Image

ഉഴവൂര്‍ വിജയന്‍ അന്തരിച്ചു; സംസ്കാരം തിങ്കളാഴ്ച

Published on 23 July, 2017
ഉഴവൂര്‍ വിജയന്‍ അന്തരിച്ചു; സംസ്കാരം തിങ്കളാഴ്ച
കൊച്ചി: എന്‍.സി.പി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂര്‍ വിജയന്‍ (60) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായാറാഴ്ച രാവിലെ 6.55നാണ് അന്ത്യം. കഴിഞ്ഞ ഒരു മാസമായി ചികല്‍സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് കുറിച്ചിത്താനത്ത് വീട്ടുവളപ്പില്‍ നടക്കും. ഞായറാഴ്ച രാവിലെ 10 മണിക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഭൗതികശരീരം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു പോയി. 12 മണി മുതല്‍ തിരുനക്കര മൈതാനിയില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് മൂന്നു മണിയോടെ ഭൗതികശരീരം കോട്ടയത്തു നിന്നും സ്വദേശമായ കുറിച്ചിത്താനത്തേക്ക് പ്രത്യേക ആംബുസന്‍സില്‍ കൊണ്ടു പോയി. തിങ്കളാഴ്ച ഉച്ചക്ക് 12നു വീട്ടുവളപ്പില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.

തിങ്കളാഴ്ച രാവിലെ 10നു മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടില്‍ എത്തി അന്തിമോപചാരം അര്‍പ്പിക്കും. എന്‍.സി.പി. ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍, താരീഖ് അന്‍വര്‍, പ്രഫുല്‍ പട്ടേല്‍ തുടങ്ങിയവര്‍ സംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കും.

ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഈ മാസം 11നാണ് അദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, എഫ്.സി.ഐ ഉപദേശക സമിതി എന്നിവയില്‍ അംഗമായിരുന്നു.

കുറച്ചിത്താനം കാരാംകുന്നേല്‍ ഗോവിന്ദന്‍ നായരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും ഏകമകനാണ്. കുറിച്ചിത്താനം കെ.ആര്‍.നാരായണന്‍ ഗവണ്‍മന്‍െറ് എല്‍.പി സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലായിരുന്നു ഹെസ്കൂള്‍ പഠനം. ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദമെടുത്തു.

വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍, സംസ്ഥാന മലനീകരണനിയന്ത്ര ബോര്‍ഡ് അംഗം, എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറി, കോണ്‍ഗ്രസ്എസ് ജില്ലാ പ്രസിഡന്‍റ്, ദേശീയ സമിതി അംഗം, എന്‍.സി.പിയുടെ തൊഴിലാളി വിഭാഗമായ ഐ.എന്‍.എല്‍.സി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്‍റ്, കേന്ദ്ര പൊതുമേഖല വ്യവസായ തൊഴിലാളി അഖിലേന്ത്യ പ്രസിഡന്‍റ് എന്നീ പദവികളടക്കം നിരവധി ട്രേഡ് യൂണിയനുകള്‍ക്ക് നേതൃത്വം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക