Image

പ്രസ്‌ക്ലബ് കണ്‍വന്‍ഷന്‍കൊണ്ട് ജനത്തിന് എന്തു ഗുണം?

Published on 20 July, 2017
പ്രസ്‌ക്ലബ് കണ്‍വന്‍ഷന്‍കൊണ്ട് ജനത്തിന് എന്തു ഗുണം?
പ്രസ്‌ക്ലബ് കണ്‍വന്‍ഷന്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ക്ക് ഇ-മലയാളിയില്‍ വന്ന കമന്റില്‍ ചോദിക്കുന്നു: 'പ്രസ്‌ക്ലബ് സമ്മേളനത്തിന് കാര്യപ്പെട്ടവരൊക്കെ വരുന്നുണ്ടല്ലോ. ഈ സമ്മേളനം കൊണ്ട് ജനത്തിന് എന്താണ് ഗുണം?. ഈ കമന്റ് പ്രസിദ്ധീകരിക്കുമെന്നു കരുതുന്നു.'

അതെ പ്രസ്‌ക്ലബ് കണ്‍വന്‍ഷന്‍ കൊണ്ട് ജനത്തിന് എന്താണ് ഗുണം?

ഏറ്റവും വലിയ മാധ്യമ സൈദ്ധാന്തികനായ മാര്‍ഷല്‍ മക് ലൂഹന്‍ പറയുന്നു: 'നാം അറിയുന്നതാണ് നമ്മുടെ ലോകം സൃഷ്ടിക്കുന്നത്.' ചൊവ്വാ ഗ്രഹത്തിലോ പ്ലൂട്ടോയിലോ നടക്കുന്നതൊന്നും നാം അറിയുന്നില്ല. അതിനാല്‍ അവയ്ക്ക് നമ്മുടെ ജീവിതത്തില്‍ സ്ഥാനമില്ല. അവിടെ ഒന്നും നടക്കുന്നില്ല എന്ന് ഇതിനര്‍ഥമില്ല.

അറിവ് അഥവാ വിവരം എവിടെനിന്നു കിട്ടുന്നു? മാധ്യമങ്ങളിലൂടെയാണ് അത് കിട്ടുന്നത്. അറിവു പകരുന്ന ഏതും മാധ്യമം തന്നെ. 

മക് ലൂഹന്‍ ഒരുപടികൂടി കടന്നു പറയുന്നു: 'മീഡിയ ഈസ് ദി മെസേജ്.' മാധ്യമം തന്നെയാണ് സന്ദേശം. അഥവാ വിവരം. അതിനദ്ദേഹം ഒരുദാഹരണം പറയുന്നു. ഒരു സ്വിച്ച് ഇട്ടാല്‍ ബള്‍ബ് കത്തുന്നു. ആ ബള്‍ബിലൂടെ നമുക്ക് ഒരു വിവരവും കിട്ടുന്നില്ല (കണ്ടന്റ്). പക്ഷെ ആ മാധ്യമം തന്നെ ഒരു മാറ്റം സൃഷ്ടിക്കുന്നു.

അച്ചടി യന്ത്രം ഉണ്ടായപ്പോള്‍ നമ്മുടെ ലോകം മാറിപ്പോയി. വായിക്കാനറിയാത്ത ആളുടെ ലോകം പോലും മാറി. അതുവരെ ബൈബിള്‍ പാതിരിമാരുടേയും, വേദോപനിഷത്തുക്കള്‍ ബ്രഹ്മണരുടേയും കുത്തകയായിരുന്നു. അച്ചടി യന്ത്രം അതില്ലാതാക്കി. അച്ചടിയന്ത്രത്തിലൂടെ പടര്‍ന്ന അറിവാണ് പിന്നീട് വ്യവസായ വിപ്ലവത്തിനും മറ്റും വഴിതെളിച്ചത്.

ആധുനിക കാലത്തേക്ക് വന്നാല്‍ റേഡിയോയും ടിവിയും വന്നതോടെ ജീവിതം പിന്നെയും മാറി. ഒരിക്കല്‍പോലും ടിവി കാണാത്തവരുടെ ജീവിതത്തെക്കൂടി അതു ബാധിച്ചു.

കംപ്യൂട്ടറും ഇന്റര്‍നെറ്റും വന്നതോടൂകൂടി അതു പരമകാഷ്ഠയിലെത്തി. കംപ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിച്ചാലും ഇല്ലെങ്കിലും അതു നമ്മുടെ ജീവിതത്തെ ബാധിക്കുന്നു. 

ചുരുക്കത്തില്‍ പത്രങ്ങള്‍ വായിക്കുകയോ, ടിവി കാണുകയോ ചെയ്തില്ലെങ്കിലും അതു നമ്മുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്. 

അമേരിക്കയില്‍ മലയാളം പത്രങ്ങളോ, ടിവി ചാനലുകളോ ഇല്ലാത്ത ഒരു കാലം ആലോചിച്ചു നോക്കുക. നാട്ടിലെ വാര്‍ത്ത അറിയാന്‍ ഫോണ്‍ മാത്രമേയുള്ളുവെന്നു വയ്ക്കുക. നാം എത്ര ഒറ്റപ്പെട്ടുപോകും? മലയാളം പത്രം വായിക്കാറില്ല. മലയാളം ടിവി പരിപാടികള്‍ കാണാറില്ല എന്നൊക്കെ വീമ്പു പറയുന്നവരുടെ ജീവിതത്തെ പോലും ഈ മാധ്യമങ്ങള്‍ സ്വാധീനിക്കുന്നു. ഒരു ചരമ വാര്‍ത്ത വായിക്കാന്‍, ഒരു വിവാഹ പരസ്യം നല്‍കാന്‍ ഒക്കെ ഇത്തരം മാധ്യമങ്ങള്‍ തന്നെ ശരണം.

ഇത്ര സുപ്രധാനമായ മാധ്യമങ്ങള്‍ പടച്ചു വിടുന്ന വിവരങ്ങള്‍ (കണ്ടന്റ്) എത്ര പ്രധാനമെന്നു പറയേണ്ടതില്ലല്ലൊ. ആന കരിമ്പിന്‍ കാട്ടില്‍ കയറിയതുപോലെ മാധ്യമങ്ങള്‍ വിവരം നല്‍കാന്‍ തുടങ്ങിയാലോ?. കേരളത്തില്‍ സംഭവിക്കുന്നത് അതാണ്. ദിലീപ് ജയിലിലായ കേസില്‍ കേരളത്തിലെ ഒരു പത്രവും അമേരിക്കയിലെ ഒരു പത്രവും എങ്ങനെ ആയിരിക്കും റിപ്പോര്‍ട്ട് ചെയ്യുക. കേരളത്തില്‍ വരുന്നതിന്റെ അഞ്ചിലൊന്നു പോലും പ്രസിദ്ധീകരിക്കാന്‍ അമേരിക്കയിലെ പ്രസിദ്ധീകരണം ധൈര്യപ്പെടുകയില്ല.

ബോക്‌സിംഗ് താരവും സുഹൃത്തിന്റെ ഭാര്യയും തമ്മില്‍ ലൈംഗിക ബന്ധം പുലര്‍ത്തിയതിന്റെ വീഡിയോ കാണിച്ച 'ഗോക്കര്‍' (ഏമംസലൃ) വെബ്‌സൈറ്റിന് 134 മില്യനാണ് പിഴ ശിക്ഷ വിധിച്ചത്. അതോടെ സൈറ്റ് പൂട്ടിപ്പോയി. 

അഭയ കേസില്‍ അറസ്റ്റ് ഉണ്ടായപ്പോഴും ചില മാധ്യമങ്ങള്‍ മദമിളകിയപോലെ പ്രവര്‍ത്തിക്കുന്നതു കണ്ടു. അമേരിക്കയിലായിരുന്നെങ്കില്‍ അതില്‍ പലതും ഇപ്പോള്‍ അടച്ചുപൂട്ടിയേനേ. അതയധികം കെസ് ഉണ്ടായേനെ.

മാധ്യമ ലോകം ഇത്ര പ്രധാനമാണെങ്കില്‍ അതു സംബന്ധിച്ച് നടക്കുന്ന സംവാദങ്ങളും പ്രഭാഷണങ്ങളു സെമിനാറുകളുമെല്ലാം പ്രധാന്യമില്ലാത്തതാകുമോ? മാധ്യമ രംഗത്തിന് മികവ് കൈവരുമ്പോള്‍ പൊതുജനത്തിന് മികവുറ്റ വിവരങ്ങള്‍ ലഭിക്കും. അതവരുടെ ജീവിതത്തെ ബാധിക്കും. നേരേമറിച്ച് മാധ്യമങ്ങള്‍ ഫെയ്ക് ന്യൂസ് അഥവാ വ്യാജ വാര്‍ത്തയുടെ ഉറവിടമായാലോ?

മികവിനു വേണ്ടിയുള്ള എളിയ ശ്രമമായാണ് പ്രസ്‌ക്ലബ് രുപംകൊള്ളുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒത്തുകൂടാന്‍ വേദി. അതുപോലെ പ്രൊഫഷണലായി മെച്ചപ്പെടാനും അറിവുകള്‍ പങ്കുവെയ്ക്കാനുമുള്ള അവസരം. കാല്‍ക്രമേണ അതില്‍ നിന്നു വ്യതിചലിച്ച് മറ്റൊരു മലയാളി അസോസിയേഷനായി പ്രസ്‌ക്ലബ് മാറിയോ എന്നു സംശയിക്കുന്നവരുമുണ്ട്.

എന്തായാലും അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തനത്തിന് കുറച്ചെങ്കിലും ഉണര്‍വ് പകരാന്‍ പ്രസ്‌ക്ലബിനായി. അതുകൊണ്ടാണല്ലോ പ്രസ്‌ക്ലബ് അംഗമാകാന്‍ ജനം ആവേശപൂര്‍വ്വം രംഗത്തു വരുന്നത്. അംഗത്വം കിട്ടാത്തവരില്‍ ഒരു വിഭാഗം എതിര്‍ പ്രസ്‌ക്ലബ് വരെ ഉണ്ടാക്കി. 

നാട്ടില്‍ നിന്നു വിദഗ്ധരായ പത്രക്കാരെ കൊണ്ടുവരികയും അവരിലൂടെ അറിവിന്റെ ചക്രവാളങ്ങള്‍ വികസിപ്പിക്കുകയും ചെയ്യുകയാണ് പ്രസ്‌ക്ലബിന്റെ തുടക്കം മുതലുള്ള ശൈലി. ക്രമേണ നാട്ടിലെ മികച്ച പത്രപ്രവര്‍ത്തകര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി നാട്ടിലും മികവ് പ്രോത്സാഹിപ്പിക്കുക പ്രസ്‌ക്ലബിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി.

അതിനു പുറമെ നാട്ടിലെ ഒട്ടേറെ പത്രക്കാര്‍ക്ക് അമേരിക്കയില്‍ വരാന്‍ അവസരമുണ്ടായി. അമേരിക്കയെപ്പറ്റി നേരിട്ടറിയാനും ഇവിടെ ബന്ധങ്ങള്‍ സ്ഥാപിക്കാനും നാട്ടിലെ മാധ്യമങ്ങള്‍ക്കായി. അത് ഇവിടെയുള്ളവര്‍ക്കും നാട്ടിലുള്ളവര്‍ക്കും ഒരുപോലെ ഗുണപ്രദമായി. 

കണ്‍വന്‍ഷനിലെ ഈടുറ്റ സെമിനാറുകള്‍ മറ്റൊരു സംഘടനയിലും കാണാത്ത പ്രവര്‍ത്തന നേട്ടമാണ്. അതില്‍ പൊതുജനങ്ങള്‍ക്കെല്ലാം പങ്കെടുക്കാം. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവരില്‍ നിന്നു ഒരു ഫീസും പ്രസ്‌ക്ലബ് ഒരിക്കലും വാങ്ങിയിട്ടില്ല. അതിനാല്‍ ആര്‍ക്കും മാധ്യമ ലോകവുമായി സംവദിക്കാം. അതുപോലെ തങ്ങളുടെ ആശയങ്ങള്‍ മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവയ്ക്കാം. 

ഇതൊക്കെയാണ് പ്രസ്‌ക്ലബ് സമ്മേളനം കൊണ്ടുള്ള ഗുണങ്ങള്‍. ഇതൊക്കെ നിസാരമാണോ? 


Join WhatsApp News
vivara doshi 2017-07-20 17:41:29
Sorry, since I am a Vivara doshi, please pardon my comments.  As you mentioned in the beginiing, what is the use of this convention, other than some media hype.  May be 30 of the so called media people gather together, have drinks from start to finish and finish sponsor's money:  what else is happening there.  Really pathetic!
waste basket 2017-07-23 15:37:30
What a waste of time, money and effort!  What is the use of this convention for the general public.  30  or so members, 45 speakers, 50 or so sponsors!! Simply put, national waste!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക