Image

സ്‌ഫോടനം (ചെറുകഥ ഭാഗം 2: സി.ജി. പണിക്കര്‍ കുണ്ടറ)

Published on 04 July, 2017
സ്‌ഫോടനം (ചെറുകഥ ഭാഗം 2: സി.ജി. പണിക്കര്‍ കുണ്ടറ)
സാജന്‍ ആര്‍മിയില്‍ ചേര്‍ന്നു ട്രെയിനിംഗും കഴിഞ്ഞു. ജമ്മുവിലുളള ഗ്രനേഡിയര്‍ യൂണിറ്റിലേക്ക് പോകുകയും ചെയ്തു. അവധിക്ക് വീട്ടില്‍ എത്തിയപ്പോള്‍ പരസ്പരം അവര്‍ സംസാരിച്ചു ഭാവികാര്യങ്ങള്‍ ഇരുവീട്ടുകാരുമറിയാതെ ആ സ്‌നേഹ ബന്ധം പടര്‍ന്ന് പന്തലിച്ചു. ഇതിനിടയില്‍ കാലത്തിന്റെ യവനിക പല പ്രാവശ്യം ഉയര്‍ന്നുതാണു. സൂസന്‍ നല്ല മാര്‍ക്കോടെ ബി.കോം പാസ്സായി. വിവാഹത്തിന് അമ്മ ധൃതികൂട്ടി. അടുത്ത ലീവിന് വീട്ടുകാരുമായി ആലോചിക്കാമെന്ന് അവന്‍ എഴുത്തിലൂടെ അവളെ അറിയിച്ചു.

പെട്ടെന്നായിരുന്നു ഞെട്ടിക്കുന്ന ആ വാര്‍ത്ത കാര്‍ഗിലില്‍ പാകിസ്ഥാന്‍ സൈനികരും, ഉഗ്രവാദികളും നുഴഞ്ഞുകയറുന്നു. ലൈന്‍ ഓഫ് കണ്‍ട്രോള്‍ന് സമീപമുളള ദ്രാസ് സെക്ടറിനും (Dras sector) ബറ്റാലിക് സെക്ടറിലും(Batalic Sector) പൊരിഞ്ഞ പോരാട്ടം നടക്കുകയാണ് അതും ഇന്ത്യന്‍ മണ്ണില്‍ ഓരോ ഇഞ്ച് മണ്ണും തിരികെ പിടിച്ചുകൊണ്ട് ഗ്രനേഡിയേഴ്‌സ് മുന്നില്‍ നിന്നും വരുന്ന ശത്രുവിന്റെ ഷെല്‍ വര്‍ഷങ്ങള്‍ക്കും, ചീറിപ്പാഞ്ഞു വരുന്ന ഉണ്ടകള്‍ക്കുമിടയിലൂടെ ടൈഗര്‍ ഹില്ലിലൂടെ ഇഴഞ്ഞ്കയറുകയാണ്. മുഖാമുഖയുദ്ധം. ശത്രുവിന് നേരെ ഗര്‍ജ്ജനത്തോട് ഷെല്ലുകള്‍ ഉതിര്‍ക്കുന്ന ബോഫേഴ്‌സ്‌നോടൊപ്പം സാജന്റെ Self Loading Rifle (SLR) ഉം ഗര്‍ജ്ജിക്കുന്നുണ്ടായിരുന്നു. എല്ലാം മറന്ന് യുദ്ധം ചെയ്യുമ്പോള്‍ തന്റെ കാല്‍ച്ചുവട്ടില്‍ അമരുന്ന ഓരോ ഇഞ്ച് ഭൂമിയും സാജന്റെ സ്വന്തമെന്ന് തോന്നി. അവന്റെ SLR ല്‍ നിന്നും ഉതിര്‍ന്ന വെടിയുണ്ടകളില്‍ മിക്കതും ശത്രുവിന്റെ നെഞ്ച് തകര്‍ത്ത് കടന്ന്‌പോയി. ദിവസങ്ങള്‍ക്ക് ശേഷം പിറകോട്ടുപോകുന്ന പാകിസ്ഥാനികള്‍ വഴിയില്‍ അതിനൂതനമായ ആന്റെിപേഴ്‌സണല്‍ മൈനു (Antipersonal mine) കള്‍ കുഴിച്ചിട്ടിരുന്നത് ആരും അറിഞ്ഞിരുന്നില്ല. ആവേശത്തോടെ മലഞ്ചെരുവിലൂടെ മുന്നേറിയ സാജന്റെ വലതുകാല്‍ അറിയാതെ ഒരു മൈനിന് മുകളില്‍ ചവിട്ടി , അത് പൊട്ടിത്തെറിച്ചു, വലതു കാല്‍ മുട്ടു മുതല്‍ താഴോട്ടുളള ഭാഗം അന്തരീക്ഷത്തില്‍ ചോരയോടൊപ്പം ചിന്നിച്ചിതറി, കഷ്ടിച്ച് ജീവന്‍ തിരിച്ചു കിട്ടി. മുട്ടിന് അല്പം മുകളില്‍ വച്ച് കാല്‍ മുറിയ്ക്കപ്പെട്ടു. മാസങ്ങള്‍ക്ക്‌ശേഷം സുഖംപ്രാപിച്ച് പട്ടാളത്തില്‍ നിന്നും ഡിസ്ചാര്‍ജ്ജ്(Discharge) ആയി. അവര്‍ സമ്മാനിച്ച ഡൂപ്ലിക്കേറ്റ് കാലിന്റെയും, ഊന്നുവടിയുടേയും സഹായത്തോടെ സാജനെന്ന വീരജവാന്‍ നാട്ടിലെത്തി. അപ്പോഴേയ്ക്കും ജനം കാര്‍ഗില്‍ യുദ്ധം തന്നെ മറന്ന് കഴിഞ്ഞിരുന്നു. മറക്കില്ല എന്ന് കരുതിയ സൂസന്‍ പോലും സാജനെ ഒരു നോക്കു കാണുവാന്‍ എത്തിയില്ല. ഒരു സുഹൃത്ത് വശം പലകുറി സന്ദേശം അയച്ചിട്ടും അവള്‍ എത്തിയില്ല. എന്നില്‍ നിന്നും അവള്‍ അകലുവാന്‍ ശ്രമിക്കുകയാണോ? ......-അവന്റെ മനസ്സ് വല്ലാതെ വേദനിച്ചു.

അങ്ങനെയിരിക്കെ കോളേജില്‍ പഠിച്ചിരുന്നകാലത്തെ ഉറ്റ മിത്രമായിരുന്ന റോയി അയാളുടെ വിവാഹത്തിന് സാജനെ ക്ഷണിക്കാനെത്തി. സാജന്റെ കാല്‍ നഷ്ടപ്പെട്ടതില്‍ റോയി അതിയായി ദു:ഖിച്ചു. എങ്കിലും അയാള്‍ ആത്മധൈര്യം പകര്‍ന്നു. സാജന് വേണ്ടി പ്രത്യേകം കാര്‍ അയച്ചു തരാമെന്ന് പറഞ്ഞു കൊണ്ട് റോയി ഇറങ്ങി നടന്നു. പെണ്‍കുട്ടി ആരാണെന്നോ.........-ഏതാണെന്നോ സാജന്‍ ചോദിച്ചില്ല എങ്കിലും ആ പെണ്‍കുട്ടി ഒരു ഭാഗ്യവതി തന്നെയായിരിക്കും എന്നവന്‍ മന്ത്രിച്ചു .

വിവാഹ ദിവസം വന്നു പറഞ്ഞതുപോലെ കാര്‍ മുറ്റത്തെത്തി, സാജനെയും കൊണ്ട് പളളിമുറ്റത്തെത്തി നിന്നു . റോയി ഓര്‍ത്തഡോക്‌സ് (Orthodox) സമുദായത്തില്‍പ്പെട്ടതാണ്, പളളിയിലെ വിവാഹ കര്‍മ്മങ്ങള്‍ക്ക് നീളം കൂടുതലാണ്. സാജന്‍ പളളിയില്‍ ഒരു വശത്ത് ഇട്ടിരുന്ന ബെഞ്ചില്‍ ഇരുന്നു. പെണ്ണും കൂട്ടരും പളളിയിലേക്ക് കയറി. ഒരു നിമിഷം സാജന്‍ സ്തംഭിച്ചിരുന്നു പോയി. അവന്റെ കണ്ണുകള്‍ക്ക് വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല ......-ഒടുവില്‍ കണ്ണില്‍ അന്ധകാരം ഇരച്ചു കയറുന്നത് പോലെ, ഹൃദയം പൊട്ടിപ്പിളരുന്നത് പോലെ സാജന് തോന്നി..........-എല്ലാം സ്‌ഫോടനങ്ങള്‍ ..........-ഒരിയ്ക്കല്‍ തന്റെ എല്ലാമെല്ലാമാകാന്‍ കൊതിച്ച സൂസന്‍................-മറ്റൊരുവന്റെ മണവാട്ടിയാകാന്‍ പോകുന്നു. അവള്‍ സാവധാനം മുന്നോട്ട് നടന്നു ബെഞ്ചിലിരുന്ന സാജനെ അവള്‍ കണ്ടു .ആ കാലുകളുടെ ചലനം ഒരു നിമിഷം അവളറിയാതെ നിലച്ചു. കടക്കണ്ണിലൂടെ അവള്‍ അവനെ ശ്രദ്ധിച്ചു. പിന്നെ ഒന്നും സംഭവിക്കാത്തതുപോലെ അവള്‍ മുന്നോട്ട് നീങ്ങി. സാജന് കൂടുതല്‍ നേരം അവിടെ ഇരിയ്ക്കാന്‍ കഴിഞ്ഞില്ല.പള്ളിയ്ക്ക് വെളിയില്‍ പ്ലാവിന്‍െറ തണലില്‍ കിടന്ന ഒരു പാറക്കല്ലില്‍ അവനിരുന്നു. ഓര്‍മ്മകള്‍ക്ക് കടിഞ്ഞാണിടാന്‍ ശ്രമിച്ചു

പള്ളിയില്‍ വിവാഹ കര്‍മ്മങ്ങള്‍ ആരംഭിച്ചു. തുറന്നു കിടന്ന വാതിലിലൂടെ സാജന്റെ കാതിലേക്ക് അരിച്ചെത്തിയ ശുശ്രൂഷാ കര്‍മ്മങ്ങള്‍ അവന്റെ മനസ്സിനെ കീറി വേദനിപ്പിച്ചുകൊണ്ടിരുന്നു. വിവാഹ കര്‍മ്മങ്ങള്‍ കഴിഞ്ഞു അടുത്തുള്ള ഹാളില്‍ അപ്പോഴേയ്ക്കും ഊണ് റെഡിയായി. ഊണെല്ലാം കഴിഞ്ഞ് കൈകഴുകി സാജന്‍ വധുവരന്മാര്‍ക്ക് ആശംസകള്‍ നേരാനായി തന്റെ ഊന്നുവടിയുടെ സഹായത്തോടെ മുന്നോട്ടു നീങ്ങി റോയിയും സാജനും പരസ്പരം കെട്ടിപ്പുണര്‍ന്നു. ആ കാഴ്ച അവിടെ നിന്നവരെ അത്ഭുതപ്പെടുത്തി. അപ്പോള്‍ സൂസന്‍ ദൂരെ മാറി തന്റെ പഴയ കൂട്ടുകാരിയുമായി കുശലം പറയുകയായിരുന്നു. ആശംസകള്‍ നേര്‍ന്നുകൊണ്ട് കൂട്ടുകാരി നടന്നു നീങ്ങിയതും സാജന്‍ സൂസന്റെ അടുത്തേക്ക് നടന്നു. "വിവാഹ മംഗളാശംസകള്‍," അവന്‍ ആശംസകള്‍ നേര്‍ന്നു. സൂസന്‍ സാജന്റെ കണ്ണുകളിലേക്ക് നോക്കാന്‍ പോലും ഭയപ്പെടുന്നതുപോലെ തോന്നി. അയാള്‍ തുടര്‍ന്നു "കുട്ടിയ്ക്ക് സമ്മാനമായി തരുവാന്‍ ഇപ്പോള്‍ എന്റെ കൈവശം ഒന്നുംതന്നെയില്ല. റോയി കല്ല്യാണത്തിന് വിളിച്ചപ്പോള്‍ വരാതിരിക്കാന്‍ കഴിഞ്ഞില്ല. സൂസനാണ് വധുവെന്നറിഞ്ഞിരുന്നുവെങ്കില്‍ .... ഈ കൂടികാഴ്ചതന്നെ ഒഴിവാക്കുമായിരുന്നു". മനസ്സിന്റെ അടിത്തട്ടില്‍ നിന്നും പൊന്തിവന്ന വേദനയുടെ തീ ഗോളങ്ങള്‍ സാജനില്‍ ഒരു നെടുവീര്‍പ്പുതിര്‍ത്തു. കുട്ടി പറഞ്ഞതുപോലെയൊക്കെ സംഭവിച്ചു. യുദ്ധമേഘലയില്‍ പോയി, പാകിസ്ഥാന്‍ പട്ടാളക്കാരേയും ഉഗ്രവാദികളേയും കൊന്നു.... ഗുണ്ടുകള്‍ മിക്കതും ലക്ഷ്യംകണ്ടു. ശത്രുവിന്റെ മൃതശരീരങ്ങള്‍ക്ക് മുകളിലൂടെ ഞാന്‍ മുന്നോട്ടു നീങ്ങി.... പക്ഷേ വ്യക്തിപരമായ ജീവിതത്തില്‍ ഞാന്‍ ഒന്നും തന്നെ നേടിയില്ല, പകരം ഒരു കാല്‍ എനിക്ക് നഷ്ടപ്പെട്ടു. ഒരു മൈന്‍ സ്‌ഫോടനത്തില്‍ വേദനകള്‍ കടിച്ചമര്‍ത്തിക്കൊണ്ട് അവന്‍ കൂട്ടിച്ചേര്‍ത്തു. ഒരു കാല്‍ മാത്രമേ എനിയ്ക്ക് നഷ്ടപ്പെട്ടിട്ടുള്ളു.... നുറുങ്ങിപ്പോയ എന്റെ മനസ്സിനെ ഇനിയും എനിയ്ക്ക് ഉടച്ചു വാര്‍ക്കാം... പക്ഷേ എന്റെ ചങ്ങാതി ഈ കഥ അറിയരുത്..... അതൊരു സ്‌ഫോടനമായിരുന്നു സുസന്. സാജന്‍ സാവധാനം ഇറങ്ങി നടന്നു, സൂസന്‍ അവനെ അറിയാതെ നോക്കി നിന്നുപോയി.

അയലത്തെ ഒരു കൊച്ചു കുട്ടി 8 വയസ്സുകാരന്‍ അക്കു(AKKU) കുലുക്കി വിളിച്ചപ്പോഴാണ് ഓര്‍മ്മയില്‍ നിന്നും സാജന്‍ ഞെട്ടിയുണര്‍ന്നത്. അങ്കിള്‍ നേരം സന്ധ്യയായിരിക്കുന്നു, അങ്കിള്‍ കുറേ നേരമായല്ലോ, ഈ മാവിന്‍ ചുവട്ടില്‍ ഇങ്ങനെ ഇരിക്കുന്നു. എന്തെടുക്കുകയായിരുന്നു, കുട്ടി തിരക്കി. ഒരു പിടി ഓര്‍മ്മകള്‍ക്ക് ചിതയൊരുക്കുകയായിരുന്നു, സാജന്‍ അലസമായി പറഞ്ഞു. എന്നിട്ട് ചിത കാണാനില്ലല്ലോ....? കുട്ടി വീണ്ടും തിരക്കി. അതെന്റെ മനസ്സിലാണ് സാജന്റെ മറുപടി.അപ്പോള്‍ ചാരമോ?... കുട്ടിയ്ക്ക് ജിജ്ഞാസ വര്‍ദ്ധിച്ചു. 'കണ്ണീരാറ്റില്‍ ഒഴുക്കി'. സാജന്റെ ഉത്തരം കേട്ട് കുട്ടി മിഴിച്ചു നിന്നുപോയി. കണ്ണീരാറോ....?കുട്ടിയുടെ മനസ്സിന് അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ഊന്നുവടിയുടെ സഹായത്തോടെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചുകൊണ്ട് സാജന്‍ പറഞ്ഞു.കുട്ടി പൊയ്‌ക്കോളു.. കുട്ടിയ്‌ക്കൊന്നും മനസ്സിലാവില്ല. ചുമലില്‍ സായൂജ്യമടയാത്ത ജീവിതത്തിന്റെ ഭാണ്ഡവും മനസ്സില്‍ സായുജ്യ മടയാത്ത മോഹങ്ങളുടെ ഭാരവും പേറി സാജന്‍ സാവധാനം വീടിനുള്ളിലേക്ക് നടന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക