Image

വീണ്ടുമൊരു ഗൌരി ആകാന്‍ എനിക്ക് മടിയില്ല; ഗൌരിയമ്മ നൂറിന്റെ നിറവിലേക്ക് (കുര്യന്‍ പാമ്പാടി)

Published on 11 July, 2017
വീണ്ടുമൊരു ഗൌരി ആകാന്‍ എനിക്ക് മടിയില്ല; ഗൌരിയമ്മ നൂറിന്റെ നിറവിലേക്ക് (കുര്യന്‍ പാമ്പാടി)
കേരളം കണ്ട ഏറ്റം വലിയ പുരുഷന്‍ ശ്രീനാരായണ ഗുരുവാണെങ്കില്‍ ഏറ്റം വലിയ സ്ത്രീ ആര്? പലര്‍ക്കും നറുക്ക് വീഴാം. പക്ഷെ ഏറ്റവും കൂടുതല്‍ വോട്ട് ശ്രീമതി കെ. ആര്‍. ഗൌരിയമ്മക്കയിരിക്കും ലഭിക്കുക.

ജന്മം കൊണ്ടും സാഹചര്യം കൊണ്ടും പിന്നിലായ സമൂഹത്തില്‍ ജനിച്ചു, അസാധാരണമായ മനക്കരുത്തും അക്ഷീണമായ ലക്ഷ്യബോധവും കൊണ്ട് പ്രതിബന്ധങ്ങളോട് പട വെട്ടി സ്ത്രീകള്‍ക്ക് അധ്രുഷ്യമായ പല പദവികളും വെട്ടിപ്പിടിച്ച ആളാണ് ഗൌരി അമ്മ.

'പക്ഷെ കേരളത്തിലെ മുഖ്യമന്ത്രി പദത്തിനു തൊട്ടടുത്തെത്തിയപ്പോള്‍ പുരുഷന്മാര്‍ എന്നെ ചവുട്ടി പ്പുറത്താക്കി. തൊന്നൂറ്റൊമ്പതാം പിറന്നാളാഘോഷ വേളയില്‍ ആലപ്പുഴ ജില്ലയില്‍ പട്ടണക്കാട് ഗ്രാമത്തിലെ വസതിയില്‍ അവര്‍ മനസ്സ് തുറന്നു.

'ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ കവിതയിലെ ഗൌരി ആയി വരാന്‍ എനിക്കിനിയും കഴിയും' അവര്‍ പറഞ്ഞു. ഗൌരി അമ്മയെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയ പ്രക്ഷുബ്ധ കാലത്താണ് ചുള്ളിക്കാടിന്റെ ആ കവിത പുറത്തു വന്നത്.

കവിതയിലെ 'കരയാത്ത ഗൌരി, തളരാത്ത ഗൌരി, കലികൊണ്ട് നിന്നാല്‍ അവള്‍ ഭദ്രകാളി' എന്ന വരി കേരളമൊട്ടാകെ പ്രകടനങ്ങളില്‍ മാറ്റൊലി കൊണ്ടു. 'സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍ വീണ്ടുമൊരു ഗൌരി ആകാന്‍ എനിക്ക് മടിയില്ല. സര്‍ക്കാര്‍ ഉണരണം. മുഖ്യമന്ത്രി ആകാത്തത്തിനു പിന്നില്‍ ജാതീയമായ വിവേചനം ആണെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു'

കേരളനിയമസഭയില്‍ അമ്പതു വര്‍ഷം പൂര്‍ത്തിയാക്കിയ അസുലഭ ഭാഗ്യത്തിന്റെ ഉടമയാണ് ഗൌരി അമ്മ. ഈഴവ സമുദായത്തിലെ ആദ്യത്തെ നിയമ ബിരുദ ധാരിണി. 1957, 1967, 1980, 1987 വര്‍ഷങ്ങളില്‍ കമ്മ്യുണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളില്‍ അംഗമായി. 2001 മുതല്‍ 2006 വരെ കോണ്‍ഗ്രസ് നയിച്ച മന്ത്രിസഭയിലും.

കെ.എ. രാമന്റെയും പാര്‍വതിയുടെയും മകളായി പട്ടണക്കാട് ജനിച്ച ഗൌരി തുറവൂര്‍, ചേര്‍ത്തല, എറണാകുളം മഹാരാജാസ്, ലോ കോളേജ് എന്നിവി ടങ്ങളില്‍ പഠിച്ചു. സഹോദരന്‍ സുകുമാരന്റെ പ്രേരണയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു.

ഇ എം.എസ് മന്ത്രിസഭയില്‍ റവന്യു മന്ത്രിയായ ഗൌരി ചരിത്ര പ്രധാനമായ ഭൂപരിഷ്‌കരണ നിയമത്തിന്റെ പതാകാവാഹകയായി. അതേ മന്ത്രിസഭയില്‍ അംഗമായിരുന്ന ടി.വി. തോമസിനെ വിവാഹം ചെയ്തു. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അവര്‍ രണ്ടു പക്ഷത്തായി. ഒടുവില്‍ പാര്‍ട്ടി അവരെ പുറത്താക്കി. 1994 ഗൌരി ജനാധിപത്യ സംരക്ഷണ സമിതി എന്ന സ്വന്തം പാര്‍ട്ടി ഉണ്ടാക്കി.

കേരള നിയമസഭയില്‍ 16345 ദിവസം അംഗമായിരുന്നു റെക്കോര്‍ഡ് ഇട്ട ആളാണ് ഗൌരി അമ്മ. പന്ത്രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചു. തോറ്റതു ഒരിക്കല്‍ മാത്രം 1977 ല്‍. കേരളകര്‍ഷക സംഘത്തിനും മഹിള സംഘത്തിനും നേതൃത്വംനല്‍കി.

ഇതാണ് കെ. ആര്‍. ഗൌരിഅമ്മ എന്ന ഇതിഹാസത്തിന്റെ നഖചിത്രം.

ഇത്രയും പാരമ്പര്യവും അനുഭവ പരിജ്ഞാനവുമുള്ള ഒരാള്‍ മുഖ്യമന്ത്രി പദത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുക സ്വാഭികമാണല്ലോ. 1980 ല്‍ ആ പ്രതീക്ഷകളെ കാറ്റില്‍ പറത്തിക്കൊണ്ടു ഇ.കെ. നായനാര്‍ മുഖ്യമന്ത്രി ആയി. പിന്നീട് എ.കെ ഗോപാലന്റെ ഭാര്യ സുശീലാ ഗോപാലനും ഇതേ അനുഭവം ഉണ്ടായത് പലരും ഓര്‍ക്കുന്നു ണ്ടാവും.

ചാത്തനാട്ടെ റോട്ടറി ഹാളിലായിരുന്നു ചൊവ്വാഴ്ച ഗൌരി അമ്മയുടെ 99 ആം പിറന്നാള്‍. പ്രത്യേകിച്ചു ആരെയും ക്ഷണിച്ചിരുന്നില്ല. പക്ഷെ ആരാധകരും സഹപ്രവര്ത്തകരുംമായി നിരവധി പേര്‍ വന്നെത്തി. ഒരാള്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ ആയിരുന്നു.

ചേര്‍ത്തല വളമങ്ങലത്ത് വനിതകള്‍ക്കായി കെ.ആര്‍. ഗൌരി അമ്മ എഞ്ചിനീയറിംഗ് കോളേജ് തുറന്നിട്ടുണ്ട്.
ഗൌരി അമ്മയുടെ ആത്മകഥക്ക് 2011ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.
ചിത്രങ്ങള്‍
വീണ്ടുമൊരു ഗൌരി ആകാന്‍ എനിക്ക് മടിയില്ല; ഗൌരിയമ്മ നൂറിന്റെ നിറവിലേക്ക് (കുര്യന്‍ പാമ്പാടി)വീണ്ടുമൊരു ഗൌരി ആകാന്‍ എനിക്ക് മടിയില്ല; ഗൌരിയമ്മ നൂറിന്റെ നിറവിലേക്ക് (കുര്യന്‍ പാമ്പാടി)വീണ്ടുമൊരു ഗൌരി ആകാന്‍ എനിക്ക് മടിയില്ല; ഗൌരിയമ്മ നൂറിന്റെ നിറവിലേക്ക് (കുര്യന്‍ പാമ്പാടി)വീണ്ടുമൊരു ഗൌരി ആകാന്‍ എനിക്ക് മടിയില്ല; ഗൌരിയമ്മ നൂറിന്റെ നിറവിലേക്ക് (കുര്യന്‍ പാമ്പാടി)വീണ്ടുമൊരു ഗൌരി ആകാന്‍ എനിക്ക് മടിയില്ല; ഗൌരിയമ്മ നൂറിന്റെ നിറവിലേക്ക് (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക