Image

ഉദയസൂര്യന്റെ നാട്ടില്‍ -എന്റെ ചൈനീസ് പര്യടനം (സഞ്ചാരക്കുറിപ്പുകള്‍ - 2: സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്)

Published on 23 July, 2017
ഉദയസൂര്യന്റെ നാട്ടില്‍ -എന്റെ ചൈനീസ് പര്യടനം (സഞ്ചാരക്കുറിപ്പുകള്‍ - 2: സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്)
തായ്‌വാനില്‍ നിന്നും രാത്രി ഒമ്പതു മണിക്ക് പുറപ്പെട്ട കപ്പല്‍ പകല്‍ മുഴുവന്‍ തിരമാലകളോട് മല്ലടിച്ച് ജപ്പാന്‍ കടല്‍ തീരത്തേക്കുള്ള പ്രയാണത്തില്‍ മുഴുകി. കപ്പലിലെ സംഗീതവും, നൃത്തങ്ങളും ഭക്ഷണവുമെല്ലാം സഞ്ചാരികളായ ഞങ്ങളെ ആനന്ദിപ്പിച്ചു. രാത്രി പത്തു മണിയോടെ കപ്പലിന്റെ ക്യാപ്റ്റന്റെ അറിയിപ്പ് വന്നു. കടലില്‍ കോളിളക്കം ആരംഭിക്കാന്‍ പോകുന്നു. കാറ്റു ശക്തിയായി വീശുകയും ചെയ്യും. എല്ലാവരും മുന്‍കരുതലോടെ ഇരിക്കുക. ഞങ്ങളുടെ കിടക്കയും കട്ടിലും പതുക്കെ ഉലയുന്നതായി അനുഭവപ്പെട്ടു. അത്തരം അറിയിപ്പുകളൊന്നും ഞങ്ങളെ ഭയപ്പെടുത്തിയില്ല. ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട സീയോന്‍ സഞ്ചാരി എന്ന ഗീതം എല്ലാവരുടേയും ചുണ്ടില്‍ നിന്നും അവര്‍ അറിയാതെ ഉതിര്‍ന്നു വീണു. കാരുണ്യവാനായ ദൈവത്തിന്റെ കരങ്ങള്‍ വലയം ചെയ്യുമ്പോള്‍ നമ്മള്‍ എല്ലാം സുരക്ഷിതമാണെന്ന ബോധം ഞങ്ങളെ എല്ലാവരേയും കരുത്തരാക്കി.
കുറച്ച് നേരത്തെ പ്രാര്‍ത്ഥനക്കുശേഷം എല്ലാവരും സന്തോഷത്തിന്റെ നിമിഷങ്ങള്‍ പങ്കുവച്ചുകൊണ്ടു ഉറങ്ങാന്‍ പോയി. അടുത്ത ദിവസം രാവിലെ ജപ്പാനിലെ നാഗസാക്കിയില്‍ കപ്പലടുക്കും. അവിടെനിന്നും സ്ഥലങ്ങള്‍ കാണാനായി ബസ്സുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ആ സമയത്ത് ന്യൂയോര്‍ക്കില്‍ 24 ഡിഗ്രി മഞ്ഞു പൊഴിഞ്ഞുവെന്ന വാര്‍ത്ത അനിയത്തി പൊന്നു അറിയിച്ചു. ന്യൂയോര്‍ക്കില്‍ തിരിച്ച് ചെല്ലുമ്പോഴെക്കും അവിടത്തെ പ്രകൃതിയും മാറി സുഖകരമാകണേ എന്നു ഞങ്ങള്‍ പ്രാര്‍ത്ഥിച്ചു.

രാവിലെ അഞ്ചുമണി വരെ സമുദ്രം അതിന്റെ സംഹാരതാണ്ഡവമാടി. യാത്രക്കാരെല്ലാം ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ട് പരിഭ്രമിക്കാതെ കഴിച്ചുകൂട്ടി. വാസ്തവത്തില്‍ സമുദ്രത്തിന്റെ അശാന്തി ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. ഒരു ഊഞ്ഞാല്‍ കട്ടിലില്‍ ആടുന്ന സുഖം ആസ്വദിക്കയായിരുന്നു ഞങ്ങള്‍. രാവിലെ 8 മണിക്ക് ഞങ്ങളുടെ കപ്പല്‍ നാഗസാക്കി തുറമുഖത്തെത്തി. ഉദയസൂര്യന്റെ നാട്ടില്‍. അവിടത്തെ സൂര്യരശ്മികള്‍ക്ക് കൂടുതല്‍ അഴുകണ്ടൊ എന്നു ശ്രദ്ധിക്കയായിരുന്നു ഞാന്‍. ഭൂമിയുടെ ഭ്രമണപഥം മൂലം ആദ്യം സൂര്യന്‍ പ്രത്യക്ഷപ്പെടുന്നത് ഇവിടെയായിരിക്കും.

ഇമ്മിഗ്രേഷന്‍ നിയമപരിപാടികള്‍ പൂര്‍ത്തിയാക്കി കാഴ്ച്ചകള്‍ കാണാനായി ഞങ്ങളുടെ ബസ്സ് രാവിലെ പതിനൊന്നു മണിയോടെ പുറപ്പെട്ടു. ബസ്സ് പുറപ്പെട്ടപ്പോള്‍ മുതല്‍ എന്റെ മനസ്സിലേക്ക് അവിടെ അമേരിക്ക വീഴ്ത്തിയ ബോംബിന്റെ ഭയനാകമായ ദൃശ്യങ്ങള്‍ ഓടി വന്നു. നമ്മള്‍ പുസ്തകത്തില്‍ നിന്നും ടി.വി.യില്‍നിന്നും മനസ്സിലാക്കിയിട്ടുള്ള ദുരന്തങ്ങള്‍ നടന്ന സ്ഥലത്ത് ചെല്ലുമ്പോള്‍ പറയാനാകാത്ത ഒരു വീര്‍പ്പുമുട്ടല്‍ അനുഭവപ്പെടുന്നു. ബോംബാക്രമണം കൊണ്ട് ജപ്പാനിലെ രണ്ട് പ്രസിദ്ധ നഗരങ്ങള്‍ കത്തിച്ചാമ്പലാക്കിയ അമേരിക്കയുടെ ക്രൂരത അംഗീകരിക്കുന്നവരും അല്ലാത്തവരുമുണ്ട്. രണ്ടാം ലോകമഹായുദ്ധം തീര്‍ക്കാന്‍ അതേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ എന്നു വാദിക്കുന്നവരും ഉണ്ട്. ഒരു പക്ഷെ ജപ്പാന്‍, ഹവായ് ദ്വീപ് സമൂഹത്തിലെ പേള്‍ ഹാര്‍ബര്‍ ആക്രമിച്ചില്ലായിരുന്നെങ്കില്‍ അമേരിക്ക രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുക്കുകയില്ലായിരുന്നു. പക്ഷെ അന്നത്തെ സാഹചര്യങ്ങള്‍ വച്ച് നോക്കുമ്പോള്‍ അമേരിക്കക്ക് യുദ്ധം അനിവാര്യമായിരുന്നു. പേള്‍ ഹാര്‍ബറില്‍ ജപ്പാന്‍ വരുത്തിയ കെടുതികളേക്കാള്‍ അമേരിക്ക അവര്‍ക്കേല്‍പ്പിച്ച ഭീകരമായ നാശനഷ്ടങ്ങള്‍ വലുതാണ്. അമേരിക്ക ബോംബ് വര്‍ഷിച്ച സംഭവസ്ഥലത്ത് 72 വര്‍ഷങ്ങള്‍ക്കുശേഷം വന്നു നില്‍ക്കുമ്പോള്‍ അന്നത്തെ മനുഷ്യരുടെ ദീനരോദനങ്ങള്‍ കാതില്‍ വന്നലയ്ക്കുന്നതുപോലെ തോന്നുന്നു. സ്മാരകശിലകള്‍ ഇല്ലാത്ത ശ്മശാനമായി നാഗസാക്കി മാറിയെന്ന് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നു. ഹിരോഷിമയിലും നാഗസാക്കിയിലുമായി എത്രയോ മനുഷ്യര്‍ ഭസ്മമായി. അവശേഷിച്ചവര്‍ ബോംബ് സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ നിത്യരോഗികളായി നരകിച്ച് മരിച്ചു. മനുഷ്യര്‍ പരസ്പരം വെട്ടി മരിച്ച് നേടുന്ന വിജയം വിജയമാണോ?

ഇവിടത്തെ ആദ്യത്തെ സന്ദര്‍ശനം ഇനസാമ പര്‍വതങ്ങളിലേക്കായിരുന്നു. നാലായിരം സ്ക്വയര്‍ ഫീറ്റില്‍ പരന്നു കിടക്കുന്ന ഈ പര്‍വതം വിവിധ വര്‍ണ്ണങ്ങളുള്ള പൂക്കളാല്‍ അലംകൃതമായിരുന്നു. ഞങ്ങളുടെ സന്ദര്‍ശന സമയം വസന്തകാലത്തായിരുന്നതിനാല്‍ എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂക്കള്‍ കാണാമായിരുന്നു. ഇവിടെയാണ് തേയിലത്തോട്ടങ്ങള്‍ ഉള്ളത്. നാഗസാക്കി തേയില കൃഷിക്ക് പ്രസിദ്ധമാണ്. ഈ പര്‍വതത്തിന്റെ മുകളിലേക്ക് എത്തി ചേരുന്നതിനു 101 പടികള്‍ ചവുട്ടി കയറേണ്ടതുണ്ട്. ഇവിടെ ഒരു ഒബ്‌സര്‍വേഷന്‍ ടവ്വര്‍ ഉണ്ട്. പര്‍വതമുകളില്‍ ഒരു പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. അതിന്റെ ഉയരം 9.7 മീറ്ററാണത്രെ.

പ്രാദേശിക സമയം 11.02 ആഗസ്റ്റ് 6, 1945 അമേരിക്ക ""ഫാറ്റ് മാന്‍'' എന്ന പേരിട്ട അവരുടെ ബോംബ് നാഗസാക്കിക്ക് മേല്‍ വര്‍ഷിച്ചു. ആ സ്‌പോട്ട് ഇന്നു ഹൈപ്പൊസെന്റര്‍ എന്ന പേരില്‍ സംരക്ഷിച്ച് വരുന്നു. ജപ്പാനിലെ ഹിരോഷിമയില്‍ ബോംബ് വര്‍ഷിച്ചതിനു ശേഷമാണത്രെ നാഗസാക്കിയില്‍ അതു നിക്ഷേപിച്ചത്. കപ്പലിലേക്ക് തിരിച്ച് മടങ്ങുമ്പോള്‍ ഞങ്ങളുടെ അംഗത്തിലുണ്ടായിരുന്നവര്‍ ബോംബ് നിപതിച്ച സ്ഥലം സന്ദര്‍ശിച്ചു. കറുത്ത ഒരു ഒറ്റക്കല്‍ തൂണ്‍ സ്മാരകം അവിടെ പണി കഴിപ്പിച്ചിട്ടുണ്ട്. ബോംബിനിരയായവരുടെ പേരുകള്‍ ആ തൂണില്‍ കൊത്തി വച്ചിരിക്കുന്നത് കാണാം. പേള്‍ ഹാര്‍ബര്‍ സന്ദര്‍ശിച്ചപ്പോള്‍ ആ ദുരന്തത്തില്‍ രക്തസാക്ഷികളായവരുടെ പേരുകള്‍ അവിടെ കൊത്തി വച്ചിരുന്നു. നാഗസാക്കിയില്‍ കൊല്ലപ്പെട്ട നിര്‍ഭാഗ്യരായവരുടെ എണ്ണമറ്റ പേരുകള്‍ എങ്ങനെ കൊത്തി വയ്ക്കും. ഒരു നിമിഷം കൊണ്ട് ഒരു നഗരം കത്തി ജ്വലിച്ച് ചാരയമായപ്പോള്‍ മരിച്ച് വീണവരുടെ എണ്ണം എത്രയായിരിക്കും. അവിടെ ചില കണക്കുകളൊക്കെ കാണിക്കുന്നെങ്കിലും സൂക്ഷ്മമായ കണക്കുകള്‍ ആര്‍ക്കറിയാം.

നാഗസാക്കിയിലെ അറ്റോമിക്ക് ബോംബ് മ്യൂസിയം രണ്ടാം ലോക മഹായുദ്ധത്തിന്റെ ദൃശ്യങ്ങള്‍, ബോംബ് വര്‍ഷിച്ചതിന്റേയും അതിന്റെ ദുരന്ത ഫലങ്ങളുടേയും പടങ്ങളും, അവശിഷ്ടങ്ങളും സന്ദര്‍ശകര്‍ക്ക് കാണാനായി ഒരിക്കിവച്ചിരിക്കുന്നു. ബോംബ് വീണ സമയം 45000 അടി ഉയരത്തില്‍ കൂണു പോലെ ധൂമപടലങ്ങള്‍ അന്തരീക്ഷത്തിലുയര്‍ന്നു. നാഗസാക്കിയില്‍ വീണ ബോംബിന്റെ ''ഫാറ്റ് മാന്‍'' എന്ന പേരു തടിയനായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ ഉദ്ദേശിച്ച് നല്‍കിയതാണത്രെ. ബോംബിന്റെ വീഴ്ച്ചയില്‍ ഭിത്തിയിലെ നാഴികമണി ചിതറിപ്പോയി. ശപിക്കപ്പെട്ട ആ സമയം കൃത്യമായി കാണിച്ചുകൊണ്ട് അത് നിശ്ചലമായിപ്പോയി. സമയം മുന്നോട്ട് നീങ്ങുമ്പോഴും ആ നാഴികമണി സന്ദര്‍ശകര്‍ക്കുള്ള ഒരു സന്ദേശം പോലെ മിടിപ്പുകള്‍ നിലച്ച് മരവിച്ച് നില്‍ക്കുന്നു.

അതിനടുത്തായി സമാധാനത്തിന്റെ ഒരു പ്രതിമയും സ്ഥാപിച്ചിരിക്കുന്നു. ഈ പ്രതിമ സാര്‍വ്വലൗകികമായ മൈത്രിക്കുള്ള ഒരു കൈചൂണ്ടിപ്പലകയാണ്. പൗരഷവും ആരോഗ്യവും പ്രദര്‍ശിപ്പിക്കുന്ന പുരുഷരൂപമുള്ള ഈ പ്രതിമ ധ്യാനത്തില്‍ മുഴുകിയിരിക്കുന്ന പോലെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. അതിന്റെ വലത്തെ കൈ മുകളിലേക്ക് ചൂണ്ടിയിരിക്കുന്നത് ന്യൂക്ലിയര്‍ ആക്രമണം വരുന്നതിനെ സൂചിപ്പിക്കുന്നു. നീട്ടിപിടിച്ചിരിക്കുന്ന ഇടതുകരം സമാധാനത്തിന്റെ സന്ദേശമാണ് നല്‍കുന്നത്. ലോകശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നപോലെയാണ് ആ മുഖഭാവം. അതിനടുത്ത് തന്നെയുള്ള ഒരു ഫലകത്തില്‍ ബോംബ് വരുത്തിയ നാശനഷ്ടങ്ങളുടെ കണക്കുകള്‍ രേഖപ്പെടുത്തിവച്ചിരിക്കുന്നു. എല്ലാ വര്‍ഷവും ആഗസ്റ്റ് മാസം ഒമ്പതാം തീയതി നാഗസാക്കി സമാധാനദിനമെന്ന പേരില്‍ ഈ പ്രതിമക്ക് മുന്നില്‍ പ്രാര്‍ത്ഥനയും പൂജയും നടത്തുന്നു.
വിശുദ്ധ കുര്‍ബാന പള്ളിയില്‍ നടക്കുമ്പോഴായിരുന്നു ബോംബ് വീണത്. ഈ കത്തീഡ്രലിനെ ഉരകാമി പള്ളിയെന്നും വിളിച്ച് വരുന്നു. പ്രാര്‍ത്ഥിച്ചുകൊണ്ട് നിന്നിരുന്ന എല്ലാവരും തല്‍ക്ഷണം മരിച്ചു. പള്ളിയിലെ ശിലാപ്രതിമകള്‍ക്കും, കരകൗശലവസ്തുക്കള്‍ക്കും ബോംബു വീണപ്പോള്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. പള്ളിമണി മറിഞ്ഞ് വീണു ഭാഗികമായി കത്തിയുരുകിയിരുന്നു. കേടുപാടുകള്‍ വന്നു അവശേഷിച്ച് വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതിലൊന്നാണു പള്ളി മണി. സഭയും ഗവണ്‍മെന്റും തമ്മിലുള്ള തര്‍ക്കം മൂലം പള്ളി പുതുക്കി പണിതത് 1959-ലാണ്. പുതുക്കി പണിയാതെ സ്മാരകമായി അങ്ങനെ തന്നെ നിര്‍ത്തണമെന്നു സര്‍ക്കാരും അല്ല അവിടെ തന്നെ പള്ളി വീണ്ടും പണിതുയര്‍ത്തണമെന്നു സഭക്കാരും വാശി പിടിച്ചു. അവസാനം സഭ ജയിച്ചു.

നാഗസാക്കിയിലെ നകഷിമ എന്ന നദിയുടെ മീതെ പണിത പാലം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. 1634-ല്‍ കല്ലുകള്‍ കൊണ്ട് പണിത ഈ പാലത്തിന്റെ രണ്ടു കമാനങ്ങളും അതു വെള്ളത്തില്‍ പ്രതിബിംബിക്കുമ്പോള്‍ ഉണ്ടാകുന്ന കാഴ്ച്ചയും ഒരു കണ്ണടയുടെ സാദൃശ്യമുണ്ടാക്കുന്നത് കൊണ്ട് ഇതിനെ ""കണ്ണട പാലം'' എന്നും വിളിക്കുന്നു. ഹൃദയാകൃതിയില അവിടെ വച്ചിരിക്കുന്ന കല്ലുകള്‍ സങ്കല്‍പ്പിച്ച് എന്തു ആഗ്രഹിച്ചാലും നടക്കുമെന്ന ഒരു വിശ്വാസവും ഈ പാലവുമായി ബന്ധപ്പെട്ടു കിടക്കുന്നു. 1982-ലെ വെള്ളപൊക്കത്തില്‍ ഈ പാലം ഒലിച്ചുപോകുകയും 299 മനുഷ്യര്‍ കൊല്ലപ്പെടുകയും ചെയ്തു. കണ്ടെടുത്ത കല്ലുകള്‍ ശേഖരിച്ച് ഈ പാലം വീണ്ടും പണിയുകയുണ്ടായി. ഇത് മേഗനെബാഷി എന്ന പേരില്‍ അറിയപ്പെടുന്നു. ഹൃദയാകൃതിയിലുള്ള കല്ലുകള്‍ സഞ്ചാരികളെ നോക്കി അവിടെ കാത്തു കിടന്നിരുന്നു. പലരും അതു നോക്കി എന്തൊക്കെയോ ആഗ്രഹങ്ങള്‍ മനസ്സ് കൊണ്ട് പറയുന്നതായി കണ്ടു.

നാഗസാക്കിയില്‍ ധാരാളം നെല്‍പ്പാടങ്ങള്‍ ഉണ്ടെന്ന് ഗൈഡ് പറഞ്ഞെങ്കിലും ഒന്നും കാണാന്‍ സാധിച്ചില്ല. അവിടത്തെ ജനസംഖ്യ 1.4 മില്ല്യന്‍ ആണത്രെ. അതില്‍ ഭൂരിഭാഗവും ക്രിസ്തീയ വിശ്വാസികളാണ്. ടോകുഗവ ഐയാസു എന്ന ഭരണാധികാരിയുടെ കാലത്ത് തന്റെ ഭരണത്തിനു പോര്‍ച്ചുഗീസ്, സ്പാനിഷ് മിഷണറിമാര്‍ ഭീഷണിയാകുമെന്ന് കണ്ട് ക്രിസ്തുമതം 1587-ല്‍ അദ്ദേഹം നിരോധിച്ചിരുന്നു.

ജപ്പാനിലെ നാട്ടുരാജാക്കന്മാര്‍ തമ്മില്‍ മത്സരം നടക്കുന്നത് മനസ്സിലാക്കി പോര്‍ച്ചുഗീസുകാര്‍ അവര്‍ക്ക് രഹസ്യമായി തോക്കുകളും പീരങ്കികളും എത്തിച്ചുകൊടുത്തു. എന്നാല്‍ യുദ്ധസാമഗ്രികള്‍ക്കൊപ്പം അവര്‍ ക്രിസ്ത്യന്‍ മിഷനറിമാരേയും അയച്ചുകൊണ്ടിരുന്നു. രാജാക്കന്മാരുടെ അക്രമങ്ങള്‍ക്കും അനീതികള്‍ക്കും എതിരു നിന്നിരുന്ന ബുദ്ധസന്യാസിമാര്‍ക്ക് ഒരു ഭീഷണിയായിക്കൊള്ളട്ടെ എന്നു കരുതി രാജാക്കന്മാര്‍ ഇതു കണ്ടതായി നടിച്ചില്ല. മറ്റു രാജ്യങ്ങളുമായുള്ള കച്ചവടബന്ധത്തിനു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഡെജിമ എന്ന ഒരു കൃത്രിമ ദ്വീപ് അവര്‍ ഉണ്ടാക്കിയിരുന്നു.
വിദേശരാജ്യങ്ങളുമായുള്ള വ്യാപാരം ഈ വാതില്‍ വഴി നടത്തിപോന്നു. ഇതിനിടയില്‍ ജപ്പാന്‍കാരുടെ വിശ്വാസം നേടിയെടുത്ത ഡച്ചുകാര്‍ ഇതു വഴി വ്യാപാരം നടത്തി. ഈ സ്ഥലം ഇപ്പോഴും സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തിരിക്കുന്നു.

ചുറ്റുപാടും കുന്നുകളും താഴ്‌വരകളുമുള്ള മനോഹരമായ ഒരു പ്രദേശമാണ് ഇപ്പോള്‍ നാഗസാക്കി. കുന്നിന്‍ മുകളില്‍ പണികഴിപ്പിച്ചിട്ടുള്ള കെട്ടിടങ്ങള്‍ കമനീയമായ ഭംഗി പകരുന്നവയാണ്. നാഗസാക്കിയിലെ ഗതാഗതം വളരെ സമാധാനപൂര്‍ണ്ണമായിരുന്നു. പരസ്പരം മത്സരിച്ചോടി അപകടങ്ങളില്‍ പെടാന്‍ അവര്‍ക്ക് താല്‍പ്പര്യമില്ല. സൗകര്യങ്ങള്‍ ഉണ്ടാക്കുന്നതിലും അതു ആസ്വദിക്കുന്നതിലും തല്‍പ്പരരാണ് അവിടത്തുകാര്‍. വലിയ വലിയ വീടുകളുണ്ടാക്കി പാര്‍ക്കുന്നതിനുപകരം ടൗണ്‍ഹൗസിലാണ് മിക്കവരും താമസിക്കുന്നത്.

ഗ്ലോവര്‍ ഗാര്‍ഡന്‍, തോമസ് ബ്ലെയ്ക് ഗ്ലോവര്‍ എന്ന സ്‌കോട്ടിഷ് വ്യാപാരിയുടെ ഓര്‍മ്മക്കായി പണിതതാണ്. ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ ജപ്പാനില്‍ എത്തിയ ഇദ്ദേഹം ജപ്പാന്റെ നവീകരണത്തില്‍ സജീവമായ പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ ജോലിക്കാരെയെല്ലാം വളരെ സ്‌നേഹത്തോടുകൂടിയാണ് അദ്ദേഹം സമീപിച്ചത്. അദ്ദേഹത്തിന്‌റെ ചുവന്ന നിറമുള്ള മുഖവും തവിട്ട് നിറമുള്ള കണ്ണുകളും ""ചുവന്ന പിശാച്'' എന്ന പേരു അദ്ദേഹത്തിനു സമ്പാദിച്ച് കൊടുത്തു. ഒരു ജപ്പാന്‍കാരിയെ വിവാഹം ചെയ്ത് ജപ്പാന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച അദ്ദേഹത്തിനു ജപ്പാന്‍ ജനത നല്‍കിയ സമുചിതമായ സ്മാരകമാണീ പാര്‍ക്ക്. ഒരു മലഞ്ചെരുവില്‍ പണിതിട്ടുള്ള ഈ ഉദ്യാനത്തില്‍ നിന്ന് നോക്കിയാല്‍ നാഗസാക്കിയുടെ അനന്യമായ ഭൂപ്രകൃതിയും ഇനസാമ പര്‍വത്തിന്റേയും നാഗസാക്കി തുറമുഖത്തിന്റേയും ദൃശ്യങ്ങളും കാണാം.

ഗ്ലോവര്‍ ഗാര്‍ഡന്‍ ഒരു തുറന്ന കാഴ്ച്ച ബംഗ്ലാവാണ്. അതിനുള്ളില്‍ നിരവധി കാഴ്ച്ചകള്‍ കാണ്മാനുണ്ട്. തോമസ് ഗ്ലോവര്‍ പണിക്കഴിപ്പിച്ച ഗ്ലോവര്‍ ഹൗസ് അതിലൊന്നാണ്. അതേപോലെ പാശ്ചത്യരുടേയും ജപ്പാന്‍കാരുടേയും വാസ്തുശില്‍പ്പമാതൃകയില്‍ തീര്‍ത്ത മറ്റു ബംഗ്ലാവുകളുമുണ്ട്. തുറമുഖത്തിനടുത്തായതുകൊണ്ട് അന്നു കാലത്ത് കപ്പല്‍ ജീവനകാര്‍ അവരുടെ കപ്പലിന്റെ അറ്റകുറ്റപണികള്‍ തീരും വരെ താമസിച്ചിരുന്ന വീടുകളുമുണ്ട്. ഈ ഉദ്യാനത്തില്‍ മൂന്നൂറു കൊല്ലം പഴക്കം ചെന്ന ഒരു ചവ്വരിപ്പന (ടമഴീ ജമഹാ) ഉണ്ട്. ടോകുഗവ ജന്മികളുമായുള്ള പോരാട്ടത്തില്‍ സത്‌സുമജന്മിക്കാര്‍ക്ക് കപ്പല്‍ നല്‍കി സഹായിച്ചതിനു നന്ദി സൂചകമായി അവര്‍ ഗ്ലോവരിനു കൊടുത്തതാണത്രെ ഈ മരം. ഉദ്യാനം എന്ന പേരു സൂചിപ്പിക്കുന്ന പോലെ തന്നെ ഇവിടെ ടുലിപ് പൂക്കള്‍ മനോഹരമായി പൂത്ത് നില്‍ക്കുന്നു. ഗ്ലോവര്‍ ബംഗ്ലാവിനു മുന്നിലുള്ള കോയി പോണ്ഡില്‍ വര്‍ണ്ണമത്സ്യങ്ങള്‍ വളരുന്നു. സഞ്ചാരികള്‍ അവക്ക് തീറ്റി കൊടുക്കുന്നത് കാണമായിരുന്നു.

മനുഷ്യന്റെ വാശിയും വൈരാഗ്യവും അധികാരമോഹവും ഈ മനോഹര ഭൂമിയെ മലിനമാക്കുന്നു. സന്മനസ്സുള്ളവര്‍ അതിനെ വീണ്ടും പവിത്രവും സുന്ദരവും ആക്കുന്നു. ഇന്നു ലോകത്തിനു സമാധാനത്തിന്റെ സന്ദേശമാണ് ആവശ്യം. ഇവിടം സന്ദര്‍ശിക്കുന്ന ഒരാള്‍ക്കും തന്നെ ക്രൂരമായി മറ്റൊരാളെ ഉപദ്രവിക്കാന്‍ തോന്നുകയില്ല. അധികാരത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചിരുന്നവര്‍ ഒരുക്കിയ മഹാചിതയില്‍ വീണു എരിഞ്ഞ് മരിച്ച അജ്ഞാതമായ അനവധി മനുഷ്യാത്മാക്കള്‍ക്ക് ശാന്തി നേരുന്നുകൊണ്ടു എന്റെ കവിളിലേക്ക് ഉരുണ്ട് വീണ കണ്ണുനീര്‍ തുടച്ച് ഈ ലോക ഗോളം തിരിക്കുന്ന മഹാശക്തിയെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് ഞാനും കൂട്ടുകാരും ജപ്പാനോട് വിട പറഞ്ഞു.
(തുടരും)
ഉദയസൂര്യന്റെ നാട്ടില്‍ -എന്റെ ചൈനീസ് പര്യടനം (സഞ്ചാരക്കുറിപ്പുകള്‍ - 2: സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്)ഉദയസൂര്യന്റെ നാട്ടില്‍ -എന്റെ ചൈനീസ് പര്യടനം (സഞ്ചാരക്കുറിപ്പുകള്‍ - 2: സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്)ഉദയസൂര്യന്റെ നാട്ടില്‍ -എന്റെ ചൈനീസ് പര്യടനം (സഞ്ചാരക്കുറിപ്പുകള്‍ - 2: സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്)ഉദയസൂര്യന്റെ നാട്ടില്‍ -എന്റെ ചൈനീസ് പര്യടനം (സഞ്ചാരക്കുറിപ്പുകള്‍ - 2: സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്)ഉദയസൂര്യന്റെ നാട്ടില്‍ -എന്റെ ചൈനീസ് പര്യടനം (സഞ്ചാരക്കുറിപ്പുകള്‍ - 2: സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്)ഉദയസൂര്യന്റെ നാട്ടില്‍ -എന്റെ ചൈനീസ് പര്യടനം (സഞ്ചാരക്കുറിപ്പുകള്‍ - 2: സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്)ഉദയസൂര്യന്റെ നാട്ടില്‍ -എന്റെ ചൈനീസ് പര്യടനം (സഞ്ചാരക്കുറിപ്പുകള്‍ - 2: സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്)ഉദയസൂര്യന്റെ നാട്ടില്‍ -എന്റെ ചൈനീസ് പര്യടനം (സഞ്ചാരക്കുറിപ്പുകള്‍ - 2: സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്)ഉദയസൂര്യന്റെ നാട്ടില്‍ -എന്റെ ചൈനീസ് പര്യടനം (സഞ്ചാരക്കുറിപ്പുകള്‍ - 2: സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്)
Join WhatsApp News
James Mathews, Chicago 2017-07-24 08:09:30
സരോജ വർഗീസിന്റെ യാത്രാ വിവരണം വായിക്കാൻ രസമുണ്ട്.  ബോറടിപ്പിക്കുന്ന വിവരണങ്ങൾ ഒന്നുമില്ല.  അല്പം ചരിത്രം ചേർത്ത് കണ്ട കാര്യങ്ങൾ സാഹിത്യ ഭംഗിയോടെ വിവരിച്ചിട്ടുണ്ട്. അഭിനന്ദങ്ങൾ !
sudhir panikkaveetil 2017-07-24 12:33:51
സരോജ വർഗീസിന്റെ ധന്യമായ സാഹിത്യ സപര്യക്ക് അഭിവാദനങ്ങൾ.  കഥകൾ,ലേഖനങ്ങൾ, ആത്മകഥ, സഞ്ചാരക്കുറിപ്പുകൾ, ഓർമ്മക്കുറിപ്പുകൾ, കവിതകൾ അങ്ങനെ സാഹിത്യത്തിലെ പ്രധാനമേഖലകളിലെല്ലാം തന്റേതായ ഒരു കൈയൊപ്പ് ചാർത്താൻ ഇവർക്ക് കഴിഞ്ഞിരിക്കുന്നു. യാത്രാവിവരണം നന്നായിരുന്നു. എഴുത്തുകാരിയുടെ വരികൾ " അധികാരത്തിന്റെ കടിഞ്ഞാൺ പിടിച്ചിരുന്നവർ ഒരുക്കിയ മഹാചിതയിൽ വീണു എരിഞ്ഞു മരിച്ച അജ്ഞാതരായ അനവധി മനുഷ്യാത്മാക്കൾക്ക് ശാന്തി" . മറ്റുള്ളവരുടെ വേദന മനസ്സിലാക്കാൻ കഴിയുന്ന മനസ്സുകൾക്കെ എഴുതാൻ കഴിയു.
Sarojavarghese 2017-07-24 17:07:22
Thank you,Mr.Panikkaveettil and Mr.James.
mathew v zacharia 2017-07-25 08:14:08
keep up the good work.
Mathew V. Zacharia a pioneer keraltie of NY.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക