Image

പനിനീര്‍ പൂക്കള്‍ ( സി.ജി.പണിക്കര്‍, കുണ്ടറ)

സി.ജി.പണിക്കര്‍, കുണ്ടറ Published on 09 August, 2017
പനിനീര്‍ പൂക്കള്‍ ( സി.ജി.പണിക്കര്‍, കുണ്ടറ)
ഓര്‍മ്മകളുടെ ഓളങ്ങളില്‍ എന്നും ഒഴുകിയെത്താറുള്ള പനിനീര്‍ പുഷ്പത്തിന്റെ ദളങ്ങളാണ് രാജഗോപാല്‍, ഹരിലാല്‍, സുരേന്ദ്രന്‍, ജോയി, അരവിന്ദാക്ഷന്‍, തുടങ്ങിയവര്‍. ആളൊഴിഞ്ഞ മനസ്സിന്റെ കൊത്തളത്തിലെ ഏകാന്തതയില്‍ ഇരുന്ന് അവരെ സ്മരിക്കുവാനേ ഇനി രാജന് കഴിയുകയുള്ളു.

     നഷ്ടപ്പെടുന്ന ഈ കൂട്ടുകെട്ടിലെ നല്ല ഓര്‍മ്മകള്‍ക്ക് മുന്നില്‍ കൂപ്പുകൈകളോടെ ഒരു ചെറു ചിരിയുമായി രാജന്‍ വിട വാങ്ങിയപ്പോള്‍ തേങ്ങിക്കരഞ്ഞ അവന്റെ മനസ്സ് ആരും കണ്ടിരുന്നില്ല. മണിയറ പൂകിയ നവവധു ഭര്‍ത്താവിന്റെ വിരിമാറില്‍ ആദ്യമായി ഞെരിഞ്ഞമര്‍ന്നപ്പോള്‍ അവന്റെ സിരകളില്‍ പതഞ്ഞുയരുന്ന വികാരത്തിന്റെ നുര പോലെ, സട കുടഞ്ഞ് എഴുന്നേല്‍ക്കുന്നു ഏതോ ഒരു ചേതോ വികാരം. അവയ്ക്കിടയിലും ഈറനണിഞ്ഞ നയനങ്ങളോട് ജട കൊഴിഞ്ഞ പഴയ സിംഹത്തെപ്പോലെ കൂട്ടുക്കാരോടൊപ്പം കല്‍ക്കത്തയോടും യാത്ര പറഞ്ഞു.

    പൂനയിലേക്കാണ് പുതിയ പോസ്റ്റിംങ്ങ്. രണ്ടു മാസത്തെ അവധികഴിഞ്ഞ് പോയാല്‍ മതി. രാജന്‍ നാട്ടിലേക്ക് വണ്ടി കയറി. മനസ്സില്‍ നിറയെ പുതു സ്വപ്നങ്ങളുമായി പ്രശാന്തസുന്ദരമായ അവന്റെ ജ•നാട്ടില്‍ അവര്‍ എത്തിചേര്‍ന്നു. കുറ്റമംഗലം പ്രകൃതി മനോഹാരിതയില്‍ കുളിച്ചു നില്‍ക്കുന്നു. അപ്പോള്‍ വള്ളം കളിയുടെ സമയമായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അവന് കിട്ടിയ ഒരു സുവര്‍ണ്ണാവസരം. രാജന്‍ വള്ളം കളി കാണാനെത്തി.

     അങ്ങകലെ ആലപ്പുഴക്കായലിന്റെ അലകളില്‍ ആടിയുലയുന്ന ചെറുതോണികള്‍. എങ്ങും വള്ളംകളി മല്‍സരത്തിനുള്ള തയ്യാറെടുപ്പ്. കരുത്തരായ യുവാക്കള്‍ തുഴ കൈയിലേന്തി തോണിയില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. കരയിലെങ്ങും കരളിന്റെ മുത്തായ കനകാംബരങ്ങള്‍ അവരുടെ കണ്ണുകളില്‍ നിന്നും കാമത്തിന്റെ മാലപ്പടക്കം പലവഴിക്കും പൊട്ടുന്നു അതുപോലെ വിദ്വേഷത്തിന്റെ പടക്കം ചീറ്റുകയും ചെയ്യുന്നു. ഓലപ്പടക്കത്തിന് തിരികൊളുത്തുന്ന കമ്പക്കാരികളുടെ മുന്നില്‍ കൊതുമ്പു വള്ളം മറിക്കുന്ന ചെറുപ്പക്കാര്‍.

     കരയില്‍ സുന്ദരിമാരുടെ അല്ലിക്കുടങ്ങളെ തഴുകി കൊങ്കത്തടങ്ങളില്‍ മതിയാവോളം ഉമ്മവച്ച് നൃത്തമാടുന്ന ഇളംങ്കാറ്റ്. ചന്ദനത്തിന്റേയും, പൂവിന്റേയും അത്തറിന്റേയും സുഗന്ധം കരയാകെ നിറഞ്ഞു നിന്നു. മന്ദമാരുതനില്‍ ഇളകിയാടുന്ന ചേലകള്‍ അവന്റെ മനസ്സിന്റെ ഉള്ളറകളില്‍ എവിടെയോ ഇക്കിളിക്കൂട്ടിയോ…? ആലപ്പുഴക്കായലിലെ ഓളങ്ങള്‍ പോലെ രാജന്റെ മനസ്സില്‍ ഒരു പിടി ഓര്‍മ്മകള്‍ ഓടിയെത്തി, ഒപ്പം ഈ കരയിലെവിടെയോ തനിക്കായി കാത്തുനില്‍ക്കുന്ന കൈതപ്പൂവിനെ അവന്റെ നയനങ്ങള്‍ തേടുകയായിരുന്നു.


പനിനീര്‍ പൂക്കള്‍ ( സി.ജി.പണിക്കര്‍, കുണ്ടറ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക