Image

പുഴുവും തുരുമ്പും കൊടുക്കാതെയും കള്ളന്മാര്‍ തുരന്നു...! (ജോണ്‍ മാത്യു)

ജോണ്‍ മാത്യു Published on 16 July, 2017
പുഴുവും തുരുമ്പും കൊടുക്കാതെയും കള്ളന്മാര്‍ തുരന്നു...! (ജോണ്‍ മാത്യു)
മനുഷ്യന്റെ എന്നത്തേയും ആഗ്രഹമായിരുന്നു തങ്ങളുടെ സമ്പാദ്യത്തിന്റെ സുരക്ഷിതത്വം. രണ്ടു തലമുറകള്‍ക്കപ്പുറമുണ്ടായിരുന്ന 'അറയും നിര'യോടും കൂടിയ വീടുകള്‍ ഓര്‍മ്മയില്ലേ. തികച്ചും കാര്‍ഷിക സംവിധാനത്തില്‍, ഉഷ്ണ കാലാവസ്ഥയില്‍, തുറന്ന മുറികളും വരാന്തയുമുള്ള വീടിന് ഒത്ത നടുക്ക് കട്ടിയുള്ള തടികൊണ്ട് ഒരു അറ. കള്ളന്മാര്‍ തുരന്നു കയറാതിരിക്കാന്‍ കനത്ത വാതില്‍, അതു തുറക്കുമ്പോള്‍ നാലുപേരറിയുന്ന ഒച്ചപ്പാടും! സമ്പാദ്യങ്ങള്‍ കരുതിവെയ്ക്കുന്നത് അവിടെയാണ്.

    കാലം മാറി. ധനം എന്നാല്‍ ഇന്ന് മറ്റു പലതുമാണ്. കാര്‍ഷിക വിളകള്‍ക്കു പകരം നാണയങ്ങളായി, നോട്ടുകെട്ടുകളായി, അതു കെട്ടിക്കിടക്കാതിരിക്കാന്‍ ധനകാര്യ സ്ഥാപനങ്ങളായി. എങ്കിലും, പണം കൈമാറ്റം ചെയ്യുന്നത് ഒരിക്കലും സുരക്ഷിതമായിരുന്നില്ല. മുഷിഞ്ഞ തുണിചേളാവുകളില്‍ ആയിരക്കണക്കിനു നോട്ടുകളുമായി യാത്ര ചെയ്യുന്ന ഉത്തേരേന്ത്യന്‍ ലാലാമാരുടെ ചിത്രം എന്റെ മനസ്സില്‍ ഇപ്പോഴും തങ്ങി നില്‍ക്കുന്നു.

    ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകളും ചെക്കുബുക്കും കൈവശമുണ്ടെങ്കിലും യാത്ര പോകുമ്പോള്‍ കുറേ നോട്ടുകളും കൂടി കരുതാന്‍ നാമെല്ലാം ശ്രദ്ധിക്കുന്നു. അറ്റിലാന്റിക്കിലെവിടെയെങ്കിലും ഒരു കൊടുങ്കാറ്റ് പിറവിയെടുക്കുന്ന വാര്‍ത്ത കേട്ടാല്‍ മതി ഹൂസ്റ്റന്‍ നിവാസികള്‍ 'കാശ്' എടുത്തുവെക്കാന്‍ ബാങ്കിലേക്ക് ഓടുകയായി. ഒരു ഹരിക്കേന്‍ അടിച്ചാല്‍, വൈദ്യുതി നിലച്ചാല്‍, ബാങ്കുകളടച്ചാല്‍ യഥാര്‍ത്ഥ പണം അല്ലാതെ മറ്റൊന്നും ഈ ആധുനിക യുഗത്തിലും സ്വീകാര്യമല്ലതന്നെ. സാങ്കേതികതയുടെ മുന്നേറ്റം ഒരു കൊടുങ്കാറ്റിന്റെ മുന്നില്‍ മുട്ടുമടക്കുന്നു.

    ഒരു തിരിഞ്ഞുനോട്ടം.
    'ഹവാലാ പട്ടേലിനെ' ആരോ പരിചയപ്പെടുത്തി. ഇന്ത്യയിലേക്ക് ചെലവില്ലാതെ അതിവേഗം പണമെത്തിക്കാനുള്ള വേല അയാള്‍ക്കറിയാമത്രേ. സാക്ഷ്യപത്രങ്ങളും നിരത്തി.
    എന്തിനേറെ പറയുന്നു. നമ്മുടെ പട്ടേല്‍ഭായി കൃത്യമായി പണം നാട്ടിലെത്തിച്ചു. അവിടെ പണം കൈപ്പറ്റിയ ബന്ധു പിന്നീട് ഇങ്ങനെ എഴുതി:

    'അപരിചിതനായ ഒരാള്‍ എന്നെ അന്വേഷിച്ചെത്തി. അതിരാവിലെ അപ്രതീക്ഷിതമായി. കുശലം പറയാനൊന്നും നിന്നില്ല. അയാള്‍ക്ക് എന്നെ എങ്ങനെയോ നന്നായി അറിയുന്നതുപോലെ. ഞാന്‍ ഞാന്‍ തന്നെയാണെന്ന് നേരത്തെ ഉറപ്പുവരുത്തിയിരുന്നതുപോലെ. നോട്ടുകള്‍ എണ്ണിത്തന്നു. എന്നിട്ട് അയാള്‍ തുടര്‍ന്നു. നിങ്ങള്‍ക്ക് വേണ്ടപ്പെട്ട ആരുടെയോ നിര്‍ദ്ദേശപ്രകാരമാണിത്.'

    ഔദ്യോഗികമായ സര്‍ക്കാര്‍ ഏജന്‍സികളെ ഒഴിവാക്കി തികച്ചും വിശ്വാസത്തിന്റെ പേരില്‍ നടത്തുന്ന ഇടപാട്. ഈ കച്ചവടത്തില്‍ ചതി നടത്തിയതിന്റെ കഥ കേട്ടിട്ടുപോലുമില്ല, ഉണ്ടായിരിക്കാം. ഇന്ന് സര്‍ക്കാരിന്റെ നിയന്ത്രണം വളരെയുള്ളതുകൊണ്ട് 'ഹവാല' അവിടവിടെയുള്ള സ്വകാര്യതയിലേക്ക് നീങ്ങി.

    വ്യാപാര-വാണിജ്യ മേഖലകളിലെ പണമിടപാടുകളില്‍ ഒരു കാലത്ത് ഇന്ത്യക്ക് തനതായ വ്യവസ്ഥതിയുണ്ടായിരുന്നു. ഒരു പക്ഷേ ഇന്നും നിലനില്ക്കുന്നത്, മുന്‍ ക്രമീകരണമുണ്ടെങ്കില്‍ ബാങ്കില്‍ ഒരു 'ഹുണ്ടി' എഴുതിക്കൊടുത്താന്‍ പണം പിന്‍വലിക്കാന്‍ കഴിയുമായിരുന്നു.
    വ്യവസ്ഥാപിത സ്ഥാപനങ്ങളെ മറികടക്കാനുള്ള പുതിയ വഴികള്‍ ജനം കണ്ടെത്തിയപ്പോള്‍ അതില്‍ ചിലതെല്ലാം ഏതെങ്കിലും വിധത്തില്‍ നിയമവിധേയവുമായി. പണമിടപാടുകളില്‍ ഇടനിലക്കാരന്റെ അമിതലാഭം എന്നും പരാതിയായിരുന്നു. അതുകൊണ്ടാണ് സ്വതന്ത്ര വ്യവസ്ഥിതികളെപ്പറ്റി മനുഷ്യന്‍ ചിന്തിച്ചു തുടങ്ങിയത്.

    ആ അന്വേഷണം ഇന്ന് എത്തി നില്‍ക്കുന്നത് ഡിജിറ്റല്‍ കറന്‍സികളിലും. അതേ, ക്രിപ്‌റ്റോകറന്‍സി. സാധാരണരീതിയില്‍ ഒരു നിര്‍വ്വചനം കൊടുക്കാനാവാത്തതാണിത്. ബിറ്റ് കോയ്ന്‍, 'ബിച്ചി' എന്ന് സ്ട്രീറ്റ് പ്രയോഗം, അല്ലെങ്കില്‍ ഇലക്‌ട്രോണിക് ക്യാഷ്. ബിറ്റ്‌കോയ്ന്‍ ഒരു വെര്‍ച്വല്‍ അഥവ ഫലത്തിലുള്ള കറന്‍സിയാണ്. ഏതാണ്ട് പത്തു വര്‍ഷം മുന്‍പ് സതോഷോ നാകാമോതോ എന്നൊരു ജപ്പാന്‍കാരനാണ് ഇതു പരിചയപ്പെടുത്തിയതെന്ന് കരുതപ്പെടുന്നു, പക്ഷേ, അങ്ങനെയൊരാള്‍ ജീവിച്ചിരുന്നിട്ടുണ്ടോ, തീര്‍ച്ചയില്ല!

    ഈ കറന്‍സിയുടെ വ്യത്യസ്തത ഒരു കേന്ദ്രീകൃത നിയന്ത്രണമില്ലെന്നതാണ്. ഇടപാടുകളെല്ലാം അജ്ഞാതമാണ്, എന്നാല്‍ ഒരിക്കല്‍ അയച്ചു കഴിഞ്ഞ പണം മടക്കിയെടുക്കാനും കഴിയുകയില്ല. ഇതിനോടനുബന്ധിച്ച് 'മൈനിംഗ് അല്ലെങ്കില്‍ ഖനനം' തുടങ്ങിയ പടുവാക്കുകളും വളര്‍ന്നുവന്നു.
    ഈ ഡിജിറ്റല്‍ കറന്‍സിയായിരിക്കും മനുഷ്യന്റെ സാമ്പത്തിക ഭാവി നിശ്ചയിക്കുന്നതു പോലും! ബിറ്റ്‌കോയ്ന്‍ ഏജന്റുമാര്‍ ഈ നവ കറന്‍സിയില്‍ നൂറു ശതമാനം വിശ്വാസം അര്‍പ്പിച്ചിരിക്കുന്നുവെന്നു വേണം കരുതാന്‍. ഏറ്റവും പുതിയ വാര്‍ത്ത ഒരു ബിറ്റ്‌കോയ്‌ന്റെ വില നാലായിരം ഡോളര്‍ വരെ ഉയര്‍ന്നുവെന്നതാണ്. നമ്മുടെ പഴയ 'ഹവാല'പോലെതന്നെ അജ്ഞാതമാണ് ഡിജിറ്റല്‍ ഇടപാടുകളും. നികുതിയോ കാര്യമായ കമ്മീഷനോ ഇല്ലാതെ ലോകത്ത് എവിടെയും പണം എത്തിക്കാന്‍ കഴിയും. എല്ലാ രാജ്യത്തും ഇതിന്റെ മൂല്യം ഒന്നുതന്നെ, അതുകൊണ്ട് ഇതൊരു അന്താരാഷ്ട്ര നാണയവും! ആരും നിയന്ത്രിക്കുന്നില്ല, ഫീസില്ല, നിമിഷങ്ങള്‍ക്കകം മാറ്റപ്പെടല്‍ നടക്കുന്നു, കള്ളനോട്ടുകളില്‍ നിന്ന് സുരക്ഷിതമാണ്, ഇപ്പോള്‍  ബിറ്റ്‌കോയ്ന്‍ ഇരുപത്തിയൊന്ന് മില്യന്‍ മാത്രമാണ് പ്രചാരത്തിലുള്ളത്, അതുകൊണ്ട് മൂല്യം നിലനിര്‍ത്താന്‍ കഴിയുമെന്നു തന്നെയാണ് കരുതപ്പെടുന്നതും.

    ഇതിനോടൊപ്പം എതിരഭിപ്രായങ്ങളും മറക്കരുത്. ഡോളറിന്റെ ബലത്തില്‍ തന്നെയാണ് എല്ലാവിധ നിയമങ്ങള്‍ക്കും അതീതമായി ഡിജിറ്റല്‍ കറന്‍സിയുടെ വ്യാപാരം. പക്ഷേ, ചോദ്യം ചെയ്യാന്‍ ഒരു കോടതിയുമില്ല. സുരക്ഷിതമാണെന്ന് കരുതപ്പെട്ടാലും കമ്പ്യൂട്ടര്‍ ലോകത്തിന്റെ വൈറസ് തുടങ്ങിയ പരാധീനതകളെല്ലാം ഈ കറന്‍സികളെയും ബാധിക്കും. ഏതു രാജ്യത്തിനും എപ്പോള്‍ വേണമെങ്കിലും ഈ വ്യാപാരങ്ങള്‍ നിയമവിരുദ്ധവുമാക്കാം. ആവശ്യമനുസരിച്ച് മാത്രമാണ് ഇതിന്റെ മൂല്യം, മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് മുന്നറിയിപ്പു നല്കാനോ നിയന്ത്രിക്കാനോ ആരുമില്ല,  വില താഴേക്കു പതിച്ചാല്‍ അതെന്തുകൊണ്ടെന്ന് ചോദിക്കരുത്. വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നത് ഒരു വിശ്വാസം മാത്രം. ഇനിയും സമാനമായ മറ്റു ഡിജിറ്റല്‍ നാണയങ്ങളുമായി മത്സരവും വന്നേക്കാം. ഒരിക്കല്‍ ഡിപ്പോസിറ്റ് ചെയ്താല്‍ മടക്കിക്കിട്ടുന്ന കാര്യം ഒരു ചോദ്യചിഹ്നവും, വേണ്ടപ്പോള്‍ വേണ്ടുന്നതുപോലെ നമ്മുടെ പണം തിരിച്ചെടുക്കാന്‍ പറ്റില്ലെന്നു സാരം!
    അങ്ങനെ 'പുഴുവും തുരുമ്പും കൊടുക്കാത്ത' ഭൗതിക നിക്ഷേപങ്ങളിലേക്കുള്ള മനുഷ്യന്റെ യാത്രയും അന്വേഷണവും പുരോഗമിക്കട്ടെ.

പുഴുവും തുരുമ്പും കൊടുക്കാതെയും കള്ളന്മാര്‍ തുരന്നു...! (ജോണ്‍ മാത്യു)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക