Image

യാമിനി (കവിത: ഗീത. വി)

Published on 02 August, 2017
യാമിനി (കവിത: ഗീത. വി)
യാമിനീ നിന്‍ വിപഞ്ചികയില്‍
നീ മീട്ടും മൗന സംഗീതത്തിന്‍
രാഗമേതെന്നു ചൊല്ലുമോ നീ
നീലാംബരിയോ, മധ്യമാവതിയോ
അപൂര്‍വ്വ ഗന്ധര്‍വ്വ രാഗങ്ങളോ ?
നിന്‍ സ്വര്‍ഗ്ഗീയ സംഗീതത്തില്‍
നിശ്ചലമായിടുന്നു സമസ്ത ഭുവനവും
നിന്‍ നീരവ നടനത്തില്‍
മയങ്ങുന്നു ചരാചരവിശ്വം
നീ ഗന്ധര്‍വ്വ ഗായികയോ !
സുരലോക നര്‍ത്തകിയോ !
നീശീഥിനീ നിന്‍ വാദ്യമേളക്കാരാരെന്നു ചൊല്ലുമോ നീ
ദിക്കുകളോ നിന്‍ ദിവ്യരാം മേളക്കാര്‍ ?
മാരുതനോ നിന്‍ മുരളീവാദന്‍
രജനീയെത്ര മനോജ്ഞം
ജ്യോതിസ്സുകളാലലംകൃതമായ
നിന്‍ രാജമന്ദിരം
വിശ്വകര്‍മ്മാവോ നിന്‍ രാജശില്പി !
രജതഹേമ ഹരിതപീത
താമ്രമിന്ദ്രനീല, സിതാസിത
അതിരക്ത വര്‍ണ്ണങ്ങള്‍
പ്രാണനില്‍ ചാലിച്ചു നീയാലേഖനം ചെയ്യും
അഭൗമ ചിത്രങ്ങള്‍ വിചിത്രംതന്നെ.
ചിത്രവേലയോ അതു നിന്‍
ഇന്ദ്രജാല വിദ്യയോ
എങ്ങു നീ ഗൂഢമായി സൂക്ഷിപ്പവതുനിന്‍
മിന്നല്‍ പ്രഭയോലും വര്‍ണ്ണക്കൂട്ടുകള്‍ ?
യാമനീ നിന്‍ മഹാര്‍ണ്ണവത്തില്‍ വിടരും
ദിവ്യ സൂനങ്ങളോ തിങ്കളും താരങ്ങളും
ആഴിതന്‍ മടിത്തട്ടിലമൂല്യ രത്‌നങ്ങളെയെന്നപോല്‍
നിന്‍ മഹാസൗധത്തില്‍ ഗൂഢമായി
നീ സൂക്ഷിപ്പവതോ ദേവീ
ബ്രഹ്മാണ്ഡത്തെത്തന്നെയല്ലയോ !
മൂകമായേവരുടേയും സര്‍വ്വ
വ്യഥകളുമേറ്റുവാങ്ങി നിന്‍
പ്രാണ പ്രഭാവത്താല്‍
ഉണര്‍വ്വേകി, ശക്തിയേകി കാത്തരുളുന്ന
ദേവീ നിനക്ക് പ്രണാമം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക