Image

ബോറിസ് ബെക്കറെ കോടതി പാപ്പരായി പ്രഖ്യാപിച്ചു

Published on 23 June, 2017
ബോറിസ് ബെക്കറെ കോടതി പാപ്പരായി പ്രഖ്യാപിച്ചു


ലണ്ടന്‍: ജര്‍മന്‍ ടെന്നിസ് ഇതിഹാസം ബോറിസ് ബെക്കറെ ലണ്ടന്‍ കോടതി പാപ്പരായി പ്രഖ്യാപിച്ചു. രണ്ടു വര്‍ഷമായി വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് ലണ്ടനിലെ ഒരു സ്വകാര്യ ബാങ്ക് (Privatbank Arbuthnot Latham & Co) നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ബെക്കറുടെ ആരാധികയായ ക്രിസ്റ്റീന്‍ ഡെറെറ്റ് എന്നയാളാണ് ഇപ്പോള്‍ അദ്ദേഹത്തെ പാപ്പരായി പ്രഖ്യാപിക്കുന്ന വിധി പുറപ്പെടുവിച്ച ജഡ്ജി എന്നത് യാദൃച്ഛികം. വിധിയില്‍ ഖേദമെന്നു പിന്നീട് പറഞ്ഞെങ്കിലും, കോടതിയില്‍ ശക്തമായ നിലപാട് തന്നെയാണ് ബെക്കര്‍ക്കെതിരേ ജഡ്ജി സ്വീകരിച്ചത്. ലണ്ടനിലെ ജോണ്‍ ബ്രിഗ്‌സ് എന്ന പ്രശസ്തനായ വക്കീലാണ് ബെക്കറിനുവേണ്ടി കോടതിയില്‍ ഹാജരായത്. മൂന്നര മില്യന്‍ യൂറോയാണ് ബെക്കര്‍ ഈ ബാങ്കിന് കുടിശികയിനത്തില്‍ നല്‍കേണ്ടത്. എന്നാല്‍ ദിനംപ്രതി 767 യൂറോ കൂടിക്കൊണ്ടേയിരിക്കും.

പതിനേഴാം വയസില്‍ ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കിയ ബെക്കറുടെ തകര്‍ച്ചയും അത്രവേഗത്തിലായിരുന്നു. ആറു ഗ്രാന്‍ഡ്സ്ലാമുകള്‍ അടക്കം 49 കിരീടങ്ങള്‍ സ്വന്തമാക്കുകയും മില്യന്‍ കണക്കിന് പണം സന്പാദിക്കുകയും ചെയ്തിട്ടും ആഡംബര ജീവിതത്തിലൂടെ വന്‍ കടക്കെണിയിലേക്കു വീഴുകയായിരുന്നു ബെക്കര്‍. ഓരോ കീരീടങ്ങളും സര്‍വകാല റെക്കോഡോടെ സ്വന്തം കൈകളില്‍ ഉയര്‍ത്തിയ അസാധാരണ പാടവമുള്ള ടെന്നീസ് രാജകുമാരന്‍, പിന്നെ ചക്രവര്‍ത്തി അങ്ങനെ എന്തു വിശേഷണങ്ങള്‍ നല്‍കിയാലും തികയാത്ത ബെക്കറിന്റെ കഴിഞ്ഞകാല ജീവിതംതന്നെ ഒരു കുത്തഴിഞ്ഞ പുസ്തകമായിരുന്നു. സ്ത്രീ വിഷയത്തില്‍ അതീവ തല്‍പ്പരനായ ബെക്കറിന്റെ സന്പാദ്യങ്ങള്‍ ആ വഴിയ്ക്കു പോയെന്നു പറഞ്ഞാലും അതിശയോക്തിയാവില്ല. 

2013 മുതല്‍ 2016 വരെ സെര്‍ബിയന്‍ ടെന്നീസ് താരം നോവാക്ക് ജോക്കോവിച്ചിന്റെ പരിശീലകനായി ഒരുതരത്തില്‍ തിളങ്ങിയെങ്കിലും ഇവര്‍ തമ്മിലുള്ള ബന്ധം അധികനാള്‍ തുടര്‍ന്നില്ല. പരിശീലക സ്ഥാനത്തുനിന്നും ജോക്കോവിച്ച് ബെക്കറെ നീക്കുകയായിരുന്നു. 2014 ല്‍ ലോക റാങ്കിംഗില്‍ ഒന്നാമതെത്തിയ ജോക്കോവിച്ചിന്റെയും ബോറിസിന്റെയും പേരുകള്‍ കൂട്ടിച്ചേര്‍ത്ത് ന്ധദോക്കര്‍ന്ധ „ഉഷീസലൃന്ധ എന്ന് ടെന്നീസ് ലോകം വാഴ്ത്തിയതും ആരും മറന്നിട്ടുണ്ടാവില്ല. 
||
2011 ല്‍ ആദ്യ ഭാര്യയായ ബാര്‍ബറയുമായി വിവാഹബന്ധം വഴി പിരിയുന്‌പോള്‍ ഫ്‌ളോറിഡയിലെ വീടുള്‍പ്പടെ 15 മില്യന്‍ യൂറോയാണ് ബെക്കറിനു കൈവിട്ടുപോയത്. ഇതിനിടെ ടെന്നീസ് സ്‌പോര്‍ട്ട് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിയ്ക്കുന്ന വോള്‍ക്കി കന്പനി ഉണ്ടാക്കിയെടുത്തെങ്കിലും ക്‌ളച്ച് പിടിയ്ക്കാതെ പോയി. കൂടാതെ മെഴ്‌സിഡസ് ബെന്‍സിന്റെ അംഗീകൃത ഡീലറായി ബസിനസ് തുടങ്ങിയതും ഒടുവില്‍ കുത്തുപാളയെടുത്തു.

ആര്‍ബത്‌നോട്ട് ലാഥം ആന്‍ഡ് കോ ബാങ്കാണ് ബെക്കര്‍ക്കെതിരേ ഹര്‍ജി നല്‍കിയിരുന്നത്. വിചാരണയ്ക്ക് അദ്ദേഹം ഹാജരായതുമില്ല. വന്‍ കട ബാധ്യത തിരിച്ചടയ്ക്കാന്‍ സമീപ ഭാവിയിലൊന്നും ബെക്കര്‍ക്കു സാധിക്കുമെന്ന് കരുതാനാവില്ലെന്നു കണ്ടാണ് പാപ്പരായി പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴര മില്യന്‍ വിലയുള്ള മയോര്‍ക്കയിലെ വില്ല വിറ്റ് ആറു മില്യന്‍ യൂറോ തിരിച്ചടയ്ക്കാമെന്ന അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല.

പതിനേഴാം വയസില്‍ ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കിയ ബെക്കറിനിപ്പോള്‍ 49 വയസുണ്ട്. ആറുതവണ ഗ്രാന്‍ഡ് സ്‌ളാം കരസ്ഥമാക്കിയ ബോറീസ് 1999 ജൂണ്‍ 25 നാണ് കരിയറില്‍ നിന്നും പടിയിറങ്ങിയത്. 1967 നവംബര്‍ 22 ന് ജര്‍മനിയിലെ ലൈമനിലാണ് ബോറീസിന്റെ ജനനം. ആദ്യ ഭാര്യ ബാര്‍ബറയില്‍ രണ്ടു കുട്ടികളുണ്ട്. നോവ (23), ഏലിയാസ് (17). ഇപ്പോഴത്തെ ഭാര്യയായ ലില്ലിയില്‍ അമെഡയൂസ് എന്ന ഒരു പുത്രനുമുണ്ട്. അംഗലാ എര്‍മക്കോവ എന്ന സ്ത്രീയില്‍ 17 വയസുള്ള അന്ന എന്ന പെണ്‍കുട്ടിയും ബെക്കറുടെ മകളാണ്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക