Image

ദാരിദ്ര്യം ഒരു മാനസിക അവസ്ഥ മാത്രമോ? (വാല്‍ക്കണ്ണാടി: കോരസണ്‍)

Published on 20 June, 2017
ദാരിദ്ര്യം ഒരു മാനസിക അവസ്ഥ മാത്രമോ? (വാല്‍ക്കണ്ണാടി: കോരസണ്‍)
"ഓമക്കാകുട്ടിക്കു ഫസ്റ്റ് ക്ലാസ്" . അവള്‍ വളരെ പാവപ്പെട്ട വീട്ടില്‍നിന്നും വരുന്നകുട്ടിയാണ്. വീട്ടില്‍ അസുഖമുള്ള 'അമ്മ മാത്രമേയുള്ളൂ. ഇടയ്ക്കു എന്റെ വീട്ടില്‍ വന്നു ഓമയ്ക്ക പറിച്ചോട്ടെ എന്ന് ചോദിക്കാറുണ്ടായിരുന്നു. ഓമയ്ക്ക സഞ്ചിയില്‍ ഇടുന്നതിനൊപ്പം അമ്മ ആരും കാണാതെ ചില സാധനങ്ങള്‍ കൂടെ ഇട്ടു കൊടുക്കാറുണ്ടായിരുന്നു. 

അവളുടെ മുഖം പഴുത്ത ഓമയ്ക്ക പോലെ തോന്നും, വെളുത്തു കൊലിഞ്ഞ ശരീരം പോഷഹാഹാരക്കുറവുകൊണ്ടായിരിക്കാം അവളുടെ ബ്രൗണ്‍ നിറത്തിലുള്ള കണ്ണുകള്‍ക്ക് ഒരു ദയനീയ ഭാവമായിരുന്നു. ഇടയ്ക്കിടയ്ക്ക് ഓമയ്ക്ക ചോദിച്ചു വരുന്നതുകൊണ്ട് ഞങ്ങള്‍ അവളെ “ഓമയ്ക്കകുട്ടി” എന്നാണ് വിളിച്ചിരുന്നത്. അവള്‍ നന്നേ ചെറുപ്പത്തിലേ ഒരു വീടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കഴിഞ്ഞിരുന്നു. അവള്‍ക്കു കൂട്ടുകാരാരും ഇല്ലായിരുന്നു. പഠിക്കാന്‍ മിടുക്കിയായിരുന്നതിനാല്‍ അവള്‍ക്കു SSLC പരീക്ഷക്ക് ഒന്നാം ക്ലാസ് കിട്ടി എന്ന വാര്‍ത്ത എല്ലാവരും അത്ഭുതത്തോടെ പറയുമായിരുന്നു. അക്കാലത്തു 35-40 ശതമാനം ഒക്കെയായിരുന്നു പത്താം ക്ലാസ് പാസ് ആകുന്നത്, അതില്‍ത്തന്നെ ഒന്നാം ക്ലാസ് ലഭിക്കുന്നത് ഞങ്ങളുടെ സ്കൂളില്‍ മൂന്നോ നാലോ പേര്‍ക്കുമാത്രമേ ഉണ്ടായിരുന്നുള്ളൂ. 

പിന്നെ കൂടുതലായി പഠിക്കാന്‍ ആരും അവളെ പ്രോത്സാഹിപ്പിച്ചില്ലായിരിക്കാം; കുട്ടികള്‍ക്ക് ട്യൂഷന്‍ ഒക്കെ എടുത്തു ജീവിച്ചു, ഏതോ ഒരു പട്ടാളക്കാരന്‍ വിവാഹം കഴിച്ചു കൊണ്ടുപോയി. അധികം താമസിയാതെ അവള്‍ തിരിച്ചെത്തി, പട്ടാളക്കാരനു മറ്റൊരു ഭാര്യ ഒക്കെ ഉണ്ടായിരുന്നത്രെ. താമസിയാതെ അവളുടെ 'അമ്മ മരിച്ചു , പിന്നെ കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തു ജീവിച്ചു വന്ന അവള്‍ക്കു വിഭാര്യനായ ഒരു അദ്ധ്യാപകന്‍ കൂട്ടുകാരനായി. അതോടെ നാട്ടുകാര്‍ അവളെ അവഗണിച്ചു. ഒരിക്കല്‍ നാട്ടില്‍ അമ്മയോട് സംസാരിച്ചപ്പോള്‍ പറഞ്ഞു “നിനക്കറിയില്ലേ ആ ‘ഓമയ്ക്കകുട്ടി’ , മരിച്ചുപോയി, ആരും ഇല്ലായിരുന്നു നാട്ടുകാര്‍ ചിലരും ആ സാറും ചേര്‍ന്നാണ് കര്‍മ്മങ്ങള്‍ നടത്തിയത്”. 

കഴിവും അനുഭവവും ഉണ്ടായിട്ടും ജീവിതത്തില്‍ മുഴുവന്‍ ദാരിദ്ര്യം അനുഭവിച്ച “ഓമയ്ക്കകുട്ടി”യുടെ ഓമയ്ക്ക ചോദിച്ചുള്ള ദയനീയമായ കണ്ണുകള്‍ ഓര്‍മ്മയില്‍ കടന്നുവരാറുണ്ട്. ഇത്തരം എത്രയോ ദാരിദ്ര്യത്തിന്റെ കഥകളും അനുഭവങ്ങളും നമ്മുടെ ചുറ്റും നിറഞ്ഞു നിന്നിരുന്നു ഒരു 40 വര്ഷം മുന്‍പുവരെ.

"ദാരിദ്ര്യം ഒരു മാനസിക അവസ്ഥയാണ്" എന്ന് പറയാന്‍ മുതിര്‍ന്നത് അമേരിക്കയുടെ ഭവനനാഗരിക വികസന സെക്രട്ടറി ആയ ഡോക്ടര്‍ ബെന്‍ കാര്‍സെന്‍ ആണ്. “ശരിയായ മാനസിക അവസ്ഥയുള്ള ഒരാളെ തെരുവില്‍നിന്നും പിടിച്ചെടുത്ത് സകലതും അയാളില്‍ നിന്നും എടുത്തു മാറ്റിയാല്‍ അധിക സമയം കഴിയുന്നതിനു മുന്‍പുതന്നെ അയാള്‍ പഴയ പ്രതാപത്തില്‍ തിരിച്ചെത്തും. എന്നാല്‍ ശരിയായ മാനസിക അവസ്ഥയിലല്ലാത്ത ഒരാള്‍ക്ക് ലോകത്തുള്ള എല്ലാം കൊടുത്താലും അയാള്‍ ശരിയാകയില്ല”. മാറിവരുന്ന, മുതലാളിത്ത അമേരിക്കയുടെ, "ദാരിദ്ര്യം" എന്ന വിഷയത്തെപ്പറ്റിയുള്ള പുതിയ കാഴ്ചപ്പാടാണ് ഈ ന്യൂറോസര്‍ജ്ജനില്‍നിന്നുംകേള്‍ക്കുന്നത്. “സര്‍ക്കാരുകള്‍ വെറും അവസരങ്ങള്‍ ഒരുക്കിത്തരുക മാത്രമാണ്, അല്ലാതെ മടിയന്മാര്‍ക്കു കുടചൂടി എന്നും എന്തിനും കാത്തുനില്‍ക്കുന്ന സംവിധാനമാണ് എന്ന് തെറ്റിദ്ധരിക്കരുത് “ എന്നും ഡോക്ടര്‍ ബെന്‍ കാഴ്‌സണ്‍ അഭിപ്രായപ്പെട്ടു.

മനുഷ്യന്റെ പ്രാഥമീക ആവശ്യങ്ങള്‍ക്ക് മുട്ടുണ്ടാകുമ്പോള്‍ ദാരിദ്ര്യം അനുഭവപ്പെടുന്നു. താത്ത്വീകമായി എങ്ങനെ അതിനെ വിശകലനം ചെയ്താലും, ഒരുനേരത്തേക്കുപോലും ഭക്ഷണം ലഭിക്കാത്ത അവസ്ഥ, കിടന്നുറങ്ങാന്‍ ഒരു കൂരയില്ലാത്ത അവസ്ഥ, നഗ്‌നതമറക്കാന്‍ ഒരു കീറ് തുണിപോലുമില്ലാത്ത അവസ്ഥ കടുത്ത ദാരിദ്ര്യം അല്ലാതെയാകില്ലല്ലോ. ലോകത്തിലെ പകുതി വരുന്ന ജനങ്ങള്‍ക്ക്, അതായത് മൂന്നു ബില്യണ്‍ ജനങ്ങള്‍ക്ക് ദിവസം 2 .50 ഡോളര്‍ താഴയേ വരുമാനമുള്ളൂ, ലോകത്തിലെ എണ്‍പതു ശതമാനം ജനങ്ങള്‍ക്കും ദിവസം പത്തു ഡോളറില്‍ താഴെയാണ് വരുമാനം. 800 മില്യണ്‍ ആളുകള്‍ക്ക് ആവശ്യത്തിനുള്ള ഭക്ഷണം പോലും ലഭിക്കുന്നില്ല. മൂന്നു മില്യണ്‍ കുട്ടികള്‍ ഭക്ഷണം കിട്ടാതെ മരിക്കുന്നു. 40 മില്യണ്‍ കുട്ടികള്‍ക്ക് ശരിയായ താമസ സൗകര്യമില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഒരു ബില്യണ്‍ ആളുകള്‍ വായിക്കാന്‍ പോലും അറിയാതെയാണ് ജീവിക്കുന്നത്. അതീവ ഗുരുതരമാണ് ഈ സ്ഥിതിവിശേഷം. യുദ്ധംകൊണ്ടും തീവ്രവാദപ്രവര്‍ത്തനം കൊണ്ടും ഈ കണക്കുകള്‍ കുതിച്ചുയരുകയാണ്. വികസിത രാജ്യങ്ങളില്‍പോലും കൊടും ക്രൂരമാണ് ഈ അവസ്ഥ.

വികസിതരാജ്യമായ അമേരിക്കയിലും 14 ശതമാനത്തോളം ജനങ്ങള്‍ കടുത്ത ദാരിദ്ര്യത്തില്‍ തന്നെയാണ്. താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ നിറഞ്ഞു, പാവങ്ങള്‍ക്കായി ഒരു നേരത്തെ ഭക്ഷണം വിളമ്പുന്ന സൂപ്പ്കിച്ചണുകളിലെ നിരകള്‍ ദിവസവും നീണ്ടുവരുന്നു . 14 .5 മില്യണ്‍ കുട്ടികള്‍ കടുത്ത ദാരിദ്ര്യത്തിലാണ് ഇവിടെ. 2.5 മില്യണ്‍ കുട്ടികള്‍ ഭവനരഹിതരാണ്. 33 ശതമാനം ജനങ്ങള്‍ ദാരിദ്ര്യ രേഖയുടെ അടുത്തേക്ക് സഞ്ചരിക്കുകയാണ്. വളര്‍ച്ചാനിരക്കിലുള്ള "കണക്കിലെ കളികള്‍" ഒരു സമൂഹത്തിന്റെ പൊതു ആരോഗ്യ നിലവാരത്തെ മാറ്റി മറിച്ചേക്കാം. അമേരിക്കയുടെ ജിഡിപി യൂറോപ്യന്‍ യൂണിയനെക്കാള്‍ 40 ശതമാനം കൂടുതലാണ് (ജൗൃരവമശെിഴ ജീംലൃ ജമൃശ്യേ അനുസരിച്ചു്). യുറോപ്പിലുള്ളവരെ അപേക്ഷിച്ചു അമേരിക്കക്കാര്‍ 20 ശതമാനം കൂടുതല്‍ സമയം ജോലി ചെയ്യുന്നു. അതുകൊണ്ടു കൂടുതല്‍ വര്‍ഷങ്ങള്‍ ജോലിചെയ്താലും കൂടുതല്‍ സമയം ജോലി ചെയ്താലുമേ യഥാര്‍ഥമായ വരുമാനം കണ്ടുപിടിക്കാനാവൂ. ഇത് സമൂഹത്തിന്റെ പൊതു ആരോഗ്യ നിലവാരത്തെ സാരമായി ബാധിക്കും. 49 ശതമാനം അമേരിക്കന്‍ തൊഴിലാളികളും ഒരു അത്യാവശ്യത്തിനു 1,000 ഡോളര്‍ കൈവശം ഇല്ലാത്തവരണെന്നാണ് ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ റിപ്പോര്‍ട്ടില്‍ കാണുന്നത്.

അപ്രത്യക്ഷമാകുന്ന പെന്‍ഷന്‍ സംവിധാനങ്ങള്‍ അമേരിക്കന്‍ തൊഴിലാളികളെ കൂടുതല്‍ വര്‍ഷങ്ങള്‍ ജോലിചെയ്യാന്‍ പ്രേരിപ്പിക്കും. തൊഴില്‍ അവസരങ്ങള്‍ ഉള്ളത് ചെറു വേതനം ലഭിക്കുന്ന ഇടങ്ങളിലും വിളിക്കുന്ന സമയങ്ങളിലും മാത്രമായി തുടരുന്നതിനാല്‍ അഭ്യസ്തവിദ്യരല്ലാത്ത ഒരു വലിയ കൂട്ടം യുവാക്കള്‍ കടുത്ത ദാരിദ്ര്യത്തിലേക്കാണ് കൂപ്പു കുത്തുന്നത്. അവരെ സംബന്ധിച്ചു പെന്‍ഷന്‍ എന്ന വാക്ക് തന്നെ അപചരിതമായി കേള്‍ക്കുവാന്‍ തുടങ്ങി. അഭ്യസ്തവിദ്യരായ യുവാക്കള്‍ താങ്ങാനാവാത്ത വിദ്യാഭ്യാസ കടക്കെണിയില്‍ പെട്ടുപോയതിനാല്‍ പെന്‍ഷന്‍ പദ്ധതികളില്‍ ചേരാനും മടിക്കുകയാണ്. ഏതാണ്ട് 17 ട്രില്യണ്‍ ഡോളര്‍ കട ബാധ്യതയുള്ള അമേരിക്കയുടെ, 6 ട്രില്യണ്‍ ഡോളര്‍ കട ബാധ്യതകള്‍ ജപ്പാനും ചൈനയും മറ്റും വാങ്ങിയിരിക്കയാണ്. അമേരിക്കയുടെ വിദേശ കടബാധ്യതകള്‍, ഊതി വീര്‍പ്പിച്ച വസ്തുമൂല്യം കൊണ്ടുകൂടിയാണ്. അതിനെ അടിസ്ഥാനപ്പെടുത്തി വ്യക്തികള്‍ ഏറ്റെടുക്കുന്ന കടബാധ്യതകളാണ് സമ്പത്‌വ്യവസ്ഥയെ ഉയര്‍ത്തിക്കാണിക്കുന്നത്.

സാധാരണ, ന്യൂ യോര്‍ക്കില്‍ ജോലിക്കുപോകുമ്പോള്‍ പൊതു വാഹനങ്ങളിലും പൊതുഇടങ്ങളിലും അനേകര്‍ മുഷിഞ്ഞ, വിയര്‍പ്പിന്റെ ഗന്ധവുമായി കിടന്നുറങ്ങുന്ന കാഴ്ചകള്‍ കാണാറുണ്ട്. കുഞ്ഞുങ്ങളെയും നെഞ്ചില്‍ ചേര്‍ത്തുപിടിച്ചു ഭിക്ഷാടനം ചെയ്യുന്ന അമ്മമാരും, തലകുനിച്ചു കാര്‍ഡ്‌ബോര്‍ഡ് നോട്ടീസുമായി ഭിക്ഷ ചോദിക്കുന്ന മുന്‍ സൈനികരും കണ്ണില്‍നിന്ന് മായാതെ നില്‍ക്കുന്നു. സര്‍ക്കാരിന്റെ സഹായത്തില്‍ കുറഞ്ഞ വരുമാനക്കാര്‍ക്കായി പടുത്തുയര്‍ത്തിയ ഭവന പദ്ധതികളിലും ആവശ്യക്കാരുടെ നീണ്ട അപേക്ഷകള്‍ കൂടിക്കിടക്കുന്നു . ഇവിടെയാണ് 20 ശതമാനം ബജറ്റ്കട്ട് എന്ന ഫെഡറല്‍ സര്‍ക്കാരിന്റെ ഡെമോക്ലിസ് വാള്‍ തൂങ്ങിക്കിടക്കുന്നത്. ഒരു മുപ്പതു വര്ഷം മുന്‍പ് ന്യൂയോര്‍ക്കിലെ ടൈം സ്ക്വയറില്‍ ധൈര്യമായി നടക്കാന്‍ സാധിക്കില്ലായിരുന്നു. അത്തരം ഒരു കാലഘട്ടത്തെ കഴുകി ലക്ഷക്കണക്കിന് വിദേശികള്‍ക്കും സ്വദേശികള്‍ക്കും പാതിരാത്രിയില്‍ പോലും സുരക്ഷിതരായി വിഹരിക്കാന്‍ കഴിയുന്നത് സര്‍ക്കാരുകള്‍ ഏറ്റെടുത്തു നടപ്പിലാക്കിയ ക്ഷേമ പദ്ധതികളുടെ വിജയമാണ്. അത് കുറച്ചു കൊണ്ടുവന്നാല്‍ എന്താകും ഉണ്ടാകാന്‍ പോകുന്നത് എന്നത് കണ്ടു തന്നെ മനസ്സിലാക്കേണ്ടതായിട്ടുണ്ട്.

വീണുപോകാന്‍ സാധ്യതയുള്ള മനുഷ്യ കൂട്ടങ്ങളെ അമേരിക്കന്‍ മുഖ്യ ധാരയിലേക്ക് കൈപിടിച്ചുകൊണ്ടു വരാനുള്ള ബഹുമുഖ പദ്ധതികള്‍, അവരുടെ പാര്‍പ്പിട പദ്ധതികള്‍, ജയില്‍ ജീവിതം കഴിഞ്ഞു ജോലി ലഭിക്കാനാവാത്ത ഒരു വലിയ കൂട്ടം, ലഹരി മയക്കുമരുന്ന് അടിമകളെ നേര്‍വഴിയിലേക്ക് കൊണ്ടുവരാനുള്ള ദീര്‍ഘകാല പദ്ധതികള്‍ ഒക്കെ സര്‍ക്കാരിന്റെ കടമയില്‍നിന്നും കൈവിട്ടുപോകുന്ന കാഴ്ചയാണ് കാണുന്നത്. അമേരിക്കയുടെ ബഹുഭൂരിഭാഗം നിലനില്‍ക്കുന്ന പ്രാന്തപ്രദേശങ്ങളില്‍ ലോകത്തു എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ താല്പര്യമില്ലാത്ത, ചിതറി പാര്‍ക്കുന്ന ഒരു വലിയ കൂട്ടംസമ്മതിദായകര്‍ ഇന്നും പതിനെട്ടാം നൂറ്റാണ്ടിന്റെ മനസ്സുമായി ജീവിക്കുകയാണ്. അമേരിക്കയുടെ വളര്‍ച്ച അളക്കപ്പെടുന്നത് പട്ടണങ്ങളിലെ തിളക്കത്തിലും വാള്‍ സ്ട്രീറ്റ് മെയിന്‍ സ്ട്രീറ്റ് ഇടങ്ങളുടെ സമൃദ്ധിയെ കണക്കാക്കിയാണെങ്കില്‍ , ഗ്രാമങ്ങളിലെ തളര്‍ച്ച സകല നന്മകളെയും നിഷ്പ്രഭമാക്കും. ഇവിടെ പണമില്ലായ്മയല്ല പ്രശ്‌നം, പൊതുകരുതലില്‍ വരുന്ന കെടുകാര്യസ്ഥതയാണ്.

ഇവിടെ ‘മടിയന്മാര്‍ക്കും കുടിയന്മാര്‍ക്കും നീക്കിവയ്ക്കാനുള്ളതല്ല പൊതു നികുതിധനം’ എന്ന വാദം ശക്തമാണ്. പക്ഷെ ഒരിക്കലും ഉയരാന്‍ സാധിക്കാത്ത മാനസിക അവസ്ഥയുള്ള ഒരു വലിയ ജനക്കൂട്ടത്തെ മതിയായ പദ്ധതികളുടെ അഭാവത്തില്‍ കൂടുതല്‍ അസ്ഥിരരാക്കിയാല്‍ എത്ര പോലീസ് സംവിധാനങ്ങള്‍ സ്വരൂപിച്ചാലും നിയന്ത്രിക്കാനാവാത്ത ഒരു മഹാവിപത്താണ് വരുന്നതെന്ന ഉള്‍കാഴ്ച്ചയാണ് ഇല്ലാതെപോകുന്നത്. മുഖ്യ ധാരയിലുള്ളവരുടെ പ്രതാപം പിടിച്ചുനിര്‍ത്തണമെങ്കില്‍ കനത്ത മതിലുകള്‍ കെട്ടി സ്വര്‍ഗം നിലനിര്‍ത്താന്‍ ശ്രമിക്കുകയല്ല വേണ്ടത്, മറിച്ചു ഉള്ളവനില്‍ നിന്ന് ഇല്ലാത്തവനിലേക്കുള്ള തൂക്കു പാലങ്ങളാണ് ഉണ്ടാവേണ്ടത്. ഒരു സുഹൃത്ത് പറഞ്ഞ കാര്യം ഓര്‍മയില്‍ വരുന്നു. പണം സൂക്ഷിക്കാനറിയാവുന്നവര്‍ക്കു മാത്രമേ ദൈവം കൂടുതല്‍ ധനം നല്‍കാറുള്ളൂ, അത് അവര്‍ ഇല്ലാത്തവര്‍ക്ക് കൊടുത്തു കൂടുതല്‍ കരുത്തര്‍ ആകുവാനാണ്. ധനം സൂക്ഷിക്കാനറിയാത്ത ലോല ഹ്ര്യദയര്‍ക്കു പണം സൂക്ഷിക്കാന്‍ ദൈവം അനുവദിക്കില്ല. ധനം പകുത്തുകൊടുക്കാതെ കരുത്തര്‍ അകാന്‍ ശ്രമിക്കുന്നതാണ് പൈശാചികം,അത് വ്യക്തിയായാലും രാജ്യമായാലും.

ലോകത്തിലെ മൂന്നില്‍ ഒന്ന് ദരിദ്രര്‍ വസിക്കുന്ന ഇന്ത്യാമഹാരാജ്യത്തെപ്പറ്റി പറയാതെ ദാരിദ്ര്യം എന്ന വിഷയം അവസാനിപ്പിക്കാനാവില്ലലോ. 213 മില്യണ്‍ ജനങ്ങള്‍ കടുത്ത വിശപ്പുമായിട്ടാണ് ഓരോ ദിവസവും ഇന്ത്യയില്‍ കഴിയുന്നത്. 67 ശതമാനം പേരും ദാരിദ്ര്യ രേഖക്ക് താഴയാണ് ജീവിക്കുന്നത്. 25 ശതമാനം കുട്ടികളിലും പോഷഹാഹാര കുറവ് അനുഭവപ്പെടുന്നു. 20 ശതമാനം കുട്ടികള്‍ സ്കൂളില്‍ പോകാനാവാതെ അന്നന്നത്തേക്കുള്ള ആഹാരത്തിനായി അലയുകയാണ്. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഉതകുന്ന ഭക്ഷ്യ ലഭ്യത കൊടിയ അഴിമതികൊണ്ടു കപ്പലുണ്ടാക്കിയ രാഷ്രീയക്കാര്‍ ഒരു കരക്കും അടുക്കാന്‍ സമ്മതിക്കില്ല. രാജ്യത്തിന്റെ വളര്‍ച്ച എത്ര കൂടുതല്‍ ശതകോടീശ്വരന്മാരെ കൂടുതല്‍ ഉണ്ടാക്കി എന്നതല്ല, എത്ര കോടി ജനങ്ങളെ ദാരിദ്ര്യ രേഖക്ക് മുകളില്‍ കൊണ്ടുവരാനായി എന്നതിനെ അടിസ്ഥാനമാക്കി വേണം. മതഭ്രാന്തും, വര്‍ഗീയതയും ഇളക്കിവിട്ടു, അഴിമതിനിയന്ത്രണത്തിന്റെ പേരില്‍ പൗര സ്വാതന്ത്യ്രത്തെ പടിപടിയായി കൊല്ലാകൊല ചെയ്യുന്ന നേതൃത്വം അല്ല ഇന്ത്യ സ്വപ്നം കാണേണ്ടത്. ഇന്ത്യയുടെ നേതാവ് അംബാനിമാരുടെ മാത്രം നേതാവല്ല, കോടിക്കണക്കിനു ദരിദ്രനാരായണന്മാരുടെയും നേതാവുകൂടിയാണ്.

നാമിന്നു വളരെ പരസ്പരവിരുദ്ധമായ കാഴ്ചപ്പാടുകളിലാണ് ജീവിക്കുന്നത്. ബൗദ്ധികവും ശാസ്ത്രീയവുമായ അറിവുകള്‍ നാം ക്രമമായി തലമുറകള്‍ക്കു കൈമാറുമ്പോള്‍, ധാര്‍മ്മികമായ മൂല്യങ്ങള്‍ അതേരീതിയില്‍ കൈമാറ്റപ്പെടുന്നില്ല എന്നത് ഒരു വസ്തുതയാണ്. ആഗോളീകരണത്തെപ്പറ്റി പറയുമ്പോള്‍ത്തന്നെ നാം അന്തര്‍മുഖരും കനത്ത ദേശീയവാദികളും ആകുന്നു. അറിവ് ഓരോ14 മാസം കൂടുമ്പോഴും വികസിക്കുന്നു എന്ന് പണ്ഡിതര്‍ പറയുന്നു പക്ഷെ, വസ്തുതകളെയും യാഥാര്‍ഥ്യത്തെയും നാം ചോദ്യം ചെയ്യുന്നു. ആരോഗ്യവും ശുദ്ധജലവും വിദ്യാഭ്യാസവും തൊഴിലും ഇന്ന് കൂടുതല്‍ പ്രാപ്യമാകുമ്പോഴും നല്ല ജീവിതത്തിനായി നാം വീട് വിട്ടു ദൂരേക്ക് പോകുന്നു. എന്തോ, കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളിലായി നാം സ്വാംശീകരിച്ച മൂല്യങ്ങള്‍ എങ്ങനെയോ കൈമോശം വന്നിരിക്കുന്നു. നമ്മെക്കാള്‍ നന്നായി നമ്മുടെ കുട്ടികള്‍ ജീവിക്കണമെന്ന ആഗ്രഹത്തിന് അത്ര വിശ്വാസം പോരാ. സമൂഹം ഇന്ന് മൂല്യത്തേക്കാള്‍ ഭയത്തിനാണ് വില കല്‍പ്പിക്കുന്നത്. രാഷ്രീയവും മതവും ഈ ഭയപ്പെടുത്തലുകളെ പ്രോത്സാഹിപ്പിക്കുകയാണ്. നേതാക്കള്‍ ഇത്തരം ഭയത്തെ തുരത്തി, കൂടുതല്‍ അറിവും സഹനവും അര്‍ഥവും ഉള്ള മനുഷ്യക്കൂട്ടങ്ങളെയാണ് നയിക്കേണ്ടത്.

ദാരിദ്ര്യം ഇന്ന് ധനവാന്റെ ന്യായവാദമായി ചുരുങ്ങുന്നു , വിശക്കുന്നവനു ഈ ന്യായവാദമല്ല വേണ്ടത് ഒരു നേരത്തെ ആഹാരമാണ്. “സ്‌നേഹിക്കപ്പെടുന്നവര്‍ ദാരിദ്ര്യം അറിയില്ല” എന്ന് പറയാറുണ്ട്. “വിപ്ലവവും അക്രമവും ദാരിദ്ര്യം കൊണ്ടുവരുന്നു” എന്ന് അരിസ്‌റ്റോട്ടില്‍ പറയുന്നുണ്ട്. "ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍, അവര്‍ക്കു സ്വര്‍ഗ്ഗരാജ്യം ലഭിക്കും, ദുഃഖിച്ചരിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ സ്വര്‍ഗ്ഗരാജ്യം അവരുടേതാകുന്നു " എന്ന ക്രിസ്തു വചനം ദാരിദ്ര്യത്തിന്റെ ഭാഗ്യഅവസ്ഥയെ താത്വീകമായി അന്വേഷിക്കുകയാവാം. അവല്‍പ്പൊതിയുമായി കടന്നുവരുന്ന കുചേലനെ സ്വീകരിക്കുന്ന ഭഗവാന്‍ ശ്രീകൃഷ്ണന്‍ സതീര്‍ഥ്യന്റെ ദാരിദ്ര്യത്തെ പുണരുകയാവാം. എന്നാലും ഒടുങ്ങാത്ത വിശപ്പിന്റെ കരാളഹസ്തങ്ങളില്‍ ഞെരിഞ്ഞമരുന്ന കോടിക്കണക്കിനു ദരിദ്രനാരായണന്മാര്‍ക്ക് വചനം മാത്രമല്ല,ആഹാരമാണ് വേണ്ടതെന്നു എന്ന് ക്രിസ്തുവും കൃഷ്ണനും കാട്ടിത്തരുന്നു.

"നല്ല ഭരണമുള്ള നാട്ടില്‍ ദാരിദ്ര്യമുണ്ടെങ്കില്‍ നാം ലജ്ജിക്കണം, പക്ഷെ മോശമായുള്ള ഭരണമുള്ള നാട്ടില്‍ ധനവാന്മാരാണ് ലജ്ജിക്കേണ്ടത് " കണ്‍ഫ്യൂഷ്യസ്

(ജൂണ്‍ ഇരുപതു, രണ്ടായിരത്തി പതിനേഴ്.)
ദാരിദ്ര്യം ഒരു മാനസിക അവസ്ഥ മാത്രമോ? (വാല്‍ക്കണ്ണാടി: കോരസണ്‍)ദാരിദ്ര്യം ഒരു മാനസിക അവസ്ഥ മാത്രമോ? (വാല്‍ക്കണ്ണാടി: കോരസണ്‍)
Join WhatsApp News
andrew 2017-06-23 12:44:54

Heaven on this Earth - the only Heaven you can enjoy.

There are some rich who are sympathetic & empathetic but many or most are selfish, that is why they amazed riches. Rich boast about their ability to make money or some seek refuge in god and say god gave it to them. Wonder what ind of god is that which make few rich and leave others in poverty. Being born in richness is an accidental incident, so don't boast about it. Those who are born in poverty has done nothing to be a victim of poverty.

It is the ignorance of the rich to boast in richness and look down on the poor.

Regardless of the source of your richness, your ability or the blessings of your god; you must use your resources to uplift the poor. Poverty in any part of the World is a threat to civilization. Selfish will exploit the poor for their political, religious & social growth. Religion & politics need poor to survive. So they give them empty promises & keep them poor but fool them with false happiness.

when large majority or all humans attain self -sufficiency; religion & politics will wither away. First the religion & then politics in the present structure.

Present day classical example is the religious & political selfish leaders encouraging the poor & ignorant people to make more children. They are born in poverty, struggle in poverty & die in poverty for generations. Religion & politics use them to boost their support and the leaders & their future generations live in luxury.

So it is the responsibility of the rational & humanitarian humans to educate the poor, make them aware of the exploitation & emancipate them from slavery & poverty.

Carson was a talented Surgeon & got fame from separating the twins; the chance of survival was <7%. He was a candidate for the President of USA but revealed his inefficiency when he refused the Cabinet position stating he is not qualified for that job- but he ran for President . During the campaign and after he said many foolish things. Just because he was a famous surgeon doesn't make him a smart or educated person in other fields. But unfortunately efficient and knowledgeable people shy away from politics and the selfish, greedy, proud, ignorant rush in.

We all become victims of these ignorant leaders in politics & religion.

The rich must be like the Sun shine. Like the Sun shines on all, the rich must help all & share with all. That is Heaven, the heaven from you spreading out to all.

That is the only Heaven you can enjoy, all others are hollow myth, foolish fiction.

So create a heaven within you and then it will spread to others and they will radiate to others and the whole Humanity will enjoy Heaven.      

Korason Varghese 2017-06-23 15:06:34
Thank You Mr. Andrew for your poignant response and well explained. Many overlook the matter of poverty which is the root cause of all evil in the world. Church is addressing poverty but preaching the prosperity theory. Thanks again. Korason.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക