Image

പ്രവീണ്‍ വര്‍ഗീസിന്റെ ഹൃദയം രണ്ടു ഹൃദയങ്ങളോട് മന്ത്രിച്ചത് (അനില്‍ കെ. പെണ്ണുക്കര )

Published on 16 July, 2017
പ്രവീണ്‍ വര്‍ഗീസിന്റെ ഹൃദയം രണ്ടു  ഹൃദയങ്ങളോട് മന്ത്രിച്ചത് (അനില്‍ കെ. പെണ്ണുക്കര )
ഉറവ വറ്റാത്ത കാരുണ്യ ഹൃദയങ്ങളുടെ നന്മകള്‍ തുടിക്കുന്ന ശേഷിപ്പുകളാണ് ഈ അമ്മമാര്‍ . ലൗലി വര്‍ഗീസും മോനിക്കാ സുക്കയും. പ്രവീണ്‍ വര്‍ഗീസിന് മരണത്തിനു മുന്‍പ് ഒരു അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു . ലൗലി വര്‍ഗീസ്. എന്നാല്‍ മരണത്തിനു ശേഷം ഒരു അമ്മയെ കൂടി ലഭിച്ചു. മോണിക്ക സുക്കാ എന്ന അമേരിക്കക്കാരി. ഒരിക്കലും ആരും പ്രതീക്ഷിക്കാതെ നമ്മുടെയൊക്കെ ജീവിതത്തിലേക്ക് ദൈവം കൊണ്ടുവരുന്ന സുമനസുകള്‍ . അവര്‍ നമുക്കു വേണ്ടി ചെയ്തു തരുന്നത്തെല്ലാം ദൈവത്തിന്റെ നിയതികള്‍ ആണ് . 

പ്രവീണ്‍ വര്‍ഗീസിന്റെ മരണത്തിനു ശേഷം ഇനിയെന്തെ എന്ന് ചിന്തിച്ചു നില്‍ക്കുമ്പോള്‍ ദൈവം ഏല്‍പ്പിച്ച മാലാഖ . കഴിഞ്ഞ ദിവസം മോനിക്കാ സുക്ക തന്റെ ഫേസ് ബുക്കില്‍ ഇങ്ങനെ കുറിച്ചു....
'അകാരണമായി തന്റെ അമ്മയില്‍ നിന്നും എടുത്തു മാറ്റപ്പെട്ട കുഞ്ഞിനു വേണ്ടി  മൂന്നര വര്ഷമാണ് ആയി ഞങ്ങള്‍ പോരാടുന്നു. ഈ നാളുകള്‍ കണ്ണീരും വേദനയും നിരാശയും കോപവും ഒക്കെ പങ്കുവച്ചു കൊണ്ട് ആര്‍ക്കും സങ്കല്പിക്കുവാന്‍ കഴിയാത്ത രീതിയില്‍ ഞങ്ങള്‍ പോരാടുന്നു. ഞങ്ങള്‍ ഓരോരുത്തരെയുഉം ആശ്രയിക്കുകയും വിശ്വസിക്കുകയും ചെയ്തുകൊണ്ടിരുന്നു. കൂടുതല്‍ നല്ലതിനു വേണ്ടി. ഞങ്ങളുടെ എല്ലാ സ്വകാര്യതയും പരസ്യപ്പെടുത്തിയില്ലങ്കിലും ഞങ്ങളെ നന്നായി അറിയാവുന്നവര്‍ക്കറിയാം നാം ഒരു കുടുംബം ആണെന്ന്. ഇതിനെ എതിര്‍ക്കുകയോ വെല്ലുവിളിക്കുകയോ ചെയ്യുന്നവര്‍ അന്ധരാണ് അല്ലങ്കില്‍ മനപ്പൂര്‍വം അവര്‍ തിരസ്‌കരിക്കുകയാണ് . ഒന്ന് മാത്രം പറയാം ഞാനാണ് ഒന്നാണ് '

നീതിക്കുവേണ്ടി ഒന്നായ രണ്ടു അമ്മമാരുടെ വാക്കുകള്‍ തന്നെയാണത്. ഏവര്‍ക്കും മാതൃകയാക്കാവുന്ന ജീവിത കഥയുമായി. മറ്റൊരിക്കല്‍ മോണിക്ക കുറിച്ച വാക്കുകള്‍ കൂടി ഓര്‍മ്മവരുന്നു . 
'പ്രിയമുള്ളവളെ...
ഒരു വിളിപ്പാടകലെ
വെള്ളിയാഴ്ച പിറക്കുകയായി..
ഇന്നലെ രാവേറെ ചെന്നിട്ടും
നമ്മള്‍ സംവദിച്ചത്
പ്രവീണിനെക്കുറിച്ചായിരുന്നു.
സുദീര്‍ഘമായ രണ്ടു വര്‍ഷങ്ങള്‍
രണ്ടു നിമിഷം പോലെ കടന്നു പോയി ..
പലരും അവനെ മറന്നു..
നമുക്കോ?
ഈ യാത്രയില്‍
ഒരു പ്രതീക്ഷയുടെ വെള്ളിവെളിച്ചം
നമുക്ക് മുന്നില്‍ തെളിയുന്നു
'വാവേ..'
ഈ കാറ്റിലും , ഈ വെയിലിലും
ഈ മണ്ണിലും..
ശക്തമായ
നിന്റെ സാന്നിധ്യം
ഞങ്ങള്‍ അറിയുന്നു..
നീതിക്കു വേണ്ടിയുള്ള
ഈ സമരത്തില്‍
നീ ഞങ്ങള്‍ക്ക് മാര്‍ഗ്ഗദീപമായിരുന്നു ..
വിധിനിയന്തമായ
നീതിയുടെ ദിനമാണ് നാളെ ഉണരുന്നത്...
നമ്മള്‍ വിജയം കാണും.. തീര്‍ച്ച...
ഇത് മറ്റൊന്നിനും വേണ്ടിയല്ല
നിന്റെ ആത്മ സാക്ഷാത്കാരത്തിനായ്....'

മോണിക്ക സൂക്ക എന്ന ചിക്കാഗോയിലെ ഒരു റേഡിയോ ഹോസ്റ്റ് ലോകത്തിന്റെ ഒരു കൊച്ചു മൂലയില്‍ ജനിച്ചുവളര്‍ന്ന ലൗലി വര്‍ഗീസ് എന്ന സാധാരണക്കാരിക്കുവേണ്ടി നടത്തിയ പോരാട്ടം ഒരു പക്ഷെ കാലഘട്ടത്തിന്റെ ആവശ്യം ആകാം. മുന്ന് വര്ഷം മുന്‍പ് നമ്മെ വിട്ടു പിരിഞ്ഞുപോയ പ്രവീണ്‍ വര്‍ഗീസ് എന്ന കൊച്ചനുജനുവേണ്ടി. മോണിക്ക സുക്ക എന്ന അമേരിക്കകാരി നമ്മെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത് . മലയാളികള്‍ക്ക് കടന്നു ചെല്ലുവാന്‍ ഒരിക്കലും സാധിക്കാത്ത ഇടങ്ങളിലേക്കു നീതിക്കുവേണ്ടി ഒരമ്മയെയും കൊണ്ട് നടത്തിയ സമരം. ഇവയെല്ലാം പ്രവീണ്‍ വര്‍ഗീസിന്റെ കൊലയാളിയെ കണ്ടെത്തുന്നതില്‍ വലിയ പങ്കാണ് വഹിച്ചത് . പ്രവീണ്‍ വര്‍ഗീസിന്റെ അമ്മയ്ക്ക് ചിക്കാഗോയില്‍ ജനിച്ചുവളര്‍ന്ന ഒരു സ്‌നേഹിതയുടെ ആത്മസാക്ഷാത്കാരം കൂടിയാണ് മോണിക്ക സൂക്കയുടെ പിന്തുണ . 

മോണിക്ക സൂക്ക എങ്ങനെയാണ് പ്രവീണ്‍ വര്‍ഗീസിന്റെ അമ്മ ലൗലി വര്‍ഗീസിന്റെ അടുത്ത ചങ്ങാതി ആയത് എന്ന് എനിക്കറിയില്ല.എങ്കിലും ഒരു അമ്മയുടെ ഹൃദയ ഭേദകങ്ങളായ നിമിഷങ്ങളില്‍ ഒപ്പം നിലകൊണ്ട ഒരു ദൈവീക സാന്നിധ്യമാണ് മോണിക്ക എന്നുറപ്പാണ് ..

മറുനാട്ടില്‍ ചിലപ്പോള്‍ ഇത്തരം സാന്നിധ്യം പലര്‍ക്കും ലഭിക്കാറില്ല...പക്ഷേ ഇവിടെ പ്രവീണിനെ ലൗലി വര്‍ഗീസ് വിളിക്കുന്ന പോലെ 'വാവേ ..നിന്റെ ആത്മസാക്ഷാത്കാരത്തിനു വേണ്ടി എന്തും ചെയ്യാം 'എന്ന് സ്‌നേഹത്തിന്റെ ഭാഷയില്‍ അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ പറയുമ്പോള്‍ ഒരു മലയാളി വീട്ടമ്മയ്ക്കു ലഭിക്കുന്ന കരുത്ത് വളരെ വലുതല്ലേ..

സ്വന്തം മകന്‍ തിട്ടപ്പെടുത്താത്ത ഒരു സാഹചര്യത്തില്‍ മരിച്ചിട്ടു 3 വര്‍ഷം കടന്നു പോകുമ്പോള്‍ ഒരമ്മ നടത്തിയ സമരത്തിന്റെയും കണ്ണുനീരിന്റെയും നിമിഷങ്ങളെ അടുത്തു നിന്ന് കണ്ട ഒരാള്‍ മാത്രമല്ല മലയാളിക്ക് മോണിക്ക. നാളെ വീണ്ടും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അവരെ പോലെ മറ്റൊരാള്‍ ഓടിയെത്തിയേക്കാം. ദൈവം അടുത്തു വരുന്നതു പോലെ ഒരാള്‍. നമുക്കുവേണ്ടി സംസാരിക്കാന്‍ മറ്റൊരാളുണ്ടാകുക എന്നത് ജീവിതത്തില്‍ പ്രതിസന്ധികള്‍ നേരിടുന്നവരുടെ ഒരു വലിയ ആശ്വാസം ആണ്. ഇവിടെ മോണിക്ക സൂക്ക ലൗലി വര്‍ഗീസിന് ആശ്വാസം മാത്രമല്ല ഒരു ചൂണ്ടു പലക കുടി ആണെന്ന കാര്യത്തില്‍ സംശയം ഇല്ല . മകന്‍ നഷ്ടപ്പെട്ട ഒരമ്മ നടത്തിയ നിശബ്ദ വിപ്ലവത്തിനു കരുത്തായി മറ്റൊരു അമ്മ. പലപ്പോഴും മോനിക്കാ സൂക്ക പറഞ്ഞിരുന്ന ഒരു കാര്യം ഒരിക്കല്‍ ലൗലി വര്‍ഗീസ് പറഞ്ഞതായി ഓര്‍ക്കുന്നു. മോണിക്ക സൂക്കയ്ക്കു പ്രവീണ്‍ വര്‍ഗീസിന്റെ മരണവുമായി ബന്ധപ്പെട്ട ഉണ്ടായ ഇടപെടലുകളില്‍ എല്ലാം പ്രവീണിന്റെ അദൃശ്യ സാന്നിധ്യം അവര്‍ക്കു അനുഭവപ്പെട്ടിരുന്നതായി പറയുന്നു. ഒരു പക്ഷെ ആ നിശബ്ദ സാന്നിധ്യമാകാം ഈ അമ്മമാരേ ഇവിടെ വരെ എത്തിച്ചത് .

ഇത് അമേരിക്കയിലെ അമ്മമാര്‍ക്കല്ല കരുത്താകുന്നത്..മറിച്ചു അമേരിക്കയിലെ കുഞ്ഞുങ്ങള്‍ക്കാണ്...

എത്രയോ ആളുകളെ ഏതെല്ലാം സാഹചര്യങ്ങളില്‍ ലോകത്തു കാണാതാകുന്നു...
നഷ്ടം എന്നും പ്രസവിച്ച വയറിനു മാത്രമാണ് എന്ന് തിരിച്ചറിയുന്ന എത്ര മക്കളുണ്ട് ഈലോകത്ത്..
സ്വര്‍ഗ്ഗത്തിന്റെ ഏതെങ്കിലും കോണില്‍ ഇരുന്നുകൊണ്ട് പ്രവീണ്‍ വര്‍ഗീസ് ഇപ്പോള്‍ സന്തോഷാശ്രുക്കള്‍ ഉതിര്‍ക്കുന്നുണ്ടാകും ..തീര്‍ച്ച..
തന്റെ അമ്മയ്ക്ക് പിന്നില്‍ നില്‍ക്കുന്ന മറ്റൊരമ്മയെയും ഒരു സമൂഹത്തെയും കണ്ട്..

ഇനിയും അമ്മമാര്‍ക്ക് കുഞ്ഞുങ്ങളെ നഷ്ടപ്പെടാതിരിക്കട്ടെ..
അതിനു മോണിക്കയുടെ പ്രവര്‍ത്തികളും വാക്കുകളും കരുത്താകട്ടെ .
സ്‌നേഹം അവകാശപ്പെടാന്‍ മാത്രം കഴിയുന്ന , രക്ത ബന്ധത്തേക്കാള്‍ എത്രയോ വലുതാണ് സ്‌നേഹിക്കാന്‍ മാത്രം കഴിയുന്ന സുഹൃത്ത് ബന്ധങ്ങള്‍. ഒരാളെ വേദനിപ്പിക്കാനും
വെറുപ്പിക്കാനും ആര്‍ക്കും കഴിയും .
എന്നാല്‍ വേദനിക്കുന്ന ഹൃദയത്തില്‍
സ്‌നേഹം കൊണ്ട് സ്പര്‍ശിക്കാന്‍ ഒരാള്‍കെ കഴിയൂ. ദൈവത്തിന്റെ കയ്യൊപ്പുള്ള ഒരാള്‍ക്ക് .
ഏതോ നിമിഷത്തില്‍ കാലം ഒന്നായി ചേര്‍ത്ത രണ്ടുപേര്‍ .
ലൗലി വര്‍ഗീസും മോനിക്കാ സുക്കയും. ഈ രണ്ടു അമ്മമാരോടും പ്രവീണ്‍ ഇനിയും സംവദിക്കട്ടെ...കൊതി തീരെ അവര്‍ അത് കേള്‍ക്കട്ടെ..
പ്രവീണ്‍ വര്‍ഗീസിന്റെ ഹൃദയം രണ്ടു  ഹൃദയങ്ങളോട് മന്ത്രിച്ചത് (അനില്‍ കെ. പെണ്ണുക്കര )പ്രവീണ്‍ വര്‍ഗീസിന്റെ ഹൃദയം രണ്ടു  ഹൃദയങ്ങളോട് മന്ത്രിച്ചത് (അനില്‍ കെ. പെണ്ണുക്കര )പ്രവീണ്‍ വര്‍ഗീസിന്റെ ഹൃദയം രണ്ടു  ഹൃദയങ്ങളോട് മന്ത്രിച്ചത് (അനില്‍ കെ. പെണ്ണുക്കര )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക