Image

ചിത്രവധം ചെയ്യപ്പെടുന്ന സംശുദ്ധ രാഷ്ട്രീയം (നേര്‍ രേഖ :എ.സി. രഞ്ജിത്ത്)

Published on 22 July, 2017
ചിത്രവധം ചെയ്യപ്പെടുന്ന സംശുദ്ധ രാഷ്ട്രീയം (നേര്‍ രേഖ :എ.സി. രഞ്ജിത്ത്)
രാഷ്ട്രീയം സാദ്ധ്യതകളുടെ കലയാണെന്ന് പറയപ്പെടുന്നു .ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ഭൂമികയില്‍ ആ സാധ്യതകള്‍ അനന്തമായി കാണപ്പെടുന്നു.കക്ഷി രാഷ്ട്രീയത്തില്‍ എതിരാളികളെ ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളും കുതന്ത്രങ്ങളും തെരഞ്ഞെടുപ്പിലും അല്ലാതെയും വളരെ സ്വാഭാവികമായ ഒരു പ്രക്രിയയായി തന്നെ കണ്ടു വരുന്നു .

എന്നാല്‍ ഒരേ പ്രസ്ഥാനത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നവര്‍ ,സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി ഒരാള്‍ മറ്റൊരാളെ വളരെ നിസാരമായി ചതിക്കുകയോ ഒറ്റിക്കൊടുക്കുകയോ ചെയ്യുന്ന തന്ത്രം അധാര്‍മികതയുടെ മൂല്യശോഷണത്തിന്റെ അവസാന വാക്കായി മാറുന്നു .രാഷ്ട്രീയ പൊതു രംഗത്തെ ധാര്‍മികത ,മാധ്യമ രംഗത്തെ ധാര്‍മികത ഇതെല്ലാം ഒരു ഭംഗി വാക്ക് മാത്രമായി മാറുന്ന കാഴ്ച അനുദിനം സാക്ഷ്യം വഹിക്കപ്പെടുന്ന ഒരു കാലഘട്ടത്തില്‍ പ്രത്യേകിച്ചും .കോണ്‍ഗ്രസ് എന്ന ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ പ്രസ്ഥാനത്തില്‍ ഇത് ഒരു സാധാരണ സംഭവം ആയിട്ട് കാലങ്ങളേറെയായി .പിന്നീട് അത് കേഡര്‍ പാര്‍ട്ടികള്‍ എന്ന് അവകാശപ്പെട്ടിരുന്ന ഇടതു പക്ഷ പ്രസ്ഥാനങ്ങളിലും അടുത്ത കാലത്തു കോണ്‍ഗ്രെസ്സിനെക്കാളും വളര്‍ന്നു രാജ്യമാകമാനം പന്തലിച്ച ബി ജെ പിയിലേക്കും എത്തിപ്പെടുന്നു .

ധാര്‍മികത പുലര്‍ത്തുന്നവരെ പൊതു ജന മനസ് ഇഷ്ടപ്പെടുന്നു .അങ്ങനെയുള്ളവര്‍ തങ്ങളുടെ നേതാവായി വരുന്നതിനെ അവര്‍ പ്രതീക്ഷയോടെ നോക്കി കാണുന്നു .ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഭാഗമാണെങ്കിലും ജേക്കബ് തോമസിനെയും ശ്രീറാം വെങ്കിട്ടരാമനെയും ഇ ശ്രീധരനെയെയും അവര്‍ നെഞ്ചേറ്റുന്നു .പക്ഷെ അവരുടെ കര്‍മ്മ മണ്ഡലത്തില്‍ അവര്‍ക്കു കിട്ടിയ വിജയം പോലും രാഷ്ട്രീയ രംഗത്ത് സംശുദ്ധി ഉയര്‍ത്തിപ്പിടിക്കുന്നവര്‍ക്കു കിട്ടാതെ പോവുന്നു .

ഇടതു പക്ഷ പ്രസ്ഥാനത്തെ ജനകീയ മുഖം വീ യെസ് അച്യുതാനന്ദന്‍,പാര്‍ട്ടിക്ക് തിരിച്ചടി കിട്ടും എന്ന് കരുതി കേന്ദ്ര നേതൃത്വം അദ്ദേഹത്തെ മുന്നില്‍ നിര്‍ത്തി തെരെഞ്ഞെടുപ്പിനെ നേരിട്ടു ..കേരളത്തിലെ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് ഇടപെട്ട് കോണ്‍ഗ്രസിലെ ആദര്‍ശ മുഖം വീ എം സുധീരനെ കെ പി സി സി പ്രസിഡന്റ് ആക്കി .ഏതാണ്ട് അതേ സാഹചര്യത്തില്‍ ബി ജെ പിയില്‍ കുമ്മനം രാജശേഖരന്‍ എത്തി .അദ്ദേഹത്തിന്റെ പിന്‍ഗാമിയാകും എന്ന് കരുതപ്പെടുന്ന ശ്രീ എം ടി രമേശ് .ഇവരെല്ലാം ഒതുക്കപ്പെട്ടവരോ ,ഒതുക്കപ്പെടലിനു വിധേയരാകുന്നവരോ ആണ് ..അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ പേരില്‍ ഇവരെക്കുറിച്ചു അഭിപ്രായ വ്യത്യാസമുള്ളവര്‍ ഉണ്ടാകാം .സമൂഹ മധ്യത്തില്‍ നിന്ന് ഇവരെ ഒളിപ്പിക്കേണ്ടത് ആരുടെ ആവശ്യമാണ് .ജനങ്ങളില്‍ നിന്ന് ,അത് പൊതു സമൂഹം ആകട്ടെ ,അവരെ പിന്തുടരുന്നവര്‍ ആകട്ടെ ....ഇവരെ അകറ്റുമ്പോള്‍ വിജയിക്കുന്നത് ഏതു പ്രത്യയ ശാസ്ത്രമാണ് .ആ പ്രത്യയ ശാസ്ത്രം അധികാരത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും എന്ന് വേണ്ട എല്ലാ വിധ അധര്‍മ്മങ്ങളുടെയും വിള നിലമാകാനേ തരമുള്ളു ..

മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഒറ്റപ്പെടുന്ന കാലത്തു ,തിരിച്ചടികള്‍ ഏല്‍ക്കേണ്ടി വരുന്ന കാലത്തു ,ധര്‍മ ത്തിനു ഗ്‌ളാനി സംഭവി ക്കുമ്പോള്‍ അവതാരങ്ങള്‍ ഉണ്ടാവേണ്ടതു സമൂഹത്തിന്റെ ആവശ്യമാണ് .അത് സമൂഹം മനസിലാക്കിയില്ലെങ്കില്‍ അവര്‍ നയിക്കപ്പെടുന്ന സമൂഹം കോണ്‍ഗ്രെസ്സിന്റെയോ ഇടതു പക്ഷത്തിന്റെയോ ബി ജെ പി യുടേതോ അല്ല ..അധാര്‍മികത യുടേത് ആണ് .ഇവിടെ ചിത്ര വധം ചെയ്യപ്പെടുന്നത് അല്ലെങ്കില്‍ ഇഞ്ചിഞ്ചായി കൊല്ലപ്പെടുന്നത് കേവലം വ്യക്തികള്‍ അല്ല ,ഒരു പ്രതീക്ഷാ നിര്‍ഭരമായ സമൂഹത്തിന്റെ മൂല്യാധിഷ്ഠിത നിലപാടുകളുടെ അടിവേരുകള്‍ ആണ് .ജനാധിപത്യത്തിന്റെ നാലാം തൂണുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാധ്യമ സ്ഥാപനങ്ങള്‍ ,ഏതാണ്ടെല്ലാം പ്രത്യേക അജണ്ടയില്‍ കെട്ടി പൊക്കിയവ ആണെങ്കിലും ,അതിന്റെ മുന്നില്‍ ഇരുന്നു ചര്‍ച്ച നടത്തുന്നവരില്‍ ഉള്‍പ്പടെ ,അവരെ ജനങ്ങള്‍ ഇപ്പോഴും പ്രതീക്ഷയോടെ നോക്കി കാണുന്നുണ്ടാവാം .എന്നാല്‍ അത്തരം നിലപാടുകളിലെ പോലും നെല്ലും പതിരും തിരിച്ചറിയാന്‍ പൊതു സമൂഹം എത്രത്തോളം ജാഗ്രത പുലര്‍ത്തുന്നുവോ അത്രത്തോളം ശക്തിയും ശോഭനമായ ഭാവിയും അവര്‍ അര്‍ഹിക്കുന്നു ..സത്യമേവ ജയതേ !!!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക