Image

പുസ്തകചര്‍ച്ചയും തലമുറകളുടെ സംഗമവും വിചാരവേദിയില്‍

ജോസ് വര്‍ഗ്ഗീസ് Published on 19 June, 2017
പുസ്തകചര്‍ച്ചയും തലമുറകളുടെ സംഗമവും വിചാരവേദിയില്‍
ന്യൂയോര്‍ക്കിലെ സാഹിത്യ സംഘടനയായ വിചാരവേദിയുടെ പ്രതിമാസ സമ്മേളനങ്ങള്‍ എഴുത്തുകാരുടെ രചനകള്‍ വായിക്കുന്നതിനും, അപഗ്രഥിക്കുന്നതിനും, നിരൂപണങ്ങളും വിമര്‍ശനങ്ങളും ചെയ്യുന്നതിനും മാത്രമായി ഒതുങ്ങുന്നില്ല. അമേരിക്കയിലേക്ക് കുടിയേറി പാര്‍ത്ത മലയാളികള്‍ ഭാഷപരമായും, സാംസ്കാരികമായും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍, പുതിയ തലമുറ അത്തരം വിഷയങ്ങളെ എങ്ങനെ സമീപിക്കുന്നു തുടങ്ങിയ പൊതുകാര്യങ്ങളും ചര്‍ച്ചയില്‍ കൊണ്ടുവരാറുണ്ട്. അങ്ങനെ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ വിസ്തരിച്ച്് പ്രതിപാദിക്കുന്ന വിചാരവേദിയുടെ ജൂണ്‍ മാസത്തിലെ ചര്‍ച്ച അനുഗ്രഹീത കവയിത്രിയും സാഹിത്യപ്രതിഭയുമായ ശ്രീമതി എത്സി യോഹന്നാന്‍ ശങ്കരത്തില്‍ മലയാളത്തില്‍ രചിച്ച ക്രുതികളുടെ ഇംഗ്ലഷ് വിവര്‍ത്തനമായ ''ട്രു പെഴ്‌സ്‌പെക്ടീവ്‌സ് എന്ന പുസ്തകമായിരുന്നു. മലയാള ഭാഷയുടെ പുരോഗതിയും, വളര്‍ച്ചയും ലക്ഷ്യമാക്കുന്ന വിചാരവേദി പ്രസ്തുത ഇംഗ്ലീഷ് പുസ്തകം ചര്‍ച്ചയ്ക്കായി തിരഞ്ഞെടുക്കാനുള്ള പ്രചോദനം അതിന്റെ ഉള്ളടക്കം പുതിയ തലമുറക്ക് ഉപകാരപ്രദമായ വിഷയങ്ങള്‍ ഉള്‍കൊള്ളുന്നത് മൂലമായിരുന്നു.

കാര്‍ഷിക രാജ്യമായ ഭാരതത്തിന്റെ തെക്കെ അറ്റത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിന്റെ ഉള്‍ഗ്രാമങ്ങളിലേക്ക് ഈ പുസ്തകത്തിലൂടെ ഗ്രന്ഥകര്‍ത്രി വായനക്കാരെ കൊണ്ടുപോകുന്നു. അരനൂറ്റാണ്ട് മുമ്പത്തെ കേരളത്തിന്റെ നേര്‍ക്കാഴ്ച സുതാര്യമായ ശൈലിയില്‍ ലളിതമായ ഭാഷയില്‍ എഴുത്തുകാരി കുറിച്ചിടുന്നു. ചെമ്മണ്‍പാതകള്‍, അതിലൂടെ കുടമണി കുലുക്കികൊണ്ട് കാളകള്‍ വലിക്കുന്ന വണ്ടികള്‍, ചുമടുതാങ്ങികള്‍, തകരവിളക്കുകള്‍ എല്ലാം പഴയതലമുറക്കാരെ ഗ്രഹാതുരരാക്കുമ്പോള്‍ പുതിയ തലമുറക്കാര്‍ക്ക് അത് കൗതുകം പകരുന്നു. മാതാപിതാക്കളും മക്കളും തമ്മിലുണ്ടായിരുന്ന സ്‌നേഹത്തിന്റേയും, മക്കള്‍ പ്രവാസികളായപ്പോള്‍ നാട്ടില്‍ അനാഥരാക്കപ്പെട്ട മാതാപിതാക്കളുടേയും കരളലിയിക്കുന്ന വിവരണങ്ങള്‍. കൂടാതെ സാമ്പത്തിക പരാധീനതമൂലം പുതിയ മേച്ചില്‍ പറമ്പുകള്‍ തേടി വളരെ ചെറുപ്പത്തില്‍ നാട്ടില്‍ നിന്നും പുറപ്പെട്ട നേഴ്‌സിങ്ങ് വിദ്യാര്‍ത്ഥികളുടെ അമേരിക്കയിലേക്കുള്ള കന്നിയാത്ര. അവര്‍ അമേരിക്കയെന്ന അത്ഭുത ലോകത്തില്‍ വന്നപ്പോള്‍ അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകള്‍. അവരുടെ മക്കള്‍ ഉള്‍കൊള്ളുന്ന ഇന്നത്തെ തലമുറ രണ്ടു സംസ്കാരങ്ങളുടെ ഇടയില്‍ പ്പെട്ടു മാനസികസംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നത്; മാതാപിതാക്കളുടെ ജന്മനാടിനോട് ഒരു അടുപ്പം മനസ്സിലുളവാക്കാന്‍ കഴിയുംവിധം നാടിന്റെ ഒരു രേഖാചിത്രം മുഴുനീള പേജുകളില്‍ അവര്‍ നിറച്ച് വച്ചിട്ടുണ്ട്. അതേസമയം അവയില്‍ പലതും ഇന്നു നഷ്ടപ്പെട്ടു എന്ന യാഥാര്‍ത്ഥ്യവും അവര്‍ പറയുന്നു.

സ്വയം ഒരു പ്രവാസിയും പുതിയ തലമുറയില്‍പ്പെട്ട രണ്ടു കുട്ടിജളുടെ മാതാവുമായ എഴുത്തുകാരി വസ്തുനിഷ്ഠമായി പ്രതിപാദിച്ചിട്ടുള്ള ഇതിലെ ഓരോ വിവരണങ്ങളും അനുഭവിച്ചും നേരിട്ടു കണ്ടും ബോദ്ധ്യമായിട്ടുള്ള സംഭവങ്ങളുടെ കലര്‍പ്പില്ലാത്ത പ്രതിപാദനങ്ങളാണു. പുതിയ തലമുറക്ക് വേണ്ടി അവര്‍ സമ്മാനിച്ച ഈ പുസ്തകം വിചാരവേദി ചര്‍ച്ചക്കായി തിരഞ്ഞെടുത്തത് അമേരിക്കന്‍ മലയാളസാഹിത്യ ചരിത്രത്തിലെ നിര്‍ണ്ണായകമായ ഒരു തീരുമാനമാണു. കാരണം ഈ ചര്‍ച്ചയിലേക്ക് അവര്‍ പുതിയ തലമുറയിലെ കുട്ടികളെ കൂടി ക്ഷണിച്ചു. അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അവസരം നല്‍കി.

പുതിയ തലമുറയിലെ കുട്ടികള്‍ ചര്‍ച്ചയില്‍ പങ്ക്‌കൊണ്ടത് വേരുകള്‍ തേടാനുള്ള മനുഷ്യമനസ്സിന്റെ ഒരു മകുടോദാഹരണമാണ്. ജിജ്ഞാസയും, അത്ഭുതവും അറിവും പകര്‍ന്നുകൊണ്ട് അവരുടെ മുന്നിലൂടെ നിവര്‍ന്ന പേജുകളില്‍ അവര്‍ അവരുടെ മാതാപിതാക്കളുടെ കുട്ടിക്കാലം കണ്ടു. അവരുടെ ഭാവനയില്‍ പോലും കാണാന്‍ കഴിയാത്ത കാഴ്ചകള്‍ കണ്ടു. തെങ്ങോല കൊണ്ട് മേല്‍ക്കൂര ഉണ്ടാക്കിയ വീടുകള്‍, മഴ നനയുമ്പോള്‍ അതിലൂടെ പുറത്ത് വരുന്ന അടുക്കളയില്‍ നിന്നുള്ള പുക, ഓണക്കാലത്തെ കളികള്‍, അന്നുമാത്രം സുഭിക്ഷമായി ഭക്ഷണം ലഭിക്കുന്ന പാവപ്പെട്ടവരുടെ അവസ്ഥ എല്ലാം സൂക്ഷ്മമായി കണ്ടറിഞ്ഞു് വിവരിച്ചിരിക്കുന്നത് കുട്ടികള്‍ കൗതുകത്തോടെ വായിച്ചു മനസ്സിലാക്കി അതേക്കുറിച്ച് വാചാലമായി ചര്‍ച്ചയില്‍ സംസാരിച്ചത് അഭിനന്ദനീയമായിരുന്നു. ധന്യാ സാമുവല്‍, ഷോജില്‍ ഏബ്രാഹാം, വിനീത് വര്‍ഗ്ഗീസ്, ആന്‍സു കോശി, നിഷാ ജോസഫ്, എമിലി ജോര്‍ജുകുട്ടി, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ വളരെ സജീവമായി അഭിപ്രായപ്രകടനങ്ങള്‍ നടത്തി. സാഹിത്യകാരന്മാരെയും, സഹ്രുദയരെയും കൂടാതെ, യുവജനങ്ങളുടെ പ്രതിനിധികളായി ഇരുപതോളം പേര്‍ പങ്കെടുത്തു.

മുപ്പതിലേറേ വര്‍ഷങ്ങള്‍ കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായി ജോലിയില്‍ നിന്നും വിരമിച്ച ബഹുമാനപ്പെട്ട ശ്രീ ജോസഫ് ചെറുവേലി അദ്ധ്യക്ഷത വഹിച്ച വിചാരവേദിയുടെ ഈ സമ്മേളനത്തില്‍ പുതിയ തലമുറയിലേയും പഴയ തലമുറയിലേയും അംഗങ്ങള്‍ പങ്കെടുത്തത് അഭൂതപൂര്‍വമായ ഒരു അനുഭവമായിരുന്നു. ജോസഫ് ചെറുവേലി അദ്ദേഹത്തിന്റെ സ്വതസിദ്ധമായ നര്‍മ്മ ശൈലിയില്‍ന് സംസാരിച്ചു. ഇത്തരം പുസ്തകങ്ങള്‍ പുതുതലമുറയ്ക്ക് വളരെ സഹായകമാകുമെന്നും കൂടാതെ കുട്ടികളില്‍ വായനാശീലം ഉണ്ടാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രസിദ്ധ വാഗ്മിയും, പത്രപ്രവര്‍ത്തകനും, ദീര്‍ഘനാള്‍ ന്യൂയോര്‍ക്ക് സിറ്റി സ്കൂള്‍ അദ്ധ്യാപകനുമായ ശ്രീ ജെ. മാത്യൂസ്, ട്രു പെര്‍സ്‌പെക്ടീവ്‌സ് അമേരിക്കയിലെ പുതു തലമുറയ്ക്ക് ഒരു പുതിയ പാത വെട്ടിത്തുറന്നിരിക്കയാണ്, വളരെ വളരെ പ്രശംസനീയമായ ഒരു യത്‌നമാണു ഈ പുതിയ ഇംഗ്ലീഷ് പുസ്തകം തുടങ്ങി വച്ചിരിക്കുന്നതെന്നു അഭിപ്രായപ്പെട്ടു. മഹതിയായ ഗ്രന്ഥകര്‍ത്രിയുടെ പിന്നില്‍ ഒരു പുരുഷന്‍ കൂടി അതിന്റെ ചുക്കാന്‍ പിടിക്കാന്‍ ഉണ്ട്, അതില്‍ അദ്ദേഹത്തെ, അവരുടെ പ്രിയങ്കരനായ ഭര്‍ത്താവ് അഭിവന്ദ്യ ഡോ.യോഹന്നന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പായെ അഭിനന്ദിക്കുന്നു. അമേരിക്കയില്‍ ആദ്യകാലങ്ങളില്‍ എത്തിയ മലയാളി നേഴ്‌സുകളുടെ പ്രതിസന്ധികള്‍, പ്രശ്‌നങ്ങള്‍, കഷ്ടപ്പാടുകള്‍ എന്നിവ ഇംഗ്ലീഷില്‍ എഴുതിക്കൊടുക്കുമ്പോള്‍ നമ്മുടെ കുട്ടികള്‍ വായിക്കും. കേരളത്തിലെ പഴയ ഗ്രാമീണജീവിതം, കാളവണ്ടി, മണ്ണെണ്ണ വിളക്ക് (തകരവിളക്ക്) ചുമടുതാങ്ങി മുതലായ ഹ്രുദയസ്പര്‍ശിയായ വിവരങ്ങള്‍ വായിക്കുന്നത് പുതുതലമുറയ്ക്ക് ആകര്‍ഷണീയവും ആനന്ദകരവുമാണ്.

അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ നിരൂപകന്‍, കവി, ലേഖകന്‍ എന്നീ പദവികളില്‍ പ്രശസ്തനായ ഡോക്ടര്‍ നന്ദകുമാര്‍ പുസ്തകത്തിനു ഒരു ആമുഖം എന്നു വിവര്‍ത്തനം ചെയ്യാവുന്ന ഒരു ഇംഗ്ലീഷ് ലേഖനം വായിച്ചു. "ഒന്‍പത് ജവിതാ സമാഹാരങ്ങള്‍, ഒരു മലയാളം ലേഖന സമാഹാരം, ഇംഗ്ലീഷ് ലേഖന സമാഹാരമായ "ട്രു പെഴ്‌സ്‌പെക്ടീവ്‌സ്' എന്നീ ക്രുതിജളുടെ കര്‍ത്താവാണു് ഈ ഗ്രന്ഥകര്‍ത്രി. കേരളത്തിലും അമേരിക്കയിലുമായി 16 ല്‍ പരം പുരസ്ക്കാരങ്ങള്‍ ശ്രീമതി എത്സി യോഹന്നന്‍ ശങ്കരത്തില്‍ നേടിയിട്ടുണ്ടെന്നു'' അദ്ദേഹം അറിയിച്ചു.

വിചാരവേദിയുടെ സെക്രട്ടറിയും കഥാക്രുത്തും, നോവലിസ്റ്റുമായ സാംസി കൊടുമണ്‍ സമ്മേളനത്തില്‍ പങ്കുകൊണ്ട എല്ലാവര്‍ക്കും സ്വാഗതമരുളി. അമേരിക്കയിലെ പ്രശസ്ത ഭിഷഗ്വരനായ ഡോക്ടര്‍ എം. വി. പിള്ള എഴുതി അയച്ച പുസ്തകാഭിപ്രായം കവിയും, പ്രഭാഷകനുമായ ശ്രീ രാജു തോമസ് വായിച്ചു. ശ്രീമതി ശാന്ത രാജു തോമസ്, തുടങ്ങി സമ്മേളനത്തില്‍ സന്നിഹിതരായിരുന്ന മറ്റു സഹ്രുദയരും പുസ്തജത്തെക്കുറിച്ച് സംസാരിച്ചു.

കഥാക്രുത്തും, ലേഖകനും നോവലിസ്റ്റുമായ ബാബു പാറക്കല്‍ പുസ്തകത്തിന്റെ ഉള്ളടക്കത്തെ പുരസ്കരിച്ചു സംസാരിച്ചു, പുതു തലമുറയ്ക്കു അവരുടെ മാതാപിതാക്കളുടെ പൈത്രുകത്തേയും സംസ്കാരത്തേയും മനസ്സിലാക്കാനുതകുന്ന ഈ ക്രുതി അഭിനന്ദനീയമാണെന്നു ചൂണ്ടിക്കാട്ടി ഗ്രന്ഥകര്‍ത്രിയെ അനുമോദിച്ചു.

ഗ്രന്ഥകര്‍ത്രിയുടെ ഇളയ മകന്‍ തോമസ് യോഹന്നാന്‍ (അറ്റോര്‍ണി) തന്റെ മാതാവ് ഇങ്ങനെയൊരു പുസ്തകം ഇംഗ്ലീഷില്‍ എഴുതിയത് തന്റെ പ്രേരണകൊണ്ടാണെന്നും, ആ യത്‌നത്തെ ശ്ശാഘിച്ചു സംസാരിച്ചു. തന്റെ സ്‌നേഹിതര്‍ക്ക് ഉപഹാരമായി ഇപ്പോള്‍ നല്‍കുന്നത് ഈ പുസ്തകമാണെന്നും കൂട്ടിച്ചേര്‍ത്തു.

ഗ്രന്ഥകര്‍ത്രിയുടെ ഭര്‍ത്താവ് കഴിഞ്ഞ 47 വര്‍ഷങ്ങളായി അമേരിക്കയിലെ അദ്ധ്യാത്മിക, സാമൂഹ്യ, സാംസ്ക്കാരിക തലങ്ങളില്‍ സജീവസാന്നിദ്ധ്യമായ വെരി റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോറെപ്പിസ്‌ക്കോപ്പാ ഒരു ഹ്രുസ്വപ്രസംഗം നടത്തി. പഴയ തലമുറയും പുതിയ തലമുറയും തമ്മില്‍ യോജിപ്പിക്കുന്ന ഒരു പാലമായി ഈ പുസ്തജത്തെ കണക്കാക്കാം എന്നു അദ്ദേഹം പറഞ്ഞു. അതായ്ത് തലമുറകളെ അക്കരെ ഇക്കരെ നിര്‍ത്താതെ അവരെ തമ്മില്‍ യോജിപ്പിച്ച് നിര്‍ത്താന്‍ പര്യാപ്തമായ വിധത്തില്‍ ഒരു സഹായി ആയി ഇതു വരും തലമുറകള്‍ക്ക് സഹായകമാകുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീമതി എത്സി യോഹന്നാന്റെ ഈ പുസ്തകം അമേരിക്കയിലെ കലാ- സംസ്കാരിക- സാഹിത്യ സംഘടനകള്‍ക്കും ചര്‍ച്ചക്കായി എടുക്കാവുന്നതാണു. പുസ്തകത്തിന്റെ കോപ്പികള്‍ ആവശ്യമുള്ളവര്‍ ബന്ധപ്പെടുക. എത്സി യോഹന്നാന്‍ ശങ്കരത്തില്‍ yohannan elcy@gmail.com, ഇ-മലയാളി editor@emalayalee.com.

എത്സി യോഹന്നാന്‍ ശങ്കരത്തില്‍ സമുചിതമായ മറുപടി പറഞ്ഞ് ഏവര്‍ക്കും ക്രുതജ്ഞത രേഖപ്പെടുത്തി. ഈ പുസ്തകത്തിനു പ്രൗഢമായ അവതാരികഎഴുതിത്തന്ന ഡോജ്ടര്‍ ബാബു പോള്‍ ഐ.എ.സിനു പ്രത്യേകം നന്ദി പറഞ്ഞു.എല്ലാവരുടേയും പ്രിയപ്പെട്ട കൊച്ചമ്മയായ ശ്രീമതി എത്സി യോഹന്നാന്‍ ശങ്കരത്തിലും, അഭിവന്ദ്യ വെരി റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ ജോറെപ്പിസ്‌ക്കോപ്പായും നല്‍കിയ അത്താഴവിരുന്നിനു ശേഷം യോഗം സമംഗളം പിരിഞ്ഞു.

ഇതു വിചാരവേദിയില്‍ പങ്കെടുത്ത ഒരു ഭാഷാസ്‌നേഹിയുടെ കുറിപ്പാണു വിചാരവേദി ഔദ്യോഗികമായി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് പുറകെ വായിക്കുക.
പുസ്തകചര്‍ച്ചയും തലമുറകളുടെ സംഗമവും വിചാരവേദിയില്‍
Join WhatsApp News
Sudhir Panikkaveettil 2017-06-20 12:52:02

Hearty congratulations and best wishes to Mrs. Elcy Yohannan Sankarathil, beloved poetess of American Malayalees.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക