Image

'അത്‌ കൊലപാതകമാണ്‌; വിനായകനെ കൊന്നതാണ്‌' പൊലീസ്‌ അതിക്രമത്തിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട്‌ സോഷ്യല്‍ മീഡിയ

Published on 23 July, 2017
 'അത്‌ കൊലപാതകമാണ്‌; വിനായകനെ കൊന്നതാണ്‌' പൊലീസ്‌ അതിക്രമത്തിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട്‌ സോഷ്യല്‍ മീഡിയ
തൃശൂര്‍: പാവറട്ടിയില്‍ പൊലീസ്‌ കസ്റ്റഡിയിലെടുത്ത്‌ ക്രൂരമര്‍ദ്ദനത്തിനുശേഷം വിട്ടയച്ച ദളിത്‌ യുവാവ്‌ വിനായകന്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. ' അത്‌ കൊലപാതകമാണ്‌, വിനായകനെ കൊന്നതാണ്‌' എന്നു പ്രഖ്യാപിച്ചുകൊണ്ടാണ്‌ സോഷ്യല്‍ മീഡിയ കാമ്പെയ്‌ന്‍ ആരംഭിച്ചിരിക്കുന്നത്‌.

`"#ItsMurder' എന്ന ഹാഷ്‌ ടാഗോടുകൂടിയാണ്‌ പ്രതിഷേധം വ്യാപിക്കുന്നത്‌.

`വിനായകന്റെ മരണത്തിന്‌ ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കു, വിനായകന്റെ കുടുംബത്തിന്‌ നീതി ഉറപ്പാക്കുക, കൊലപാതകത്തില്‍ സമഗ്രമായ അന്വേഷണത്തിന്‌ സര്‍ക്കാര്‍ തയ്യാറാകുക തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ നിരവധി പേരാണ്‌ രംഗത്തുവന്നിരിക്കുന്നത്‌.

`ദളിതര്‍ക്ക്‌ നേരെ ഉയരുന്ന പോലീസ്‌ ധാര്‍ഷ്ട്യത്തിന്റേയും കൊടും ക്രൂരതകളുടേയും കൈകളും പിടിച്ചു കെട്ടണം സാര്‍. വിനായകനെ അവര്‍ കൊന്നതാണ്‌. കൊലയാളികള്‍ തുറുങ്കിലടയ്‌ക്കപ്പെടണം.' മാധ്യമപ്രവര്‍ത്തകനായ കെ.എ ഷാജി ആവശ്യപ്പെടുന്നു.

`അതൊരു കൊലപാതകം തന്നെയായിരുന്നു. ഭരണകൂടത്തിന്റെ ഒത്താശയോടെ നടന്ന കൊലപാതകം.
അരിക്‌ വല്‍ക്കരിക്കപ്പെട്ട ജീവിതങ്ങളെ പേടിപ്പിച്ചും അപഹസിച്ചും അപമാനിച്ചും ഒതുക്കുന്ന ഫാസിസത്തിന്റെ പ്രവണതകള്‍ എതിര്‍ത്ത്‌ തോല്‌പിക്കണം. വിനായകന്‌ നീതി ലഭിക്കണം'
അതേ ഭരണകൂടമേ പോലീസേ പൊതുബോധമേ നീങ്ങള്‍ അവനെ കൊന്നത്‌ തന്നെയാണ്‌.' ലാലി പി.എം ഫേസ്‌ബുക്കില്‍ കുറിക്കുന്നു.

`കറുത്തവന്‍ മുടി നീട്ടിയാല്‍, പ്രണയിച്ചാല്‍, സൗഹൃദപ്പെട്ടാല്‍, ചിരിച്ചാല്‍....ലോകമേ നിന്റെ വെള്ളപ്പാണ്ട്‌ അടര്‍ന്നു പോകുമോ' സോണി പി.കെ കുറിക്കുന്നു.


ജൂലൈ 17നാണ്‌ വിനായകന്‍ എന്ന ദളിത്‌ യുവാവിനെ പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌. സുഹൃത്തായ ഒരു പെണ്‍കുട്ടിക്കൊപ്പം സംസാരിച്ചു നില്‍ക്കുമ്പോഴാണ്‌ വിനായകനെയും സുഹൃത്തുക്കളെയും പൊലീസ്‌ കസ്റ്റഡിയിലെടുത്തത്‌. തുടര്‍ന്ന്‌ കസ്റ്റഡിയില്‍വെച്ച്‌ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഇതില്‍ മനംനൊന്താണ്‌ വിനായകന്‍ ആത്മഹത്യ ചെയ്‌തത്‌.

ഭിത്തിയില്‍ ചാരിനിന്ന വിനായകന്റെ മുടി വലിച്ചു പറിച്ച ശേഷം കുനിച്ചു നിര്‍ത്തി മുട്ടുകൈ കൊണ്ട്‌ നിരവധി തവണ മര്‍ദ്ദിച്ചെന്നാണ്‌ വിനായകന്റെ സുഹൃത്തുക്കള്‍ പറയുന്നത്‌. നെഞ്ചില്‍ ഇടിച്ച ശേഷം മുലഞെട്ടുകള്‍ രണ്ടും ഞെരടിപ്പൊട്ടിച്ചു. വേദന കൊണ്ട്‌ കരഞ്ഞ വിനായകന്റെ ലിംഗത്തില്‍ മര്‍ദ്ദിച്ചെന്നും സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു.

എന്നാല്‍ സംഭവത്തിന്‌ ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ ഇത്രയും ദിവസമായിട്ടും കേസെടുത്തിട്ടില്ല. ഈ സാഹചര്യത്തിലാണ്‌ സോഷ്യല്‍ മീഡിയ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്‌.
Join WhatsApp News
vayanakaaran 2017-07-23 04:53:56
ഇതേക്കുറിച്ച് അമേരിക്കൻ മലയാളി എഴുത്തുകാർ എഴുതുമെന്ന് പ്രതീക്ഷിക്കാം. വാസുദേവ് പുളിക്കൽ എഴുതിയ പോലെ അധർമ്മത്തിനെതിരെ പോരാടുക. തിരഞ്ഞെടുത്ത അധർമ്മത്തിനു നേരെ മാത്രമാകരുത്. എഴുതുന്നവർക്കൊക്കെ അറിയാം സവർണ്ണ സമ്പന്ന വർഗ്ഗത്തിനെതിരെ തൂലിക ചലിപ്പിച്ചാൽ അത് ഒടിഞ്ഞ്പോകുമെന്ന്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക