Image

ശതാബ്ദിനിറവില്‍ നമ്മുടെ സ്വന്തം കുലപതി (ഷാജന്‍ ആനിത്തോട്ടം)

Published on 11 August, 2017
ശതാബ്ദിനിറവില്‍ നമ്മുടെ സ്വന്തം കുലപതി (ഷാജന്‍ ആനിത്തോട്ടം)
കൊല്ലവര്‍ഷം 1192 കര്‍ക്കിടത്തിലെ ഉത്രട്ടാതി നാള്‍. അക്ഷരസ്‌നേഹികളായ സമസ്ത മലയാളികളുടേയും സ്വന്തം കുലപതി ഇന്ന് ശതാഭിഷിക്തനാകുന്നു. എണ്‍പത്തിനാലാം പിറന്നാളിലെത്തുമ്പോഴേയ്ക്കും ഒരാള്‍ ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കാണുമെന്നാണ് പൊതുവെയുള്ള വിശ്വാസം. "എം.ടി' എന്ന അക്ഷരങ്ങളിലൊതുങ്ങിയിരുന്ന് മലയാളത്തെ വിശ്വത്തോളമുയര്‍ത്തിയ നിളയുടെ കഥാകാരന്‍ പക്ഷെ, പിറന്നാളാഘോഷങ്ങള്‍ക്കൊന്നും പിടികൊടുക്കാതെ കോഴിക്കോട് കൊട്ടാരം റോഡിലെ "സിത്താര'യെന്ന കൊച്ചുവീട്ടിലെ ചാരുകസേരയിലിരുന്ന് ഇന്നും സര്‍ഗ്ഗപ്രക്രിയയില്‍ മുഴുകുന്നു. മലയാള സാഹിത്യത്തിന്റെ ഈ കാലഘട്ടത്തെ പ്രോജ്വലമാക്കിയ എഴുത്തിന്റെ തമ്പുരാന് എഴുതുന്നതു തന്നെയാണ് ആഘോഷം!

അക്ഷരവഴികളില്‍ സര്‍വ്വത്ര പ്രഭചൊരിഞ്ഞുകൊണ്ടിരിക്കുന്ന എം.ടി വാസുദേവന്‍ നായര്‍ എന്ന ദീപശിഖയുടെ തെളിച്ചമനുഭവിച്ചവരാണ് അകമാന മലയാളി സമൂഹം. എഴുതിത്തെളിഞ്ഞവര്‍ക്കു മാത്രമല്ല,. സാഹിത്യത്തിന്റെ "അസ്കിത' അല്പമെങ്കിലുമുള്ളവര്‍ക്കാകെ പ്രകാശം നല്‍കിക്കൊണ്ടിരിക്കുന്ന ഒരു വെള്ളിനക്ഷത്രമാണദ്ദേഹമെന്ന് പറഞ്ഞാല്‍ തെല്ലും അതിശയോക്തിയില്ല. പണ്ഡിതനേയും പാമരനേയും ഒരുപോലെ രസിപ്പിക്കുന്ന രചനാശൈലിയാണദ്ദേഹത്തിന്റേത്. ജീവിതത്തില്‍ അദ്ദേഹത്തിന്റെ ഒരു പുസ്തകമെങ്കിലും വായിച്ചിട്ടുള്ള മലയാളി എം.ടി എന്ന മഹാനായ എഴുത്തുകാരന്റെ ആരാധനാവലയത്തില്‍ അറിയാതെ എത്തിപ്പെട്ടിട്ടുണ്ടാകും. എം.ടി എഴുതിയതിനേക്കാള്‍ കൂടുതല്‍ എം.ടിയെപ്പറ്റി എഴുതപ്പെട്ടിട്ടുണ്ടാകും എന്നു പറയുന്നതിന്റെ സാംഗത്യം അതുതന്നെയാണ്.

പൊന്നാനിക്കടുത്ത് കൂടല്ലൂര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ ജനിച്ച അദ്ദേഹത്തിന് ജീവിതത്തില്‍ സാഹിത്യം എന്ന ലക്ഷ്യവും ചിന്തയും മാത്രമാണുണ്ടായിരുന്നത്. ഭാരതപ്പുഴയോരത്തെ കുട്ടിക്കാല ജീവിതം അദ്ദേഹത്തിന്റെ സര്‍ഗ്ഗ ജീവിതത്തിന് അസ്തിവാരമിട്ടു. അക്കാലത്തെ അനുഭവങ്ങളും നിരീക്ഷണങ്ങളുമാണ് പില്‍ക്കാലത്ത് അനശ്വരങ്ങളായ സാഹിത്യസൃഷ്ടികളായി അക്ഷരരൂപമെടുത്തത്. എഴുത്തിന്റെ ലോകം മാത്രം മനസ്സിലിട്ട് നടന്ന അക്കാലത്ത് മറ്റൊന്നിനോടും അദ്ദേഹത്തിന് ഔത്സ്യുക്യമുണ്ടായിരുന്നില്ല. "കാലികന്റെ പണിപ്പുര' എന്ന ലേഖനസമാഹാരത്തില്‍ എം.ടി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: എന്റെ പഴയ വീടിന്റെ പൂമുഖത്തെ നിറംമങ്ങിയ ചുമരില്‍ കവിതകളുടേയും കാഥികന്മാരുടേയും ചിത്രങ്ങള്‍ കണ്ണാടിക്കൂട്ടില്‍ തൂക്കിവെച്ച് സംതൃപ്തി നേടിയ ആ കാലത്ത് - കുടുക്കില്ലാത്ത ഒരു മുറിക്കാലുറ വാഴനാരുകൊണ്ട് കുടുക്കിനിര്‍ത്തി നടക്കുന്ന കാലം- എനിക്ക് ഒറ്റ വിചാരമേ ഉണ്ടായിരുന്നുള്ളൂ. സാഹിത്യം! നടക്കുമ്പോഴും ഇരിക്കുമ്പോഴുമെല്ലാം ഒരൊറ്റ മോഹമേയുള്ളൂ. എനിക്ക് എഴുതണം. സാഹിത്യകാരനാകണം. എന്തുകൊണ്ടിങ്ങനെ വന്നു? എനിക്കറിഞ്ഞുകൂടാ. എന്റെ കുടുംബത്തില്‍ പണ്ട് സാഹിത്യകാന്മാരുണ്ടായിട്ടില്ല, പാരമ്പര്യത്തിന്റെ ഒരു പ്രേരണയുമില്ല. എന്നിട്ടും!!

എഴുത്തുകാരനാവണമെന്ന ഉല്‍ക്കടമായ ആ മോഹമാണ് ഇന്ന് ലോകം മുഴുവനും ബഹുമാനിക്കുന്ന, മലയാള സാഹിത്യ തറവാട്ടിലെ കുലപതിയാക്കി അദ്ദേഹത്തെ വളര്‍ത്തിയെടുത്തത്. നിതാന്തമായ ആ തപസ്യയാണ് നാലുകെട്ടും, കാലവും, കുട്ട്യേടത്തിയും, അസുരവിത്തും, ഇരുട്ടിന്റെ ആത്മാവും, മഞ്ഞും മലയാളിക്ക് സമ്മാനിച്ചത്. തീക്ഷമായ അദ്ദേഹത്തിന്റെ അനുഭവങ്ങളും അഭിവാഞ്ജയുമാണ് അപ്പുണ്ണിയേയും സേതുവിനേയും അമ്മുവിനേയും തങ്കമണിയേയും വേലായുധനേയും അനശ്വര കഥാപാത്രങ്ങളാക്കിയത്; മലയാള സിനിമയുള്ളിടത്തോളം കാലം നമുക്ക് മറക്കാനാവാത്ത തിരക്കഥകളായി നിര്‍മ്മാല്യവും, വടക്കന്‍ വീരഗാഥയും, വൈശാലിയും, പഴശ്ശിരാജയും പിറവിയെടുത്തത്; ചന്തു ചതിയനായിരുന്നില്ലെന്നും രണ്ടാമൂഴമെന്നത് രണ്ടാംതരമല്ലെന്നും ഭീമസേനന്റെ വാക്കുകളിലൂടെ നമ്മെ തിരുത്തിയത്. സാഹിത്യത്തിലും സിനിമയിലും ഇതിഹാസങ്ങള്‍ രചിക്കാന്‍ എം.ടിയെപ്പോലൊരു ഐതിഹാസികന്‍ നമുക്ക് വേറേയില്ലെന്നതും സത്യം.

മലയാളത്തിന്റെ സുകൃതമാണ് എം.ടി വാസുദേവന്‍ നായര്‍ എന്നു പറഞ്ഞാല്‍ അതൊരിക്കലും ഭംഗിവാക്കാവില്ല. കവിതകളിലൂടെ സാഹിത്യലോകത്ത് പിച്ചവെച്ചുതുടങ്ങിയ അദ്ദേഹം രചിച്ച ഓരോ കഥയും കവിത തുളുമ്പുന്ന മനോഹര സൃഷ്ടിയാണ്. ഓരോ കഥകളും ഒന്നിനൊന്ന് മെച്ചപ്പെട്ടത്. പൊതുവെ പരത്തിപ്പറയുന്നതുകൊണ്ടാകണം അദ്ദേഹത്തിന്റെ അറിയപ്പെടുന്ന പല കതകള്‍ക്കും ഒരു നോവലൈറ്റിന്റെ രൂപമാണ് (എം.ടിയുടെ നിതാന്തവിമര്‍ശകനും മലയാള ചെറുകഥാലോകത്തെ അഗ്രഗണ്യനുമായ ടി. പത്മനാഭന്‍ പറയുന്നത് എം.ടിക്ക് ചുരുക്കിപ്പറയാന്‍ അറിയില്ലെന്നാണ്. അതദ്ദേഹത്തിന്റെ അഭിപ്രായമായി അംഗീകരിക്കുക). ഒരുപക്ഷെ അഭ്രലോകത്ത് എം.ടിയുടെ കഥകള്‍ ഏറ്റവും വിലപിടിച്ചതാവുന്നതും ഇത്തരം വലിച്ചുനീട്ടല്‍ സാധ്യതകൊണ്ടാകണം. കുട്ട്യേടത്തിയും, ഓപ്പോളും ഒരു ചെറുപുഞ്ചിരിയും വാനപ്രസ്ഥവും (തീര്‍ത്ഥാടനം) സിനിമയുടെ സാങ്കേതിക മേന്മയേക്കാള്‍ മികച്ചുനിന്നത് എം.ടിയുടെ കഥാപ്രപഞ്ചത്തില്‍ വിരിഞ്ഞ ചാരുതയാര്‍ന്ന കഥാപുഷ്പങ്ങളായതുകൊണ്ടാണ്.

എണ്‍പത്തിനാലാം വയസ്സിലും എഴുത്തിന്റെ ലോകത്ത് ചെറുപ്പത്തിന്റെ തീക്ഷണതയോടെ അഭിരമിക്കുവാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കുന്നത് ഒരുപക്ഷെ കഥകളുടെ ആ അക്ഷയഖനിയിലും നിന്നും ബഹിര്‍ഗമിക്കുവാനിരിക്കുന്ന തങ്കമണികള്‍ക്കായുള്ള അസ്വാദകരുടെ കാത്തിരിപ്പാവാം. മൂന്നു ദശാബ്ദങ്ങള്‍ക്കു മുമ്പ് പ്രസിദ്ധീകരിച്ച "രണ്ടാമൂഴം' ഇന്നിപ്പോള്‍ ആയിരംകോടി മുടക്കുമുതലുള്ള ബ്രഹാമാണ്ഡ ചലച്ചിത്രമാകാനൊരുങ്ങുമ്പോള്‍ അതിന്റെ തിരക്കഥയൊരുക്കന്നതും മറ്റാരുമല്ല. 1974-ല്‍ ദേശീയ അവാര്‍ഡ് നേടിയ "നിര്‍മ്മാല്യം' ഉള്‍പ്പടെ ഏഴു സിനിമകള്‍ സംവിധാനം ചെയ്യുകയും അമ്പത് സിനിമകള്‍ക്ക് തിരക്കഥയൊരുക്കുകയും ചെയ്ത എം.ടിക്ക് അതൊരു മഹാകാര്യമേയല്ല. പക്ഷെ ആ പൊന്‍തൂലികയില്‍ പിറക്കുന്ന ഓരോ രചനകളും സിനിമാപ്രേമികള്‍ക്കും സാഹിത്യസ്‌നേഹികള്‍ക്കും അമൂല്യനിധികളാണ്.

അംഗീകാരങ്ങളും അവാര്‍ഡുകളും എം.ടിക്ക് ഒരു വലിയ കാര്യമായി തോന്നിയിട്ടില്ലെന്നു അടുത്തറിയാവുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു. സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികയിലെ അവസാന വാക്കായ ജ്ഞാനപീഠമോ, എഴുത്തച്ഛന്‍ പുരസ്കാരമോ, കേന്ദ്ര-കേരള സാഹിത്യ അക്കാദമികളുടെ അവാര്‍ഡുകളോ അദ്ദേഹത്തെ പ്രത്യേകിച്ച് ഒരുതരത്തിലും സ്വാധീനിച്ചിട്ടില്ല. വിവിധ സര്‍വ്വകലാശാലകളുടെ ഡോക്ടറേറ്റ് ബഹുമതികള്‍ ലഭിച്ചപ്പോഴും 2004-ല്‍ രാജ്യം പത്മഭൂഷണല്‍ ബഹുമതി നല്‍കി ആദരിച്ചപ്പോഴും കൂടുതല്‍ വിനയാന്വിതനായല്ലാതെ മേനി നടിച്ചുനടക്കുവാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. അന്നും ഇന്നും അദ്ദേഹം മഠത്തില്‍ തെക്കേപ്പാട്ട് വാസുദേവന്‍ എന്ന, സാഹിത്യം മാത്രം ചിന്തിക്കുകയും, സാഹിത്യപോഷണത്തിനുവേണ്ടി മാത്രം ജീവിക്കുകയും ചെയ്യുന്ന ആ പഴയ നിളയോരത്തെ കുട്ടിയാണ്.

തുഞ്ചത്തെഴുത്തച്ഛന്റെ ഓര്‍മ്മകള്‍ ഓര്‍മ്മകള്‍ ജ്വലിച്ചുനില്‍ക്കുന്ന തിരൂര്‍ തുഞ്ചന്‍പറമ്പിലെ എഴുത്തച്ഛന്‍ സ്മാരകത്തിന്റെ മുഖ്യരക്ഷാധികാരിയായി ഇന്നും സജീവമായി അദ്ദേഹം പ്രവര്‍ത്തിക്കുന്നത് ഭാഷയോടുള്ള അടങ്ങാത്ത സ്‌നേഹവായ്പുകൊണ്ടാണ്. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കിലും മാസത്തില്‍ ഒരുതവണയെങ്കിലും അവിടെയെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കുന്നു. എം.ടിയുടെ പ്രത്യേക താത്പര്യംകൊണ്ടും പരിശ്രമവുംകൊണ്ടും കൂടിയാണ് ഭാഷാപിതാവിന്റെ പേരിലുള്ള ആ സ്മാരകവും മ്യൂസിയവും തുഞ്ചന്‍പറമ്പില്‍ നമ്മുടെ അഭിമാനമായി നിലകൊള്ളുന്നത്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് ലാനയുടെ കേരള കണ്‍വന്‍ഷന്‍ നടത്തിയപ്പോള്‍ മൂന്നാം ദിവസത്തെ പരിപാടികള്‍ സംഘടിപ്പിച്ചത് തുഞ്ചന്‍പറമ്പിലായിരുന്നു. അന്ന് രാവിലെ മുതല്‍ വൈകിട്ടുവരേയുള്ള സമ്മേളന പരിപാടികളില്‍ അനുഗ്രഹാശിസുകളോടെ പങ്കെടുക്കുകയും എല്ലാ പ്രോത്സാഹനങ്ങളും നല്‍കുകയും ചെയ്ത എം.ടിയെന്ന സാഹിത്യ കുലപതി, അമേരിക്കയില്‍ നിന്നും നാട്ടില്‍ നിന്നും കണ്‍വന്‍ഷനില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഒരു സ്‌നേഹവിസ്മയമായിരുന്നു. ഇന്ന് എണ്‍പത്തിനാലാം പിറന്നാളിന്റെ മംഗളങ്ങള്‍ അറിയിക്കുവാന്‍ വിളിച്ചപ്പോള്‍ അദ്ദേഹം അക്കാര്യം അനുസ്മരിച്ചത് അളവില്ലാത്ത ആനന്ദമാണ് നല്‍കിയത്.

കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ എം.ടിയെന്ന നിത്യഹരിത കഥാകാരനെ സന്ദര്‍ശിച്ചത് മനസ്സില്‍ ഇന്നും അഭിമാനം തുളുമ്പുന്ന ഓര്‍മ്മയായി നിലനില്‍ക്കുന്നു. എം.ടിയുടേയും കൂടി ഇഷ്ടസാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ബേപ്പൂര്‍ വയിലാലില്‍ വീട്ടില്‍ വച്ചു നടത്തിയ എന്റെ "പൊലിക്കറ്റ'യുടെ (കവിതാസമാഹാരം) പ്രകാശനത്തിനുശേഷം കോഴിക്കോടെ സാഹിത്യസ്‌നേഹിതന്മാരോടൊപ്പമാണ് "സിത്താര'യില്‍ ചെന്ന് അദ്ദേഹത്തെ കണ്ടത്. ഞായറാഴ്ചയായിരുന്നതുകൊണ്ടാവണം കൊട്ടാരം റോഡ് ശാന്തമായൊഴുകുന്ന നിളയെപ്പോലെ വിജനമായിരുന്നു. സ്‌നേഹപൂര്‍വ്വം ഞങ്ങളെ സ്വീകരിച്ചാദരിച്ച അദ്ദേഹത്തിന് പുസ്തകത്തിന്റെ കോപ്പി നല്‍കുമ്പോള്‍ തലേവര്‍ഷം തുഞ്ചന്‍പറമ്പില്‍ വച്ച് അദ്ദേഹം എന്റെ ആദ്യ കഥാസമാഹാരം (ഹിച്ച് ഹൈക്കര്‍) പ്രകാശിപ്പിച്ചതിന്റെ ഓര്‍മ്മയായിരുന്നു മനസ്സ് നിറയെ എഴുത്തിന്റെ വഴിയില്‍ പിച്ചവെച്ചു തുടങ്ങുന്ന ഒരാള്‍ക്ക് ഇതില്‍പ്പരം എന്താനന്ദമാണ് ലഭിക്കുന്നത്? തന്റെ പ്രശസ്തമായ "കാലം' എന്ന നോവലിന്റെ പ്രതി അദ്ദേഹം കൈയ്യൊപ്പിട്ട് സമ്മാനിച്ചത് ചിരകാലത്തേക്ക് മറ്റൊരു മധുരസ്മരണയുമായി.

എം.ടി വാസുദേവന്‍ നായര്‍ മലയാള സാഹിത്യത്തിലെ ഒരു ഇതിഹാസമാണ്. സാഹിത്യത്തിലോ, സാഹിത്യാസ്വാദനത്തിലോ ഒരു കുടുംബപാരമ്പര്യവുമില്ലാത്ത, കവിതകളോടും പുസ്തകങ്ങളോടും ആരാധനയോടെ സംവദിച്ചിരുന്ന കൂടല്ലൂരിലെ ആ ദരിദ്രബാലന്‍ ഇന്ന് ലോകമാദരിക്കുന്ന എണ്ണംപറഞ്ഞ എഴുത്തുകാരനായി മാറിയതിനു പിന്നില്‍ ഒരുപാട് അദ്ധ്വാനമുണ്ട്, വായനയുണ്ട്, വായനക്കാരുണ്ട്. നമുക്കൊക്കെ ഭാഗ്യമുണ്ടെങ്കില്‍ മലയാളത്തിലേക്ക് ആദ്യമായി വരുന്ന നോബല്‍ സമ്മാനം എം.ടിയിലൂടെയായിരിക്കും. ഈ ശതാഭിഷേകനിറവില്‍ അതായിരിക്കട്ടെ സാഹിത്യ കുലപതിക്കുവേണ്ടിയുള്ള നമ്മുടെ പ്രാര്‍ത്ഥന.
ശതാബ്ദിനിറവില്‍ നമ്മുടെ സ്വന്തം കുലപതി (ഷാജന്‍ ആനിത്തോട്ടം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക