Image

ചൂണ്ടയും ഇരയും (പി ഡി ജോര്‍ജ് നടവയല്‍)

പി ഡി ജോര്‍ജ് നടവയല്‍ Published on 26 July, 2017
ചൂണ്ടയും ഇരയും (പി ഡി ജോര്‍ജ് നടവയല്‍)
നേരേ പോയി മുന്നോട്ട്
വീഴാതെ, സുക്ഷ്മമായ്;
അന്നേരം, സമാന്തരമായി
നേരേ തന്നേ വന്നവരെക്കണ്ടൂ;
കിതപ്പില്ലാതെ, ഒപ്പത്തിനൊപ്പം
 കൈകോര്‍ത്തൂ, കഥ പറഞ്ഞൂ;
കണ്ണീര്‍ തുടച്ചൂ, കളിചിരികളിലൊത്തൂ.
 ഗതിവേഗം മറന്നു മുന്നേറവേ,
സമാന്തര സഹയാത്രികരാം
നക്ഷത്ര പ്രതിച്ഛായകള്‍ക്ക്
ജീവിത യാത്രാഭാരക്കനം കുറഞ്ഞൂ;
ആസക്തികളില്‍ സൂക്ഷ്മതയേറീ;
കുശാഗ്രബുദ്ധിചെത്തിമിനുങ്ങീ;
അവര്‍ ഹെയര്‍പിന്‍ വളവായി പുളഞ്ഞൂ;
ചൂണ്ട മുനയാര്‍ന്നൂ;
അഭ്രപാളികളിലെ ചിത്രശോഭയാല്‍,
സാഹിത്യാക്ഷര മന്ത്രത്താല്‍,
നക്ഷത്ര പ്രതിച്ഛായാ വാഹകര്‍
ശരവേഗത്തില്‍
ചൂണ്ടയിലിരകോര്‍ത്തൂ;
സഹൃദയാസ്വാദന ശീലങ്ങളാല്‍
തരളിതമായ്  പിടയും
കേവല യാത്രികരാം നമ്മുടെ 
മാനമാം ശുദ്ധജല മത്സ്യത്തെ
ഇരയുള്ള ചൂണ്ടയില്‍ തറച്ച്
നിര്‍മ്മല ചിന്തകളുടെ
തെളിനീര്‍ ചോലയില്‍ നിന്നു
ദുരകള്‍ ചവറുകൂനകൂട്ടിയ
കരയിലേക്കെറിഞ്ഞൂ;
കുഴിമാടാസ്ഥിയിലെ ഗന്ധകദ്യുതി
താരശോഭ യെന്നു നിനച്ച  നാം
പിടയുക, പിടയുക, പിടയുക;
ചൂണ്ടയും ഇരയും ജയിക്കട്ടേ.


ചൂണ്ടയും ഇരയും (പി ഡി ജോര്‍ജ് നടവയല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക