മറ്റൊരു രാജ്യത്തെക്കുറിച്ച് അല്‍പ്പമെങ്കിലും മനസ്സിലാക്കാന്‍ കഴിയുന്നു.

ഷോയ്ക്കുശേഷം ഞങ്ങള്‍ ഹോട്ടലില്‍ എത്തിചേര്‍ന്നു. പ്രതീക്ഷിച്ചതിലും അധികം മനോഹരവും സൗകര്യപ്രദവുമായ മുറികള്‍, ഹോട്ടല്‍ ജോലിക്കാരെല്ലാം വളരെ നല്ല പെരുമാറ്റമുള്ളവര്‍, അന്നത്തെ ദിവസം സമ്മാനിച്ച ക്ഷീണവുമായി ഞാനും കൂട്ടുകാരി കുഞ്ഞുമോളും കിടക്കയെ ശരണം പ്രാപിച്ചു. അതിനുമുമ്പായി പ്രാര്‍ത്ഥന നടത്തി. ദൈവത്തിനു എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദിയര്‍പ്പിച്ചു. ഞങ്ങളുടെ കുടുംബങ്ങളേയും പ്രാര്‍ത്ഥനയില്‍ ഓര്‍മ്മിച്ചു. ഷാങ്ങ്ഹായ്‌യിലെ ഒരു ദിവസം അവസാനിച്ചു.

അടുത്ത ദിവസം ഞങ്ങള്‍ കണ്ട മ്യൂസിയം 1952-ല്‍ സ്ഥാപിച്ചതാണെന്ന് അറിയാന്‍ കഴിഞ്ഞു. ഇതിനെ പുരാതന ചൈനീസ് കലകളുടെ മ്യൂസിയം എന്നു വിളിക്കുന്നു. ഭൂമി ചതുരത്തിലും ആകാശം വട്ടത്തിലുമാണെന്ന ചൈനീസ് സിദ്ധാന്തമനുസരിച്ച് ഈ മ്യൂസിയം ഇരിക്കുന്ന കെട്ടിടവും ആ മാതൃകയിലാണ് പണിതിരിക്കുന്നത്. ഇതിന്റെ മുന്നില്‍ വെണ്ണകല്ലില്‍ തീര്‍ത്ത കാവല്‍ സിംഹങ്ങളുടെ പ്രതിമകള്‍ ഉണ്ട്. ചൈനക്കാരുടെ ബുദ്ധിയുടേയും കലാപരമായ നിപുണതയുടേയും ദൃഷ്ടാന്തമാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വസ്തുക്കള്‍, പിഞ്ഞാണ നിര്‍മ്മാണത്തില്‍ അവര്‍ ഉപയോഗിച്ച രൂപങ്ങളുടെ ഭംഗി, പുരാതന സംസ്കാരത്തിന്റെ അവതാരമെന്ന പോലെ നിലകൊള്ളുന്ന പിച്ചളപ്രതിമകള്‍, വര്‍ണ്ണചിത്ര വിദ്യകളും, കയ്യെഴുത്തു പ്രതികളും പ്രാചീന ഗൃഹോപകരണങ്ങളും (മേശ, കസേര തുടങ്ങിയവ) അത്യുജ്ജ്വലമായ ഒരു ചരിത്രത്തിന്റെ അവശേഷിപ്പുകളായി നമ്മെ വിസ്മയാധീനരാക്കുന്നു. ഈ മ്യൂസിയത്തിന്റെ ലോബിയില്‍ നമുക്ക് വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കാനായി ഒരു വനിത ഇരിക്കുന്നുണ്ട്. അവര്‍ സൗജന്യമായി മ്യൂസിയത്തിനെക്കുറിച്ചുള്ള ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. നിരന്തരം ടൂറിസ്റ്റുകള്‍ ചോദ്യങ്ങളുമായി ശല്യം ചെയ്തിട്ടും മായാത്ത പുഞ്ചിരിയുമായി അവര്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നു. എന്റെ മാതൃഭാഷയായ മലയാളത്തില്‍ എഴുതുന്ന ഒരു എളിയ എഴുത്തുകാരിയാണ് ഞാനെന്നറിയിച്ചപ്പോള്‍ അവര്‍ വളരെ സന്തോഷിക്കയും ഷാങ്ങ്ഹായിയെ കുറിച്ചുള്ള കുറെ ലഘുലേഖകള്‍ നല്‍കി എന്റെ എഴുത്തിനു ആശംസ അര്‍പ്പിക്കയും ചെയ്തു. അവരുടെ കൂടെ ഒരു പടം എടുക്കാന്‍ കഴിഞ്ഞില്ലെന്നതില്‍ ഇപ്പോള്‍ ദുഃഖിക്കുന്നു. അവര്‍ എന്റെ പേരിന്റെ അര്‍ത്ഥം ചോദിച്ചു. ഭാരതത്തിലെ ദേശീയ പുഷ്പത്തിന്റെ പേരാണ് എനിക്കെന്നു അവരെ അറിയിച്ചപ്പോള്‍ അവര്‍ പറഞ്ഞു അവരുടെ ഷാങ്ങ്ഹായിയുടെ നഗരപുഷ്പം ""മഗ്നോലിയ'' ആണെന്ന്. വലിപ്പമുള്ള വെളുത്ത ഇതളുകള്‍ ഉള്ള ആ പുഷ്പത്തിന്റെ കണ്ണുകള്‍ എപ്പോഴും ആകാശത്തേക്ക് നോക്കുന്ന വിധത്തിലായതുകൊണ്ടാണത്രെ അവര്‍ ആ പുഷ്പം തിരഞ്ഞെടുത്തത്. ഉയരങ്ങളിലേക്ക് ലക്ഷ്യമിടുന്ന, എപ്പോഴും പരിശ്രമശാലികളും മുന്നോടിക്കാരുമായ അവരെപ്പോലെ ആ പുഷ്പവും ആകാശത്തില്‍ കണ്ണു നട്ടിരിക്കുന്നു. മ്യൂസിയത്തിനടുത്ത് തന്നെ ചൈനീസ് ഭക്ഷണവും, പാശ്ചാത്യ രീതിയിലുള്ള ഭക്ഷണവും കിട്ടുമായിരുന്നു.
പല പ്രധാന നദരങ്ങളിലേയും പോലെ ഷാങ്ങ്ഹായ് നഗരത്തിലെ നദീതടങ്ങള്‍ മനോഹരങ്ങളാണ്. അവിടെ സന്ദര്‍ശകര്‍ക്ക് നടക്കാനുള്ള തടിയില്‍ നിര്‍മ്മിച്ച വഴികളുണ്ട്, വൃത്തിയായ് സൂക്ഷിച്ച തീരപ്രദേശമുണ്ട്. കഴിഞ്ഞ രാത്രിയില്‍ ഞങ്ങള്‍ കണ്ട ബോട്ട് ഷോ ഇവിടെ വച്ചായിരുന്നു. രാത്രികാലങ്ങളില്‍ വര്‍ണ്ണപ്രപഞ്ചം പരത്തികൊണ്ട് മിന്നുന്ന അനവധി വിളക്കുകളുടെ മാസ്മരികതയില്‍ കാണികള്‍ വിസ്മയാധീനരാകുന്നു. വെളിച്ചം കൊണ്ടലങ്കരിച്ച ബോട്ടുകള്‍ പുഴയിലെ ഓളങ്ങള്‍ക്ക് നവരത്‌ന ശോഭ പകരുന്നു. എന്നാല്‍ പകല്‍ സമയം ഞങ്ങള്‍ അവിടെ സന്ദര്‍ശിച്ചപ്പോള്‍ ആ മായിക പ്രഭ മങ്ങി നില്‍ക്കുന്ന പോലെ അനുഭവപ്പെട്ടു. എങ്കിലും ശാന്തമായി ഒഴുകുന്ന പുഴയും ചുറ്റും തലയുയര്‍ത്തി നില്‍ക്കുന്ന ബഹുനില കെട്ടിടങ്ങളും നഗരത്തിന്റെ മോടിയും ഗാംഭീര്യവും പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഷാങ്ങ്ഹായ് നഗരം വളരെ മനോഹരമാണ്.
ഷാങ്ങ്ഹായ്‌യില്‍ വിദ്യാര്‍ത്ഥികളടക്കം പലരേയും മാസ്ക് ധരിച്ചവരായി കണ്ടു. നീലാകാശവും, മൈലുകളോളം കാണാനുള്ള അന്തരീക്ഷ സുതാര്യതയുമില്ലെങ്കില്‍ അവിടത്തെ വായു ശുദ്ധമല്ലെന്നു പലരും വിശ്വസിക്കുന്നു. എന്തോ സഞ്ചാരികള്‍ ആരും മാസ്ക് ധരിക്കുന്നത് കണ്ടില്ല. ഞങ്ങളുടെ ഗ്രൂപ്പിലുള്ളവര്‍ക്കും അവിടത്തെ അന്തരീക്ഷ വായു മലിനമാണെന്നു തോന്നുകയോ ശ്വസിക്കാന്‍ പ്രയാസമോ ഉണ്ടായില്ല. നമ്മുടെ രാജ്യത്തെ പല നഗരങ്ങളും ശുചിത്വപൂര്‍ണ്ണമല്ലെങ്കിലും ആരും മാസ്ക് ധരിക്കുന്നില്ല. ഒരു പക്ഷെ ഷാങ്ങ്ഹായ്‌യിലെ ജനങ്ങള്‍ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രതയുള്ളവരായിരിക്കും.
ഞങ്ങള്‍ ഷാങ്ങ്ഹായ്‌യില്‍ കണ്ട ഒരു ചൈനീസ് ഷോ എല്ലാവരേയും വികാരാധീനരാക്കുന്നതായിരുന്നു. ധീരതയോടെ ആത്മവിശ്വാസത്തോടെ വളര്‍ന്നു വരാന്‍ മകനെ സഹായിക്കുന്ന ഒരമ്മയുടെ കഥയായിരുന്നു അത്. ലോകത്തിന്റെ ഏതു ഭാഗത്തായാലും അമ്മമാര്‍ മക്കള്‍ക്കുവേണ്ടി ത്യാഗം അനുഷ്ഠിക്കുന്നു. ഈ ഷോയിലെ അഭിനേതാക്കളെല്ലാം അതിമനോഹരമായ ഭാവപ്രകടനങ്ങള്‍ കാഴ്ച്ചവച്ചു. അമ്മയുടെ ഭാഗം അഭിനയിച്ച സ്ത്രീ അരങ്ങില്‍ ജീവിക്കയായിരുന്നു. ഷോയ്ക്ക് ശേഷം കപ്പലില്‍ ഔപചാരികമായ അത്താഴ വിരുന്നുണ്ടായിരുന്നു. അന്നു യാത്രക്കാര്‍ക്ക് അവര്‍ക്കിഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാമായിരുന്നു. ഭാരതീയ സ്ത്രീത്വത്തിനു അന്തസ്സും അച്ചടക്കവും നല്‍കുന്ന സാരിയാണ് ഈ ലേഖിത തിരഞ്ഞെടുത്തത്. യുവതി യുവാക്കള്‍ ആധുനിക വേഷ ഭൂഷാദികളില്‍ അവരുടെ സന്തോഷം കണ്ടെത്തി. കപ്പലില്‍ ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. എല്ലാ ഡെക്കുകളിലും വീഞ്ഞും, ലഹരി പാനീയങ്ങളും സമൃദ്ധമായി വിളമ്പിയിരുന്നു. മദ്യസേവ കഴിഞ്ഞ് നൃത്തം ചെയ്യാന്‍ പലരും തയ്യാറാകുന്നുണ്ടായിരുന്നു. ദൈനംദിന ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും അവധി നല്‍കുന്ന കുറെ നിമിഷങ്ങള്‍. കപ്പലിലെ മായാപ്രപഞ്ചത്തില്‍ നിന്നും പതുക്കെ ജനലുകളുടെ കര്‍ട്ടന്‍ പൊക്കി നോക്കുമ്പോള്‍ പുറത്ത് കൂരിരിട്ടു. ശാന്തമായ തിരമാലകള്‍ ഒരു താരാട്ടു പോലെ കപ്പലിനെ തലോടികൊണ്ടിരിക്കുന്നുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് നമ്മുടെ കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലെ രാത്രികളില്‍ ജനലിലൂടെ നോക്കുമ്പോള്‍ കാണുന്ന കൂരിരുട്ടിനെ ഓര്‍മ്മിക്കുന്നവിധമായിരുന്നു കപ്പലിന്റെ ജാലകത്തിലൂടെ കണ്ട കടല്‍. കടലിന്റെ അഗാധതയെ ഭയപ്പെടാതെ ഭീമാകാരനായ കപ്പലില്‍ സ്വന്തം വീടുപോലെ ഉണ്ടും, ഉറങ്ങിയും നേരമ്പോക്കുകളില്‍ ഏര്‍പ്പെട്ടും ഉല്ലാസ യാത്ര ചെയ്യുന്നു മനുഷ്യര്‍. ഇവിടെ വംശീയ വിദ്വേഷമില്ല. ഭാഷകളുടെ ആശയകുഴപ്പങ്ങളില്ല. വലുപ്പചെറുപ്പമില്ല. എല്ലാവരും ആഹ്ലാദഭരിതരാണ്. ഈ സൗഹൃദം കപ്പലിനു പുറത്തും നിലനിര്‍ത്താന്‍ കഴിഞ്ഞെങ്കില്‍ എന്നു ഞാന്‍ ഒരു നിമിഷം വെറുതെ വ്യാമോഹിച്ചുപോയി.

ഷാങ്ങ്ഹായില്‍ ഞങ്ങള്‍ അവസാനമായി കണ്ടത് ഷാങ്ങ്ഹായ് ഫിനാന്‍ഷ്യല്‍ സെന്റര്‍ ഒബ്‌സെര്‍വേറ്ററിയാണ്. ലോകത്തിലെ എട്ടാമത്തെ ഉയരം കൂടിയ കെട്ടിടമാണ്. ഇതിനു 101 നിലകള്‍ ഉണ്ട്. ഇതിന്റെ മുകളിലുള്ള ഒബ്‌സെര്‍വേഷന്‍ ഡെക്ക് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തിട്ടുണ്ട്. ഇതു ഡിസൈന്‍ ചെയ്തിരിക്കുന്നത് ഗീവി ജലറലൃലെി എീഃ എന്ന അമേരിക്കന്‍ കമ്പനിയാണ്. ഒബ്‌സെര്‍വേഷന്‍ ഡെക്കുകള്‍ 94, 97, 100 എന്നീ നിലകളിലാണ് സ്ഥാപിച്ചിരിക്കുന്നത്.

അംബരചുംബികളായ കെട്ടിടങ്ങള്‍, ചുറ്റിലും സഞ്ചാരികളുടെ ആവേശവും, കൗതുകവും നിറഞ്ഞ തിരക്കുകള്‍, മനോഹരമായ നിരത്തുകള്‍ എല്ലാ ഷാങ്ങ്ഹായ് നഗരത്തെ മനോഹരമാക്കുന്നു. ഞങ്ങള്‍ ഒബ്‌സെര്‍വേട്ടറി ഡെക്കില്‍ നിന്നും താഴെയിറങ്ങി. ഉയരങ്ങളില്‍ നിന്നും താഴേക്കുള്ള ഇറക്കം. ഞങ്ങളുടെ ചൈനീസ് പര്യടനത്തിനു തിരശ്ശീല വീഴുന്നു. സായാഹ്നസൂര്യന്‍ ഞങ്ങളോട് വിട പറയാന്‍ വേണ്ടി പടിഞ്ഞാറെ ചക്രവാളത്തില്‍ വിഷമിച്ച് ചുവന്നു നിന്നു. തിരിച്ചു വീട്ടിലേക്ക് പോകുമ്പോള്‍ സന്തോഷമാണ് വേണ്ടതെങ്കിലും കൂട്ടുകാരൊത്ത് പല സ്ഥലങ്ങലും കണ്ടത് മതിയായില്ലെന്ന ഒരു തോന്നല്‍ അവശേഷിച്ചു. ഞങ്ങളുടെ ഗ്രൂപ്പ് ലീഡര്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും വളരെ സ്വാദിഷ്ടമായ ഒരു അത്താഴം നല്‍കി. ഷാങ്ങ്ഹായ്‌യിലെ മുന്തിയ ഹോട്ടലില്‍ വച്ച് അദ്ദേഹം നല്‍കിയ അത്താഴവിരുന്ന് ഞങ്ങള്‍ എല്ലാവരും ആസ്വദിച്ചു. സുന്ദരികളായ ചൈനീസ് പെണ്‍കുട്ടികള്‍ പുഞ്ചിരിയോടെ ഭക്ഷണം വിളമ്പുന്നതിലും ഒരു കലയുണ്ടായിരുന്നു.

ഞങ്ങളുടെ ഗ്രൂപ്പ് ലീഡറിനും, ഡ്രൈവറിനും, ഗൈഡിനും നന്ദി പറഞ്ഞു. വിമാനത്തില്‍ മുന്‍ നിരയില്‍ സീറ്റ് കിട്ടാന്‍ വേണ്ടി അധിക തുക നല്‍കി അതു സമ്പാദിച്ചു. മണിക്കൂറോളമുള്ള യാത്രയില്‍ സൗകര്യപൂര്‍വ്വം ഇരിക്കാന്‍ കഴിയുന്നത് പണത്തേക്കാള്‍ പ്രധാനം. നിര്‍ദ്ദിഷ്ട സമയത്ത് തന്നെ ഞങ്ങള്‍ ടോറോന്‍െറായില്‍ വിമാനമിറങ്ങി. കാനഡയിലെ കസ്റ്റം ഫോര്‍മാലിറ്റികള്‍ വളരെ കഠിനമായിരുന്നു.

ഇരുപത്തിയൊന്നു ദിവസത്തെ വിനോദയാത്രക്ക് അങ്ങനെ വിരാമമായി. ആ യാത്രയിലെ അനുഭവങ്ങളും സന്തോഷങ്ങളും വായിക്കാന്‍ താല്‍പ്പര്യമുള്ളവരുമായി പങ്കുവയ്ക്കാന്‍ തോന്നിയ ഒരാഗ്രഹമാണ് ഈ സഞ്ചാരക്കുറിപ്പുകളുടെ പിറവിക്ക് കാരണം. എല്ലാറ്റിനും സര്‍വ്വശക്തനായ ദൈവത്തോട് നന്ദി പറയുന്നു. (അവസാനിച്ചു.)
ഷാങ്ങ്ഹായ് - പൂര്‍വ്വദിക്കിലെ മുത്ത് (എന്റെ ചൈനീസ് പര്യടനം (സഞ്ചാരക്കുറിപ്പുകള്‍-5: സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്)
Join WhatsApp News
James Mathew, Chicago 2017-08-14 08:31:02
ആദ്യം മുതൽ താങ്കളുടെ സഞ്ചാര കുറിപ്പുകൾ വായിച്ചു. നന്നായിരുന്നു. അഭിനന്ദനങ്ങൾ
Saroja Varghese 2017-08-14 09:42:02
Thank you,Mr.James Mathew.
Sudhir 2017-08-14 19:25:42
ഇനിയും സുന്ദര കാഴ്ച്ചകൾ തേടി, രാജ്യ രാജ്യാന്തരം യാത്രകൾ ചെയ്യാൻ
കഴിയട്ടെ. അതെല്ലാം സാഹിത്യമാക്കി വായനക്കാർക്ക് പകരാൻ സാധിക്കട്ടെ.
ആകര്ഷണീയങ്ങളായ ശീര്ഷകങ്ങൾ വായനക്കാരെ സന്തോഷിപ്പിക്കുന്നതായിരുന്നു.
ഒപ്പം ഭാഷയും പ്രതിപാദനവും. നന്മകൾ നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക