Image

പ്രവീണിന്റെ മരണവും ദുരൂഹതകളും ഒരു അമ്മയുടെ പോരാട്ടങ്ങളും (ജോസഫ് പടന്നമാക്കല്‍)

ജോസഫ് പടന്നമാക്കല്‍ Published on 17 July, 2017
പ്രവീണിന്റെ മരണവും ദുരൂഹതകളും ഒരു അമ്മയുടെ പോരാട്ടങ്ങളും (ജോസഫ് പടന്നമാക്കല്‍)
ഒരു മകന്റെ മരണത്തില്‍ മൂന്നു വര്‍ഷത്തില്‍പ്പരം നിയമ യുദ്ധം നടത്തിക്കൊണ്ടിരുന്ന ലവ്'ലിവര്‍ഗീസ് കുടുംബത്തെ സംബന്ധിച്ച് പുതിയ കോടതി വിധി ആ കുടുംബത്തിന് ആശ്വാസകരമായിരുന്നു. നീതിക്കായുള്ള പോരാട്ടത്തില്‍ക്കൂടി പൊന്‍തൂവല്‍ വിരിച്ച 'ലവ്'ലി'യും വര്‍ഗീസ് കുടുംബവും ഇന്ന് വാര്‍ത്തകളില്‍ പ്രധാന സ്ഥാനം നേടിക്കഴിഞ്ഞിരിക്കുന്നു. സതേണ്‍ ഇല്ലിനോയി യൂണിവേഴ്‌സിറ്റിയിലെ പ്രവീണ്‍ എന്ന വിദ്യാര്‍ത്ഥിയെ 2014ല്‍ കൊലപ്പെടുത്തിയെന്ന കുറ്റമാരോപിച്ച് ഇക്കഴിഞ്ഞ ദിവസം 'ഗാജ് ബേത്തൂനെ' (Gaege Bethune) എന്ന വെളുത്തവനായ യുവാവിനെ കൊലപാതകത്തിനും മോഷണത്തിനും അറസ്റ്റു ചെയ്തിരുന്നു. ഈ കേസ് ശബ്ദമുയര്‍ത്തി പ്രതിയെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്നത് ലവ്'ലി യുടെ കുടുംബ സുഹൃത്തായ 'മോനിക്കാ സുക്കാ' എന്ന റേഡിയോ ഹോസ്റ്റസായിരുന്നു.  എത്രമാത്രം അവരെ പുകഴ്ത്തിയാലും മതിയാവില്ല.

പ്രോസിക്യൂട്ടറില്‍നിന്നും കുറ്റാരോപിതനായവനെ ജയിലിലടച്ച വാര്‍ത്ത കേട്ടപ്പോള്‍ സന്തോഷം കൊണ്ട്  ലവ്'ലി പൊട്ടിക്കരഞ്ഞു. ഒരു നിയമ യുദ്ധത്തിന്റെ അവസാനത്തിന്റെ ആരംഭമായും ഈ വിധിയെ വിലയിരുത്തി. നീതി അവസാനം അനുകൂലമായപ്പോള്‍ വികാരങ്ങളെ അവര്‍ക്ക് അടക്കി നിര്‍ത്താന്‍ കഴിഞ്ഞില്ല. കൈ വളരുന്നു, കാലു വളരുന്നു എന്നൊക്കെ നോക്കി വളര്‍ത്തിയ ഒരു പൊന്നോമന മകന്റെ ആത്മാവുപോലും അന്ന് തുള്ളി ചാടിയെന്നു അവനെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാം  തോന്നിക്കാണും. പ്രവീണിനെ പ്രസവിച്ച വയറിന്റെ വേദന അനുഭവിച്ച ആ 'അമ്മ സന്തോഷം കൊണ്ട് തുള്ളിച്ചാടിക്കൊണ്ട് ഈ വാര്‍ത്ത ഉടന്‍തന്നെ മറ്റുള്ളവരെ അറിയിക്കുകയും ചെയ്തു.

പ്രവീണ്‍ 2014ല്‍  ഒരു കാട്ടിനുള്ളില്‍ വെച്ച്  മരവിച്ച തണുപ്പില്‍ മരിച്ചുവെന്ന വാദത്തെ വെല്ലുവിളിച്ചുകൊണ്ട് അവന്റെ  അമ്മ നീണ്ട മൂന്നു വര്‍ഷത്തോളം നിയമയുദ്ധം നടത്തിയതിന്റെ പ്രതിഫലനമായിരുന്നു ഈ അറസ്റ്റ്. പ്രവീണിന്റെ മരണത്തിന് ഒരാഴ്ചശേഷം മൃതദേഹം കോളേജ് ക്യാമ്പസ്സിന് വെളിയിലുള്ള ഒരു കാട്ടില്‍ നിന്നും കണ്ടെടുത്തു. അതിഘോരമായ ശൈത്യമുണ്ടായിരുന്ന ഒരു ദിവസത്തിലായിരുന്നു പ്രവീണ്‍ മരിച്ചത്.

പ്രവീണിന്റെ സ്വാഭാവിക മരണമെന്ന് സ്ഥാപിക്കാന്‍ ഓട്ടോപ്‌സിയില്‍ (മൃതശരീര പരിശോധന) ഉത്തരവാദിത്വപ്പെട്ടവര്‍ പലതും മൂടി വെച്ചിരുന്നു. പ്രവീണിനുണ്ടായിരുന്ന മുറിവുകളൊന്നും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.  ഈ സാഹചര്യത്തില്‍ െ്രെപവറ്റായി വര്‍ഗീസ് കുടുംബം ഓട്ടോപ്‌സി വീണ്ടും നടത്തിച്ചു. അപ്പോഴാണ് ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തു വന്നത്. പ്രവീണ്‍ കാട്ടിനുള്ളില്‍ തണുപ്പുകൊണ്ടല്ല മരിച്ചതെന്നും വ്യക്തമായി. നെറ്റിത്തടത്തില്‍ അടിയേറ്റ മരണകരമായ ഒരു മുറിവുണ്ടായിരുന്നു. കൈകളില്‍ എല്ലുവരെയും കാലിലും ഗുരുതരമായ മുറിവുകളുണ്ടായിരുന്നു. എന്നിട്ടും പോലീസ് റിപ്പോര്‍ട്ടില്‍ ഈ മുറിവുകളൊന്നും രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. അവിടെ കപടതയുടെയും വഞ്ചനയുടെയും കളി നടന്നിട്ടുണ്ടായിരുന്നുവെന്നും വ്യക്തമായിരുന്നു. 

 ഒരു മനുഷ്യന്റെ മുറിവുകള്‍ ഒരു ഡോക്ടര്‍ക്ക് എങ്ങനെ മറച്ചു വെക്കാന്‍ സാധിക്കും. മെഡിക്കല്‍ എത്തിക്ക്‌സ് (Ethics)  പാലിക്കാഞ്ഞ അയാളുടെ മനുഷ്യത്വം എവിടെയായിരുന്നു? എങ്ങനെ പ്രവീണിന്റെ ശരീരത്തിലുണ്ടായ മുറിവുകളെ അയാള്‍ക്ക് നിഷേധിക്കാന്‍ സാധിച്ചു? ദുരൂഹതകളാണ് ഈ കേസിന്റെ തുടക്കം മുതലുണ്ടായിരുന്നത്.  മരിച്ചു കിടക്കുന്ന പ്രവീണിന്റെ മുഖം മാത്രമേ കാണിക്കുമായിരുന്നുള്ളൂ. ബാക്കി കഴുത്തുവരെ കവര്‍ ചെയ്തിരുന്നു. അവന്റെ നെറ്റിത്തടത്തില്‍ മുറിവുകള്‍ കണ്ടു. മുഖത്ത് അടിച്ച പാടുണ്ടായിരുന്നു. മുറിവുകള്‍ ഉണ്ടെന്നു പറഞ്ഞിട്ടും ആരും ശ്രദ്ധിക്കുന്നില്ലായിരുന്നു. അത് കമിഴ്ന്നു വീണതുകൊണ്ടെന്നായിരുന്നു അവരുടെ വാദം.  പതോളജിസ്റ്റ് യാതൊരു മെഡിക്കല്‍ എത്തിക്ള്‍സും പാലിച്ചില്ല. ഒരു മൃഗത്തിനെപ്പോലും  ഇങ്ങനെ ചെയ്യില്ല. പോലീസ് റിപ്പോര്‍ട്ടില്‍ ചില സ്ഥലങ്ങളില്‍ അവനെ കറുത്തവനായും വെളുത്തവനായും മിഡില്‍ ഈസ്‌റ്റേണ്‍ എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതെന്തൊരു അസംബന്ധം.  ഒരു വലിയ കാപട്യം നിറഞ്ഞ കളി പോലീസ് ഡിപ്പാര്‍ട്ടമെന്റ് കളിച്ചിട്ടുണ്ട്. ആ കള്ളക്കളിയില്‍ പതോളജിസ്റ്റും സ്‌റ്റേറ്റ് അറ്റോര്‍ണിയും ഒത്തു കൂടിയിരുന്നു.

'പ്രവീണ്‍'  മാത്യു വര്‍ഗീസിന്റെയും ലവ്‌ലിയുടെയും മകനായി 1994 ജൂലൈ ഇരുപത്തിയൊമ്പാതാം തിയതി ഇല്ലിനോയില്‍ ജനിച്ചു. പ്രിയയും പ്രീതിയും എന്നിങ്ങനെ രണ്ടു സഹോദരിമാരുമുണ്ട്. പ്രവീണ്‍, നൈല്‌സ് വെസ്റ്റ് ഹൈസ്‌കൂളില്‍ നിന്ന് 2012ല്‍ ഹൈസ്‌കൂളില്‍ നിന്നും ഗ്രാഡുവേറ്റ് ചെയ്തു. പാട്ട്, ഡാന്‍സ്, പ്രസംഗം എന്നിങ്ങനെ സര്‍വ്വ കലകളിലും അവന്‍ കലാവല്ലഭനായിരുന്നു. ഹൈസ്‌കൂള്‍ കാലങ്ങളിലെ നാല് വര്‍ഷങ്ങളും ട്രാക്ക് ടീമില്‍ (track teams) ഉണ്ടായിരുന്നു. ബാസ്‌ക്കറ്റ് ബാള്‍, ഓട്ടം, ചാട്ടം എന്നിവകളിലും  പ്രവീണനായിരുന്നു. കൂടാതെ ബോഡി ബില്‍ഡിങ്ങും മസ്സില്‍ വിപുലമാക്കുന്നതും അവന്റെ ഹോബിയായിരുന്നു.

പ്രവീണ്‍, ഹൈസ്‌കൂള്‍ പഠനശേഷം കാര്‍ബണ്‍ ഡയിലുള്ള സതേണ്‍ ഇല്ലിനോയി യൂണിവേഴ്‌സിറ്റിയില്‍ ക്രിമിനല്‍ നിയമങ്ങള്‍ പഠിക്കാനാരംഭിച്ചു. ആ ചെറുപ്പക്കാരന്റെ സ്വപ്നം ഒരു 'പോലീസുദ്യോഗസ്ഥന്‍' ആവണമെന്നായിരുന്നു. അതിനുള്ള ഗാംഭീര്യം തികഞ്ഞ വ്യക്തിത്വവും അവനുണ്ടായിരുന്നു. ആരെയും ചിരിപ്പിക്കാനുള്ള അസാധാരണമായ കഴിവുമുണ്ടായിരുന്നു. പ്രവീണിനെ ഒരിക്കല്‍ കണ്ടുമുട്ടിയവര്‍ പിന്നീടൊരിക്കലും അവനെ മറക്കില്ലായിരുന്നു. അവനിലെ കുടികൊണ്ടിരുന്ന വാസനകളെപ്പറ്റി എന്തെങ്കിലും മറ്റുള്ളവര്‍ക്ക് പറയാന്‍ കാണും. അവന്‍ തൊടുത്തുവിടുന്ന തമാശകളില്‍ പരസ്പ്പരമോര്‍ത്ത് ചിരിക്കാനും കാണും.

ലവ്'ലിയുടെയും വര്‍ഗീസിന്റെയും കുടുംബം കൂടുതല്‍ കാലവും ഷിക്കാഗോയിലാണ് താമസിച്ചിരുന്നത്. രണ്ടുപേരും മെഡിക്കല്‍ മേഖലകളില്‍ ജോലി ചെയ്യുന്നു. പത്തൊമ്പത് വയസുണ്ടായിരുന്ന മകന്‍ അവന്റെ സമപ്രായക്കാരുടെയിടയിലും മുതിര്‍ന്നവരുടെയിടയിലും ഒരു പോലെ പ്രസിദ്ധനായിരുന്നു. ഷിക്കാഗോയിലുള്ള എല്ലാ ഇന്ത്യന്‍ പരിപാടികളിലും അവന്‍ സംബന്ധിക്കുമായിരുന്നു. സദാ പ്രസന്നമായ പ്രകൃതത്തോടെയുള്ള ഒരു ചെറുക്കാനായിരുന്നു അവന്‍. മാതാപിതാക്കളെന്നും   പെങ്ങന്മാരെന്നും വെച്ചാല്‍ അവനു ജീവനു തുല്യമായിരുന്നു. കോളേജ് ഡോര്‍മിറ്ററില്‍ (Dormtiry) ചെന്നാല്‍ ഒരു ദിവസം പോലും അവിടെനിന്നും അവരെ വിളിക്കാതിരിക്കില്ലായിരുന്നു. എന്നും സാഹസിക നേട്ടങ്ങള്‍ കൈവരിക്കുന്നതിനും കൂട്ടുകാരുമൊത്ത് സമയം ചെലവഴിക്കുന്നതിലും അവന്‍ ഇഷ്ടപ്പെട്ടിരുന്നു. അതുപോലെ അപ്പന്റെയും അമ്മയുടെയും പെങ്ങന്മാരുടെയും നടുവിലിരുന്ന് കൊഞ്ചുകയും ചെയ്യണമായിരുന്നു.

പ്രവീണിന് മസിലു കാണിക്കാന്‍ വലിയ ഇഷ്ടമായിരുന്നു. അമ്മയുടെ സമീപം കൊഞ്ചാന്‍ ചെല്ലുന്ന സമയമെല്ലാം 'അമ്മേ നോക്കൂ എന്റെ മസിലെന്നു' പറഞ്ഞു അഭ്യാസം കാണിക്കുമായിരുന്നു. പ്രവീണും അവന്റെ രണ്ടു സഹോദരികളായ പ്രിയയും പ്രീതിയും എന്നും വലിയ കൂട്ടായിരുന്നു.  'പ്രിയ' അവന്റെ മൂത്ത ചേച്ചി, അവര്‍ തമ്മില്‍ ഒന്നര വയസു വിത്യാസത്തില്‍ വളര്‍ന്നു.  അവനെ നോക്കിക്കൊണ്ടിരുന്നത് അവന്റെ ഈ കുഞ്ഞേച്ചിയായിരുന്നു. കൂടാതെ അവന്റെ രഹസ്യ സൂക്ഷിപ്പുകാരിയും. അവനു സ്‌കൂളില്‍ 'സി' കിട്ടിയാല്‍ ആദ്യം അറിയുന്നത് പ്രിയയായിരുന്നു. മാര്‍ക്ക് കുറഞ്ഞാല്‍ മാതാപിതാക്കള്‍ വഴക്കു പറയുമെന്ന ഭയമായിരുന്നു കാരണം! അവന്റെ കുഞ്ഞു കുഞ്ഞു പരാതികള്‍ക്ക് ശമനമുണ്ടാക്കുന്നതും പ്രിയതന്നെയായിരുന്നു. പ്രീതി, ഇളയവള്‍, അവള്‍ക്കെപ്പോഴും പ്രവീണിന്റേയും പ്രിയയുടെയും ലാളന വേണമായിരുന്നു. അമ്മ ജോലിക്ക് പോകുമ്പോള്‍ അവന്റെ മുഖത്ത് ഉമ്മ കൊടുത്തില്ലായിരുന്നെങ്കില്‍ അവന്‍ കരയുമായിരുന്നു.

പ്രവീണ്‍ നല്ല പാട്ടുകാരനായിരുന്നു. പാട്ടിന്റെ താളത്തിനൊത്ത് അവന്‍ ഡാന്‍സും ചെയ്യുമായിരുന്നു. ഒപ്പം പ്രിയയും അവനോടൊപ്പം ഡാന്‍സ് ചെയ്തിരുന്നു. ഇന്നും അവന്റെ കൂട്ടുകാരില്‍ നിന്നും അദ്ധ്യാപകരില്‍ നിന്നും ലവ്'ലിയ്ക്ക് കത്തുകള്‍ ലഭിക്കാറുണ്ട്. അവന്‍ എത്രമാത്രം പ്രിയപ്പെട്ടവനും ഏവരുടെയും കണ്ണിലുണ്ണിയായിരുന്നുവെന്നും മരിച്ചിട്ടും മരിക്കാത്ത ഓര്‍മ്മകളുമായി നടക്കുന്ന അവന്റെ കൂട്ടുകാരെ തന്നെ ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. അവനെ അറിയുന്നവര്‍ക്കെല്ലാം നല്ല കാര്യങ്ങള്‍ മാത്രമേ അവനെപ്പറ്റി പറയാനുള്ളൂ.

പ്രവീണ്‍ മരിച്ചുവെന്ന വിവരം ആ കുടുംബത്തിന് താങ്ങാന്‍ കഴിയില്ലായിരുന്നു. അഞ്ചു ദിവസം കഴിഞ്ഞാണ് അവന്റെ മൃത ശരീരം കണ്ടെത്തിയത്. മരണം അധികാര സ്ഥാനത്തുള്ളവര്‍ ആരും ഗൗരവമായി എടുക്കില്ലായിരുന്നു. അവനെപ്പറ്റി അന്വേഷിക്കുന്ന സമയമെല്ലാം പോലീസ് ഉദ്യോഗസ്ഥര്‍  യാതൊരു ഗൗരവും കാണിക്കാതെ വളരെ നിസാരമായി കണക്കാക്കിയിരുന്നു. 'എല്ലാ കോളേജ് വിദ്യാര്‍ത്ഥികളും ഇങ്ങനെ തന്നെയാണ്, അവന്‍ മടങ്ങി വരുമെന്ന' അഭിപ്രായങ്ങള്‍ ഉദ്യോഗസ്ഥര്‍ ഒഴുക്കന്‍ മട്ടില്‍ പറയുമായിരുന്നു. അന്വേഷണവും നടത്തില്ലായിരുന്നു. അന്വേഷിക്കാന്‍ വരുന്നവരെ ശ്രദ്ധിക്കുകയുമില്ലായിരുന്നു. മാദ്ധ്യമങ്ങളോട് സംസാരിച്ചതിലും പോലീസ് ഓഫീസര്‍മാര്‍ക്ക് ഇഷ്ടപ്പെട്ടില്ല. അത് അവരുടെ അന്വേഷണത്തെ ബാധിക്കുമെന്നാണ് പറഞ്ഞത്. പ്രവീണിന്റെ അവസാന ടെലിഫോണ്‍ ശബ്ദം പോലും അവര്‍ കണ്ടുപിടിക്കാന്‍ തയ്യാറായിരുന്നില്ല. വര്‍ഗീസ്‌ലവ്'ലി കുടുംബത്തെ പണമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തി. 'പണത്തിനു തങ്ങളുടെ മകനെ മടക്കിക്കൊണ്ടുവരാന്‍ സാധിക്കില്ലെന്നും'  ലവ്'ലി അതിനുത്തരം കൊടുത്തിരുന്നു.  പ്രവീണ്‍ മരിച്ചു കിടന്ന സ്ഥലത്തെപ്പറ്റിയും സമ്മിശ്രങ്ങളായ വിവരങ്ങളാണ് നല്‍കുന്നത്. അവര്‍ എന്തടിസ്ഥാനത്തില്‍ പ്രവീണിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നു പറയുന്നു?  വെറും അനുമാനത്തില്‍ കേസ് അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന അന്വേഷകര്‍ക്കും അതിനുത്തരമില്ലായിരുന്നു.

കുറ്റാരോപിതനായ 'ഗാജ് ബേത്തൂനെ' ഒരു കോടി ഡോളര്‍ ജാമ്യം ആവശ്യപ്പെട്ടുകൊണ്ടാണ് ജയിലറകളില്‍ അടച്ചിരിക്കുന്നത്. ഇരുപത്തി രണ്ടു വയസുകാരനായ അയാളെ 2014ല്‍ പ്രവീണിന്റെ മരണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. പ്രവീണ്‍ അപ്രത്യക്ഷമായ ദിവസം ഒരു രാത്രിയില്‍ അയാളുടെ കാറിലായിരുന്നു ഹോസ്റ്റലില്‍ മടങ്ങിപ്പോയത്. ബേത്തൂനെ അന്ന് പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. 2015ലെ സ്‌റ്റേറ്റ് അറ്റോര്‍ണിയുടെ റിപ്പോര്‍ട്ടില്‍ വഴിക്കു വെച്ച് രണ്ടുപേരും വഴക്കുണ്ടാക്കിയെന്നു രേഖപ്പെടുത്തിയിരുന്നു. പ്രവീണ്‍ 'ഹൈപോതെര്‍മിയ' വന്നു മരിച്ചെന്നും ബേത്തൂനിയായുടെ കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പ്രവീണ്‍ മദ്യം കഴിച്ചിരിക്കാമെന്നും റിപ്പോര്‍ട്ടില്‍ എഴുതിയിരുന്നു. അവന്റെ ടോക്‌സിക്കോളജി (Toxicology) റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ അവര്‍ നിശബ്ദരായി. അവന്റെ ശരീരത്തില്‍ മദ്യത്തിന്റെ അംശംപോലും ഉണ്ടായിരുന്നില്ല.

ലവ്'ലി പറഞ്ഞു ' ലോകത്തില്‍ മറ്റാരേക്കാളും അവനെ എനിക്കറിയാം, അവനൊരു കാരിരുമ്പുപോലെ ദൃഢമായ മനസിന്റെ ഉടമയായിരുന്നു! മരിച്ച ദിനത്തിലെ അന്നത്തെ ഘോര രാത്രിയിലെ തണുപ്പില്‍ കാട്ടില്‍ക്കൂടി ഇഴഞ്ഞിരുന്നെങ്കില്‍പ്പോലും അവന്‍ ഫോണില്‍ക്കൂടി ആരുടെയെങ്കിലും സഹായം തേടുമായിരുന്നു.'   ഈ കേസുമായി ബന്ധപ്പെട്ട സ്‌റ്റേറ്റ് അറ്റോര്‍ണി മൈക്കിള്‍ കാര്‍ (ങശരവമലഹ ഇമൃൃ) 2015ല്‍ വിരമിച്ച ശേഷം ഇല്ലിനോയി 'സ്‌റ്റേറ്റ് അറ്റോര്‍ണി' കേസിന്റെ ചുമതല ഏറ്റെടുത്തിരുന്നു.

പ്രവീണിനു നീതി ലഭിക്കാത്തതില്‍ ലവ്'ലി കുടുംബം കടുത്ത നിരാശയിലായിരുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് വിശ്വാസം തന്നെ നഷ്ടപ്പെട്ട സ്ഥിതി വിശേഷമാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്ത് നടമാടിക്കൊണ്ടിരുന്നത്. ക്രൂരമായ മര്‍ദ്ദനമേറ്റു മരണമടഞ്ഞ ഒരു മകന്റെ മരണത്തില്‍ ബലിയാടായ ഒരു കുടുംബം നീതിക്കായി പൊരുതുമ്പോള്‍ നീതിയും നിയമവും അവിടെ നിയമം നടപ്പാക്കേണ്ടവര്‍ കാറ്റില്‍ പറപ്പിച്ചു. ഇനി ഒരിക്കലും ഈ നാട്ടിലെ അമ്മമാരും അപ്പന്മാരും ഇതുപോലെയുള്ള മാനസിക പീഡനം അനുഭവിക്കരുതെന്നും ലവ്'ലീയുടെ കാഴ്ചപ്പാടീലുണ്ട്.

നെഞ്ചു നിറയെ ദുഃഖങ്ങളും പേറി 'ലവ്'ലി' ഈ നാട്ടിലെ വിവേചനം നിറഞ്ഞ നിയമത്തെ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു, 'ഒരു വെളുത്തവന്‍ എന്റെ കുഞ്ഞിന്റെ സ്ഥാനത്ത് മരണപ്പെട്ടിരുന്നെങ്കില്‍ ഏഴുദിവസവും ദിവസത്തിലെ ഇരുപത്തിനാലു മണിക്കൂറും ഹെലികോപ്റ്ററുകളും പോലീസും അന്വേഷണോദ്യോഗസ്ഥരും അവിടമൊരു കോലാഹലം സൃഷ്ടിക്കുമായിരുന്നു.' ഒരു കറുത്ത മനുഷ്യന്‍ വെളുത്തവനെ കൊന്നിരുന്നെങ്കില്‍ കൊലയ്ക്കു ശേഷം കാട്ടില്‍നിന്ന് പുറത്തു വന്നിരുന്നെങ്കില്‍ പോലീസ് അയാളെ ചോദ്യം ചെയ്യുകയും സാധ്യതയുള്ള സ്ഥലമെല്ലാം അന്വേഷിക്കുകയും ഉടന്‍തന്നെ മരിച്ചു കിടന്ന സ്ഥലം കണ്ടുപിടിക്കുകയും ചെയ്യുമായിരുന്നു. അടുത്ത ദിവസം തന്നെ കറുത്തവന്‍ ജയിലിലുമാകുമായിരുന്നു. നോക്കൂ, പ്രവീണിനെ കൊന്നയാള്‍ ഇത്രമാത്രം തെളിവുകള്‍ ഉണ്ടായിട്ടും കഴിഞ്ഞ മൂന്നു വര്‍ഷമായി അയാള്‍ സ്വതന്ത്രമായി നടന്നു. ഇന്ന് ആ ഘാതകന് ഒരു കൊച്ചുമുണ്ട്. അവനെതിരായുള്ള സ്പഷ്ടമായ തെളിവുകള്‍ പകല്‍പോലെ സത്യമെങ്കിലും ആരു ശ്രദ്ധിക്കുന്നു!  എന്നിട്ടും, ഇന്നലെ വരെയും നിയമം പാലിക്കുന്നവരുടെ കണ്ണ് തുറന്നില്ലായിരുന്നു. പ്രവീണിനുമേല്‍ നീതിയുറങ്ങി കിടക്കുകയായിരുന്നു. നിഷ്‌കളങ്കനായ ഒരു യുവാവ് കൊല്ലപ്പെട്ടപ്പോള്‍ നിയമം പാലിക്കുന്നവര്‍ കേസുകള്‍ മായ്ച്ചു കളയാന്‍ ശ്രമിച്ചു. കാരണം അവന്റെ നിറമോ വംശീയതയോ എന്തെന്നറിഞ്ഞു കൂടായിരുന്നു.
പ്രവീണ്‍ കൊലചെയ്യപ്പെട്ട സമയം അര്‍ദ്ധരാത്രിയില്‍ ഒരുവന്‍ അവന്‍ മരിച്ചുകിടന്ന കാട്ടില്‍നിന്ന് പുറത്തു വന്നു. അത് സംശയിക്കേണ്ടതല്ലേ? കൊലയാളിയെ രക്ഷിക്കുന്നത് ഈ നാടിന്റെ നിയമ വ്യവസ്ഥയ്ക്കു തന്നെ കളങ്കമല്ലെ? രക്ഷിക്കുന്നവനും കുറ്റവാളിയും ഒരുപോലെ തെറ്റുകാരാണ്. പ്രവീണിന്റെ കൊലയാളിയായ 'ഗാജ് ബേത്തൂനെ' ഒരിക്കലും സംശയിക്കാതിരുന്നത് തികച്ചും നിയമത്തോടുള്ള ഒരു അവഹേളനമായിരുന്നു. ഏതോ ഒരു മനുഷ്യന്‍ പ്രവീണ്‍ കൊലചെയ്യപ്പെട്ട സമയം മറ്റൊരു മനുഷ്യനെ ചുമലില്‍ ചുമന്നുകൊണ്ട് പോവുന്നതായി കണ്ടെന്നും പറയുന്നു.

ഈ കേസില്‍ ഒരു പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സര്‍വ്വവിധ തെളിവുകളുമുണ്ടായിരുന്നു. അതേസമയം  യാതൊരു തെളിവുകളുമില്ലാത്ത നിഷ്‌കളങ്കരായവര്‍ ജയിലിലും പോവുന്നു. കാരണം, പ്രവീണിനെ കൊലചെയ്‌തെന്ന് വിശ്വസിക്കുന്ന ഇയാള്‍ക്ക് സ്‌റ്റേറ്റിലെ അറ്റോര്‍ണി മുതല്‍ നിയമം കളിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ വരെ സുഹൃത്തുക്കളുണ്ടായിരുന്നു. നിയമം കൈപ്പത്തിയില്‍ സൂക്ഷിക്കുന്നവരുള്ളടത്തോളം കാലം ഇരയായവര്‍ക്ക് നീതി നിഷേധിക്കപ്പെടും.സകല സ്വാധീനവും ഉപയോഗിച്ച് കുറ്റവാളി ജയിലില്‍ പോകാതിരിക്കാന്‍ അയാളുടെ അപ്പനു കഴിഞ്ഞു. ഇല്ലിനോയ് ജാക്‌സണ്‍ കൗണ്ടി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് പക്ഷാപാതം അങ്ങേയറ്റം ഉള്ള സ്ഥലമാണ്. അഴിമതി നിറഞ്ഞ പോലീസുകാരായിരുന്നു അന്ന് ആ കൗണ്ടി ഭരിച്ചിരുന്നത്. കേസുകള്‍ അവര്‍ക്ക് അനുകൂലമായവര്‍ക്ക് തിരിക്കാന്‍ എന്ത് ഹീനകൃത്യവും ചെയ്യുമായിരുന്നു. നീതി പുലര്‍ത്തുന്ന പോലീസുകാര്‍ അവിടെയില്ലായിരുന്നു. അവരുടെ കുടുംബത്തിലുള്ളവരെ സംരക്ഷിക്കുകയും സമൂഹത്തെ ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

ലവ്'ലി കുടുംബത്തെ എല്ലാ വിധത്തിലും നിയമവും നിയമപാലകരും അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രവീണ്‍ മദ്യം സേവിച്ചിരുന്നു, മയക്കുമരുന്നിനടിമ, മയക്കു മരുന്ന് വില്‍ക്കുന്നവന്‍ എന്നിങ്ങനെയെല്ലാം ആരോപണങ്ങള്‍ അവന്റെ മേല്‍ ചാര്‍ത്തിയിരുന്നു. നിഷ്‌കളങ്കനായവനും നല്ലയൊരു കുടുംബത്തില്‍ പിറന്നവനും മാതാപിതാക്കളെ അനുസരിച്ചും പള്ളിയും ആത്മീയതയുമായ നടന്ന അവന്റെ   പേരിലാണ് ക്രൂരവും നിന്ദ്യവുമായ കുറ്റാരോപണങ്ങള്‍ വധാന്വേഷണവുമായി നടന്നവര്‍ നടത്തിയത്. പ്രവീണിന്റെ കുടുംബത്തിന് അന്വേഷണവുമായി നടന്ന ഉദ്യോഗസ്ഥര്‍ യാതൊരു മാനുഷിക പരിഗണനയും നല്കിയില്ലെന്നുള്ളതാണ് സത്യം. നല്ല നിലയില്‍ വളര്‍ത്തിയ ഒരു ചെറുക്കന്റെ ജീവിച്ചിരുന്ന കാലങ്ങളിലുള്ള വ്യക്തിത്വത്തെ തേജോവധം ചെയ്യാനായിരുന്നു പോലീസുകാര്‍ ശ്രമിച്ചത്. നിന്ദ്യവും ക്രൂരവുമായ അധികൃതരുടെ കള്ളങ്ങള്‍ മാത്രം നിറഞ്ഞ ആരോപണങ്ങള്‍ക്ക് മീതെ ഹൃദയം പൊട്ടിയായിരുന്നു അവന്റെ അമ്മയും അപ്പനും സഹോദരികളും മൃതദേഹത്തിനുമുമ്പില്‍ മൂകമായി നിന്നതും മൃതദേഹം മറവു ചെയ്തതും. അവനെ അറിയുന്നവര്‍ക്കെല്ലാം അവന്‍ ഒരു കുഞ്ഞനുജനോ, സഹോദരനോ മകനോ, കൊച്ചുമകനോ ആയിരുന്നു. അവന്റെ ജീവിതത്തിലെ അഭിലാക്ഷം എഫ്.ബി.ഐ. യില്‍ ഒരു പോലീസ് ഓഫിസര്‍ ആകണമെന്നായിരുന്നു. എല്ലാ സ്വപ്നങ്ങളും അവിടെ തകര്‍ന്നു വീഴുകയായിരുന്നു. പക്ഷെ അവന്റെ മരണം എഫ്.ബി.ഐ ഏജന്‍സിയ്ക്ക് വെറും ദുരൂഹത മാത്രമായി അവശേഷിച്ചു.

പ്രവീണ്‍ എങ്ങനെ മരിച്ചുവെന്നറിയാന്‍ അവന്റെ മാതാപിതാക്കള്‍ അനേക തവണകള്‍ പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും അധികാരികള്‍ നല്‍കാന്‍ തയ്യാറായിരുന്നില്ല.  പതിനെട്ടു മാസം കഴിഞ്ഞപ്പോള്‍ പോലീസ് റിപ്പോര്‍ട്ടിനു പകരം കിട്ടിയ പായ്ക്കറ്റ് വെറും പത്ര റിപ്പോര്‍ട്ടുകളായിരുന്നു. ആ കെട്ടിനുള്ളില്‍ പോലീസിന്റെ റിപ്പോര്‍ട്ടുണ്ടായിരുന്നില്ല. ഇത്തരം ഉത്തരവാദിത്വമില്ലാതെ പെരുമാറുന്ന പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വാസ്തവത്തില്‍ അവരുടെ കുടുംബത്തെ അപമാനിക്കുകയായിരുന്നു. ഒരു പൗരനുള്ള അവകാശങ്ങളെ ധിക്കരിക്കുന്ന പ്രവര്‍ത്തികളായിരുന്നു പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്.  ലവ്'ലിയ്ക്കറിയേണ്ടത് ഒരു കാര്യം മാത്രമേയുള്ളൂ,  'മദ്യത്തിനടിമയല്ലാതിരുന്ന ആരോഗ്യമുള്ള തന്റെ മകന്‍ ആ കാട്ടിനുള്ളില്‍ എങ്ങനെ മരിച്ചെന്നു' അറിയണം.

നാല്‍പ്പതിനായിരം പേരുടെ ഒപ്പു ശേഖരിച്ചുകൊണ്ട് പ്രവീണിന്റെ മരണത്തിനുത്തരവാദിയായവര്‍ക്കെതിരെ നീതിപൂര്‍വമായ ഒരു അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മുന്‍ മേയറിന്റെ മുമ്പാകെ ഒരു ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഉദ്ദേശ്യം പ്രതികാരം ചെയ്യുകയെന്നതല്ലായിരുന്നു. അന്വേഷണോദ്യോഗസ്ഥരെ വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിക്കാനും ആഗ്രഹിച്ചിരുന്നില്ല. അവര്‍ മുട്ടാവുന്ന വാതിലുകള്‍ മുഴുവന്‍ മുട്ടിയിരുന്നു. പലപ്പോഴും നിരാശയായി മടങ്ങണമെന്നും തോന്നി. അപ്പോഴെല്ലാം ഇളയ മകള്‍ പ്രീതി അടുത്തുവന്ന് 'മമ്മി പിന്തിരിയരുതെന്നു' വന്നു പറയുമായിരുന്നു.

തന്റെ മകന്റെ മരണത്തിനുത്തരവാദി ആരെന്നു കണ്ടുപിടിക്കാന്‍ ഇനി എങ്ങോട്ടെന്ന ലക്ഷ്യവും അറിയത്തില്ലായിരുന്നു. ഉറച്ച തെളിവുകളുണ്ടായിട്ടും കുറ്റവാളിയില്‍ കുറ്റം ചാര്‍ത്താത്തത് ഒന്നുകില്‍ ഇത് മനഃപൂര്‍വം അല്ലെങ്കില്‍ നിയമത്തിന്റെ കഴിവില്ലായ്മയെന്നും ഓര്‍ത്തു. ഇതുപോലെ എത്രയെത്ര കേസുകള്‍ ആരുമാരും ശ്രദ്ധിക്കാതെ ഈ മണ്ണില്‍ നിന്ന് കടന്നു പോയിരിക്കണം. ആര്‍ക്കും ഇത് സംഭവിക്കാവുന്നതാണ്. വായനക്കാരെ ശ്രദ്ധിച്ചാലും,  നാളെ ഈ നീതിനിഷേധം നിങ്ങള്‍ക്കോ നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കോ സംഭവിക്കാവുന്നതേയുള്ളൂ! സുരക്ഷിതമായി നമ്മുടെ ഭവനത്തില്‍ നമുക്കും നമ്മുടെ മക്കള്‍ക്കും കിടന്നുറങ്ങണം. നമ്മുടെ കുഞ്ഞുങ്ങള്‍ക്കും മറ്റു പൗരന്മാര്‍ക്കൊപ്പം തുല്യ നീതിയും  വേണം. ഒരു നിയമമുണ്ടെങ്കില്‍,  ഈ രാജ്യത്തുണ്ടെങ്കില്‍ അത് എല്ലാ പൗരന്മാര്‍ക്കും തുല്യ നീതിയില്‍ അധിഷ്ഠിതമായിരിക്കണം.

അമേരിക്കയുടെ നാനാഭാഗത്തുനിന്നും ലവ്'ലിയ്ക്ക് കത്തുകള്‍ വരുന്നുണ്ടെന്നു പറഞ്ഞു. അവരുടെയെല്ലാം  സ്‌നേഹത്തിന്റെ മുമ്പിലും സ്വാന്തനവാക്കുകളിലും അവര്‍ വികാരാധീനയാകാറുണ്ട്.  മകന്റെ നീതിക്കുവേണ്ടി ധീരതയോടെ പട പൊരുതുന്ന ലവ്'ലിയേ ചില കുഞ്ഞുങ്ങള്‍ക്ക് അമ്മയാക്കണമെന്ന കത്തുകളും വരാറുണ്ട്. പ്രവീണിന്റെ പ്രായത്തിലുള്ളവരെല്ലാം അവന്റെ അമ്മയില്‍ ആവേശഭരിതരാണ്. ഒരു ഒറ്റയാന്‍ പോരാട്ടത്തില്‍ കൂടിയാണ് ഇത്രമാത്രം അവര്‍ നേട്ടങ്ങളുണ്ടാക്കിയത്. കുറ്റാരോപിതനായവനെ താല്‍ക്കാലികമായിയെങ്കിലും ജയിലില്‍ അടച്ചപ്പോള്‍ അവര്‍ സന്തോഷംകൊണ്ട് മതിമറന്നിരുന്നു. മലയാളി സമൂഹത്തിന്റെ ഒത്തൊരുമയും സഹവര്‍ത്തിത്വവും ഈ വിജയത്തിന്റെ മുമ്പിലുണ്ടെന്നുള്ളതും അഭിമാനകരമാണ്. ലവ്'ലിയുടെ കുട്ടികള്‍ക്കും മലയാളി ഐക്യമത്യത്തിന്റെ ബലം മനസിലാക്കാന്‍ സാധിച്ചെന്ന് അവര്‍ അവകാശപ്പെടുന്നു.

പുറം രാജ്യങ്ങളില്‍ താമസിക്കുമ്പോള്‍ 'മലയാളി ആദ്യം, പിന്നീട് മതവും രാഷ്ട്രീയവും' എന്ന കാഴ്ചപ്പാടാണ് ലവ്'ലിക്കുള്ളത്. പ്രവീണിന്റെ നീതി തേടിയുള്ള യാത്ര തുടങ്ങിയതേയുള്ളൂ, ഇതവസാനമല്ലെന്നാണ് അവരുടെ അഭിപ്രായം. സമൂഹത്തിന്റെ വിലയെന്തെന്നു പ്രവീണിന്റെ മരണത്തോടെ സമൂഹത്തിനുതന്നെ  ബോദ്ധ്യമായിക്കഴിഞ്ഞിരിക്കുന്നു.  അവന്റെ ചൈതന്യം ഇന്നും ആ കുടുംബത്തു പ്രകാശിപ്പിക്കുന്നുണ്ടെന്നാണ് അവന്റെ 'അമ്മ' വിശ്വസിക്കുന്നത്. മനോഹരമായ ഒരു ചിത്രശലഭം പറന്ന് അവിടെ വരാറുണ്ട്. നിറമാര്‍ന്ന ആ ശലഭത്തിലും ഓമനത്വമുള്ള നഷ്ടപ്പെട്ടുപോയ പ്രവീണ്‍ എന്ന മകനെയാണ് ലവ്'ലി കാണുന്നത്. അവന്‍ മരിച്ചിട്ടില്ല! ഇന്നും ജീവിക്കുന്നുവെന്നും വിശ്വസിക്കുന്നു.

പ്രവീണിനെപ്പറ്റി അമേരിക്ക മുഴുവന്‍ വാര്‍ത്തകളായി നിറഞ്ഞിരിക്കുന്നു. അവന്‍ പറയുമായിരുന്നു, 'അമ്മേ ഞാന്‍ പ്രസിദ്ധനാകുന്നതിനൊപ്പം അമ്മയെയും നമ്മള്‍ എല്ലാവരെയും ഒരുപോലെ പ്രസിദ്ധരാക്കും.' അത് സത്യമായിരുന്നു! ഷിക്കാഗോ ട്രിബുണിന്റെ പ്രധാന പേജിലാണ് പ്രവീണിന്റെ അമ്മയുടെ നീതി തേടിയുള്ള ഈ  വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. അത് പ്രവീണിനുള്ള മരണാനന്തര ബഹുമതി തന്നെയാണ്.

അടച്ചു വെച്ചിരുന്ന പ്രവീണിന്റെ കേസ് രണ്ടാമതും പൊക്കിക്കൊണ്ട് വരുകയെന്നുള്ളത് എളുപ്പമായിരുന്നില്ല. മകന്‍ മരിച്ച ഹൃദയ വേദനയോടെ നടന്ന ഒരു അമ്മയുടെ പരിശ്രമ ഫലമായിട്ടാണ് നീതിയുടെ കണ്ണുകള്‍ തുറക്കാന്‍ കാരണമായത്. നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടം ഇനി സ്‌റ്റേറ്റ് ഏറ്റെടുത്തതും പ്രവീണ്‍ കേസിന് ഒരു പുതിയ വഴിത്തിരിവ് തുറന്നു കിട്ടുകയായിരുന്നു. ഇത്രമാത്രം മലയാളി സമൂഹത്തെ യോജിപ്പിച്ച ഒരു കേസ് അമേരിക്കന്‍ ചരിത്രത്തിലുണ്ടായിട്ടില്ല. ലവ്'ലിയുടെ വാക്കുകള്‍ ഇവിടെ ശ്രദ്ധേയമാണ്.  'എന്റെ കുഞ്ഞിനെ കൊന്നവന്‍ ഒരു ദിവസമെങ്കിലും ജയിലില്‍ കിടക്കണമെന്നുള്ള ആഗ്രഹമേയുണ്ടായിരുന്നുള്ളൂ. ഇനി അയാളെ ശിക്ഷിച്ചേക്കാം, ശിക്ഷിക്കാതിരിക്കാം. കുറ്റം ചെയ്തവന്റെ കുടുംബത്തെയോ പ്രതിയെയോ ശിക്ഷിക്കണമെന്നും പറയുന്നില്ല. സത്യം പുറത്തു വരണമെന്നുള്ളതായിരുന്നു ആഗ്രഹം.  അത് സംഭവിച്ചു.'

'ബേത്തൂന ,  കുറ്റക്കാരനെന്നു വിധിച്ചാലും ഇല്ലെങ്കിലും ഞാനതില്‍ പ്രയാസപ്പെടുന്നില്ലെന്നും എന്റെ മകനെ കൊന്നത് ആരെന്നറിഞ്ഞാല്‍ മാത്രം മതിയെന്നും ഭാവിയില്‍ എന്തുതന്നെ സംഭവിച്ചാലും അവര്‍ക്കത് പ്രശ്‌നമല്ലെന്നും ജൂറി അവനെ മോചിപ്പിക്കുന്നുവെങ്കില്‍ നല്ലത് തന്നെയെന്നും ' ലവ്'ലി പറഞ്ഞു,  'ഗുണികള്‍ ഊഴിയില്‍ നീണ്ട് വാഴാറില്ല' എന്ന് മലയാളത്തിലൊരു ചൊല്ലുണ്ട്. കൗമാരം മാറിയിട്ടില്ലാത്ത ചെറു പ്രായത്തില്‍ തന്നെ അവന്‍ തന്റെ ജീവിതം അര്‍ത്ഥമുള്ളതാക്കി തീര്‍ത്തു.  അവന്റെ അപ്പനും അമ്മയും സഹോദരികളും കുടുംബമൊന്നാകെയും പവിത്രമായ അവന്റെ ആത്മാവില്‍ ഇന്ന് ആത്മാഭിമാനം കൊള്ളുന്നതും ദൃശ്യമാണ്. സത്യവും സ്‌നേഹവും നിറഞ്ഞ സരള ഹൃദയനായ പ്രവീണെന്ന യുവാവ് ഇന്ന് ആയിരങ്ങളുടെ ഹൃദയങ്ങളെ കീഴടക്കിക്കഴിഞ്ഞിരിക്കുന്നു. അവനുചുറ്റുമുള്ള അവനെ സ്‌നേഹിച്ചിരുന്നവര്‍ക്ക് തോരാത്ത കണ്ണുനീരും നല്‍കിക്കൊണ്ടായിരുന്നു അന്നവന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞത്. പ്രവീണിന്റെ ആത്മാവ്  സത്യം കണ്ടെത്തലില്‍ സന്തോഷിക്കുന്നുവെന്നു അവന്റെ 'അമ്മ പറയുന്നു.


പ്രവീണിന്റെ മരണവും ദുരൂഹതകളും ഒരു അമ്മയുടെ പോരാട്ടങ്ങളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
observer 2017-07-17 06:47:24
ലവ്‌ലി വര്‍ഗീസിനൊടുള്ള എല്ലാ ബഹുമാനത്തോടെയും ചോദിച്ചു കൊള്ളട്ടെ. ആ കടുത്ത തണുപ്പുള്ള രാത്രിയില്‍ കോട്ട് എടുക്കാതെ പ്രവീണ്‍ എന്തിനു പുറത്തിറങ്ങി? റൈഡ് ഇല്ലാതെ എങ്ങനെ ഹോസ്റ്റലിലേക്കു മടങ്ങാനാണു ഉദ്ധേശിച്ചത്? അത്രയും ദൂരം നടക്കാന്‍ പറ്റുമായിരുന്നോ? ബഥൂന്‍ റൈഡ് കൊടുത്തില്ലെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? അസമയത്ത് അപരിചിതനായ വ്യക്തിയുടെ റൈഡ് വാങ്ങിയത് ശരിയോ?
പണത്തിനു വേണ്ടിയായിരുന്നു ആക്രമണം എന്ന് കേസില്‍ നിന്നു മനസിലാകുന്നു. പ്രവീണിന്റെ കയ്യില്‍ പണം ഉണ്ടായിരുന്നോ? ഉണ്ടെങ്കില്‍ അതു കൊടുത്തു പ്രശ്‌നം തീര്‍ക്കാതിരുന്നതെന്ത്? പല ചോദ്യങ്ങല്‍ക്കും ഉത്തരമില്ല 

പിള്ള 2017-07-17 07:09:07
ഒബ്സെർവർ, നിങ്ങൾ നിങ്ങളുടെ നിലവാരം കാത്തു!! 

കുഞ്ഞു മരിച്ച ഒരമ്മയുടെ ദുഃഖം ഒരു പക്ഷെ നിങ്ങൾക്ക്  മനസിലാക്കാൻ പറ്റുന്നതിനേക്കാൾ ഉപരിയായിരിക്കും. പക്ഷേ ഒരു മാതിരി വായനക്കാരെല്ലാവരും തന്നെ ആ ദുഃഖത്തിൽ പങ്കുചേരുന്നു. എനിക്കും മക്കളുണ്ട്, ഒരു സന്ദേഹവുമില്ലാതെ ആ അമ്മയെ എനിക്ക് വിശ്വസിക്കാനും പറ്റുന്നുണ്ട്. 

തണുപ്പുള്ള രാത്രിയിൽ എന്തിനു പാർട്ടിക്ക് പോയി, ചോദിച്ചാൽ വെറുതെ പേഴ്‌സ് എടുത്തുകൊടുത്താൽ പോരായിരുന്നോ.... ഒരു സംശയക്കാരൻ വന്നിരിക്കുന്നു!! കഷ്ടം സുഹൃത്തേ.... ചോദിക്കാനാണെകിൽ ഒരു നൂറു ചോദ്യങ്ങൾ ഉണ്ടാകും. ഏത് കേസിനാണ് ചോദ്യങ്ങൾ ഇല്ലാത്തത്?
Johny 2017-07-17 08:29:12
ഈ വ്യാജ പേരിൽ കമന്റ് ഇടുന്നവർ കൂടുതലും പുരോഹിതർ ആണെന്ന് പറയാൻ കാരണം ഇതൊക്കെ ആണ്. ആ ഭാഷ പുരോഹിതന്റെ ആണ്. അഹങ്കാരം ധാർഷ്ട്യം കുത്തി നോവിക്കാൻ എല്ലാം ഉണ്ടതിൽ. 
James Mathews, Chicago 2017-07-17 09:16:06
പിള്ളയുടെ കുറിപ്പ് വായിച്ചു. കാക്കയ്ക്കും തൻ കുഞ്ഞ് (പിള്ള) പൊൻ കുഞ്ഞു എന്ന് ഒബ്‌സർവർ നിരീക്ഷിച്ചിരിക്കയാണ്.  അത് ഒരു നിരീക്ഷകന്റെ ജോലി. പിള്ളകൾക്ക് (ചൈൽഡ് എന്ന അർത്‌ഥത്തിൽ) അത് മനസ്സിലാകില്ല അത് മുതിർന്നവരുടെ ജോലി. പിള്ളകൾ അമ്മക്കൊപ്പം കഴിയുകയാണെങ്കിൽ, അമ്മയുടെ ചൊൽപ്പടിക്ക് നിന്നാൽ  അവർക്ക് ആപത്ത് വരില്ല.
വിദ്യാധരൻ 2017-07-17 20:28:39
''പിണങ്ങിപ്പോയീടിലും
 പിന്നെ ഞാന്‍ വിളിക്കുമ്പോള്‍ 
കുണുങ്ങിക്കുണുങ്ങി നീ 
ഉണ്ണുവാന്‍ വരാറില്ലേ? 
വരിക കണ്ണാല്‍ കാണാന്‍ 
തരസാ നുകര്‍ന്നാലും 
തായതന്‍ നൈവേദ്യം നീ!''......(മാമ്പഴം -വൈലോപ്പള്ളി )

ഒരമ്മയും മകനുമായുള്ള ബന്ധമാണ് 'മാമ്പഴ'ത്തിന്റെ വിഷയം ....''തന്റെ ഓമന മകന്‍ വെറും കൗതുകവശാല്‍ ഒരപരാധം ചെയ്തതില്‍ താന്‍ അപ്രിയം പറഞ്ഞതിനെച്ചൊല്ലി ഒരമ്മയ്ക്ക് ആജീവനാന്തം വ്യസനിക്കാനിടയായതാണല്ലോ അതിലെ പ്രമേയം.  പ്രവീണിന്റ അമ്മയുടെ ദുഃഖം പ്രതിയെ പിടിച്ചതുകൊണ്ടോ ശിക്ഷിച്ചതുകൊണ്ടോ തീരുന്നതല്ല . അവർക്ക് ഒന്നേയുള്ളു ആഗ്രഹം തന്റെ മകൻ തെറ്റുകാരനല്ല എന്ന് ലോകം അറിയണം അത്രമാത്രം. അല്ലെങ്കിൽ("ലവ്‌ലി വര്‍ഗീസിനൊടുള്ള എല്ലാ ബഹുമാനത്തോടെയും ചോദിച്ചു കൊള്ളട്ടെ. ആ കടുത്ത തണുപ്പുള്ള രാത്രിയില്‍ കോട്ട് എടുക്കാതെ പ്രവീണ്‍ എന്തിനു പുറത്തിറങ്ങി? റൈഡ് ഇല്ലാതെ എങ്ങനെ ഹോസ്റ്റലിലേക്കു മടങ്ങാനാണു ഉദ്ധേശിച്ചത്? അത്രയും ദൂരം നടക്കാന്‍ പറ്റുമായിരുന്നോ? ബഥൂന്‍ റൈഡ് കൊടുത്തില്ലെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? അസമയത്ത് അപരിചിതനായ വ്യക്തിയുടെ റൈഡ് വാങ്ങിയത് ശരിയോ?പണത്തിനു വേണ്ടിയായിരുന്നു ആക്രമണം എന്ന് കേസില്‍ നിന്നു മനസിലാകുന്നു. പ്രവീണിന്റെ കയ്യില്‍ പണം ഉണ്ടായിരുന്നോ? ഉണ്ടെങ്കില്‍ അതു കൊടുത്തു പ്രശ്‌നം തീര്‍ക്കാതിരുന്നതെന്ത്? പല ചോദ്യങ്ങല്‍ക്കും ഉത്തരമില്ല" ) ഇത്തരക്കാർക്കുള്ള മറുപടി  

വാക്കിനാൽ  സ്വാന്തനിപ്പാൻ 
        കഴിവില്ലെന്നീടിലും
കാക്കട്ടെ  അകതാരിൽ 
         വിളങ്ങും സർവ്വേശ്വരൻ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക