Image

അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ മകനെ കാത്ത് അമ്മയുടെ അസ്ഥികൂടം

അനില്‍ കെ .പെണ്ണുക്കര Published on 07 August, 2017
അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ മകനെ കാത്ത് അമ്മയുടെ അസ്ഥികൂടം
ഇത് കഥയല്ല, ഇന്ന് ചില ചാനലുകളിലെ ക്രൈം ന്യൂസിലുള്ള ഒരു വിഭവം ആയിരുന്നു .ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അമേരിക്കയില്‍ നിന്നും തന്റെ അമ്മയെ കാണാന്‍ "കൊതിച്ചെത്തിയ"മകന്‍ തന്റെ ഫഌറ്റില്‍ കാണുന്നത് അമ്മയുടെ അസ്ഥികൂടം . സംഭവം കേരളത്തില്‍ അല്ല എന്നത് ഒട്ടും ആശ്വാസം നല്‍കുന്നില്ല.മരണപ്പെട്ടു അസ്ഥികൂടമായതു ഒരു അമ്മയാണ് .സംഭവം ബോംബയില്‍ .അമ്മയുടെ അസ്ഥികൂടം കണ്ട ആ മഹാനായ മകന്റെ പേര് റിതുരാജ് സഹാനി എന്നാണ്.

അമേരിക്കയിലെ ഒരു ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന റിതുരാജ് വര്‍ഷത്തില്‍ ഒരിക്കലാണ് അമ്മ ആശാ സഹാനിയെ കാണാനായി നാട്ടില്‍ എത്താറുള്ളത് . മുംബൈയിലെ ഒഷിവാരയിലെ ഫഌറ്റില്‍ തനിച്ചാണ് 63കാരിയായ ആശ എന്ന പേരുള്ള ആയ അമ്മ ജീവിച്ചിരുന്നത്.കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് റിതുരാജ് ഫഌറ്റില്‍ എത്തിയത്. പല തവണ കതകില്‍ തട്ടിയെങ്കിലും തുറക്കാത്തതിനാല്‍ ഒരു മരപ്പണിക്കാരനെ കൊണ്ടുവന്ന് മറ്റൊരു താക്കോല്‍ ഉപയോഗിച്ച് തുറക്കുകയായിരുന്നു.

അപ്പോഴാണ് ആ ഞെട്ടിക്കുന്ന കാഴ്ച മകന്‍ കണ്ടത്. അമ്മയ്ക്കു പകരം അമ്മയുടെ അസ്ഥികൂടം.തനിക്ക് മുംബൈയില്‍ മറ്റു ബന്ധുക്കളൊന്നും ഇല്ലെന്നും ഫഌറ്റില്‍ അമ്മ തനിച്ചായിരുന്നു താമസമെന്നും റിതുരാജ് പോലീസിനോട് പറഞ്ഞു. 1997ലാണ് ജോലിക്കായി റിതുരാജ് അമേരിക്കയിലേക്ക് പോയത്.അതേസമയം, അമ്മയും മകനും അവസാനമായി സംസാരിച്ചത് 2016 ഏപ്രിലില്‍ ആണെന്നും, അന്ന് തനിക്ക് വല്ലാതെ ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നെന്നും തന്നെ വൃദ്ധസദനത്തിലേക്ക് മാറ്റണമെന്നും ആശാ സഹാനി റിതുരാജിനോട് പറഞ്ഞതായി പോലീസ് വ്യക്തമാക്കി.അസ്ഥികൂടം മാത്രമായ അവസ്ഥയില്‍ കണ്ടെത്തിയതിനാല്‍ ഇവര്‍ ആഴ്ചകള്‍ക്കു മുന്നേ മരിച്ചിരിക്കാമെന്നാണ് പോലീസ് പറയുന്നത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂ.ഭര്‍ത്താവ് 2013ല്‍ മരിച്ചശേഷം ആശ തനിച്ചായിരുന്നു താമസമെന്ന് പോലീസ് പറഞ്ഞു. 10ാം നിലയിലുള്ള രണ്ടു ഫ്‌ലാറ്റും ഇവരുടേതായിരുന്നതിനാല്‍ മറ്റു ഫ്‌ലാറ്റുകളിലുള്ളവരുമായി ആശയ്ക്ക് കാര്യമായ സമ്പര്‍ക്കം ഉണ്ടായിരുന്നില്ല. ആശ മരിച്ചിട്ട് അഞ്ച് ആഴ്ചയെങ്കിലും കഴിഞ്ഞിട്ടുണ്ടാകുമെന്നാണ് നിഗമനം. തന്റെ കാര്യങ്ങള്‍ തിരക്കാത്ത മകനോളം വരുമോ അയല്പക്കക്കാര്‍ .ഒരു പക്ഷെ തന്റെ മകനെ അപമാനപ്പെടുത്തണ്ട എന്ന് ആ അമ്മ വിചാരിച്ചിരിക്കാം .

അമ്മമാരെല്ലാം അങ്ങനെ ആണ് .മക്കളെ അപമാനപ്പെടുത്താന്‍ അവര്‍ മുതിരാറില്ല .അതിനു അവര്‍ക്കു സാധിക്കില്ല എന്നതാണ് സത്യം .മക്കളോടൊപ്പം താമസിക്കുന്ന അമ്മമാര്‍ക്കും ചിലപ്പോള്‍ ഒറ്റപ്പെടലുകള്‍ ഉണ്ടാകാം .ചില അമ്മമാര്‍ പറയുന്നത് കേട്ടിട്ടുണ്ട് .

"ഈ വലിയ വീട്ടില്‍ താന്‍ ഒറ്റക്കൊന്നുമല്ല താമസിക്കുന്നത്. മക്കളും കൊച്ചുമക്കളും എല്ലാവരുമുണ്ട്.എങ്കിലും എന്തോ, ചില സമയത്തൊക്കെ വല്ലാത്തൊരു ഒറ്റപ്പെടലും മൂകതയുമാണ്. ഒരു പക്ഷെ പ്രായമായി വരുന്നത് കാരണമുള്ള തന്‍റെ തോന്നലുകള്‍ മാത്രമാകാം ഇതെല്ലാം. മക്കള്‍ക്കും മരുമക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഈയിടെയായി തന്നോടൊന്നു മിണ്ടാന്‍ പോലും സമയമില്ലേ ? ഇത്രയ്ക്കു തിരക്കാണോ ഇവര്‍ക്കൊക്കെ ? താന്‍ കിടപ്പിലായാലും ഇവരിങ്ങനെ തന്നെയാകുമോ പെരുമാറുക ? അതിയാന്‍ മരിച്ച ശേഷം തന്നോട് നേരം പോലെ സംസാരിക്കാന്‍ പോലും ഇവിടെയാര്‍ക്കും സമയമില്ല".

എന്തായിരിക്കും ഇത്തരം നെടുവീര്‍പ്പുകള്‍ക്ക് സമൂഹത്തോട് പറയാനുണ്ടാകുക ? ചിന്തിച്ചിട്ടുണ്ടോ നമ്മളൊക്കെ ?
ആരെയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല. എല്ലാവര്‍ക്കും തിരക്കാണ്. സത്യത്തില്‍ എന്താണ് ഈ തിരക്ക് ? എന്തിനാണ് നമ്മള്‍ തിരക്കുന്നത്? കുറെ ആലോചിച്ചാല്‍ ഒന്നിനും ഒരു വ്യക്തമായ ഉത്തരം ഉണ്ടാകില്ല. പക്ഷെ നമ്മള്‍ ഈ ലോകത്തുള്ള ഒരു വിഭാഗം മനുഷ്യരെ കുറിച്ച് ഇടക്കെങ്കിലും "തിരക്കുന്നത് " വളരെ നന്നായിരിക്കും. ആരെയെന്നല്ലേ , പഴുത്ത പ്ലാവിലകള്‍ കണക്കെ ഭൂമിയിലേക്ക് കൊഴിഞ്ഞു വീണു കൊണ്ടിരിക്കുന്ന, വാര്‍ദ്ധക്യത്തില്‍ ഒറ്റപെട്ടു പോകുന്ന, അല്ലെങ്കില്‍ വൃദ്ധര്‍ എന്ന പേരില്‍ സ്വന്തം കുടുംബത്തിലും അനാഥാലയങ്ങളിലും ശരണാലയങ്ങളിലും ഒതുങ്ങി കൂടുന്ന ഒരു സമൂഹത്തെ കുറിച്ച്.

മക്കളും കൊച്ചു മക്കളുമായി സന്തോഷത്തോടെ ഇരിക്കുന്ന സമയത്തായിരിക്കും, ഭാര്യയോ ഭര്‍ത്താവോ ആരെങ്കിലും ഒരാള്‍ പെട്ടെന്ന് മരണമടയുന്നത്. അതിനു ശേഷമായിരിക്കാം ഒരു പക്ഷെ വയസ്സായതും, അത് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളും അതിലേറെ ഒറ്റപ്പെട്ടു എന്ന തോന്നലും അവരുടെ മനസ്സിലേക്ക് കടന്നു വരുന്നത്. ഇതിനിടയില്‍ വയസ്സാം കാലത്ത് തങ്ങളെ ശുശ്രൂക്ഷിക്കേണ്ട മക്കളില്‍ നിന്നും അവഗണന കൂടി നേരിടേണ്ടി വന്നാല്‍ വയസായ ആ അച്ഛനോ അമ്മക്കോ ഉണ്ടാകുന്ന വേദന എന്ത് വലുതായിരിക്കും എന്ന് പറഞ്ഞറിയിക്കാന്‍ ആകില്ല. അത് നമുക്ക് മനസിലാക്കി തരാന്‍ അവര്‍ക്കും ആയെന്നു വരില്ല.

പക്ഷെ , കാലം നമുക്ക് പിന്നീട് ആ വേദന തീര്‍ച്ചയായും മനസിലാക്കി തരും. അന്ന് നമുക്ക് ചിലപ്പോള്‍ കുറ്റബോധം ഉണ്ടായിരിക്കാം , പക്ഷെ എന്ത് കാര്യം ?വാര്‍ദ്ധക്യം ഒരു രോഗമല്ല. പക്ഷെ, പിന്നിട്ട ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാനും അവനവനെ വിലയിരുത്താനും കിട്ടുന്ന ഒരപൂര്‍വ അവസരമാണ്. ആ തിരിഞ്ഞു നോട്ടത്തില്‍ ഓര്‍ക്കാനും വിശകലനം ചെയ്യാനും നന്മയുടെ മുന്‍തൂക്കം ഉണ്ടെങ്കില്‍ ഓരോ മനുഷ്യ ജന്മവും സഫലമായി എന്ന് തന്നെ പറയാം.

വാര്‍ദ്ധക്യത്തെ അംഗീകരിക്കാനും വൃദ്ധരായ മാതാ പിതാക്കളെ ശുശ്രൂക്ഷിക്കാനും സംരക്ഷിക്കാനും സര്‍വോപരി അവരെ സ്‌നേഹിക്കാനും നമ്മുടെ സമൂഹത്തിനു സാധിക്കണം. അങ്ങിനെയങ്കില്‍ മാത്രമേ നമ്മുടെ വാര്‍ദ്ധക്യത്തില്‍ നന്മയുടെ കണക്കു പുസ്തകം നെഞ്ചോട് ചേര്‍ത്തു വക്കാന്‍ നമുക്ക് സാധിക്കുയുള്ളൂ
അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ മകനെ കാത്ത് അമ്മയുടെ അസ്ഥികൂടം
Join WhatsApp News
നാരദന്‍ 2017-08-09 18:39:16
തലക്കെട്ട്  വായിച്ചപോള്‍  ആദ്യം തോന്നിയത്  പള്ളി കൃഷി , പ്രസ്സ്  ക്ലബ്‌ , ലാന, ഫോക്കാന , ഫോമ , കര്‍ഷക ശ്രി  എന്നിവയില്‍  വ്യപിര്‍തന്‍  ആയ  ഏതോ 3 piece suit കാരന്‍  മലയാളിയുടെ  അമ്മ  ആണ്  എന്നാണ് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക