Image

കഴിഞ്ഞ വര്‍ഷം വിദേശീയര്‍ 153 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഭവനങ്ങള്‍ വാങ്ങി

ഏബ്രഹാം തോമസ് Published on 21 July, 2017
കഴിഞ്ഞ വര്‍ഷം വിദേശീയര്‍ 153 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഭവനങ്ങള്‍ വാങ്ങി
ഡാലസ് : അമേരിക്കയില്‍ താമസിക്കുന്ന അമേരിക്കന്‍ പൗരന്മാരും അല്ലാത്തവരും നിക്ഷേപമെന്ന നിലയില്‍ ഭവനങ്ങള്‍ വാങ്ങിക്കൂട്ടാറുണ്ട്. അമേരിക്കയ്ക്ക് പുറത്തുള്ള വിദേശീയര്‍ അമേരിക്കന്‍ വീടുകള്‍ നിക്ഷേപമായും ഒഴിവുകാലം ചെലവഴിക്കുവാനുമായി വാങ്ങുന്ന പ്രവണത കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വര്‍ധിച്ചു വരികയാണ്. 2017 മാര്‍ച്ചില്‍ അവസാനിച്ച 12 മാസത്തിനുള്ളില്‍ അന്യരാജ്യക്കാര്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 49% കൂടുതല്‍ ഡോളറുകള്‍ ചെലവഴിച്ച് അമേരിക്കന്‍ ഭവനങ്ങള്‍ വാരിക്കൂട്ടിയതായി നാഷണല്‍ അസോസിയേഷന്‍ ഓഫ് റിയല്‍ട്ടേഴ്‌സിന്റെ കണക്കുകള്‍ പറയുന്നു. ഇന്റര്‍നാഷണല്‍ ബയേഴ്‌സ് കഴിഞ്ഞ വര്‍ഷം വാങ്ങിയത് 2,84,455 വസ്തുവകകളാണ്. ഇത് മുന്‍ വര്‍ഷത്തെക്കാള്‍ 32% കൂടുതലാണ്. വാങ്ങിയ വസ്തുവകകളില്‍ 34,000 ടെക്‌സസ് സംസ്ഥാനത്തിലാണ്. വാങ്ങുന്നവരില്‍ മുന്നിലുള്ളത് കാനഡക്കാരാണ്. ടെക്‌സസില്‍ ഏഷ്യാക്കാരും അവര്‍ക്ക് തൊട്ടുമുന്നിലായി ലാറ്റിന്‍ അമേരിക്കക്കാരുമുണ്ട് (39:40 എന്ന അനുപാതത്തില്‍). കലിഫോര്‍ണിയയില്‍ വാങ്ങിയവരില്‍ 71% ഏഷ്യാക്കാരും ലാറ്റിന്‍ അമേരിക്കക്കാര്‍ 14% വും ആണ്. ന്യുജഴ്‌സിയില്‍ 48% ഏഷ്യാക്കാരും 9% ലാറ്റിന്‍ അമേരിക്കക്കാരും 19% യൂറോപ്പില്‍ നിന്നുള്ളവരും 12% ആഫ്രിക്കക്കാരും വീടുകള്‍ വാങ്ങി.

രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വം അമേരിക്കയിലും ലോകമെമ്പാടും നിലനിന്നിട്ടും ക്രേതാക്കള്‍ മടിച്ചു നിന്നില്ല എന്ന വസ്തുത കൗതുകകരമാണ്. അമേരിക്കന്‍ ഡോളറിന്റെ മൂല്യം ശക്തമായി തുടര്‍ന്നതും അമേരിക്കയിലെ വസ്തുവകകളുടെ വില ദിനം പ്രതി ഉയരുന്നതും നിക്ഷേപകര്‍ക്ക് പ്രലോഭനങ്ങളായി. അമേരിക്ക ജോലി ചെയ്യുന്നതിനും നിക്ഷേപിക്കുന്നതിനും സുരക്ഷിതവും ഭദ്രവുമായ രാജ്യമാണെന്ന് വസ്തുവകകള്‍ വാങ്ങുന്നവര്‍ വിശ്വസിക്കുന്നു എന്ന് എന്‍എആര്‍ വക്താക്കള്‍ പറയുന്നു. ചൈനീസ് ക്രേതാക്കളാണ് ഏറെ പണം മുടക്കി വീടുകള്‍ വാങ്ങിയത്. 31.7 ബില്യണ്‍ ഡോളര്‍. ഏറ്റവുമധികം (37%) വീടുകളും കലിഫോര്‍ണിയയില്‍ വാങ്ങി. അവരുടെ രണ്ടാമത്തെ താല്പര്യം ടെക്‌സസായിരുന്നു. 11% ടെക്‌സസ് കഴിഞ്ഞ കുറെ ദശകങ്ങളായി വിദേശീയര്‍ക്ക് പ്രിയപ്പെട്ട സംസ്ഥാനമായി തുടരുന്നു. ഒരു വിദേശീയന്‍ അമേരിക്കയില്‍ വസ്തു വാങ്ങുമ്പോള്‍ റജിസ്റ്റര്‍ ചെയ്യണം. തങ്ങളുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തതിനാല്‍ വാങ്ങുന്ന ചിലര്‍ ചേര്‍ന്ന് ഒരു അമേരിക്കന്‍ കോര്‍പ്പറേഷന്‍ ഉണ്ടാക്കുന്നു.

കാനഡയില്‍ നിന്നുള്ള ക്രേതാക്കള്‍ 19 ബില്യണ്‍ ഡോളറിന്റെ വീടുകള്‍ വാങ്ങിയപ്പോള്‍ യുണൈറ്റഡ് കിംഗ്ഡമില്‍ നിന്നുള്ളവര്‍ 9.5 ബില്യന്റെയും മെക്‌സിക്കോക്കാര്‍ 9.3 ബില്യന്റെയും ഇന്ത്യാക്കാര്‍ 7.8 ബില്യന്റെയും വീടുകള്‍ വാങ്ങി. ആഴക്കടലിലെ വസ്തുവകകള്‍ ഏറ്റവുമധികം വിറ്റത് ഫ്‌ലോറിഡയിലാണ് 22%. കലിഫോര്‍ണിയയും ടെക്‌സസും 12% നവുമായി രണ്ടാം സ്ഥാനത്തെത്തി. നഗരസമൂഹങ്ങള്‍ വേര്‍തിരിച്ചുള്ള വിവരങ്ങള്‍ എന്‍എആര്‍ വെളിപ്പെടുത്തിയി ല്ലെങ്കിലും ആഴക്കടല്‍ വില്പനകളില്‍ ടെക്‌സസിലെ ഹൂസ്റ്റണും സാന്‍അന്റോണിയോയും മുന്നിലുണ്ടാവുമെന്ന് കരുതുന്നു.

കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് വില്‍പന ഈ വര്‍ഷം ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് വ്യവസായ വിദഗ്ദ്ധര്‍ പറയുന്നു. കൂടുതല്‍ ശക്തമായ വിദേശ ഭരണകൂടങ്ങളുടെ നിയന്ത്രണവും അമേരിക്കയിലേയ്ക്കുള്ള കുടിയേറ്റ നയത്തിന്റെ അനിശ്ചിതത്വവുമാണ് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഭവനങ്ങളുടെ പേരിലുള്ള വിദേശ നിക്ഷേപം കുറയും.
Join WhatsApp News
Philip 2017-07-21 10:45:45
മലയാളികളും മോശമല്ല . പ്രശക്തരായ പലരും ഇവിടെ മേടിച്ചിട്ടിട്ടുണ്ട് . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക