Image

മുരുകന്റെ മരണം: വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ അന്വേഷണ റിപ്പോര്‍ട്ട്‌

Published on 13 August, 2017
മുരുകന്റെ മരണം: വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ അന്വേഷണ റിപ്പോര്‍ട്ട്‌

ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന്‌ തമിഴ്‌നാട്‌ സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ വീഴ്‌ച പറ്റിയിട്ടില്ലെന്ന്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്‌. മുരുകന്‌ ചികിത്സ നിഷേധിച്ചിട്ടില്ല.

 വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നു. മുരുകനെ ഡോക്ടര്‍ ആംബുലന്‍സില്‍ വെച്ച്‌ പരിശോധിച്ചിരുന്നു. വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സിലാണ്‌ മുരുകന്‍ കിടന്നിരുന്നത്‌. അഡ്‌മിറ്റ്‌ ചെയ്‌താല്‍ പകരം സംവിധാനം ഒരുക്കാമെന്ന്‌ അറിയിച്ചിരുന്നു. റിപ്പോര്‍ട്ട്‌ ആരോഗ്യവകുപ്പ്‌ ഡയറക്ടര്‍ക്ക്‌ കൈമാറി. മുഴുവന്‍ വെന്റിലേറ്ററിലും ഉണ്ടായിരുന്ന രോഗികളുടെ വിവരങ്ങള്‍ സഹിതമാണ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിരിക്കുന്നത്‌.

മുരുകന്റെ ജീവന്‍ രക്ഷിക്കുന്നതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ മനപൂര്‍വ്വമായ വീഴ്‌ചവരുത്തിയെന്നായിരുന്നു ആരോപണം. രണ്ട്‌ വെന്റിലേറ്ററുകള്‍ ഉണ്ടായിട്ടും ഇല്ലെന്നു പറഞ്ഞ്‌ രോഗിയെ മടക്കി അയച്ചുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. മൂന്നു മണിക്കൂര്‍ കാത്തു കിടന്നിട്ടും ബദല്‍ സംവിധാമൊരുക്കിയില്ല. വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നുവെന്ന്‌ മൊഴി നല്‍കി അന്വേഷണ സംഘത്തെ തെറ്റിധരിപ്പിക്കാനാന്‍ ശ്രമിച്ചുവെന്നുമാണ്‌ ആരോപണം.

അവയവമാറ്റ ശസ്‌ത്രക്രിയ വിഭാഗത്തിലും പൊളളല്‍ ചികിത്സാ വിഭാഗത്തിലും രണ്ട്‌ പോര്‍ട്ടബിള്‍ വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നു. മൂന്നു മണിക്കൂര്‍ കാത്തുകിടന്നിട്ടും ചികിത്സ ലഭിക്കാതെ വന്നതോടെ മുരുകനുമായെത്തിയവര്‍ മടങ്ങി. ഈ രണ്ടു വെന്റിലേറ്ററും പുറത്തു നിന്നെത്തുന്ന രോഗിക്ക്‌ നല്‍കാന്‍ കഴിയില്ലെന്നാണ്‌ ആശുപത്രി അധികൃതരുടെ വിശദീകരണം.

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തിരുനല്‍വേലി സ്വദേശി മുരുകന്‍ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണ്‌ മരിച്ചത്‌. ആറ്‌ ആശുപത്രികള്‍ മുരുകന്‌ ചികിത്സ നിഷേധിച്ചുവെന്നാണ്‌ ആരോപണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക