Image

ഏലിയാമ്മച്ചി’യായി കെപിഎസി ലളിത ജര്‍മനിയില്‍

Published on 14 June, 2017
ഏലിയാമ്മച്ചി’യായി കെപിഎസി ലളിത ജര്‍മനിയില്‍
    ബെര്‍ലിന്‍: മലയാളത്തിന്റെ പ്രിയ നടി കെപിഎസി ലളിത 'ഏലിയാമ്മച്ചി’യായി ജര്‍മനിയില്‍ എത്തി. 'ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസ്' എന്ന പുതിയ മലയാള സിനിമയുടെ ഷൂട്ടിംഗ് സംബന്ധിച്ച് എത്തിയ കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കൂടിയായ ലളിതചേച്ചിയെ മേഴ്‌സി തടത്തില്‍ ഷ്വെല്‍മില്‍ സ്വീകരിച്ചു. 

പത്തേക്കറും വലിയ വീടും സ്വന്തമായുള്ള കടുത്ത കമ്യൂണിസ്റ്റുകാരനായ ഈപ്പച്ചന്റെ ഭാര്യയായ ഏലിയാമ്മച്ചി, ഭര്‍ത്താവിന്റെ മരണശേഷം തനിച്ചാണ് താമസിച്ചിരുന്നത്. എന്നാല്‍ യൂറോപ്പില്‍ താമസിക്കുന്ന ഇവരുടെ മക്കളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഈപ്പച്ചന്‍ പൊന്നുപോലെ താലോലിച്ചിരുന്ന വീടും പുരയിടവും വിട്ട് മക്കളുടെ അടുത്തേയ്ക്കു പഴയ പ്രൗഢിയോടെ അമ്മച്ചിയായി എത്തുന്നതും ജര്‍മനിയിലും ലണ്ടനിലും ഇറ്റലിയിലും താമസിക്കുന്ന മക്കളുടെ കുബുദ്ധിയില്‍പ്പെട്ട് വൃദ്ധസദനത്തിലേയ്ക്കു ചേക്കേറി ചുരുങ്ങിക്കൂടേണ്ടി വരുന്നതുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. ഇറ്റലിയിലുള്ള സൂസിമോളുടെ ആഗ്രഹപ്രകാരം അമ്മച്ചിയെ വത്തിക്കാനിലെത്തിച്ച് മാര്‍പാപ്പായെ കാണിക്കാമെന്നുള്ള മോഹവും നല്‍കിയപ്പോള്‍ മനസില്ലാമനസോടെ അമ്മച്ചി യൂറോപ്പിലേക്ക് വിമാനം കയറുകയായിരുന്നു.

ഈപ്പച്ചനായി മധുവും ഏലിയാമ്മച്ചിയായി കെപിഎസി ലളിതയും പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രയപ്പെട്ട നിരവധി താരങ്ങളും അഭിനയിക്കുന്നുണ്ട്. തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ കന്യാസ്ത്രിയായും ഏതാനും ചില ജര്‍മന്‍ മലയാളികള്‍ ചെറിയ റോളിലും സിനിമയില്‍ എത്തുന്നുണ്ട്.

ഉത്തരചെമ്മീന്‍ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം ഹരിദാസ് ഹൈദരാബാദ് നിര്‍മി്ക്കുന്ന ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസ് എന്ന ചിത്രത്തിന്റെ രചന, ഛായാഗ്രഹണം എഡിറ്റിംഗ്, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത് ബെന്നി ആശംസയാണ്. ഗാനരചന വയലാര്‍ ശരത്ചന്ദ്രവര്‍മയും ഡോ.വേണുഗോപാലും സംഗീതം ബിനു ആനന്ദും നിര്‍വഹിക്കുന്നു. ഗാനങ്ങള്‍ ആലപിച്ചത് ജി. വേണുഗോപാല്‍, വൃന്ദ, രാജാറാം തുടങ്ങിയവരാണ്. 

ലണ്ടിലും ജര്‍മനിയിലും ഇറ്റലിയിലും കേരളത്തിലുമായി ചിത്രീകരണം നടത്തിയ ചിത്രത്തിന്റെ അവസാനഭാഗങ്ങള്‍ പൂര്‍ത്തിയാക്കാനാണ് സംവിധായകള്‍ ബെന്നി ആശംസയും സംഘവും ജര്‍മനിയിലെത്തിയത്. ഓഗസ്റ്റ് അവസാനത്തോടെ ചിത്രം തിയേറ്ററിലെത്തും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക