Image

ജര്‍മനിയില്‍ വില്‍ക്കുന്ന മുട്ടകളില്‍ വിഷാംശം കണ്ടെത്തി

Published on 04 August, 2017
ജര്‍മനിയില്‍ വില്‍ക്കുന്ന മുട്ടകളില്‍ വിഷാംശം കണ്ടെത്തി
ബെര്‍ലിന്‍: ജര്‍മനിയിലെ കൂടുതല്‍ സ്‌റ്റേറ്റുകളില്‍ വിഷാംശമുള്ള മുട്ട കണ്ടെത്തി. നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാളിയയില്‍ കഴിഞ്ഞ ദിവസം തന്നെ ഒന്പതു ലക്ഷത്തോളം മുട്ടകളില്‍ കീടനാശിനി കലര്‍ന്നതായി തെളിഞ്ഞിരുന്നു.

ഡച്ച് ഫാമുകളില്‍ നിന്നുവന്ന മുട്ടയിലാണ് വിഷാംശം ആദ്യം കണ്ടത്തിയതെങ്കില്‍, ജര്‍മന്‍ ഫാമുകളില്‍ ഉദ്പാദിപ്പിക്കപ്പെടുന്ന മുട്ടയിലും ഈ പ്രശ്‌നമുള്ളതായാണ് പുതിയ വിവരം. ഈച്ചയെയും മറ്റു കീടങ്ങളെയും അകറ്റാന്‍ ഉപയോഗിക്കുന്ന ഫിപ്രോനില്‍ എന്ന കീടനാശിനിയുടെ സാന്നിധ്യമാണ് തിരിച്ചറിയപ്പെട്ടിരിക്കുന്നത്.

ഫിപ്രോനില്‍ സാന്നിധ്യം വളരെ കുറഞ്ഞ അളവില്‍ മാത്രമാണെന്നും മുതിര്‍ന്നവരില്‍ ഇത് ഒരു തരത്തിലുമുള്ള ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കില്ലെന്നും ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റിസ്‌ക് അസസ്‌മെന്റ് വിലയിരുത്തുന്നു. എന്നാല്‍, കുട്ടികളില്‍ ഇത് അപകടമാകാന്‍ സാധ്യത നിലനില്‍ക്കുന്നു.

ഫിപ്രോനില്‍ കൂടിയ അളവില്‍ ശരീരത്തിനുള്ളില്‍ ചെന്നാല്‍ ചര്‍മത്തിലും കണ്ണിലും അസ്വസ്ഥത സൃഷ്ടിക്കുകയും തലകറക്കത്തിനും തലവേദനക്കും ഛര്‍ദിക്കും കാരണമാകുകയും ചെയ്യും.

ഹെസന്‍, ബവേറിയ സ്‌റ്റേറ്റുകളിലാണ് പുതുതായി ഇത്തരം മുട്ട കണ്ടെത്തിയിരിക്കുന്നത്. ലോവര്‍ സാക്‌സണിയിലെ ഫാമില്‍ ഉദ്പാദിപ്പിക്കപ്പെട്ട മുട്ടയിലും വിഷാംശം തിരിച്ചറിഞ്ഞു. വെസ്റ്റ്ഫാളിയയിലും വിഷാംശം കലര്‍ന്ന മുട്ടകള്‍ കണ്ടെത്തിയിട്ടുണ്ട്.

ബെല്‍ജിയത്തില്‍ ഉദ്പാദിപ്പിച്ച ഒന്പതു ലക്ഷത്തിലേറെ മുട്ടകള്‍ ജര്‍മനിയിലെ കടകളില്‍നിന്നു തിരിച്ചെടുത്തു. ഇവയില്‍ കീടനാശിനി കലര്‍ന്നിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാളിയയിലെ കടകളില്‍നിന്നു ശേഖരിച്ച മുട്ടകളുടെ സാന്പിളുകളിലാണ് കീടനാശിനിയുടെ അംശം കണ്ടെത്തിയത്. ഫിപ്രോനില്‍ എന്ന കീടനാശിനിയാണ് കലര്‍ന്നിരിക്കുന്നതെന്ന് ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റിസ്‌ക് അസസ്‌മെന്റ് വിലയിരുത്തി.

കോഴി വസന്ത അകറ്റാന്‍ ഉപയോഗിക്കുന്ന മരുന്നാണ് ഫിപ്രോനില്‍. ബെല്‍ജിയത്തില്‍ നിന്ന് 2.9 മില്യണ്‍ മുട്ടകളാണ് നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയയിലെത്തിയിട്ടുള്ളത്. ഇതില്‍ ഒന്പതു ലക്ഷം മാത്രമാണിപ്പോള്‍ കടകളിലെത്തിക്കഴിഞ്ഞത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക