Image

പൊലീസ് ഉദ്യോഗസ്ഥരുടെ സര്‍വിസ് സ്‌റ്റോറിക്കെതിരെ മന്ത്രി സുധാകരന്‍

Published on 24 June, 2017
പൊലീസ് ഉദ്യോഗസ്ഥരുടെ സര്‍വിസ് സ്‌റ്റോറിക്കെതിരെ മന്ത്രി സുധാകരന്‍
ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥര്‍ സര്‍വിസിലിരുന്ന് മനസ്സിലാക്കിയ കാര്യങ്ങള്‍ വിരമിച്ചശേഷം പുസ്തകമാക്കേണ്ടെന്ന് മന്ത്രി ജി. സുധാകരന്‍. പൊലീസ് ഉദ്യോഗസ്ഥര്‍ പുസ്തകമെഴുതി പണമുണ്ടാക്കേണ്ടതില്ല. സര്‍വിസില്‍നിന്ന് വിരമിച്ചാലും പുസ്തകമെഴുതേണ്ട ആവശ്യമില്ല. കേരള പൊലീസ് അസോസിയേഷന്‍ ജില്ല സമ്മേളനം ആലപ്പുഴ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അച്ചടക്കം പാലിക്കണം. ജീവിതാവസാനം വരെ മാന്യത പുലര്‍ത്തണം. അതിനാണ് പെന്‍ഷന്‍ തരുന്നത്. അധികാരികളുടെ താല്‍പര്യത്തിന് വഴങ്ങി ചില ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നത് ശരിയല്ല. മന്ത്രിമാര്‍ക്ക് അകമ്പടി പോകുമ്പോള്‍ അമിതവേഗത്തിന്റെ ആവശ്യമില്ല. 

ചില സ്ഥലങ്ങളില്‍ സര്‍ക്കാറിനെതിരെ സമരം നടത്തുന്നത് കുട്ടികളെ മുന്നില്‍ നിര്‍ത്തിയാണ്. ഇത് സമരം വിജയിപ്പിക്കാനല്ല. വാര്‍ത്താപ്രാധാന്യം നേടാന്‍ വേണ്ടിയാണ്. ജനങ്ങളെയും ഭരണഘടനയെയും അല്ലാതെ മറ്റൊന്നിനെയും ഇടത് സര്‍ക്കാര്‍ ഭയപ്പെടുന്നില്ല. മാധ്യമ ധര്‍മമറിയാതെ ചാനല്‍ ചര്‍ച്ചകളില്‍ തട്ടിക്കയറുന്ന ചില അവതാരകരെ നാടിനുതന്നെ ആവശ്യമില്ല. സ്വാമിമാരുടെ കാല്‍ കഴുകി വെള്ളം കുടിക്കുന്ന ചില വിവരദോഷികളാണ് തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് എ.എസ്. ഫിലിപ് അധ്യക്ഷത വഹിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക