Image

അമ്മയെ അടയാളപ്പെടുത്തുന്ന ഒരിടം (ഡി. ബാബുപോള്‍)

Published on 21 June, 2017
അമ്മയെ അടയാളപ്പെടുത്തുന്ന ഒരിടം (ഡി. ബാബുപോള്‍)
തിരുവനന്തപുരം വൈ.ഡബ്‌ളിയു.സി.എ. യുമായി എന്നെ ബന്ധിപ്പിക്കുന്നത് മൂന്ന് അമ്മമാരാണ്. എന്റെ അമ്മ, എന്റെ മകളുടെ അമ്മ, എന്റെ ദൗഹിത്രന്റെ അമ്മ.

എന്റെ അമ്മ, മേരി പോള്‍. കോട്ടയം സി.എം.എസ് കോളേജിലെ ആദ്യ വിദ്യാര്‍ത്ഥി എരുത്തിക്കല്‍ ബാബു എന്നറിയപ്പെടുന്ന ചാണ്ടി മാര്‍ക്കോസ് കത്തനാരുടെയും ബഞ്ചമിന്‍ (ബഞ്ചമിന്‍ ബെയില ലണ്ടനിലേക്ക് അയച്ച റിപ്പോര്‍ട്ടില്‍ മാര്‍ക്കോസ്, ങഅഞഇഡട എന്നാണ് പരാമര്‍ശിച്ചിട്ടുള്ളത്.). പുന്നത്ര മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്തായുടെയും പിന്മുറക്കാരി. 1920 കളില്‍ തിരുവിതാംകൂറില്‍ ഒന്നാം റാങ്കോടെ മദ്രാസ് മെട്രിക്കുലേഷന്‍ ജയിച്ച മിടുക്കി. തഞ്ചാവൂര്‍ മെഡിക്കല്‍ സ്കൂളില്‍ പ്രവേശനം കിട്ടിയെങ്കിലും പോകാന്‍ കഴിയാതിരുന്നയാള്‍. സാമ്പത്തികമായിരുന്നില്ല പ്രശ്‌നം. തിരുവിതാംകൂര്‍ മഹാരാജാവ് ചെലവ് വഹിക്കുമായിരുന്നു. അമ്മയ്ക്ക് പതിനാറ് വയസ്സ്. നാല്പത് തികയാത്ത ഒരു വിധവയുടെ ഏക സന്താനം. 1920-കളാണ് കാലം. ചെറുപ്പക്കാരായ രണ്ട് സ്ത്രീകള്‍ ഇത്ര ദൂരം തനിയെ എങ്ങനെ പോകും, ഒരു അപരിചിത ദേശത്ത് എങ്ങനെ കഴിയും. എന്നൊക്കെ ഓര്‍ത്ത് പേടിച്ചപ്പോള്‍ ധൈര്യപ്പെടുത്താന്‍ ആരും ഉണ്ടായിരുന്നില്ല. അങ്ങനെ അമ്മ പതിനേഴാം വയസ്സില്‍ നാട്ടിലെ ഒരു ഇംഗ്ലീഷ് പള്ളിക്കൂടത്തില്‍ ‘ആശാട്ടി’ ആയി. പിന്നെയും പത്തിരുപത് കൊല്ലം കഴിഞ്ഞാണ് തിരുവനന്തപുരത്ത് തൈയ്ക്കാട് അദ്ധ്യാപക പരിശീനത്തിന് എത്തിയത്. വൈ.ഡബ്‌ളിയു.സി.ഏ.യില്‍ ആയിരുന്നു താമസം. അന്ന് അമ്മയ്‌ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്താണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിര്യാതയായ ‘പി. സാറാമ്മക്കൊച്ചമ്മ’. എനിക്കന്ന് നാല് വയസ്സ്. അന്ന് അമ്മയെ കാണാന്‍ വന്നത് ഓര്‍മ്മയുണ്ട്. പാര്‍ലറില്‍ അച്ചനൊപ്പം കാത്തിരുന്ന എന്റെ നേര്‍ക്ക് നീട്ടിപ്പിടിച്ച കൈകളുമായി ‘ന്റെ കുട്ടാ’ എന്ന് വിളിച്ചുകൊണ്ട് ഓടി വരുന്ന ചിത്രം മനസ്സില്‍ ഉറച്ച് ഫ്രെയിമാണ്. എന്നും രാവിലെ അമ്മയുടെ ചിത്രത്തിന് മുന്നില്‍ അനുഗ്രഹം തേടി നില്‍ക്കുമ്പോള്‍ ആ ശബ്ദം കാതില്‍ ഉണരും. ആ കാഴ്ച കണ്ണില്‍ നിറയും. അന്ന് അവിടെ ഒരു മദാമ്മ ഉണ്ടായിരുന്നു. ടിക്കട്ടിട്ടിക്, ടിക്കട്ടിടിക്. അവര്‍ എപ്പോവും ടൈപ്പ്‌റൈറ്ററിന്റെ മുന്നിലായിരുന്നുവോ? അവരുടെ പേര് രേഖകളില്‍ കാണും. എനിക്കറിഞ്ഞുകൂടാ. അവരുടെ ചിരി എന്റെ മനസ്സിന്റെ പുസ്തകത്തില്‍ ഉണ്ട്. അവര്‍ക്ക് ഒരു കണ്ണട ഉണ്ടായിരുന്നു. തവിട്ടുനിറവും സ്വര്‍ണ്ണനിറവും ഒക്കെ ചേര്‍ന്ന ഒരു ഫ്രെയിം. അവിടെ ഒരു വിരിയന്‍ ഗോവണി ഉണ്ടായിരുന്നു. അതില്‍ കയറിയിറങ്ങി കളിച്ചു നടന്ന നാട്ടിന്‍പുറത്തുകാരന്‍ പയ്യന് ഈ എഴുപത്തിയേഴാം വയസ്സിലും അമ്മയുടെ സ്‌നേഹം നിറഞ്ഞുനില്‍ക്കുന്ന വായുവാണ് തിരുവനന്തപുരം വൈ.ഡബ്‌ളിയു.സി.ഏ.

പിന്നെ, എന്റെ മകളുടെ അമ്മ നിര്‍മ്മല പോള്‍. കണ്ണൂരിലെ നാളുകളും അഞ്ചുകൊല്ലം നീണ്ട പാലക്കാട്-ഇടുക്കി ജില്ലകളിലെ ഉദ്യോഗവും ഒക്കെ കഴിഞ്ഞ് ടൈറ്റാനിയത്തില്‍ എം.ഡി. ആയി ഞാന്‍ തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. 1975 സെപ്തംബറിലോ മറ്റോ ആയിരുന്നു. മകളും മകനും പള്ളിക്കൂടത്തില്‍ പോയിത്തുടങ്ങിയ കാലം. മദിരാശിയിലെ ക്വീന്‍ മേരീസില്‍ നിന്ന് ഒന്നാം റാങ്കോടെ നേടിയ ഫസ്റ്റ് ക്ലാസ് എം.എസ്.സി. ബിരുദം തുരുമ്പെടുക്കാന്‍ വിട്ടുകൊണ്ട് മാതൃസഹോദരി സാറാമ്മച്ചി (മിസ്സിസ് ജോര്‍ജ്ജ് വറുഗീസ് എന്ന സാറാമ്മ ജോര്‍ജ്ജ്) പറഞ്ഞ വാക്ക് കേട്ട് വൈ.ഡബ്‌ളിയു.സി.ഏ.യില്‍ സജീവമായി. ആദ്യം നടി. പിന്നെ ബോര്‍ഡംഗം. നാല് വര്‍ഷം പ്രസിഡന്റ്. മിസിസ് ലൂക്കോസിനും നിര്‍മ്മലയ്ക്കും ഇടയില്‍ വേറെ നാല് വര്‍ഷക്കാര്‍ ഉണ്ടായിരുന്നില്ല. കാന്‍സര്‍ ക്ഷണിക്കപ്പെടാത്ത അതിഥി ആയി വരാതിരുന്നുവെങ്കില്‍ പിന്നെയും പല വര്‍ഷദ്വയങ്ങള്‍ ഉണ്ടായേനെ. എല്ലാവര്‍ക്കും നിര്‍മ്മലയെ ഇഷ്ടമായിരുന്നു (എന്നാണ് ഞങ്ങള്‍ വിശ്വസിച്ചിരുന്നത്). ഗവര്‍ണര്‍മാരും ജയാബച്ചനെയും മറ്റും പോലുള്ള സിനിമാതാരങ്ങളും വൈ.ഡബ്‌ളിയു.സി.ഏ.യില്‍ സ്ഥിരതാരങ്ങളായിരുന്ന കാലം. നിര്‍മ്മലയുടെ ഓര്‍മ്മകള്‍ നനുത്ത നിലാവില്‍ ചന്ദനമണം പേറി വീശുന്ന കൊച്ചുകാറ്റായി നിറഞ്ഞുനില്‍ക്കുന്ന ഇടമുണ്ട് തിരുവനന്തപുരം വൈ.ഡബ്‌ളിയു.സി.ഏ.

പിന്നെ എന്നെ അപ്പൂപ്പനാക്കിയ ഔസേപ്പിന്റെ അമ്മ. മറിയം ജോസഫ് എന്നാണ് ഇപ്പോള്‍ പേര്. അന്ന് മറിയം നീബാ പോള്‍. അവള്‍ വിമന്‍സ് കോളേജില്‍ എം.ഏ.യ്ക്ക് ചേരുമ്പോള്‍ ഞാന്‍ കൊച്ചിയില്‍ പോര്‍ട്ട്‌ഡേറ്റ് ചെയര്‍മാന്‍ ആയിരുന്നു. നിര്‍മ്മലയുടെ ആത്മമിത്രം ആയിരുന്ന ശാന്തച (ഇലക്ട്രിസ്റ്റി ബോര്‍ഡില്‍ അംഗം ആയിരുന്ന ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് വരുതിയിലാക്കുന്നയാള്‍, ഇപ്പോഴത്തെ പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തക, കഴിഞ്ഞ പതിനേഴ് വര്‍ഷമായി ക്ലബ്ബിലെ ഭക്ഷണം കഴിക്കുന്ന എനിക്ക് മാസത്തിലൊരിക്കല്‍ ഉപ്പുമാങ്ങാക്കറി കൊടുത്തയയ്ക്കാന്‍ മറക്കാത്ത സുഹൃത്ത്, ഏത് തിരക്കിനിടയിലും ഭര്‍ത്താവുമൊത്ത് വല്ലപ്പോഴുമെങ്കിലും എന്നെ കാണാന്‍ വരുന്ന ഒരേയൊരു സന്ദര്‍ശക, ശാജോശ എന്ന് ഞാന്‍ വിളിക്കുന്ന ശാന്താ ജോസ് ശങ്കുരിക്കല്‍) വീട്ടില്‍ വിളിച്ച് താമസിപ്പിക്കുവോളം 1987-88 എം.ഏ. ഹോസ്റ്റലില്‍ അന്തേവാസി ആയിരുന്ന നീബാമോള്‍. സെന്റ് പോളിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഞങ്ങളുടെ ‘യൗവ്വനത്തിലെ വീര്യത്തിന്റെ ആദ്യഫലം’.

ഈ മൂന്ന് അമ്മമാരിലൂടെയാണ് വൈ.ഡബ്‌ളിയു.സി.ഏ.യെ അടയാളപ്പെടുത്തുന്നത്.

സ്വാര്‍ത്ഥത നിര്‍വ്വചിക്കുന്ന വര്‍ത്തമാനകാല സമൂഹത്തില്‍ അമ്മ ഒരു ഗൃഹാതുരത്വമാണ്. അതുകൊണ്ടാണ് നാം തള്ളപ്പെരുന്നാളുകള്‍ ആഘോഷിക്കുന്നത്. മദേഴ്‌സ് ഡേ ആണ് പോലും. ഞാന്‍ ആഘോഷിക്കാത്ത ഒരു പെരുന്നാള്‍. എന്നും ഓര്‍മ്മിക്കപ്പെടാനുള്ളതാണ് അമ്മ.

തെറ്റുകള്‍ കണക്കിലെടുത്ത് കണക്ക് പറയാത്ത സ്‌നേഹം ആണ് മാതാപിതാക്കളുടേത്. ലോകത്തില്‍ ആകെ ഉള്ള നിസ്വാര്‍ത്ഥസ്‌നേഹം മാതാപിതാക്കള്‍ക്ക് മക്കളോടുള്ളതാണ്. അത് ലഡ്ജറും പേരേടും ഇല്ല.

നാലു പതിറ്റാണ്ടുകള്‍ക്കപ്പുറം നടന്ന ഒരു സംഭവം പറയാം. 1972 എന്നാണോര്‍മ്മ. എന്റെ മകള്‍ ഇപ്പോള്‍ എം.എ. കഴിഞ്ഞ് അമ്മ ആയി കഴിയുന്നവള്‍ക്ക് അന്ന് തികഞ്ഞ വയസ്സ് അഞ്ച്.

പെരുമ്പാവൂര്‍ കുറുപ്പംപിയിലെ വീട്ടിലാണ് സംഭവം. ഞാന്‍ അവളെ അടിക്കുകയോ അടിക്കാന്‍ പുറപ്പെടുകയോ ചെയ്തപ്പോള്‍ എന്റെ അമ്മ ഇടയില്‍ കയറി വിലക്കി.

“നിനക്കിത്ര വിവരമില്ലേ? നിനക്ക് ദേഷ്യം വരുമ്പോഴാണോ കുഞ്ഞിനെ അടിക്കുന്നത്? അവള്‍ തെറ്റ് ചെയ്താല്‍ സാവകാശമായി കാര്യം പറഞ്ഞ് മനസ്സിലാക്കണം. ഇപ്പോള്‍ നീ ചെയ്യുന്നത് ശിക്ഷിക്കയല്ല. നിന്റെ കോപം അടിച്ചുതീര്‍ക്കുകയാണ്.”

ഞാന്‍ പകച്ചുപോയി. അമ്മ പഴയ സ്റ്റേറ്റ് റാങ്കുകാരിയാ#ാണ്. നല്ല വായനാശീലം ഉള്ള അദ്ധ്യാപിക. അമ്മയോട് ഞാന്‍ ചോദിച്ചു. “ഞാന്‍ വളര്‍ന്നുവലുതായിട്ടാണോ അമ്മ ഈ സംഗതി പറയുന്ന പുസ്തം വായിച്ചത്”.

അപ്പോള്‍ അച്ഛന്‍ ഇടപെട്ടു. “എനിക്ക് നിന്നോട് എത്ര സ്‌നേഹമുണ്ടെന്ന് നീ എന്നാണ് ഗ്രഹിച്ചത്?”

വടക്കന്‍ തിരുവിതാംകൂറിലെ നവോത്ഥാനനായകനായി വാഴ്ത്തപ്പെടുന്ന പി. എ. പൗലോസ് കോര്‍ എപ്പിസ്‌കോപ്പാ നല്ല അദ്ധ്യാപകനായിരുന്നു. പ്രശസ്തനായ പി. ഗോവിന്ദപ്പിള്ള എന്ന പി. ജി. സാക്ഷി. അച്ഛന് വേണ്ട മറുപടി എനിക്ക് അറിയാമായിരുന്നു.

“അത് എനിക്കൊരു മോള്‍ ഉണ്ടായപ്പോള്‍.”

അച്ഛന്‍ പറഞ്ഞു: “ഉത്തരം ശരി; ഇനി ഞങ്ങള്‍ക്ക് അവളോട് എത്ര സ്‌നേഹം ഉണ്ടെന്ന് അറിയണമെങ്കില്‍ അവള്‍ വളര്‍ന്ന് അവള്‍ക്ക് ഒരു കുഞ്ഞുണ്ടാവണം.”

അന്ന് അത് വിദൂരമായിരുന്നു. ഇന്ന് എനിക്കറിയാം, അവളോടും എന്റെ മകനോടും അച്ഛന് എത്ര സ്‌നേഹം ഉണ്ടായിരുന്നു എന്ന്. എന്റെ മകളുടെ മകന്‍ തിരുവനന്തപുരത്ത് ജോലിയില്‍ പ്രവേശിച്ചു. തൊട്ടടുത്താണ് താമസം. അവന്‍ രാവിലെ കാറോടിച്ചുപോവുന്നത് കാണുമ്പോള്‍ എന്റെ മനസ്സില്‍ കുളിരാണ്. ഇതെഴുതുമ്പോള്‍ സന്ധ്യ കഴിഞ്ഞു. അവന്‍ എത്തിയിട്ടില്ല. എട്ട് മണി ഒക്കെ ആവും. ഞാന്‍ കാത്തിരിക്കുകയാണ്.

പോകട്ടെ. അത് പേരക്കുട്ടിയോടുള്ള സ്‌നേഹം. എന്റെ മകന്‍ ബാംഗ്ലൂരിലാണ്. തിരക്കുള്ള ജോലി. ഔദ്യോഗികാവശ്യത്തിന് തിരുവനന്തപുരത്ത് വരുമ്പോഴാണ് എന്റെ കൂടെ താമസിക്കുക. ഈ സായാഹ്നങ്ങള്‍ എന്നെ ഓര്‍മ്മിപ്പിക്കുന്നത്, അവന്റെ പ്രായത്തില്‍ എറണാകുളത്തും അതിന് വടക്കും സര്‍ക്കീട്ട് പോയിരുന്ന കാലത്ത് എന്നെ കാത്ത് പടിപ്പുരയിലും പൂമുഖവാതിലും തുറന്ന്ട്ട് കാത്തിരുന്ന എന്റെ അച്ഛനമ്മമാരെക്കുറിച്ചാണ്. രാത്രി എത്തുക, അത്താഴം, കുശലം, ഉറക്കം, രാവിലെ അവര്‍ക്കൊപ്പം ഈശ്വരവിചാരം, പ്രാതല്‍, അമ്മയ്‌ക്കൊരുമ്മ, അച്ഛന്റെ ആശിര്‍വാദം, വണ്ടിക്കകത്തു നിന്ന് തിരിഞ്ഞുനോക്കുമ്പോള്‍ നിറഞ്ഞ നാല് കണ്ണുകള്‍. എന്റെ മകന്‍ വന്നുപോകുമ്പോള്‍ ചരിത്രം ആവര്‍ത്തിക്കുന്നു. എന്റെ മാതാപിതാക്കള്‍ എനിക്ക് നല്‍കിയ സ്‌നേഹം ഞാന്‍ തിരിച്ചറിയുന്നു.

എന്റെ ദിവസം ആരംഭിക്കുന്നത് അമ്മയെ ഓര്‍ത്തുകൊണ്ടാണ്. അമ്മ പഠിപ്പിച്ച ഒരു പ്രാര്‍ത്ഥനയുണ്ട്. അത് ഉരുക്കഴിച്ചാണ് വലതുകാല്‍ നിലത്ത് ചവിട്ടുക. പിന്നെ എന്റെ അമ്മ എനിക്കായി ഉരുവിട്ട കൗസല്യയുടെ പ്രാര്‍ത്ഥന എന്റെ മകനു വേണ്ടി ഞാന്‍ ഉരുവിടുമ്പോഴും അമ്മയുടെ ഓര്‍മ്മ വരും. “എന്‍ മകനാശു നടക്കുന്ന നേരവും....”

കിടപ്പുമുറിയില്‍ മാത്രം അല്ല അമ്മയുടെയും അച്ഛന്റെയും ചിത്രം. എന്റെ പൂജാമുറിയില്‍. ഓഫീസുമുറിയില്‍. കാറില്‍. ഓരോ ചിത്രവും എന്നോട് പറയുന്നത്, ഞാന്‍ അങ്ങോട്ട് നല്‍കിയതിനേക്കാള്‍ എത്രയോ ഏറെ സ്‌നേഹം അവര്‍ എനിക്ക് തന്നു എന്നതാണ്.

അച്ഛന്‍ ഇഷ്ട സന്താനമായിരുന്നതിനാല്‍ മറ്റേമ്മയും- അച്ഛന്റെ അമ്മ-അമ്മ ഏക സന്താനമായിരുന്നതാല്‍ അമ്മച്ചിയും- അമ്മയുടെ അമ്മ- ഞങ്ങള്‍ക്കൊപ്പമായിരുന്നു. എന്റെ മാതാപിതാക്കള്‍ അവരെ സ്‌നേഹിക്കുകയും കരുതുകയും ചെയ്തത് കണ്ടാണ് ഞാന്‍ വളര്‍ന്നത്. എങ്കിലും അച്ഛനും അമ്മയും എന്നെ എത്ര സ്‌നേഹിച്ചു എന്നറിയാന്‍ എന്റെ മക്കള്‍ ഉണ്ടാകുവോളം കാത്തിരിക്കേണ്ടി വന്നു എനിക്ക്.

എന്റെ അമ്മ ആദ്യമായി അടുത്ത് കണ്ട കളക്ടര്‍ ഞാന്‍ ആയിരുന്നു. അന്നും അമ്മയ്ക്ക് ആദ്യം പ്രസവിച്ച കുഞ്ഞു തന്നെ ആയിരുന്നു ഞാന്‍.

വല്ല പനിയോ തലവേദനയോ വരുമ്പോള്‍ ഞാന്‍ അമ്മയെ വിളിക്കുന്നു. എന്റെ അമ്മ മണ്‍മറഞ്ഞിട്ട് കൊല്ലം മുപ്പത്തിനാല് കഴിഞ്ഞു. എങ്കിലും ഞാന്‍ വിളിക്കുമ്പോള്‍ അമ്മ വരുന്നു. എന്റെ കട്ടിലില്‍ ഇരുന്ന് നെറ്റിയില്‍ തലോടുന്നു. എന്റെ പനി കുറയുന്നു, തലവേദന പോകുന്നു. അതാണ് അമ്മ.

തലമുറകളിലൂടെ മാറ്റമില്ലാതെ തുടരുന്നതാണ് അമ്മ എന്ന സങ്കല്പം. തിരുവനന്തപുരം വൈ.ഡബ്‌ളിയു.സി.ഏ.യുടെ ബോര്‍ഡ് കാറിലിരുന്ന് വായിക്കുമ്പോഴും ‘അമ്മ’ എന്ന വികാരമാണ് എന്റെ മനസ്സില്‍ നിറയുന്നത്.

**********
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക