Image

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ വിമെന്‍സ് ഫോറം ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്

Published on 31 July, 2017
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ വിമെന്‍സ് ഫോറം ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ സ്ത്രീകളുടെ മഹത്വവും പങ്കും അംഗീകരിക്കപ്പെടുന്നതിനും സഭയുടെ വളര്‍ച്ചയില്‍ സ്ത്രീസഹജമായ വിവിധ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതിനുമായി രൂപീകൃതമായ 'എപ്പാര്‍ക്കിയല്‍ വിമെന്‍സ് ഫോറ’ത്തിന്റെ ആദ്യ റീജണല്‍, രൂപത ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 10 മുതല്‍ ഒക്ടോബര്‍ എട്ടു വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.

രൂപതയിലെ 170 ഓളം വരുന്ന വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളില്‍നിന്നും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍, എക്‌സിക്യുട്ടീവ് മെംബേഴ്‌സ് എന്നിവരായി തെരഞ്ഞെടുക്കപ്പെടുന്നവരില്‍നിന്നാണ് രൂപത, റീജണല്‍ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത്. 

ഇത്തരത്തില്‍ പതിനായിരത്തിലധികം വരുന്ന കുടുംബിനികളെ ഒരുമിച്ചു നിര്‍ത്തുന്നതിലൂടെ കുടുംബ ബന്ധങ്ങള്‍ വളര്‍ത്തുവാനും രൂപതയുടെ പ്രവര്‍ത്തനങ്ങളില്‍ സമഗ്ര സംഭാവനകള്‍ നല്‍കാനും സ്ത്രീ ശാക്തീകരണത്തിലൂടെ സാധിക്കും. ഓരോ കുര്‍ബാന സെന്ററില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടുവരുന്ന അംഗങ്ങള്‍ നല്‍കുന്ന നിര്‍ദേശങ്ങളും വിമെന്‍സ് ഫോറത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമാകും. രൂപത വിമെന്‍സ് ഫോറത്തിന്റെ ആനിമേറ്ററായി സിസ്റ്റര്‍ മേരി ആന്‍ നിയമിതയായിട്ടുണ്ട്. 

നവംബര്‍ 12ന് എല്ലാ യൂണിറ്റുകളിലേയും റീജണുകളിലേയും പ്രസിഡന്റുമാരുടെ സമ്മേളനം ബെര്‍മിംഗ്ഹാമിലെ സെന്റ് ജെറാര്‍ഡ് കത്തോലിക്കാ പള്ളിയില്‍  നടക്കും.സമ്മേളനത്തില്‍ രൂപത ഭാരവാഹികളുടെ തെരഞ്ഞെടുപ്പു നടക്കും 

എട്ടു റീജണുകളില്‍ നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പുകള്‍ക്ക് ഫാ. ജയ്‌സണ്‍ കരിപ്പായി, ഫാ. ജോസഫ് വെന്പാടുംതറ, ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍, ഫാ. പോള്‍ വെട്ടിക്കാട്ട്, ഫാ. തോമസ് തൈക്കൂട്ടത്തില്‍, ഫാ. സജി തോട്ടത്തില്‍, ഫാ. ടെറിന്‍ മുല്ലക്കര, ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല എന്നിവര്‍ നേതൃത്വം നല്‍കും. 

18 വയസിനു മുകളിലുള്ള എല്ലാ വനിതകളും ഉള്‍പ്പെടുന്ന വിമെന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ രൂപതയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മുതല്‍ക്കൂട്ടാകുമെന്ന് മാര്‍ ജോസഫ് സ്രാന്പിക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു. 

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക