Image

ഫോര്‍മോസ ദ്വീപുകള്‍ (സഞ്ചാരക്കുറിപ്പുകള്‍- 1 :സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്)

Published on 16 July, 2017
ഫോര്‍മോസ ദ്വീപുകള്‍ (സഞ്ചാരക്കുറിപ്പുകള്‍- 1 :സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്)
ചൈന ഇന്ത്യയുടെ അയല്‍രാജ്യമാണെങ്കിലും അവിടേക്കൊരു സന്ദര്‍ശനം സാദ്ധ്യമായത് അമേരിക്കയില്‍ നാലര ദശാബ്ദത്തോളം താമസിച്ചതിനുശേഷമാണ്. നാട്ടിലായിരുന്നപ്പോള്‍ യൂറോപ്പ്, തന്നെയുമല്ല ചൈനയെ ഒരു ശത്രുരാജ്യമായിട്ടാണു അന്നൊക്കെ കരുതിയിരുന്നത്. സിംല ഒത്തുതീര്‍പ്പു പ്രകാരം ബ്രിട്ടീഷ് ഇന്ത്യയിലെ വിദേശകാര്യ സെക്രട്ടറിയായിരുന്ന സര്‍ ഹെന്റി മെക്മഹോന്‍ എന്ന ഇംഗ്ലീഷുകാരന്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി രേഖ നിശ്ചയിച്ചിരുന്നു. മെക്മഹോന്‍ രേഖ എന്ന പേരിലറിയപ്പെടുന്ന ഈ അതിര്‍ത്തി രേഖ പക്ഷെ ചൈന അംഗീകരിക്കാതെ അവര്‍ ഇന്ത്യയുമായി രണ്ടു തവണ യുദ്ധം ചെയ്ത് പരസ്പരമുണ്ടായിരുന്ന അയല്‍പക്കബന്ധമൊക്കെ തകര്‍ത്തതിനാല്‍ ഭാരതീയര്‍ക്ക് അക്കാലത്ത് ചൈന വെറുപ്പും ഭയവും ഉണ്ടാക്കുന്ന ഒരു രാജ്യമായിരുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു എന്നു ഉദ്‌ഘോഷിച്ച ആര്‍ഷഭാരതത്തിനു അതിര്‍ത്തി തര്‍ക്കത്തില്‍ പെട്ട് യുദ്ധം ചെയ്യേണ്ടി വന്നത് എത്ര പരിതാപകരം!

1962-ലെ ഇന്ത്യ-ചൈന യുദ്ധം, 1967-ലെ ചോല സംഭവം, 1987-ലെ ഇന്ത്യ-ചൈന കലഹം തുടങ്ങിയവ രണ്ട് രാജ്യങ്ങളുടെ ബന്ധം ഉലച്ചെങ്കിലും അതിനുശേഷം നയതന്ത്രപരമായ ഒരു സമീപനം തുടരാന്‍ രണ്ടു രാജ്യങ്ങള്‍ക്കും കഴിഞ്ഞു.

ചൈന സന്ദര്‍ശിക്കാന്‍ ആലോചിച്ചപ്പോള്‍ ഓര്‍മ്മയില്‍ ഓടിയെത്തിയത് നമ്മുടെ നാട്ടില്‍ നമ്മള്‍ ഉപയോഗിച്ചിരുന്ന ചൈനയുമായി ബന്ധപ്പെട്ടു കിടക്കുന്ന ചില വാക്കുകളാണ്. ചീനവല, ചീനച്ചട്ടി, ചീനഭരണി തുടങ്ങിയ വാക്കുകള്‍ നമ്മുടെ നാട്ടില്‍ എത്രയോ വര്‍ഷങ്ങളായി ഉപയോഗിക്കുന്നു. ചൈനയിലെ വന്മതിലാണ് ചൈനയില്‍ പോകുമ്പോള്‍ സന്ദര്‍ശിക്കേണ്ട കാഴ്ച്ചകളില്‍ ഒന്നു എന്ന് മനസ്സില്‍ മോഹം ഉണ്ടായിരുന്നു. പിന്നെ പാഠപുസ്തകങ്ങളില്‍ നിന്നും വായിച്ചറിഞ്ഞ ചെങ്കിഷ്ഖാന്‍ എന്ന മംഗോളിയന്‍ ചക്രവര്‍ത്തിയുടെ വീരസാഹസ കഥകള്‍. ചെങ്കിഷ് ഖാന്‍ എന്നു കേള്‍ക്കുമ്പോള്‍ അദ്ദേഹം ഒരു മുസ്ലീം ആണെന്നു തോന്നാമെങ്കിലും ഖാന്‍ എന്നു കേള്‍ക്കുമ്പോള്‍ അദ്ദേഹം ഒരു മുസ്ലീം ആണെന്നു തോന്നാമെങ്കിലും ഖാന്‍ എന്നത് അദ്ദേഹത്തിന്റെ പദവിയായിരുന്നു. ഖാന്‍ എന്ന പദത്തിനു നേതാവ് അല്ലെങ്കില്‍ അധികാരി എന്നര്‍ത്ഥമാണുള്ളത്. ചെങ്കിഷ്ഖാന്റെ ശരിയായ പേരു തെമുജിന്‍ എന്നായിരുന്നു. ആ വാക്കിന്റെ അര്‍ത്ഥം ഇരുമ്പ് അല്ലെങ്കില്‍ ഇരുമ്പ് പണിക്കാരന്‍ എന്നാണ്. ക്രൂരത നിറഞ്ഞ് നിന്നിരുന്നെങ്കിലും അദ്ദേഹം ചൈനയെ സമ്പന്നവും പ്രശസ്തവും ആക്കി. അദ്ദേഹത്തിന്റെ മകന്‍ കുബ്‌ളഖാന്റെ കാലത്താണ് മാര്‍ക്കോ പോളൊ ചൈന സന്ദര്‍ശിച്ചത്. സ്കൂള്‍ പുസ്തകങ്ങളിലൂടെ നേടിയ അറിവുകള്‍ മുഴുവന്‍ ചൈന സന്ദര്‍ശിക്കാന്‍ ഒരവസരം ലഭിച്ചപ്പോള്‍ മനസ്സിലേക്ക് ഓടി വന്നു. അത്ഭുത ലോകത്തിലെ ആലീസിനെപോലെ ചൈനയിലെ കാഴ്ചകള്‍ കണ്ട് വിസ്മയം പൂണ്ട് നില്‍ക്കാനുള്ള സമയം അങ്ങനെ സമാഗതമായി.

ന്യൂയോര്‍ക്കിലെ ലഗ്വാര്‍ഡിയ എയര്‍പോര്‍ട്ടില്‍ നിന്നും എയര്‍ കാനഡയുടെ വിമാനം ടോറോന്‍െറാവിലേക്ക് മാര്‍ച്ച് 9-നു പറന്നുയര്‍ന്നപ്പോള്‍ ഞാനടക്കം നാല്‍പ്പത് പേരടങ്ങിയ ഒരു ഗ്രൂപ്പിന്റെ സ്വപ്നം സാക്ഷാത്കരിക്കയായിരുന്നു. അവിടെ നിന്നും ഹോങ്കോങ്ങില്‍ ചെന്നിറങ്ങിയപ്പോള്‍ വളരെ നിരാശയാണനുഭവപ്പെട്ടത്. എന്റെ പെട്ടി മുഴുവന്‍ പൊട്ടിപൊളിഞ്ഞ് അതിലെ സാധനങ്ങള്‍ ഒക്കെ പുറത്ത് കാണിച്ചുകൊണ്ടാണ് എനിക്കു കിട്ടിയത്. ഒരു നല്ല യാത്രയുടെ തുടക്കം അങ്ങനെ സംഭവിച്ചതില്‍ എന്റെ സന്തത സഹചാരികളായിരുന്ന പാപ്പച്ചനും, അമ്മിണിയും, കുഞ്ഞുമോളും എന്നോടൊപ്പം ദുഃഖിച്ചു. അതുകൊണ്ട് എയര്‍ കാനഡ അധികാരികളെ കണ്ട് വിവരങ്ങള്‍ ധരിപ്പിക്കുക തുടങ്ങിയ ക്ലേശകരമായ കാര്യങ്ങളാണ് പിന്നീടനുഭവപ്പെട്ടത്. ഏതോ ദൈവനിയോഗം പോലെ എല്ലാ കാര്യങ്ങളും വേഗം ക്രമീകരിക്കാന്‍ കഴിയുകയും വിനോദയാത്രയിലെ മറ്റ് അംഗങ്ങളുമായി ഞങ്ങള്‍ക്കായി ഏര്‍പ്പാടാക്കിയിരുന്ന ഹോട്ടല്‍ നോവള്‍ട്ടനിലേക്ക് അവരുടെ ബസ്സില്‍ വൈകാതെ യാത്രയാകാനും സാധിച്ചു. ഹോങ്കോങ്ങ് നഗരം അപ്പോള്‍ രാത്രിയുടെ മാസ്മരികതയില്‍ നിയോണ്‍ വിളക്കുകള്‍ കത്തിച്ചുകൊണ്ട് ആകര്‍ഷണീയമായിരുന്നു.

പെട്ടി പൊട്ടിപോയതുകൊണ്ട് ഞാനും കുഞ്ഞുമോളും ഹോട്ടലില്‍ എത്തിയതിനുശേഷം പെട്ടി വാങ്ങാനായി ഒരു ഷോപ്പിങ്ങ് നടത്തി. ന്യൂയോര്‍ക്കിലേക്കാള്‍ തിരക്കുള്ള കടകള്‍. ചുറ്റുപാടും ചൈനീസ് ഭാഷയുടെ കിലുക്കം. കൗണ്ടറുകളില്‍ മുഴുവന്‍ സുന്ദരിമാരായ പൊക്കം കുറഞ്ഞ ചൈനീസ് പെണ്‍കുട്ടികള്‍. ഇംഗ്ലീഷ് കാര്യമായി വശമില്ലെങ്കിലും വശീകരിക്കുന്ന പുഞ്ചിരിയും അറിയാവുന്ന ഇംഗ്ലീഷ് വാക്കുകളെകൊണ്ടുള്ള അവരുടെ ഉപചാരങ്ങളും പ്രത്യേക അനുഭവമായി. അവിടെ കണ്ട മെക്‌ഡോണാള്‍സില്‍ കയറി എന്തെങ്കിലും ലഘുഭക്ഷണം കഴിക്കാന്‍ കുഞ്ഞുമോള്‍ക്ക് ആഗ്രഹം. രണ്ടു ഫിഷ് ഫില്ലെക്കും രണ്ടു ഫ്രെഞ്ച് ഫ്രൈക്കും യു.എസ്. ഡോളര്‍ 45 എന്നു കൗണ്ടറിലെ പെണ്‍കുട്ടി പറഞ്ഞത് വിശ്വസിക്കാനായില്ല. ഒരു പക്ഷെ ഭാഷാ പ്രശ്‌നമാണോ അതോ അമേരിക്കന്‍ ഭക്ഷണത്തിനു അത്രയും വില കൊടുക്കേണ്ടി വരുമോ എന്ന ആശയക്കുഴപ്പത്തില്‍ ഞങ്ങള്‍ അതു വാങ്ങാതെ തിരിച്ച് ഹോട്ടലില്‍ വന്നു ഡിന്നര്‍ കഴിച്ചു. സുഖകരമായ എയര്‍ കണ്ടീഷനും പ്രിയ കൂട്ടുകാരുടെ സാമീപ്യവും പൊട്ടിപോയ പെട്ടിയെക്കുറിച്ചുള്ള ചിന്തകളെ വിസ്മരിപ്പിച്ചു. ഫെയ്‌സ് ബുക്കിലൂടെ അനിയത്തി പൊന്നുവും മരുമകള്‍ ജൂലിയും അപ്പോള്‍ ബന്ധപ്പെട്ടത് വളരെ കുളിര്‍മ്മയുള്ള ഒരു സുഖാനുഭവമായി.

ഹോട്ടലിലെ താമസത്തിനുശേഷം രാവിലെ മുതല്‍ ആരംഭിക്കാന്‍ പോകുന്ന കപ്പല്‍മാര്‍ഗ്ഗമുള്ള ഉല്ലാസയാത്രയായിരുന്നു മനസ്സില്‍, കപ്പല്‍ കാത്ത് നില്‍ക്കുന്ന ഡോക്ക് വരെ ഹോട്ടലില്‍ നിന്നും ബസ്സുണ്ടായിരുന്നെങ്കിലും ബസ്സ് ഇറങ്ങി കപ്പല്‍ വരെ നടക്കാന്‍ ദൂരമുണ്ടായിരുന്നു. കയ്യിലെ ലഗ്ഗേജുമായുള്ള നടത്തം കുറച്ച് പ്രയാസമായിരുന്നു. പിന്നേയും, കപ്പലില്‍ കയറുന്നതിനു മുമ്പായി ഇമിഗ്രേഷന്‍ തുടങ്ങിയ ചടങ്ങുകള്‍ പൂര്‍ത്തികരിക്കേണ്ടിയിരുന്നു. കൂട്ടുകാരുമൊത്തുള്ള യാത്രയായതിനാല്‍ ലയിനില്‍ നില്‍ക്കുന്നതും ഫോമുകള്‍ പൂരിപ്പിക്കുന്നതുമൊക്കെ ഒട്ടും പ്രയാസകരമായി തോന്നിയില്ല. സഞ്ചാരികളെ വിളിക്കുന്ന പേലെ കടല്‍ ഇരമ്പികൊണ്ടിരുന്നു.

തിരുമാലകള്‍ കൊട്ട കണക്കിനു പുഞ്ചിരിപൂക്കളുമായി വന്നു കരയില്‍ നില്‍ക്കുന്ന ഞങ്ങള്‍ക്ക് സ്വാഗതമരുളി. എല്ലാം കഴിഞ്ഞ് കപ്പലില്‍ മുറി ശരിയാകാനുള്ള കാത്തിരിപ്പു അല്‍പ്പം മുഷിപ്പുണ്ടാക്കി. അതിനുമുമ്പ് കപ്പലില്‍ നിന്നൊരു ധ്രുതിപിടിച്ച് ഉച്ചഭക്ഷണം. എന്താണു ഏതാണ് എന്നൊക്കെ അറിയാത്ത ഒരു അവസ്ഥ. മൂവ്വായിരം യാത്രക്കാരും രണ്ടായിരം ക്രൂ മെമ്പേഴ്‌സും അടങ്ങുന്ന ഒരു ഭീമന്‍ കപ്പലായിരുന്നു അത്. അതിന്റെ പേരു ""സെലിബ്രറ്റി ക്രൂസ് മില്ലെനിയം'' അതിനിടയില്‍ യാത്ര തയ്യാറാക്കിയവര്‍ നിര്‍ദ്ദേശിക്കുന്ന മറ്റ് ചടങ്ങുകള്‍. ന്യൂയോര്‍ക്കില്‍ നിന്ന് യാത്രക്കാരെ വഹിച്ചുകൊണ്ട് പോകാന്‍ തയ്യാറായി നിന്ന കപ്പലിനും ആവേശം. ജോലിക്കാരെല്ലാം വളരെ സൗമ്യതയുള്ളവര്‍. കപ്പലിലൂടെ സുഗമമായ, സുഖകരമായ യാത്ര അതുവരെ അനുഭവിച്ച കഷ്ടപ്പാടുകളെ അകറ്റി. ഇഷ്ടം പോലെ സ്വാദിഷ്ടമായ ഭക്ഷണം നിറച്ചുവച്ച് കൊണ്ടിരുന്നു. കപ്പലിലെ ജോലിക്കാര്‍. ക്രൂസില്‍ (സമുദ്രപര്യടനം) പോകുന്നത് ആദ്യമായിട്ടല്ലെങ്കിലും ഈ യാത്രക്ക് ഉത്സാഹം ഏറി വന്നു.

പാമ്പിനേയും തവളയേയും തിന്നുന്ന മഞ്ഞ മനുഷ്യരുടെ നാട്ടിലേക്കുള്ള യാത്ര, സസ്യഭുക്കായ എനിക്ക് ഭക്ഷണം കഴിക്കുമ്പോള്‍ മറ്റുള്ളവരെ പോലെ ഭയപ്പെടേണ്ടതില്ല എന്ന സമാധാനം.
ചൈനയിലെ തെക്കെ സമുദ്രത്തിലൂടെ കപ്പല്‍ തായ്‌വാനെ ലക്ഷ്യമാക്കി നീങ്ങി. ഹോങ്കോങ്ങിന്റെ കടല്‍ തീരം വിട്ട് ഇപ്പോള്‍ തിര മലകളില്‍ ആടി ആടി തായ്‌വാനിലേക്ക് ഞങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കയാണ്. പോര്‍ച്ചുഗീസ്സുകാര്‍ തായ്‌വാനെന്ന ദ്വീപിനെ സുന്ദരമായ എന്നര്‍ത്ഥം വരുന്ന ഫോര്‍മോസ ദ്വീപ് എന്നാണ് വിളിച്ചിരുന്നത്. പ്രകൃതി കനിഞ്ഞ് നല്‍കിയ സൗന്ദര്യവും പേറി നില്‍ക്കുന്ന തായ്‌വാന്‍ കണ്ണു നിറയെ കാണാന്‍ ഇനി മൂന്നു ദിവസങ്ങള്‍ യാത്ര ചെയ്യണം. കപ്പലിലെ ക്യാബിനുള്ളില്‍ നിന്നു നോക്കിയപ്പോള്‍ കടല്‍ പ്രക്ഷുബ്ധമായി കണ്ടു. പിന്നെ അത് വീണ്ടും ശാന്തമാകുന്നു. സൂര്യരശ്മികളെ ചുറ്റി പിടിച്ച് തിരമാലകള്‍ ആടി കളിച്ചു. സുഹൃത്തുക്കള്‍ അമ്മിണിയും, പാപ്പച്ചനും, കുഞ്ഞുമോള്‍ക്കുമൊപ്പം തിരമാലകള്‍ താലോലമാടുന്ന കപ്പലില്‍ ഇരുന്നുള്ള യാത്ര അനുഭൂതിദായകമായിരുന്നു. ഉച്ചഭക്ഷണം വളരെ സ്വാദിഷ്ടമായി. ഞങ്ങളുടെ ഗ്രൂപ്പ് ലീഡര്‍ ജോണ്‍ തോമസ് എല്ലാവരേയും വിളിച്ച് തായ്‌വാനില്‍ കാണാനുള്ള രണ്ടു പ്രധാന സ്ഥലങ്ങളെക്കുറിച്ച് പറഞ്ഞു. അവ കൊട്ടാരവും കടല്‍ തീരവും ആയിരുന്നു. എന്നാല്‍ എവിടെ എത്തിച്ചേരാന്‍ ബസ്സില്‍ നിന്നിറങ്ങി ഒത്തിരി നടക്കണമായിരുന്നു എന്നറിഞ്ഞപ്പോള്‍ വിഷമം തോന്നി. അന്നു രാത്രി ""ബൂഗി വണ്ടര്‍ലന്‍ഡ്' എന്ന ഷോ കപ്പലിലെ സെലിബ്രറ്റി തിയ്യേറ്ററില്‍ കണ്ടു. അത്താഴത്തിനു ന്യൂയോര്‍ക്കിലെ സുഹൃത്തുക്കളായ അമീരും, ഷഹാനയും ഒപ്പമുണ്ടായി അങ്ങനെ തായ്‌വാന്റെ തീരമണഞ്ഞു. അതായത് മാര്‍ച്ച് 13, ഹോങ്കോങ്ങില്‍ നിന്നും മാര്‍ച്ച് 11നു പുറപ്പെട്ട് മാര്‍ച്ച് 13നു ഞങ്ങള്‍ തായ്‌വാനില്‍ എത്തി. പടിഞ്ഞാറുഭാഗം പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയും, വടക്ക് കിഴക്ക് ജപ്പാനും, തെക്കു ഫിലിപ്പൈന്‍സും തായ്‌വാന്റെ അയല്‍പക്കങ്ങളാണ്. മഴ നനഞ്ഞ് നില്‍ക്കുന്ന ഒരു പ്രഭാതം. ഇപ്പോള്‍ ചൈനയിലെ കിഴക്കെ സമുദ്ര തീരത്താണു ഞങ്ങള്‍. ഇവിടേയും കപ്പലില്‍ നിന്നും ടാക്‌സി കാറുകളില്‍ കയറാന്‍ ഒത്തിരി നടക്കണമായിരുന്നു. തായ്‌വാനിലെ ആദ്യസന്ദര്‍ശനം തായ്‌പേയ് എന്നു പേരുള്ള കാഴ്ച്ചബംഗ്ലാവായിരുന്നു.

മനോഹരമായ ജെയ്ഡ് കല്ലുകള്‍ കൊണ്ടുണ്ടാക്കിയ ഒരു കാബേജ് അവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. ജെയ്ഡ് പല നിറത്തിലും കിട്ടുമെങ്കിലും മരതക കല്ലുകള്‍ക്കാണ് പ്രാധാന്യം. പാശ്ചാത്യ രാജ്യങ്ങളില്‍ ഡയമണ്ടിനുള്ള പ്രാധാന്യം പോലെ ഈ കല്ലുകള്‍ക്ക് ചൈനയില്‍ പ്രിയമേറുന്നു. രാജരത്‌നം എന്നാണു ഇതിനെ അവര്‍ പറയുന്നത്. തീര്‍ച്ചയായും രാജകൊട്ടാരങ്ങളില്‍ ഈ കല്ലുകള്‍ ""ആടിയിട്ടുണ്ടാകും.'' യഥാര്‍ത്ഥ കല്ലുകളും കൃത്രിമ കല്ലുകളും തിരിച്ചറിയാന്‍ പ്രയാസമാണ്. പലപ്പോഴും സഞ്ചാരികള്‍ വഞ്ചിക്കപ്പെടാറുണ്ട്. പിന്നെ പുരാതന വസ്തുക്കള്‍, ഇരുമ്പിലും മറ്റ് ലോഹങ്ങളിലും തീര്‍ത്ത പാത്രങ്ങള്‍. അതെല്ലാം മണ്‍മറഞ്ഞുപോയ സംസ്കാരത്തിന്റെ പ്രതിഫലനങ്ങള്‍. ഓരോ വസ്തുക്കളും വളരെ കൗതുകകരവും അതെല്ലാം നിര്‍മ്മിച്ച ശില്‍പ്പികളുടെ സൃഷ്ടിചാതുര്യം പ്രകടിപ്പിക്കുന്നവയുമായിരുന്നു. കാലപ്പഴക്കത്തിന്റെ ദൈര്‍ഘ്യം പ്രതിബിംബിപ്പിച്ചുകൊണ്ട് ആ പുരാവസ്തുക്കള്‍ കഴിഞ്ഞു പോയ കാലത്തിന്റെ കഥകള്‍ ഞങ്ങളോട് മൂകമായി സംസാരിക്കുന്ന പോലെ തോന്നി.

അടുത്ത് തന്നെ ഹാന്‍ഡിക്രാഫ്ട് ഷോ റൂം സന്ദര്‍ശിച്ചപ്പോഴാണ് ചീനക്കാരുടെ കരകൗശലത്തിന്റെ ഭംഗി അത്ഭുതപ്പെടുത്തിയത്. നിസ്സാരവസ്തുക്കളില്‍ നിന്നും എത്രയോ മനോഹരമായി അവര്‍ ഓരോന്നും ഉണ്ടാക്കുന്നു. അവക്കെല്ലാം പറയുന്ന വിലയും അമിതമായിരുന്നു. ഒരു പക്ഷെ സഞ്ചാരകേന്ദ്രങ്ങളില്‍ നിന്നും അകലെ അതെ സാധനങ്ങള്‍ കുറെക്കൂടി വിലക്കുറച്ച് കിട്ടിയേക്കാം. സാധനങ്ങള്‍ വില്‍ക്കാന്‍ നില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം കുറവാണ്. അവരുടെ കയ്യിലുള്ള ഐപോഡ് പോലുള്ള കമ്പ്യൂട്ടറില്‍ നമ്മള്‍ ചോദിക്കുന്നതിനു ഉത്തരം എഴുതി കാണിക്കുന്നു. ഉദാഹരണത്തിനു ""ഞങ്ങളുടെ മാനേജര്‍ ഇപ്പോള്‍ വരും'' മാനേജര്‍ക്ക് മാത്രമാണ് സഞ്ചാരികളുമായി സംസാരിക്കാനും വിലകള്‍ നിശ്ചയിക്കുന്നതിനും അധികാരവും അറിവുമുള്ളത്.
തായ്പായിലെ തായ്‌വാന്‍ കൊട്ടാരം അടുത്തായിരുന്നു. മാര്‍ടീയേഴ് ഷ്രൈന്‍ (രക്തസാക്ഷികളുടെ മണ്ഡപം) കണ്ടു. യുദ്ധത്തില്‍ മരിച്ചുപോയവര്‍ക്കുവേണ്ടി ചിങ്ങ്ഷന്‍ എന്ന മലയുടെ മുകളില്‍ പണിതിരിക്കുന്ന ഈ മണ്ഡപം വിലക്കപ്പെട്ട നഗരത്തിലെ വാസ്തുവിദ്യയെ ഓര്‍മ്മിപ്പിക്കുന്നതാണ്. ചൈനയുടെ സിവില്‍വാറില്‍ മരിച്ച് വീണ 390,000 യോദ്ധാക്കളുടെ സമാധിപീഠങ്ങള്‍ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. പൂര്‍വേഷ്യന്‍ സംസ്കാരം അനുസരിച്ച് മരിച്ചുപോയവരെ ആദരിക്കാന്‍ ഇത്തരം സമാധിപീഠങ്ങള്‍ ഉണ്ടാക്കുന്നു. 33,000 സ്‌കൊയര്‍ മീറ്ററില്‍ പരന്നു കിടക്കുന്ന ഈ പുല്‍പ്രദേശം മരിച്ചുപോയ ആത്മാക്കള്‍ക്ക് ശാന്തി നേരുന്നതിനും അവരെ ഓര്‍മ്മിക്കുന്നതിനും അനുയോജ്യമായ അന്തരീക്ഷമാണ് നല്‍കുന്നത്. ആ സമയം ഗാര്‍ഡ് ഓഫ് ഹോണര്‍ നടന്നുകൊണ്ടിരിക്കയായിരുന്നു. ഇതു ഓരോ മണിക്കൂറിലും നടക്കുന്നു. ഇതിനായി മിലിട്ടറി ഓഫീസേഴ്‌സ് വിപുലമായ പരിശീലനം നേടുന്നു. അടുത്ത ഷിഫ്ട് ആരംഭിക്കുന്നവരെയുള്ള ഒരു മണിക്കൂര്‍ സൈനികര്‍ നിശ്ചലമായി ഭക്തിവിശ്വാസത്തോടെ നില്‍ക്കുന്നു. ഇതു കഴിയുമ്പോള്‍ സഞ്ചാരികളും അടുത്ത കാഴ്ച്ച തേടി പോകുന്നു.

ഇവിടെ പുരാതന മാതൃകയില്‍ പണിത കെട്ടിടങ്ങള്‍ കാണാമായിരുന്നു. അവ മനോഹരങ്ങളായിരുന്നു. അവിടെ നിന്നും എത്തിയത് ഒരു ബുദ്ധമന്ദിരത്തിലായിരുന്നു. ഉച്ചസമയമായിരുന്നിട്ടും ഭക്തജനങ്ങള്‍ മെഴുകുതിരിയും സമ്പ്രാണിയും കത്തിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അവര്‍ കണ്ണടച്ച് നിശബ്ദമായാണ് പ്രാര്‍ത്ഥിച്ചിരുന്നത്. ഭക്തിസാന്ദ്രവും സുഗന്ധപൂരിതവുമായ അന്തരീക്ഷം എല്ലാവര്‍ക്കും അനുഗ്രഹങ്ങള്‍ നല്‍കാന്‍ ഒരുങ്ങി നില്‍ക്കുന്നപോലെ അനുഭവപ്പെട്ടു. ലോകത്തിന്റെ ഏത് കോണില്‍ ചെന്നാലും ദൈവപൂജയും പ്രാര്‍ത്ഥനയും കാണാതിരിക്കില്ല. എന്തെല്ലാം വേഷത്തില്‍ എന്തെല്ലാം ഭാഷയില്‍ മനുഷ്യര്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. ഞാനും ഒരു നിമിഷം കര്‍ത്താവിനെ മനസ്സുകൊണ്ട് ഓര്‍ത്തു നെഞ്ചില്‍ കുരിശ്ശ് വരച്ചു. ആ കരങ്ങളില്‍ എല്ലാം അര്‍പ്പിച്ചു.

അവസാനമായി അവിടെ കാണാനുണ്ടായിരുന്നത് രാജകീയ ഉദ്യാനത്തിന്റെ ഏതാനും ഭാഗങ്ങള്‍ മാത്രമാണ്. അവയെല്ലാം ഉദ്യാനപാലകര്‍ വളരെ സൗന്ദര്യബോധത്തോടെ ഒരുക്കിനിര്‍ത്തിയിരുന്നു. ഈ പൂന്തോട്ടത്തിനു പുറത്ത് സഞ്ചാരികള്‍ക്കുള്ള ഷോപ്പിങ്ങ് സെന്‍ററുകള്‍ ഉണ്ടായിരുന്നു. അവിടെനിന്നു തിരിച്ച് വരുന്ന വഴി തായ്‌വാനിലെ ലോക വാണിജ്യകേന്ദ്രം കണ്ടെങ്കിലും അകത്തു കടക്കാനുള്ള അനുമതി കിട്ടാന്‍ പ്രയാസമായിരുന്നു. അപ്പോഴും അന്തരീക്ഷം മൂടിക്കെട്ടി നിന്നു. ചന്നം പിന്നം മഴ പെയ്യുന്നുണ്ടായിരുന്നു. തുറമുഖത്തോടടുത്തുള്ള പ്രദേശങ്ങള്‍ സാധാരണ ഗ്രാമപ്രദേശങ്ങള്‍ പോലെ തോന്നുമെങ്കിലും നഗരത്തോടടുക്കുമ്പോള്‍ അംബരചുംബികളായ കെട്ടിടങ്ങളും വളരെ ചിട്ടയോടെ നിയമാനുസൃതമായി നീങ്ങുന്ന വാഹനങ്ങളും വളരെ മര്യാദകാരായ പോലീസുകാരുമൊക്കെ നഗരത്തിനു അന്തസ്സും സൗന്ദര്യവും വര്‍ദ്ധിപ്പിച്ചിരുന്നു. കൊച്ചു കൊച്ചു സാധനങ്ങളൊക്കെ വാങ്ങി വീണ്ടും കപ്പലിലേക്ക് മടങ്ങി. കപ്പല്‍ ഇനി ജപ്പാനെ ലക്ഷ്യമാക്കി നീങ്ങാന്‍ തുടങ്ങുന്നു.

(തുടരും)
ഫോര്‍മോസ ദ്വീപുകള്‍ (സഞ്ചാരക്കുറിപ്പുകള്‍- 1 :സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്)
ഫോര്‍മോസ ദ്വീപുകള്‍ (സഞ്ചാരക്കുറിപ്പുകള്‍- 1 :സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്)
ഫോര്‍മോസ ദ്വീപുകള്‍ (സഞ്ചാരക്കുറിപ്പുകള്‍- 1 :സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്)
ഫോര്‍മോസ ദ്വീപുകള്‍ (സഞ്ചാരക്കുറിപ്പുകള്‍- 1 :സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്)
ഫോര്‍മോസ ദ്വീപുകള്‍ (സഞ്ചാരക്കുറിപ്പുകള്‍- 1 :സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്)
ഫോര്‍മോസ ദ്വീപുകള്‍ (സഞ്ചാരക്കുറിപ്പുകള്‍- 1 :സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്)
Join WhatsApp News
ജ്യോതിലക്ഷ്മി നമ്പ്യാർ, തയ്യൂർ 2017-07-18 23:40:28
  
ശ്രീമതി സരോജ വർഗ്‌ഗീസ് 
അഭിനന്ദനങ്ങൾ !
എന്റെ പല കൂട്ടുകാരും പലസ്ഥലങ്ങളിലും യാത്രപോയി തിരിച്ചെത്തുമ്പോൾ അതെ കുറിച്ച്  പറയുകയും ഫോട്ടോകൾ കാണിയ്കുകയും ചെയ്യാറുണ്ട്. പക്ഷെ ഫോർമോസ ദ്വീപുകളെ കുറിച്ചിവിടെ നൽകിയ വിവരണത്തിലൂടെ  അവിടം സന്ദർശിച്ച ഒരു സംതൃപ്തി നൽകാൻ അക്ഷരങ്ങളിലൂടെ കഴിഞ്ഞു എന്നത് പ്രശംസാർഹം തന്നെ  
Sarojavarghese 2017-07-19 11:24:02
Thank you.I
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക