Image

ജീവിത യാത്ര (കവിത: റോബിന്‍ കൈതപ്പറമ്പ്)

Published on 26 July, 2017
ജീവിത യാത്ര (കവിത: റോബിന്‍ കൈതപ്പറമ്പ്)
ഹൃദയത്തിലേയ്ക്ക് ഞാന്‍
ചേര്‍ത്തുവെയ്ക്കുന്നു നിന്‍

ഹൃദ്യമാം പൂമുഖം എന്റെ പ്രിയേ
കൂടെ ഞാന്‍ കൂട്ടുന്നെന്‍

യാത്രകളിലെന്നും നിന്‍
സ്‌നേഹമാം പരിമളം ഓര്‍മ്മയിലയ്

ഒരു മുല്ലവല്ലിയായ് പടര്‍ന്നു നീ
എന്നുള്ളില്‍ പുതുമഴയായി പെയ്യവെ

ഒരു നേര്‍ത്ത തെന്നലില്‍ കുളിര്‍മയും,
പിന്നൊരു വാസനപ്പൂവിന്റെ മൃദുലതയും

അറിയുന്നു നീയെന്നരികിലില്ലെങ്കിലും
ഓര്‍ക്കുന്നൊരാ നല്ല നാളുകളും.......

എന്തിനോ വേണ്ടി പിണങ്ങി പിരിഞ്ഞു നീ
വാതിലിന്‍ ചാരെയായ് മിഴിനീരു വാര്‍ക്കവെ

നെഞ്ചിലായ് നിന്‍ ശിരസ്സേറ്റി ആ കവിളിലെ
കണ്ണീരിലുപ്പിന്റെ മധുരം നുണഞ്ഞതും

നെഞ്ചിലെ ചൂടേറ്റുറങ്ങാന്‍ കിടക്കവെ
കാതോരമായ് നൂറു കാര്യങ്ങള്‍ ചൊന്നതും

ഉണ്ണുവാന്‍ ഇലയിട്ടടുത്തിരുന്നിട്ടു നീ
ആരാരുമറിയാതെന്‍ ഇലയില്‍ നിന്നുണ്ടതും

കൊഞ്ചി നീ എന്നരികില്‍ ഒരു പിഞ്ചുകുഞ്ഞായി
കളിക്കൂട്ടുകാരിയായ് എന്‍ സന്തോഷ വേളയില്‍

ആശ്വാസമായി നിന്‍ മടിത്തട്ടിലായെന്നും
മയങ്ങി ഞാനുണരട്ടെ പുലരികള്‍ കാണുവാന്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക