Image

നിരോധനത്തിനു മുന്നില്‍ പരാജയപ്പെട്ടത് സിനിമാ പ്രവര്‍ത്തകരാണ് : ലീനാ മണിമേഖലയ്

ആശ പണിക്കര്‍ Published on 20 June, 2017
 നിരോധനത്തിനു മുന്നില്‍ പരാജയപ്പെട്ടത് സിനിമാ പ്രവര്‍ത്തകരാണ് : ലീനാ മണിമേഖലയ്
  മൂന്നു ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിലൂടെ കേന്ദ്ര സര്‍ക്കാരാണ് വിജയിച്ചതെന്ന് സംവിധായിക ലീനാ മണിമേഖലയ് പ്രതികരിച്ചു. ആവിഷ്‌ക്കാര സ്വാതന്ത്യത്തിന്റെ വേദിയാണ് ഓരോ ചലച്ചിത്രമേളയും. എന്നാല്‍ സിനിമകള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനെതിരെ പ്രതിഷേധിക്കേണ്ടിയിരുന്നത് ആ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടാകണമായിരുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണിത്. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ കേന്ദ്രം ഭരിക്കുമ്പോള്‍ മാത്രം അസഹിഷ്ണുത രൂപം കൊള്ളുന്നതിന്റെ കാരണം പരിശോധിക്കണമെന്നും അവര്‍ പറഞ്ഞു. പത്താമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയോടനുബന്ധിച്ച് നടന്ന മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഭിന്നലിംഗക്കാരോടുള്ള കേരളസമൂഹത്തിന്റെ തെറ്റായ മനോഭാവത്തിന് മാറ്റം വന്നു തുടങ്ങിയതായി അവളിലേക്കുള്ള ദൂരം എന്ന ഡോക്യുമെന്ററിയുടെ സംവിധായകന്‍ അഭിജിത് പുല്‍പറമ്പത്ത്. ആദ്യകാലങ്ങളില്‍ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട്് കഴിഞ്ഞവരായിരുന്നു ഭിന്നലിംഗക്കാര്‍. അവരോടുള്ള സമൂഹത്തിന്റെ ചിന്താഗതിക്ക് മാറ്റം വന്നു തുടങ്ങിയതോടെ പൊതുവേദിയിലെ സജീവസാന്നിധ്യമായിരിക്കുകയാണവര്‍. അതിന്റെ തെളിവാണ് അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലുള്‍പ്പടെ ലോകത്തിന്റെ ശ്രദ്ധ പതിയുന്ന വേദികളില്‍ അവര്‍ക്കു കിട്ടുന്ന പരിഗണനയെന്നും അഭിജിത് പറഞ്ഞു.

ഇന്ത്യക്കുള്ളില്‍ നിലനില്‍ക്കുന്ന ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും പേരിലുള്ള അതിര്‍ വരമ്പുകള്‍ തച്ചുടക്കപ്പെടേണ്ടതാണെന്ന് സര്‍ക്കസ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഗൗതം അറോറ. സൗത്ത് ഇന്ത്യന്‍ നോര്‍ത്ത് ഇന്ത്യന്‍ എന്ന പ്രയോഗം തന്നെ തെറ്റാണ്. ഭാഷയ്ക്കും സംസ്‌ക്കാരത്തിനും അതീതമാകണം ദേശസ്‌നേഹമെന്നും അദ്ദേഹം പറഞ്ഞു. ഭാഷയുടെ പേരില്‍ ഒരു യുവാവിന് അനുഭവിക്കേണ്ടി വരുന്ന അവഗണനയുടെ കഥയാണ് സര്‍ക്കസ് പ്രമേയമാക്കിയത്്.
കൗശിക് മണ്ഡല്‍, ദീപ്ശിഖാ കപൂര്‍, ഫറൂക്ക് അബ്ദൂള്‍ റഹിമാന്‍, സമീര്‍ പി, പ്രണവ് ഹരിഹര്‍ ശര്‍മ, സൗനാക് കര്‍, മയുരേഷ് ഗോദ്ഹിന്ദികര്‍, ഗീതാ അപ്‌മേല്‍, രോഹിത് ജയിംസ്, റോബര്‍ട്ട് യൂജീന്‍ പോപ, അമിത് അഗര്‍വാള്‍, സാന്‍ ന്യൂബിഗിന്‍, ദേവ് ഗുപ്ത, അര്‍ജിത് കുന്ദു എന്നിവരും സന്നിഹിതരായിരുന്നു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക