Image

കൃത്യനിഷ്ഠ പഠിപ്പിച്ച കുന്നശ്ശേരി പിതാവ് (എ.എസ് ശ്രീകുമാര്‍)

Published on 15 June, 2017
കൃത്യനിഷ്ഠ പഠിപ്പിച്ച കുന്നശ്ശേരി പിതാവ് (എ.എസ് ശ്രീകുമാര്‍)
മണ്‍മറഞ്ഞ കുന്നശ്ശേരി പിതാവിനെ ആദരവോടെ സ്മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അസാധാരണമായ കൃത്യനിഷ്ഠയെ കുറിച്ചാണെനിക്ക് പറയുവാനുള്ളത്. 1996ല്‍ ചിക്കാഗോയില്‍ നടന്ന ക്‌നാനായ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട് ഫീച്ചര്‍ തയ്യാറാക്കാനായി അദ്ദേഹത്തെ ഒരു ദിവസം ഫോണില്‍ വിളിച്ചു. പിറ്റെ ദിവസം കൃത്യം മൂന്നര മണിക്ക് കോട്ടയത്തെ അരമനയില്‍ എത്തണമെന്ന് പിതാവ് പറഞ്ഞു.

ഞാന്‍ ചെല്ലുമ്പോള്‍ കുന്നശ്ശേരി പിതാവ് റെഡിയായി മുറിയിലുണ്ട്. അഞ്ചു മിനിറ്റ് ലേറ്റായാണ് ചെന്നത്. വൈകിയതിലുള്ള ജാള്യതയോടെ പിതാവിനെ വണങ്ങി. ഗൗരവത്തിലാണ് മുഖം. എങ്കിലും സ്‌നേഹത്തോടെ, ആതിഥേയ മര്യാദയോടെ ഞാനുമായി ഏതാണ്ട് ഒരു മണിക്കൂര്‍ നേരം സംസാരിച്ചു. ഇടയ്ക്ക് ചായയും ബിസ്‌ക്കറ്റും നല്‍കി സല്‍ക്കരിക്കുകയും ചെയ്തു. സംഭാഷണമവസാനിപ്പിച്ച് യാത്ര ചോദിച്ചപ്പോള്‍ പിതാവ് പറഞ്ഞതിങ്ങനെ...''ശ്രീകുമാര്‍ വന്നത് അഞ്ചു മിനിറ്റ് താമസിച്ചാണ്. ഒരു കാര്യം ചെയ്യ്, ഒരു പത്ത് മിനിറ്റ് ഇവിടെ ഇരുന്നിട്ട് പോയാമതി...''

അതെനിക്കുള്ള ശിക്ഷയായിരുന്നു. തമാശയ്ക്കാണ് പിതാവ് അങ്ങനെ പറഞ്ഞതെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം അത് വലിയൊരു പാഠമായിരുന്നു. നമ്മള്‍ ഇന്ന സമയത്ത് ഒരാളെ കാണാന്‍ അപ്പോയിന്‍മെന്റ് എടുത്താല്‍ അഞ്ചു മിനിറ്റ് മുമ്പെങ്കിലും സ്ഥലത്തെത്തിയിരിക്കണമെന്ന കൃത്യനിഷ്ഠയുടെ പാഠമാണ് പിതാവ് ഒരു കുഞ്ഞു തമാശയിലൂടെ എന്നെ പഠിപ്പിച്ചത്. അന്നു മുതല്‍ സമയനിഷ്ഠ പാലിക്കാന്‍ പരമാവധി ശ്രമിക്കുന്നു. പിന്നീട് പലവട്ടം പിതാവിനെ കാണുവാനും സൗഹൃദം പുതുക്കുവാനും എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്.

മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ സ്‌നേഹ സേവനങ്ങള്‍ ക്‌നാനായ സഭയില്‍ മാത്രമൊതുങ്ങി നിന്നിരുന്നില്ല. അശരണര്‍ക്കും ആലംബഹീനര്‍ക്കും അദ്ദേഹം എന്നും കാവലായ ഇടയനായിരുന്നു. കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസൃതമായി അദ്ദേഹം ആവിഷ്‌കരിച്ച പദ്ധതികളും പരിപാടികളും കത്തോലിക്കാ സഭയ്ക്കും പൊതു സമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെടുന്നതായിരുന്നു. ക്‌നാനായ കത്തോലിക്കാ സഭയുടെ കോട്ടയത്തെ സുപ്രധാന കേന്ദ്രമായ ചൈതന്യ പാസ്റ്ററല്‍ സെന്റര്‍, കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ഓഡിറ്റോറിയം, ചൈതന്യ ക്യാമ്പ് ആന്റ് ട്രെയിനിങ് സെന്റര്‍, കാര്‍ഷിക നേഴ്‌സറി, വിവിധ പരിശീലന ക്ലാസുകള്‍, ചൈതന്യ കാര്‍ഷിക മേള തുടങ്ങിയവ കുന്നശ്ശേരി പിതാവിന്റെ ആശയങ്ങളാണ്. തെള്ളകത്തെ കാരിത്താസ് ആശുപത്രി മധ്യ കേരളത്തിലെ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങളുള്ള പ്രസ്ഥാനമാക്കി ഉയര്‍ത്തപ്പെട്ടത് പിതാവിന്റെ ദീര്‍ഘ വീക്ഷണം കൊണ്ടാണ്. രൂപതയുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ സമന്വയിപ്പിക്കാനായുള്ള ചൈതന്യ പാസ്റ്റല്‍ സന്ററും ഒപ്പം ആത്മീയ നവീകരണത്തിനായി തുടങ്ങിയ 'തൂവാനീസ പ്രാര്‍ഥനാലയ'വും കേരളത്തില്‍ ആദ്യമായി ആരംഭിച്ച സംരംഭങ്ങളായിരുന്നു. 

ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശില്‍പിയാണദ്ദേഹം. രാജപുരം പയസ് ടെന്‍ത് കോളേജ് മടമ്പം പി.കെ.എം കോളേജ് , ശ്രീപുരം സ്‌കൂള്‍, കാരിത്താസ് നേഴ്‌സിങ് കോളേജ് തുടങ്ങിയവയുടെ സ്ഥാപകനാണ്. നിരവധി അണ്‍എയ്ഡഡ് സ്‌കൂളുകള്‍, എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ എന്നിവയ്ക്കും അദ്ദേഹം ശിലയിട്ടു. മറ്റൊരു പ്രധാനപ്പെട്ട കാര്യമുണ്ട്. ക്‌നാനായ സഭയ്ക്ക് ഇന്ത്യയ്ക്ക് പുറത്ത് ഒരു ശുശ്രൂഷാ മേഖല ഉണ്ടായത് ചിക്കാഗോയിലേയ്ക്ക് പിതാവ് ഒരു വൈദികനെ അയച്ചതു കൊണ്ടാണ്. ഇന്ത്യക്ക് പുറത്തുള്ള സമുദായാംഗങ്ങളെ രൂപതയുടെ ചാലകശക്തിയായി നിലനിര്‍ത്തുകയെന്ന ലക്ഷ്യമായിരുന്നു ഈ സുപ്രധാന തീരുമാനത്തിനു പിന്നില്‍.

സഭാതലത്തില്‍ അനേകം ഉയര്‍ന്ന പദവികള്‍ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി വഹിച്ചിട്ടുണ്ട്. പിതാവിന്റെ സജീവതയും ആത്മീയ ബലവും കൊണ്ട് ഈ പദവികള്‍ അലങ്കരിക്കപ്പെട്ടു. കെ.സി.ബി.സി എക്യൂമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാന്‍, എസ്.എം.ബി.സി വൈസ് പ്രസിഡന്റ്, സെക്രട്ടറി, ലിറ്റിര്‍ജിക്കല്‍ കമ്മിറ്റിയംഗം, ആലുവ പൊന്തിഫിക്കല്‍ സെമിനാരിയുടെയും വടവാതൂര്‍ സെമിനാരിയുടെയും ബിഷപ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍, റോമില്‍ നടന്ന അല്മായരെ കുറിച്ചുള്ള മെത്രാന്മാരുടെ സിനഡില്‍ സി.ബി.സി.ഐ.യുടെ പ്രതിനിധി, പൗരസ്ത്യ കാനന്‍ നിയമപരിഷ്‌കരണത്തിന്റെ പൊന്തിഫിക്കല്‍ കമ്മീഷനംഗം, നിലയ്ക്കല്‍ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ ട്രസ്റ്റി, ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ബോര്‍ഡംഗം, ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭകളുമായി അനുരഞ്ജന ചര്‍ച്ചകള്‍ക്ക് നിയമിതമായ കമ്മിറ്റിയംഗം, സീറോ മലബാര്‍ സഭയുടെ പ്രഥമ സ്ഥിരം സിനഡ് അംഗം എന്നിവയൊക്കെ അദ്ദേഹം വഹിച്ച പദവികളാണ്. 

സീറോ മലബാര്‍ സഭയില്‍ പ്രതിസന്ധികളുണ്ടായ ഘട്ടങ്ങളിലെല്ലാം പരിഹാരകനായി നിലകൊണ്ട കുന്നശേരി പിതാവിനെ ''ബിഷപ്പുമാര്‍ക്കിടയിലെ പാലം പണിക്കാരന്‍...'' എന്ന് മണ്‍മറഞ്ഞ മാര്‍ ആന്റണി പടിയറ വിശേഷിപ്പിച്ചിട്ടുണ്ട്. പൗരസ്ത്യ ആരാധന ക്രമത്തെക്കുറിച്ച് തര്‍ക്കമുണ്ടായപ്പോള്‍ ആരാലും അമിതമായി സ്വാധീനിക്കപ്പെടാതെ സമന്വയത്തിന്റെ നിലപാടുകളാണ് അദ്ദേഹം കൈക്കൊണ്ടത്. വിപ്ലവകരമായ പല തീരുമാനങ്ങളും അദ്ദേഹം എടുത്തിട്ടുണ്ട്. യാത്രാ സൗകര്യത്തിന്റെ പേരില്‍ വൈദികര്‍ ളോഹ ധരിക്കുന്നത് നിര്‍ബന്ധമല്ലെന്ന് ഔദ്യോഗിക കല്‍പന പുറപ്പെടുവിച്ച സീറോ മലബാര്‍ സഭയിലെ ആദ്യത്തെ ബിഷപ്പാണ് മാര്‍ കുന്നശ്ശേരി. 

ക്‌നാനായ സമുദായത്തിന്റെ തനിമയും പാരമ്പര്യങ്ങളും ഇളം തലമുറക്കായി പകര്‍ന്നുനല്‍കാന്‍ 'ഹാദൂസ' സ്ഥാപിക്കുകയും മാര്‍ഗംകളിയും പുരാതനപാട്ടുകളും പ്രോത്സാഹിപ്പിക്കാന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. തെക്കുംഭാഗര്‍ക്ക് മാത്രമായി സ്ഥാപിതമായ കോട്ടയം രൂപതയുടെ വളര്‍ച്ചക്ക് കൂടുതല്‍ സമൂഹങ്ങള്‍ വേണമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം മലബാറിലേക്കം ഹൈറേഞ്ചിലേക്കും ഇടവക സമൂഹങ്ങള്‍ക്ക് വിത്തെറിഞ്ഞു. ഇവിടങ്ങില്‍ ഉള്ള ഇടവകകളില്‍ പകുതിയിലധികവും ആരംഭിക്കുന്നത് കുന്നശേരി പിതാവ് സഭയെ നയിക്കുന്ന കാലത്താണ്. സമുദായത്തിന്റെ വേരുകള്‍ തേടി ഇറാഖിലേക്കു നടത്തിയ പഠനയാത്രയും ചരിത്രസംഭവമായി മാറി.

വികലാംഗരെയും ബുദ്ധിമാന്ദ്യം ഉള്ളവരെയും സംരക്ഷിക്കുന്നതിന് തുടങ്ങിയ സ്ഥാപനങ്ങളും ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെടലും അനാഥത്വവുമായി കഴിയുന്നവര്‍ക്കായി ആരംഭിച്ച വൃദ്ധമന്ദിരങ്ങളും ദൈവവിളി വര്‍ധിപ്പിക്കാനും മിഷനറി പ്രവര്‍ത്തനങ്ങള്‍ ഉണര്‍വുള്ളതാക്കാനുമായി തുടങ്ങിയ പത്താം പീയൂസിന്റെ മിഷനറി സൊസൈറ്റിയും  ജോണ്‍ ഗില്‍ബര്‍ട്ടിന്റെ കുഞ്ഞുമക്കളുടെ സമൂഹവുമെല്ലാം കുന്നശ്ശേരിയുടെ ക്രാന്തദര്‍ശിത്വത്തില്‍ പടുത്തുയര്‍ത്തിയതാണ്. അഭയ കേസിലടക്കം വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഉണ്ടായപ്പോഴും ഉറച്ച മനസ്സുമായി അദ്ദേഹം അതെല്ലാം തരണം ചെയ്തു. 

ആചാരങ്ങളെ അനാചാരങ്ങളാക്കി മാറ്റാന്‍ ഒരു കാലത്തും അനുവദിക്കാതെ അജഗണങ്ങളെ ഹൃദയപൂര്‍വം സ്‌നേഹിച്ച് ആത്മീയോന്നതി നേടിക്കൊടുത്ത് കാലത്തിന്റെ തിരശീലയ്ക്കപ്പുറത്തേയ്ക്ക് മറഞ്ഞ കുന്നശ്ശേരി പിതാവിന് ആദരാഞ്ജലികളര്‍പ്പിക്കുന്നു. പിതാവിന്റെ സ്‌നേഹവും കൃപയും പരിഗണനയും പ്രാര്‍ഥനാ ചൈതന്യവും എക്കാലവും സമൂഹത്തെ നയിക്കാന്‍ പ്രാപ്തമാണ്. 

കൃത്യനിഷ്ഠ പഠിപ്പിച്ച കുന്നശ്ശേരി പിതാവ് (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക