Image

'അമ്മ'യുടെ വാര്‍ത്താ സമ്മേളനത്തില്‍ താരങ്ങളും മാധ്യമ പ്രവര്‍ത്തകരും കൊമ്പുകോര്‍ത്തു

എ.എസ് ശ്രീകുമാര്‍ Published on 29 June, 2017
'അമ്മ'യുടെ വാര്‍ത്താ സമ്മേളനത്തില്‍ താരങ്ങളും മാധ്യമ പ്രവര്‍ത്തകരും കൊമ്പുകോര്‍ത്തു
കൊച്ചി: താര സംഘടനയായ അമ്മയുടെ ജനറല്‍ ബോഡിക്ക് ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. നടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിനെ ഇന്നലെ 13 മണിക്കൂര്‍ പോലീസ് ചോദ്യം ചെയ്ത പശ്ചാത്തലത്തില്‍ അമ്മയുടെ വാര്‍ത്താ സമ്മേളനത്തിലേയ്ക്ക് കേരളം ഉറ്റുനോക്കിയിരുന്നു. സംഘടനയുടെ പ്രസിഡന്റും എം.പിയുമായ ഇന്നസെന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി തീരുമാനങ്ങള്‍ വിശദീകരിച്ച ശേഷം തിടുക്കത്തില്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കുന്നു എന്ന് അറിയിച്ച ഘട്ടത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യ ശരങ്ങളുമായി വേദിയിലിരുന്ന ഭാരവാഹികളെ നേരിട്ടത്. അങ്ങനെ കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളനം താരങ്ങളും മാധ്യമങ്ങളും തമ്മിലുള്ള വാക്ക് യുദ്ധത്തിലേയ്ക്ക് വഴിമാറി.

ഇന്നലെ ഇവിടെ നടന്ന എക്‌സിക്യൂട്ടിവ് യോഗത്തില്‍ നടിക്കെതിരെയുള്ള ആക്രമണം അജണ്ടയായിരുന്നില്ല. ഇന്ന് ജനറല്‍ ബോഡി യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യില്ലെന്ന് നടനും എം.എല്‍.എയുമായ കെ.ബി ഗണേശ്കുമാര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങളെറിഞ്ഞത്. നടനും ആക്രമിക്കപ്പെട്ട നടിയും അമ്മയുടെ രണ്ടു മക്കളാണെന്നും ഇരുവരെയും തങ്ങള്‍ കൈവിടില്ലെന്നും ഗണേശ്കുമാറും, മറ്റൊരു എം.എല്‍.എയായ മുകേഷും നടന്‍ ദേവനും, ഇടവേള ബാബുവും പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവം എന്തുകൊണ്ട് ചര്‍ച്ചയ്‌ക്കെടുത്തില്ല എന്ന ചോദ്യത്തിന് തക്കതായ മറുപടി പറയാതെ ദിലീപിനെ വേട്ടയാടി ഒറ്റപ്പെടുത്താനാവില്ലെന്നും തങ്ങളെല്ലാവും ദിലീപിനെ ഒറ്റക്കെട്ടായി പിന്തുണയ്ക്കുമെന്നും അവര്‍ പറഞ്ഞു. ഇടയ്ക്ക് മുകേഷ് മാധ്യമ പ്രവര്‍ത്തകരോട് ക്ഷോഭിക്കുന്നത് കാണാമായിരുന്നു.

അമ്മയ്ക്ക് മകനാണോ മകളാണോ പ്രിയപ്പെട്ടത് എന്ന സംശയത്തിന് മകന്‍ തന്നെ എന്ന സൂചന നല്‍കുന്നതായിരുന്നു വാര്‍ത്താ സമ്മേളനം. നടിയെ ഞങ്ങള്‍ പിന്തുണയ്ക്കും എന്ന് ഒഴുക്കന്‍ മട്ടില്‍ വഴിപാടായി പറയാനാണ് ഏവരും ശ്രമിച്ചത്. സാധാരണ അമ്മയുടെ വാര്‍ത്താ സമ്മേളനങ്ങളില്‍ ചില താരങ്ങള്‍ മാത്രമായിരുന്നു പതിവായി സംസാരിച്ചിരുന്നത്. എന്നാല്‍ ഇന്ന് പ്രസിഡന്റായ ഇന്നസെന്റിനേക്കള്‍ പ്രതിരോധത്തിലൂന്നി മറുപടി പറഞ്ഞത് മുകളില്‍ സൂചിപ്പിച്ചവരായിരുന്നു. കാലാകാലങ്ങളായി സെക്രട്ടറി, വൈസ് പ്രസിഡന്റ് പദവികള്‍ മാറിമാറി വഹിച്ചുവരുന്ന മമ്മൂട്ടിയും മോഹന്‍ലാലും ഒരക്ഷരം ഉരിയാടിയില്ലെന്നു മാത്രമല്ല, തങ്ങള്‍ ഈ ലോകത്തേ അല്ല എന്ന ഭാവത്തിലാണ് വേദിയിലിരുന്നത്. രാഷ്ട്രീയ നേതാക്കളുടെ വാര്‍ത്താ സമ്മേളനങ്ങളില്‍ അവരും മാധ്യമ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇതാദ്യമായാണ്  സിനിമാ താരങ്ങളുമായുള്ള പോരിന് ജനം സാക്ഷ്യം വഹിച്ചത്.

ആക്രമിക്കപ്പെട്ട നടിയുടെ കാര്യം ചര്‍ച്ചയ്‌ക്കെടുക്കാതിരുന്നതിന് താരഭാരവാഹികളുടെ ന്യായവാദം, ഇത്തരമൊരാവശ്യം വനിതാ താരങ്ങള്‍ ഇള്‍പ്പെടെയുള്ളവര്‍ ഉന്നയിച്ചില്ല എന്നാണ്. എന്നാല്‍ ജനറല്‍ ബോഡിക്ക് ശേഷം പുറത്തുവന്ന നടി റിമ കല്ലിങ്കല്‍, ഇക്കര്യം ഉന്നയിച്ചുവെന്ന് പറഞ്ഞു. പക്ഷേ തങ്ങള്‍ പിന്തുണയ്ക്കുന്നു എന്ന ലഘു മറുപടി മാത്രമാണ് കിട്ടിയതത്രേ. ദിലീപും ഇരയായ നടിയും അമ്മയുടെ സജീവ അംഗങ്ങളാണ്. ദിലീപ് പക്ഷേ ട്രഷററാണ്. ഒരു സംഘടനയിലെ രണ്ട് അംഗങ്ങള്‍ക്ക് രണ്ട് നീതി കല്‍പ്പിക്കുന്നത് ഏതുതരം ജനാധിപത്യമാണെന്ന് മനസിലാവുന്നില്ലെന്നാണ് ആക്ഷേപം. ഒരു സംഘടനയിലെ, അമ്മയുടെ ഭാഷയില്‍ പറഞ്ഞാല്‍ തങ്ങളുടെ കുടുംബത്തിലെ ഒരംഗം ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി മനസും ശരീരവും തളര്‍ന്നിട്ടും ഒരു പ്രമേയം പോലും പാസാക്കി ആശ്വസിപ്പിക്കാതെ, ''ഞങ്ങള്‍ കൈവിടില്ല, പിന്തുണയുണ്ട്...'' എന്ന് ഭംഗിവാക്ക് പറയുന്നതിന്റെ ചേതോവികാരം അരിയാഹാരം കഴിക്കുന്നവര്‍ക്ക് ഊഹിക്കാം.

നടി ആക്രമിക്കപ്പെട്ടതിന്റെ സമീപ ദിവസം കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ താരങ്ങളെല്ലാം അണിചേര്‍ന്ന് കണ്ണീര്‍ വാര്‍ത്തത് മാത്രമാണ് ഇത് സംബന്ധിച്ച് ഉണ്ടായത്. അന്ന് അവിടെ സംസാരിച്ച നടി മഞ്ജു വാര്യര്‍ നടിയെ തട്ടിക്കൊണ്ട് പോയതില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് ശക്തമായ ഭാഷയില്‍ പറഞ്ഞിരുന്നു. ഇന്നത്തെ അമ്മ ജനറല്‍ ബോഡിയില്‍ മഞ്ജുവിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. വ്യക്തിപരമായ തിരക്ക് മൂലം പങ്കെടുക്കാനാവില്ലാന്നാണ് മഞ്ജു വാര്യര്‍ ഭാരവാഹികളെ അറിയിച്ചത്. യഥാര്‍ത്ഥ കാര്യമെന്തെന്ന് ഇപ്പോഴത്തെ സംഭവവികസങ്ങളുടെ പശ്ചാത്തലത്തില്‍ വരികള്‍ക്കിടയില്‍ നിന്ന് വായിച്ചെടുക്കാം. മലയാള സിനിമയിലെ സ്ത്രീ സുരക്ഷയ്ക്കായി കഴിഞ്ഞ ദിവസം മഞ്ജു വാര്യരുടെയും മറ്റും നേതൃത്വത്തില്‍ ഒരു സംഘടന രൂപീകരിച്ചിരുന്നു. അവരാരെയും ഇവിടെ കണ്ടില്ല. ആ സംഘടനയ്ക്ക് പിന്തുണ നല്‍കുന്നുന്നു എന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറയുന്നത് കേട്ടു.

മലയാള സിനിമയില്‍ സൂപ്പര്‍-മെഗാ 'സ്റ്റാറാധിപത്യ'വും പണാധിപത്യവും ഗുണ്ടാ വിളയാട്ടവും ഒക്കെ കൊടികുത്തിവാഴുന്ന ദുരവസ്ഥയാണിന്ന്. തങ്ങളുടെ സഹപ്രവര്‍ത്തകയായ ഒരുനടിയെ ഈ സിനിമാ സാമ്രാജ്യത്തില്‍ നിന്നുള്ളവര്‍തന്നെ കൊത്തിപ്പറിക്കാന്‍ ക്വട്ടേഷന്‍ കൊടുക്കുകയും നടി അതിനെ അതിജീവിക്കുകയും ചെയ്ത ശേഷം മാനുഷിക പരിഗണനവച്ച് ആ പിതൃശൂന്യമായ നരനായാട്ടിനെ ഒരുവാക്കുകൊണ്ട് പോലും അപലപിക്കാന്‍ നമ്മുടെ മഹാ നടന്‍മാര്‍ക്ക് കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് സാംസ്‌കാരിക കേരളം ലജ്ജിച്ച് തല താഴ്ത്തുന്നു. നടിക്കെതിരെ പരസ്യമായി പരാമര്‍ശം നടത്തിയവരും ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട മികച്ച നടനും ഒക്കെ വല്ലാതെ വാഴ്ത്തപ്പെടുന്നു...ഇത് ന്യൂ ജെന്‍ കലികാലം...

'അമ്മ'യുടെ വാര്‍ത്താ സമ്മേളനത്തില്‍ താരങ്ങളും മാധ്യമ പ്രവര്‍ത്തകരും കൊമ്പുകോര്‍ത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക