Image

ക്വട്ടേഷന്‍: സൂപ്പര്‍ താരങ്ങളെയും ബാധിക്കുന്ന സാമ്പത്തിക അന്വേഷണം

സ്വന്തം ലേഖകന്‍ Published on 19 July, 2017
ക്വട്ടേഷന്‍: സൂപ്പര്‍ താരങ്ങളെയും ബാധിക്കുന്ന സാമ്പത്തിക അന്വേഷണം
നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ക്വട്ടേഷന്‍ മാനഭംഗക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ മാര്‍ച്ച് പകുതിയോടെ ദിലീപിന്റെ ബെനാമി നിക്ഷേപമെന്നു സംശയിക്കുന്ന ഒരു അക്കൗണ്ടില്‍ നിന്നും വന്‍തുക ഒരു നടിയുടെ അക്കൗണ്ടിലേക്കു മാറ്റിയതിന്റെ തെളിവു എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചതായണ് സൂചന. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് നടത്തുന്നുമില്ല. ഗൂഢാലോചന അന്വേഷണത്തില്‍ ഏറെ നിര്‍ണ്ണാകയമാകും ഈ വിവരം സ്ഥിരീകരിക്കുകയെന്നത്. എന്നാല്‍ പൊലീസ് അതിന് മെനക്കെടുന്നില്ലെന്നാണ് വിവരം. കേന്ദ്ര എന്‍ഫോഴ്‌സ്മന്റാണ് ഈ കണ്ടെത്തല്‍ നടത്തിയത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ദിലീപിന്റെ സാമ്പത്തിക ഇടപാടുകളില്‍ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ചാലക്കുടിയിലെ ഡി സിനിമാസ് ആഡംബര തിയറ്റര്‍ സമുച്ചയത്തില്‍ പലരുടെയും ബിനാമി നിക്ഷേപമുളളതിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു.

മൂന്ന് കോടി പ്രതിഫലം പറ്റുന്ന ദിലീപിന്റെ മൊത്തം ആസ്തി600 കോടിയാണെന്ന ഞെട്ടിക്കുന്ന കണക്കാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പങ്കുവയ്ക്കുന്നത്.

മലയാള സിനിമയിലെ പല വമ്പന്‍ ഇടപാടുകളും പൊലീസിന്റെ സംശയ നിഴലിലാണ്. ഒരു നടന്‍ പൊലീസിന്റെ വലയില്‍ ആയിരുന്നു. ഇതോടെ ഈ ഇടപാടുകളിലെ സംശയങ്ങള്‍ ഉയര്‍ന്നു. ഒന്നും ആരും അന്വേഷിച്ചില്ല. എന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ ഇതൊക്കെ പരിശോധിക്കുകയാണ്.

കൂടാതെ ദിലീപിന്റെ വിദേശ സ്റ്റാര്‍ ഷോ സംബന്ധിച്ചും അന്വേഷണങ്ങള്‍ തുടരുകയാണ്.  മലയാളത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം നിര്‍മ്മിച്ച മുഴുവന്‍ സിനിമകളുടെയും ധനവിനിയോഗത്തിന്റെ വിശദമായ കണക്കെടുപ്പ് നടത്താനും സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികള്‍ തീരുമാനിച്ചു.

അതേസമയം കുമരകത്തും ദിലീപ് ഭൂമി കൈയ്യേറിയെന്ന ആരോപണത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം കളക്ടര്‍ക്ക് റവന്യുമന്ത്രി നിര്‍ദേശം നല്‍കി. കുമരകം വില്ലേജിലെ പന്ത്രണ്ടാം ബ്ലോക്കിലാണ് നടന്‍ ദിലീപ് പുറമ്പോക്ക് ഭൂമി കൈയ്യേറിയെന്ന ആരോപണം ഉയര്‍ന്നത്.

ദിലീപിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്നതിനായി കേന്ദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ആലുവ പൊലീസ് ക്ലബിലെത്തിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് സംഘം പൊലീസില്‍ നിന്നും ദിലീപിന്റെ സാമ്പത്തിക ഭൂമിയിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ദിലീപ് അറസ്റ്റിലായതിനു പിന്നാലെ ദിലീപിന്റെ ഭൂമിയിടപാടുകളും റിയല്‍ എസ്‌റ്റേറ്റ് ബന്ധങ്ങളും സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിരുന്നു. കൊച്ചിയില്‍ മാത്രം 37ല്‍ അധികം ഭൂമിയിടപാടുകള്‍ ദിലീപ് നടത്തിയതായുള്ള രേഖകളാണു പുറത്തുവന്നത്. മതിപ്പു വിലയില്‍ നിന്നും മാര്‍ക്കറ്റ് വിലയില്‍ നിന്നും ഏറെ കുറച്ചുകാണിച്ചാണ് ദിലീപ് ഓരോ സ്ഥലമിടപാടുകളും നടത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. കൊച്ചിക്കു പുറമെ ആറു ജില്ലകളിലായി നിരവധി ഭൂമിയിടപാടുകള്‍ ദിലീപ് നടത്തിയെന്നാണു രജിസ്‌ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിനു നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിലെ വിവരം. ഇതിനൊപ്പമാണ് ബെനാമി അക്കൗണ്ടുകളും കണ്ടെത്തിയത്. ഇതിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ എന്‍ഫോഴ്‌സ് മെന്റിന് കിട്ടിയതെന്നാണ് സൂചന.

ദിലീപ് നിര്‍മ്മിച്ച സിനിമകള്‍, റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍, തിയേറ്ററുകള്‍, മറ്റ് ബിസിനസ് ബന്ധങ്ങള്‍ തുടങ്ങിയവയുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കുമെന്നും സൂചനയുണ്ട്. ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കള്ളപ്പണ റാക്കറ്റുമായി ദിലീപിന് ബന്ധമുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.  ഗൂഢാലോചന കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയശേഷമായിരിക്കും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ദിലീപിനെ ചോദ്യം ചെയ്യുക.

നടിയുമായി ദിലീപിന് റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ ഉണ്ടെന്നും ഇതിന്റെ പേരിലാണ് അക്രമണം ഉണ്ടായതെന്നും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. വ്യക്തി വിരോധം തീര്‍ക്കാനാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന ദിലീപിന്റെ മൊഴിയും പൊലീസ് പൂര്‍ണമായി വിശ്വസിക്കുന്നില്ല. നേരത്തെ രണ്ടുവര്‍ഷം മുമ്പ് ആദായ നികുതി ഇന്റലിജന്‍സ് വിഭാഗം മലയാള സിനിമ രംഗത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദിലീപ് അടക്കമുള്ള നടന്മാരുടെ സ്വത്തുവിവരങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടന്നെങ്കിലും ഇത് എങ്ങും എത്തിയിരുന്നില്ല. ഇതിനാണ് പുതിയ മാനം വരുന്നത്.

ഈ കണ്ടെത്തല്‍ കേരളാ പൊലീസ് ഗൗരവത്തോടെ എടുത്താല്‍ അന്വേഷണം പുതിയ തലത്തിലെത്തും. സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിക്കുന്നത് കോളിളക്കമുണ്ടാക്കുമെന്ന ഭീതിയിലാണ് പലരും. അതുകൊണ്ടാണ് നടിക്കെതിരെയുള്ള ആക്രമണത്തിനു പിന്നില്‍ കുടുംബം തകര്‍ത്ത വൈരാഗ്യമാണെന്ന മൊഴി വന്നതെന്നും അന്വേഷകര്‍ കരുതുന്നു. ദിലീപിനെതിരെയുള്ള അന്വേഷണം ഈ തലത്തിലേക്ക് എത്തുമെന്ന് ആരും കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ താര സംഘടനയായ അമ്മ ഏറെ സൂക്ഷ്മതയോടെയാണ് നീങ്ങുന്നത്. 

അതിനിടെയാണ് ദിലീപിന്റെ ബെനാമി അക്കൗണ്ടിലെ വിവരങ്ങള്‍ പുറത്തുവരുന്നത്. ഏത് നടിയുടെ അക്കൗണ്ടിലേക്കാണ് പണം ഒഴുകിയതെന്ന് വ്യക്തമല്ല. കേസ് ഒതുക്കി തീര്‍ക്കാന്‍ ഉന്നത തല ഇടപെടലുകള്‍ ഉണ്ടെന്ന വാര്‍ത്ത സജീവമാകുമ്പോഴാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്. അതുകൊണ്ട് തന്നെ കരുതലോടെയാണ് സിനിമാ ലോകം നീങ്ങുന്നത്. ഗൂഢാലോചനയിലേക്ക് വരില്‍ ചൂണ്ടുന്ന തെളിവുകളൊന്നും കിട്ടിയില്ലെങ്കിലും സാമ്പത്തിക ഇടപാടിന്റെ കള്ളക്കളികള്‍ എന്‍ഫോഴ്‌സ്‌മെന്റിന് ലഭിച്ചിട്ടുണ്ട്.

സാമ്പത്തികവുമായി ബന്ധപ്പെട്ട അന്വേഷണം സജീവമാകാതിരിക്കാന്‍ സിനിമാക്കാര്‍ തന്നെ രംഗത്തുണ്ട്. ഈ വിഷയത്തില്‍ ദിലീപിനെ ചോദ്യം ചെയ്താല്‍ പലതും പുറത്തുവരും. ഇത് പല സൂപ്പര്‍ താരങ്ങളേയും ബാധിക്കും. മലയാള സിമിയിലെ വേരറുക്കുന്നതാകും ഇത്. 

അതിനിടെ കലാഭവന്‍ മണിയുടെ മരണത്തിലെ സിബിഐ അന്വേഷണവും സിനിമാക്കാരെ അലോസരപ്പെടുത്തുന്നുണ്ട്. മണിയുടെ സാമ്പത്തിക ഇടപാടുകളാണ് സിബിഐ പ്രധാനമായും പരിശോധിക്കുന്നത്. ഇതില്‍ ദിലീപിനെതിരേയും ആരോപണങ്ങള്‍ സജീവമാണ്. അതുകൊണ്ടു തന്നെ വേണ്ടത്ര കരുതല്‍ എടുക്കുകയാണ് സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവര്‍. നടിയെ ആക്രമിച്ചതിലെ ഗൂഢാലോചനക്കേസ് ഇത്തരത്തിലേക്ക് നീങ്ങുമെന്ന് ആരും കരുതിയില്ല. ഇതിനാല്‍ താരങ്ങള്‍ പതിയെ ദിലീപിനെ പിന്തുണയ്ക്കാന്‍ തയ്യാറാകുന്നത്. എങ്ങനെ എങ്കിലും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒഴിവാക്കാനാണ് ഇപ്പോള്‍ നടക്കുന്ന ചില അണിയറ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക