Image

അടിച്ചമര്‍ത്തലുകള്‍ സ്‌ത്രീകളെ ശക്തരാക്കി: മായ്‌ മസ്രി

ആഷ എസ് പണിക്കര്‍ Published on 20 June, 2017
അടിച്ചമര്‍ത്തലുകള്‍ സ്‌ത്രീകളെ ശക്തരാക്കി: മായ്‌ മസ്രി

യുദ്ധവും ഇസ്രായേലിയന്‍ അടിച്ചമര്‍ത്തലുകളും സ്‌ത്രീകളെ കൂടുതല്‍ ശക്തരാക്കിയെന്ന്‌ പലസ്‌തീന്‍ സംവിധായിക മായ്‌ മസ്രി. തങ്ങള്‍ നേരിട്ട പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പുറംലോകത്തെ അറിയിക്കാന്‍ ഏറ്റവും ശക്തമായ മാധ്യമം സിനിമയാണെന്ന തിരിച്ചറിവാണ്‌ പലസ്‌തീനിയന്‍ സിനിമയിലേക്ക്‌ കൂടുതല്‍ സ്‌ത്രീ സംവിധായകരെ ആകര്‍ഷിച്ചത്‌.

പുരുഷാധിപത്യ സിനിമാലോകത്ത്‌ കാണാന്‍ കഴിയാത്ത വ്യത്യസ്ഥമായ വീക്ഷണ കോണുകളിലൂടെ വസ്‌തുതകളെ സമീപിക്കാന്‍ സ്‌ത്രീകള്‍ക്ക്‌ കഴിയുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ സ്‌ത്രീ കൂടുതല്‍ സ്വതന്ത്രയാണെന്നുള്ളത്‌ പൊള്ളയായ വാദമാണ്‌. അതിന്‌ ഉത്തമോദാഹരണമാണ്‌ ഹോളിവുഡിലെ നാമമാത്രമായ സ്‌ത്രീ സാന്നിധ്യം. അഞ്ചു പതിറ്റാണ്ടിലേറെയായി യുദ്ധം നടക്കുന്ന പലസ്‌തീനിലെ സിനിമാ വ്യവസായത്തില്‍ 50 ശതമാവും സ്‌ത്രീ സംവിധായകരാണ്‌.

കൃത്യമായ രാജ്യാതിര്‍ഥി ഇല്ലാത്തതിനാല്‍ പലസ്‌തീന്‍ എന്നത്‌ ഇന്നൊരു ദേശീയ സ്വത്വത്തെക്കാള്‍ സാംസ്‌കാരിക സ്വത്വമാണ്‌. പലസ്‌തീനിയന്‍ പുതുതലമുറ സ്വന്തം രാജ്യത്തും വിദേശ രാജ്യങ്ങളിലും അഭയാര്‍ഥികളായാണ്‌ ജീവിക്കുന്നത്‌. ലോകത്തിന്റെ പല ഭാഗങ്ങളിലായി ചിതറിപ്പോയ ജനങ്ങളെ ഒരുമിപ്പിക്കുന്നത്‌ പലസ്‌തീന്‍ എന്ന വികാരമാണ്‌. സാമ്രാജ്യത്വ ശക്തികള്‍ മറ്റു രാജ്യങ്ങളില്‍ കോളനികള്‍ സ്ഥാപിച്ചതുപോലെയാണ്‌ പാശ്ചാത്യരായ ജൂതര്‍ പലസ്‌തീന്‍ പിടിച്ചടക്കിയത്‌. തോക്കുകളെയും മിസൈലുകളെയും പേടിക്കാതെ മനുഷ്യന്‌ ഉറങ്ങാന്‍ കഴിയുന്ന ഒരു ലോകമാണുണ്ടാകേണ്ടത്‌.

സ്‌ത്രീകള്‍ക്കു നേരെയുള്ള അതിക്രമം മാത്രമല്ല അവരുടെ ചെറുത്തുനില്‍പ്പും തന്റെ സിനിമയില്‍ പ്രതിപാദിക്കുന്നു. സാമ്പത്തികവിജയം നല്‍കുന്ന സിനിമയെക്കാള്‍ സാധാരണ മനുഷ്യരുടെ ജീവിതം പറയുന്ന സിനിമ ചെയ്യാനാണ്‌ ആഗ്രഹം. പലസ്‌തീന്‍ സിനിമകള്‍ ഇസ്രായേലി പ്രേക്ഷകര്‍ കാണേണ്ടത്‌ ആവശ്യമാണ്‌, എങ്കില്‍ മാത്രമേ പലസ്‌തീന്‍ ജനതയോടുള്ള അവരുടെ സമീപനത്തില്‍ വ്യത്യാസമുണ്ടാക്കാന്‍ സാധിക്കൂ.

`3000 നൈറ്റ്‌' എന്ന ഫിക്ഷന്‍ സിനിമ തന്റെ ഡോക്യുമെന്ററികളുടെ തുടര്‍ച്ചയാണ്‌. ഫിക്ഷന്റെ സര്‍ഗപരമായ സാധ്യതകള്‍ പരീക്ഷിക്കാനാണ്‌ `3000 നൈറ്റ്‌' ഒരു ഫീച്ചര്‍ ഫിലിമായി ചിത്രീകരിച്ചത്‌. നിഷ്‌ഠൂരമായ യാഥാര്‍ഥ്യങ്ങള്‍ കാവ്യാത്മക ശൈലിയിലാണ്‌ ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. ഡോക്യുമെന്ററി സംവിധായിക എന്ന നിലയിലുള്ള തന്റെ അനുഭവ പരിജ്ഞാനം ഈ ചിത്രത്തിന്റെ ഗവേഷണ ജോലികളില്‍ ഏറെ സഹായകമായി.

ലോകത്തിലെ ഏറ്റവും വലിയ തുറസ്സായ ജയിലാണ്‌ ഗാസ. ഇസ്രായല്‍ അധിനിവേശ പലസ്‌തീനെ ഉപമിക്കാന്‍ ജയിലിനോളം മികച്ച ഉദാഹരണമില്ല. സ്വന്തം രാജ്യത്ത്‌ ഇസ്രായലി അടിമയായി ജീവിക്കുന്നവരാണ്‌ പലസ്‌തീനികള്‍. അടിച്ചമര്‍ത്തലുകള്‍ക്ക്‌ ലോകത്ത്‌ എവിടെയും ഒരേ ഭാഷയാണ്‌. പലസ്‌തീനിനോടുള്ള ലോകജനതയുടെ കാഴ്‌ചപ്പാടില്‍ വ്യത്യാസം വരുത്തുവാന്‍ ചലച്ചിത്രങ്ങളും ചലച്ചിത്രമേളകളും ഏറെ സഹായകമായെന്ന്‌ അവര്‍ പറഞ്ഞു.
പത്താമത്‌ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയോടനുബന്ധിച്ച്‌ ഫിലിം മേക്കേഴ്‌സ്‌ ഇന്‍ ഫോക്കസ്‌ വിഭാഗത്തില്‍ മായ്‌ മസ്‌ത്രിയുടെ അഞ്ച്‌ ചിത്രങ്ങളാണ്‌ പ്രദര്‍ശിപ്പിച്ചത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക