Image

അഭയാര്‍ഥികളെ നാടുകടത്താന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കോടതിയുടെ അനുമതി

Published on 27 July, 2017
അഭയാര്‍ഥികളെ നാടുകടത്താന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കോടതിയുടെ അനുമതി
 
ബ്രസല്‍സ്: അഭയാര്‍ഥികളെ നാടുകടത്താന്‍ യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് കോടതി അനുമതി നല്‍കി. ആദ്യമായെത്തിയ രാജ്യത്തല്ല അഭയാര്‍ഥിത്വത്തിന് അപേക്ഷിക്കുന്നതെങ്കില്‍ അവരെ നാടുകടത്താമെന്ന് നിയമമുള്ളതാണ്. പ്രത്യേക സാഹചര്യങ്ങളില്‍ ആണെങ്കില്‍ പോലും ഈ നിയമത്തില്‍ ഇളവ് അനുവദിക്കണമെന്നു നിര്‍ബന്ധമില്ലെന്നും കോടതി വ്യക്തമാക്കി. ഓസ്ട്രിയയാണ് ഇക്കാര്യം യൂറോപ്യന്‍ യൂണിയന്‍ കോടതിയില്‍ കേസായി ഫയല്‍ ചെയ്തത്. അതനുസരിച്ചാണ് യൂണിയന്‍ കോടതിയുടെ വിധി.

ഓസ്ട്രിയയ്ക്കു പുറമേ സ്ലോവേനിയയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. പുതിയ വിധിയുടെ പശ്ചാത്തലത്തില്‍ നൂറുകണക്കിന് അഭയാര്‍ഥികള്‍ ഈ രാജ്യങ്ങളില്‍ നിന്നു നാടുകടത്തപ്പെടാന്‍ സാധ്യതയുണ്ട്. ക്രൊയേഷ്യയില്‍നിന്ന് ഓസ്ട്രിയയിലെത്തിയ രണ്ട് അഫ്ഗാന്‍ കുടുംബങ്ങളുടെയും ഒരു സിറിയക്കാരന്റെയും കാര്യത്തില്‍ മാത്രമാണ് ഇപ്പോഴത്തെ വിധിയെങ്കിലും ഇത് എല്ലാവര്‍ക്കും ബാധകമാകും. ആദ്യമെത്തിയത് ക്രൊയേഷ്യയിലായതിനാല്‍ അവര്‍ അവിടെയായിരുന്നു അഭയാര്‍ഥിത്വത്തിന് അപേക്ഷിക്കേണ്ടിയിരുന്നതെന്നും, അതു ചെയ്യാത്തതിനാല്‍ നാടുകടത്താം എന്നുമാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

ക്രൊയേഷ്യയിലേക്കാണ് ഇവരെ തിരിച്ചയയ്‌ക്കേണ്ടത്. തുടര്‍ന്നുള്ള കാര്യങ്ങള്‍ ക്രൊയേഷ്യയ്ക്കു തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.അതുകൊണ്ടുതന്നെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഉണ്ടായ അഭയാര്‍ത്ഥിപ്രവാഹത്തില്‍ ഒരു മാനദണ്ഡവും കൂടാതെ ഇയു രാജ്യങ്ങളില്‍ താമസിയ്ക്കുന്ന അഭയാര്‍ത്ഥികള്‍ നാടുകടത്തലിന് വിധേയമാവും. പ്രത്യേകിച്ച് സിറിയ, ലിബിയ, ഇറാക്ക്, അഫ്ഗാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍. ജര്‍മനിയാവട്ടെ ഇക്കാര്യത്തില്‍ നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക