Image

ലോക അത് ലറ്റിക് ചാന്പ്യന്‍ഷിപ്പിന് ലണ്ടനില്‍ ഇന്നു തിരി തെളിയും

Published on 04 August, 2017
ലോക അത് ലറ്റിക് ചാന്പ്യന്‍ഷിപ്പിന് ലണ്ടനില്‍ ഇന്നു തിരി തെളിയും
 
ലണ്ടന്‍: പത്തു ദിവസം നീളുന്ന ലോക അത്‌ലറ്റിക് ചാന്പ്യന്‍ഷിപ്പിന് ലണ്ടന്‍ ഒരുങ്ങി. ഈ വര്‍ഷത്തെ ഏറ്റവും വലിയ കായിക മഹാമഹമാണിത്. ശനിയാഴ്ച വൈകുന്നേരം 7.30ന് നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ കായികമേളക്ക് തിരിതെളിയും. 200 രാജ്യങ്ങളില്‍ നിന്നായി ആയിരത്തോളം കായിക താരങ്ങള്‍ മേളയില്‍ മാറ്റുരയ്ക്കും. ലണ്ടനിലെ പ്രശസ്തമായ സ്ട്രാറ്റ്‌ഫോഡ് ഒളിന്പിക് സ്‌റ്റേഡിയത്തില്‍ ആരംഭിക്കുന്ന ലോകചാന്പ്യന്‍ ഷിപ്പിന്റെ 16ാം പതിപ്പിന്റെ മുദ്രാവാക്യം ന്ധറെഡി ടു ബ്രേക് റിക്കാര്‍ഡ്‌സ്’’ എന്നാണ്. 

ഉസൈന്‍ ബോള്‍ട്ട്, മോ ഫറ എന്നീ മഹാരഥന്‍മാരുടെ അവസാന അന്താരാഷ്ട്ര ഇവന്റ് എന്ന പ്രത്യേകതയും ഈ ലോക മീറ്റിനു സ്വന്തം. മുപ്പത്തിനാലു വര്‍ഷത്തെ ചരിത്രത്തില്‍ പതിനാറാം മീറ്റാണ് ഇത്തവണ നടക്കുന്നത്. 1983 ല്‍ ഹെല്‍സിങ്കിയിലായിരുന്നു തുടക്കം. രണ്ടു വര്‍ഷം കൂടുന്‌പോള്‍ നടത്തുന്ന മീറ്റിന് കഴിഞ്ഞ തവണ ആതിഥ്യമരുളിയത് ചൈനയിലെ ബീജിംഗ് ആണ്.

പത്ത് എഡിഷനുകളില്‍ യുഎസ് ആണ് മെഡല്‍ വേട്ടയില്‍ മുന്നിലെത്തിയത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം കെനിയ ഓവറോള്‍ ചാന്പ്യന്‍മാരായി.

2012 ല്‍ ഒളിംപിക്‌സ് ഗംഭീരമായി നടത്തിയത് ബ്രിട്ടന്റെയും അന്നത്തെ ലണ്ടന്‍ മേയറും ഇപ്പോള്‍ രാജ്യത്തിന്റെ ഫോറിന്‍ സെക്രട്ടറിയുമായ ബോറിസ് ജോണ്‍സന്റെയും പ്രതിച്ഛായ വളര്‍ത്താന്‍ ഏറെ സഹായകമായിരുന്നു. ഇപ്പോഴും രാജ്യത്തിന് അത്തരം ഒരവസരമായാണ് ജനത ഈ മീറ്റിനെ ഉറ്റുനോക്കുന്നത്.

അമേരിക്കയില്‍ നിന്നാണ് ഏറ്റവുമധികം താരങ്ങള്‍ എത്തുന്നത്, 167പേര്‍. ആതിഥേയരായ ബ്രട്ടനില്‍ നിന്ന് 92 ഉം ജമൈക്കയില്‍ നിന്ന് 63 പേരും കെനിയ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്ന് 50 പേരും ജര്‍മനിയില്‍ നിന്ന് 72 പേരും പങ്കെടുക്കും. ഏറെ വിവാദങ്ങള്‍ക്കുശേഷം 25 അംഗ ടീമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, അന്‍ഡോറ, അല്‍ബേനിയ, അംഗോള, അര്‍മേനിയ, മാലി, മാള്‍ട്ട, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഓരോ അത്‌ലറ്റുകള്‍ മാത്രമാണ് പങ്കെടുക്കുന്നത്. 

ഉത്തേജക വിവാദത്തില്‍ അകപ്പെട്ട റഷ്യയില്‍ നിന്ന് ആരും തന്നെ പങ്കെടുക്കുന്നില്ല എന്ന പ്രത്യേകതയും ഈ മേളയ്ക്കുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക