Image

ഇന്നലെ....ഇന്ന്( കവിതകള്‍ : പി.ഹരികുമാര്‍ പി.എച്ച്.ഡി.)

പി.ഹരികുമാര്‍ പി.എച്ച്.ഡി. Published on 20 June, 2017
ഇന്നലെ....ഇന്ന്( കവിതകള്‍ : പി.ഹരികുമാര്‍ പി.എച്ച്.ഡി.)
....ഹലോ!
അമ്മാവിയല്ലേ?
ഇതു ഞാനാ
ന്യൂയോര്‍ക്കീന്ന്.
അയ്യോ എത്ര നാളായെന്റെ മോനേ!തീരെ സമയമില്ലമ്മായീ.
നിന്റെ പഠിത്തമൊക്കെക്കഴിഞ്ഞോ മോനേ?
ഇല്ലമ്മായി
ഇനിയുമുണ്ടൊരു വര്‍ഷം.
ദേവിക്കു ഹാപ്പിബര്‍ത്ത്‌ഡേ പറയാന്‍ വിളിച്ചതാ.
പുള്ളിയെവിടെ?
അയ്യോ മോനേ
പുറന്നാളുണ്ടിട്ടവളിന്നലെത്തന്നെ പോയി.
ലീവില്ലവള്‍ക്ക്.
പുറന്നാളിന്നല്ലേ? തേഡിന്?
തേഡിന്നലെയാരുന്നോ മോനേ?
ഇക്കുറിയവളുടെ കല്യാണോമൊറപ്പിച്ചു.
കൂടെ ജോലിയൊള്ള....
ഫോണ്‍ മുറിഞ്ഞു
ഇന്നലെ....ഇന്ന്!

സിറാക്യൂസിലെ ശിശിരസൂര്യന്‍

കറുത്ത മണ്ണും കരിമേഘവും
കരുവാളിച്ച മുഖങ്ങളും മടുത്ത്
വെണ്‍മതേടി കുളിര്‍മതേടി
വിശന്നോടിയെത്തിയതീ
മഞ്ഞിന്‍ വെളുപ്പില്‍.
കുട്ടിത്തിരുമ്മി രക്തം പൊടിഞ്ഞ
കൈവെള്ളയാല്‍ താടിതാങ്ങി
ചേര്‍ത്തടച്ച ജനലിലൂടെ കണ്ടു.
മഞ്ഞിന്‍ക്കുളിച്ച വിണ്ണും മണ്ണും
മരങ്ങളും....
വെളുത്തു തുടുത്ത നാട്!
മഞ്ഞിനെത്തിളക്കുന്ന
സൂര്യന്‍ ചോദിക്കുന്നു
'മേ ഐ ഹെല്‍പ്പ്?'
എന്തുദാരത! എന്തൊരു വിനയം!
നനവൂറുന്ന കമ്പിളിയൂരിയെറിഞ്ഞ്
ചെരുപ്പും താക്കോലും
മറന്നോടിയിറങ്ങവേ
വാതില്‍ പിന്നില്‍ സ്വയമടഞ്ഞു.
പതിയിരുന്ന ശീതക്കാറ്റിന്റെ കനലുകള്‍
വേട്ടനായ്ക്കളായ്‌പ്പൊതിയവേ
മേഘങ്ങള്‍ക്കിടയിലൊളിച്ച സൂര്യന്‍
ആശംസിക്കുന്നു:
'ഹാവെ നൈസ് ഡേ!'

ഇന്നലെ....ഇന്ന്( കവിതകള്‍ : പി.ഹരികുമാര്‍ പി.എച്ച്.ഡി.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക