Image

യൂറോപ്യന്‍ വിഷ മുട്ട ഹോങ്കോംഗ് വരെയെത്തി

Published on 12 August, 2017
യൂറോപ്യന്‍ വിഷ മുട്ട ഹോങ്കോംഗ് വരെയെത്തി
  
ബെര്‍ലിന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്നു കയറ്റുമതി ചെയ്ത വിഷാംശം കലര്‍ന്ന കോഴി മുട്ട ഹോങ്കോംഗ് വരെയെത്തിയെന്ന് വ്യക്തമാകുന്നു. ആകെ പതിനഞ്ച് യൂറോപ്യന്‍ രാജ്യങ്ങളിലും ഇത്തരം മുട്ടകള്‍ വിപണിയിലെത്തിയിരുന്നു എന്ന് യൂറോപ്യന്‍ കമ്മീഷന്‍ വ്യക്തമാക്കി.

ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മന്ത്രിമാരുടെയും റെഗുലേറ്റര്‍മാരുടെയും യോഗം അടുത്ത മാസം 26ന് ചേരാനും കമ്മീഷന്‍ തീരുമാനിച്ചു. പരസ്പരം പഴി ചാരുന്നത് അവസാനിപ്പിക്കാന്‍ യൂറോപ്യന്‍ ഫുഡ് സേഫ്റ്റി മേധാവി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

നെതര്‍ലന്‍ഡ്‌സിലെ ഫാമുകളില്‍ ഉദ്പാദിപ്പിച്ച മുട്ടകളിലാണ് ഏറെയും വിഷാംശം കണ്ടെത്തിയിരിക്കുന്നത്. കോഴികളെ ബാധിക്കുന്ന ചുവന്ന പേന്‍ പോലുള്ള കീടങ്ങളെ അകറ്റാന്‍ ഉപയോഗിക്കുന്ന ഫിപ്രോനില്‍ എന്ന കീടനാശിനിയുടെ അംശമാണ് മുട്ടകളില്‍ കണ്ടെത്തിയിരിക്കുന്നത്. മനുഷ്യരുടെ കിഡ്‌നി, കരള്‍, തൈറോയ്ഡ് ഗ്രന്ഥി എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണിത്. ഭക്ഷ്യോത്പന്നങ്ങളുമായി ബന്ധപ്പെട്ട് ഈ കീടനാശിനി ഉപയോഗിക്കാന്‍ അനുമതിയില്ലാത്താണ്.

ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ്, ജര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ ഫിപ്രോനില്‍ ഉപയോഗിച്ചു എന്ന കണ്ടെത്തിയ കോഴി ഫാമുകളെല്ലാം അടച്ചുപൂട്ടിയിരിക്കുകയാണ്.ഇതിനിടെ ബ്രിട്ടന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ മുട്ട ഇറക്കുമതി നിര്‍ത്തിവച്ചിരിക്കുകയാണ്. ഹോളണ്ടിലെ ഫാമുകള്‍ക്കു പുറമെ ജര്‍മനിയിലെ നീഡര്‍ സാക്‌സണ്‍ സംസ്ഥാനത്തെ ഫാമുകളും അടച്ചുപൂട്ടി. യൂറോപ്പിലെ 15 രാജ്യങ്ങളില്‍ വിഷാംശം കലര്‍ന്ന മുട്ടകള്‍ ഇതിനോടകം വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക