ലണ്ടന്‍: അതിമനോഹരങ്ങളായ വിസ്മയങ്ങളുടെ കലവറയാണ് ജൂലൈ 29 ശനിയാഴ്ച്ച ഡ്രേക്കോട്ട് വാട്ടര്‍ പാര്‍ക്കില്‍ വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്നതിനും ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ആസ്വദിക്കുന്നതിനുമായി എത്തിച്ചേരുന്ന യുകെ മലയാളികള്‍ക്കായി സംഘാടകസമിതി ഒരുക്കിയിരിക്കുന്നത്. യഥാര്‍ത്ഥ കൊന്പനാനയുടെ ഗാംഭീര്യത്തോടു കൂടിയുള്ള ഗജരാജന്‍ നീലഗിരി കണ്ണന്, ചുണ്ടന് വള്ളങ്ങളുടെ മാതൃകയിലേയ്ക്ക് മത്സരവള്ളങ്ങളെ മാറ്റിയെടുക്കുന്നതിനുള്ള അമരവും അണിയവും, മാഞ്ചസ്റ്ററില്‍ നിന്നും 40 അംഗ ശിങ്കാരി മേളം, അവതരണഗാനവും നൃത്തകലാ രൂപങ്ങളും ഉള്‍പ്പെടെ മത്സരങ്ങളുടെ ഇടവേളകളില്‍ വേദിയില്‍ മാസ്മരിക പ്രകടനം നടത്തുവാന്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഇനങ്ങളും, പാര്‍ക്കില്‍ കുട്ടികള്‍ക്കായുള്ള അതിവിപുലമായ സ്ഥിരം പ്ലേ ഏരിയായ്ക്ക് പുറമേ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കാര്‍ണിവലും ഉണ്ടായിരിക്കുന്നതാണ്.
യുകെയിലാദ്യമായി മലയാളി സമൂഹത്തിനിടയ്ക്ക് അവതരിപ്പിക്കപ്പെടുന്ന ഗജരാജന്‍ നീലഗിരി കണ്ണന്, യഥാര്‍ത്ഥ കൊന്പനാനയുടെ തലയെടുപ്പും ഗാംഭീര്യവുമുള്ള മെക്കാനിക്കല്‍ ആനയാണ്. ശരാശരി യഥാര്‍ത്ഥ ആനകളുടെ വലുപ്പമായ രണ്ടര മീറ്റര്‍ ഉയരവും നാല് മീറ്ററോളും നീളവുമുള്ള നീലഗിരി കണ്ണന് നെറ്റിപ്പട്ടവും അണിഞ്ഞ് മുത്തുക്കുടകളുടെ അകന്പടിയില്‍ ശനിയാഴ്ച്ച രാവിലെ മുതല്‍ ഡ്രേക്കോട്ട് പാര്‍ക്കില്‍ സജ്ജമായിരിക്കും. ഉദ്ഘാടനം കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് ആനപ്പുറത്ത് കയറുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. ഇത് പാസ്സ് അനുസരിച്ച് നിയന്ത്രണവിധേയമായിരിക്കും.
യുകെയില്‍ തന്നെ വളരെ അപൂര്‍വമാണ് മെക്കാനിക്കല്‍ ആനകള്‍. മലയാളികള്‍ക്കിടയില്‍ ആദ്യമായിട്ടാണ് മെക്കാനിക്കല്‍ ആന എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇന്നലെ ഡ്രേക്കോട്ട് പാര്‍ക്കില്‍ നീലഗിരി കണ്ണനെ എത്തിക്കുകയുണ്ടായി. ഇവന്റ് സ്വാഗതസംഘം ചെയര്മാന് മാമ്മന്‍ ഫിലിപ്പ്, ഭാരവാഹികളായ റോജിമോന്‍ വറുഗ്ഗീസ്, അഡ്വ. എബി സെബാസ്റ്റ്യന്‍, ഡിക്സ് ജോര്‍ജ്, പോള്‍സണ്‍ മാത്യു, ദീപേഷ് സ്ക്കറിയ, ഷാജു ബാന്‍ബറി എന്നിവരുടെ നേതൃത്വത്തില്‍ ആനയെ ഏറ്റുവാങ്ങി. ഇവന്റ് ദിവസം നീലഗിരി കണ്ണന്റെ ചുമതല സുരേഷ്കുമാര്‍ നോര്‍ത്താംപ്ടണ്‍ ആയിരിക്കും. ഇവന്റിലെ കേറ്ററിങ് പാര്‍ട്ട്ണേഴ്സ് ആയ റോതര്‍ഹാം നീലഗിരി റെസ്റ്റോറന്റ് ഗ്രൂപ്പാണ് മെക്കാനിക്കല്‍ ആനയെ വാങ്ങുന്നതിന് സ്പോണ്സര് ചെയ്തത്.
സ്പോണ്‍സര്‍മാരെ കൂടാതെ മറ്റുള്ളവര്‍ക്കും കാര്‍ണിവല്‍ പാര്‍ക്കില്‍ സ്റ്റാളുകള്‍ അനുവദിക്കുന്നതാണ്. സ്റ്റാളുകള്‍ നടത്തുന്നതിന് താത്പര്യമുള്ളവര്‍ക്ക് ഇനിയും സമീപിക്കാവുന്നതാണെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. പരിപാടിയുടെ വിശദ വിവരങ്ങള്‍ക്ക്; മാമ്മന്‍ ഫിലിപ്പ് (ചെയര്മാന്): 07885467034, റോജിമോന്‍ വര്‍ഗ്ഗീസ് (ചീഫ് ഓര്‍ഗനൈസര്‍): 07883068181എന്നിവരെ ബന്ധപ്പെടാവുന്നതാണ്.